ഒരു മാറ്റത്തിന്റെ കഥ

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10

മനസ്സിന്റെ മാറ്റം ഒരു മഹാഭാഗ്യമാണ്. ചിലരുണ്ട്; ഉപദേശങ്ങള്‍ കേള്‍ക്കാന്‍ അവര്‍ കച്ചകെട്ടിയിറങ്ങും. സംവാദങ്ങളും ഖണ്ഡനങ്ങളും അവര്‍ സാകൂതം ശ്രവിക്കും. സത്യം ബോധ്യപ്പെട്ടാല്‍ മതം മാറാം എന്നുവരെ പ്രഖ്യാപിക്കും. എന്നാല്‍ ഒരക്ഷരവും അവരുടെ മനസ്സില്‍ കയറുകയില്ല. അവരൊട്ട് മാറുകയുമില്ല. മനസ്സിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ട ഈ തരം ആളുകള്‍ എവിടെയും കാണാം.

നന്മകളോട് ക്രിയാത്മകമായി മനസ്സാ പ്രതികരിക്കുക എന്നതാണ് വിശ്വാസിയുടെ സവിശേഷത. ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഫുദൈല്‍ എന്ന വ്യക്തിയുടെ മതംമാറ്റത്തിന്റെ കഥ ഏതൊരു മനുഷ്യനെയും ചിന്തിപ്പിക്കാന്‍ പോന്നതാണ്. മരുഭൂമിയിലെ കൊടുംകൊള്ളക്കാരനായിരുന്നു ഫുദൈല്‍ ബ്‌നുഇയാദ്. എല്ലാ തിന്മകളിലും അദ്ദേഹം വ്യാപരിച്ചു. പിടിച്ചു കെട്ടാനാരുമില്ലാത്ത ഖുറാസാനിലെ ഭീകരന്‍! ഒരു ദിവസം അര്‍ധരാത്രി തന്റെ കാമുകിയുടെ വീട്ടിലേക്ക് മതില്‍ എടുത്തുചാടാന്‍ പുറപ്പെടുമ്പോള്‍ അയാള്‍ ഒരു ശബ്ദം കേട്ടു: ഒരശരീരിപോലെ ക്വുര്‍ആനിലെ ഒരു വചനം:

''നിങ്ങള്‍ അറിഞ്ഞു കൊള്ളുക: തീര്‍ച്ചയായും അല്ലാഹു ഭൂമിയെ അത് നിര്‍ജീവമായതിനു ശേഷം സജീവമാക്കുന്നു. തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി.'' (ക്വുര്‍ആന്‍ 57:16)

ഈ ശബ്ദം ഫുദൈലിന്റെ മനസ്സില്‍ സ്ഫുരണങ്ങള്‍ സൃഷ്ടിച്ചു. റബ്ബേ, തിരിഞ്ഞു നടക്കാന്‍ സമയമായല്ലോ എന്നു ചിന്തിച്ചു. അയാള്‍ ആ ശ്രമം ഉപേക്ഷിച്ചു മരുഭൂമിയിലെ വിജനമായ ഒരിടത്ത് വിശ്രമിക്കാനെത്തി. അപ്പോള്‍ അവിടെ യാത്രക്കാരായ കുറച്ചാളുകള്‍ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ പരസ്പരം പറയുന്നത് ഇങ്ങനെയായിരുന്നു. ഈ സ്ഥലം സുരക്ഷിതമല്ല. ഉടന്‍ ഇവിടം വിട്ടുപോകണം. ഫുദൈലിന്റെ വിഹാര കേന്ദ്രമാണിത്. അവന്‍ നമ്മെ കൊള്ളയടിക്കും!

ഫുദൈല്‍ ചിന്തിച്ചു: ഞാന്‍ അര്‍ധരാത്രിയിലും തിന്മയില്‍ മുഴുകി കഴിഞ്ഞുകൂടുന്നു. എന്നിട്ട് നല്ലവരായ വഴിയാത്രക്കാര്‍ എന്നെ പേടിച്ചു നടക്കുന്നു! അല്ലാഹുവേ, എനിക്ക് ഖേദിച്ചു മടങ്ങണം. ഞാനിത് മതിയാക്കി. ഇനി ശിഷ്ടകാലജീവിതം മക്കയില്‍ മസ്ജിദുല്‍ ഹറമിന്റെ പരിസരത്തു തന്നെയാവണം! നേരം പുലര്‍ന്നതോടെ ഫുദൈല്‍ മക്കയിലേക്ക് യാത്രതിരിച്ചു!

പിന്നീട് ഈ വ്യക്തി ഇസ്‌ലാമിക ചരിത്രത്തില്‍ ആദരണീയമായ ഇടം നേടി. ഇബ്‌നു ഉയയ്‌ന, നസാഈ, അബ്ദുല്ലാ ഇബ്‌നുല്‍ മുബാറക്ക്, ഇമാം ദഹബി, ഇബ്‌നുഹജര്‍ തുടങ്ങിയ ഹദീഥു വിജ്ഞാനത്തിന്റെയും ചരിത്രത്തിന്റെയും കര്‍മശാസ്ത്ര ശാഖയുടെയും വിശ്വ പ്രതിഭകള്‍ അദ്ദേഹത്തെ ഏെറ പ്രശംസിച്ചു കാണാം. ഇമാം ദഹബി അദ്ദേഹത്തെ 'ശൈഖുല്‍ ഇസ്‌ലാം' എന്നാണ് വിശേഷിപ്പിച്ചത്. ഇമാം ഥൗരി, ശാഫിഈ, ഇബ്‌നു ഉയ്‌യ്‌ന, അബ്ദുല്ലാഹിബ്‌നുല്‍ മുബാറക്ക്, യഹ്‌യല്‍ ഖത്വാന്‍ തുടങ്ങിയവര്‍ അദ്ദേഹത്തില്‍ നിന്ന് ധാരാളം ഹദീഥുകള്‍ ഉദ്ധരിച്ചുകാണാം. മരുഭൂമിയിലെ കൊള്ളക്കാരന്‍ മക്കയിലെ പണ്ഡിത ശ്രേഷ്ഠനായിമാറി!

മനസ്സുവെച്ചാല്‍ ആര്‍ക്കും മാറാം എന്നതിന്റെ നല്ല ഒരു ഉദാഹരണമാണ് ഫുദൈല്‍(റ). ഈയിടെ യുക്തിവാദികളെന്ന പേരില്‍ ഇസ്‌ലാമിനെയും വിശുദ്ധ ക്വുര്‍ആനിനെയും മുഹമ്മദ് നബി ﷺ യെയും അവമതിക്കാന്‍ ആരില്‍ നിന്നോ അച്ചാരം വാങ്ങി വെല്ലുവിളിച്ചു നടക്കുന്ന ഒരു സംഘവും മുസ്‌ലിമിനെ പ്രതിനിധീകരിക്കുന്ന വിഭാഗവും തമ്മില്‍ ഒരു സംവാദം നടന്നു. തൊപ്പിക്കുടയോളം വട്ടത്തില്‍ കണ്ടാലും വിശ്വസിക്കാത്ത ഈ യുക്തി നശിച്ച സംഘം ഇപ്പോഴും ട്രോളുകളുമായി നടക്കുക തന്നെയാണ്. കൂടെ ബഹളം വെക്കുന്ന കുറെ പുരോഹിത സംഘവുമുണ്ട്. സൂറത്തു നൂറില്‍ ക്വുര്‍ആന്‍ പറഞ്ഞ ഒരു ഉപമയായിരുന്നു ഈ സംവാദത്തിലെ മുഖ്യചര്‍ച്ച. ആ വചനത്തിന്റെ അവസാനം ഇങ്ങനെയാണ്: ''അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ, അവന്ന് യാതൊരു പ്രകാശവുമില്ല.'' (അന്നൂര്‍:40) ഇതാണ് വസ്തുത. അഹങ്കാരവും തന്‍പോരിമയും ധിക്കാരവും കൈവിടാനൊരുക്കമില്ലെങ്കില്‍ ഒരിക്കലും മനസ്സിന്നു വെളിച്ചം ലഭിക്കുകയില്ല. തനിക്കു തെറ്റുപറ്റാനിടയുണ്ടെന്നും അത് തിരുത്തണമെന്നും സ്വയം വിചാരിക്കാത്തവര്‍ എന്നും ഇരുട്ടില്‍ തന്നെയായിരിക്കും. എന്നാല്‍ സത്യാന്വേഷികള്‍, അവര്‍ സത്യത്തില്‍ നിന്നെത്ര അകന്നു ജീവിച്ചാലും ഒരിക്കല്‍ സത്യം പ്രാപിക്കാതിരിക്കുകയില്ല. വിനയപ്പെട്ട മനസ്സാണ് മാറ്റത്തിന്നു വഴിവെക്കുക.