അറാക്കുചെടി

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

മനുഷ്യബന്ധങ്ങള്‍ നശിക്കാനിടവരുന്ന പലകാര്യങ്ങളുമുണ്ട്. സാമ്പത്തിക ഇടപാടുകളാണ് അതില്‍ മുഖ്യപങ്കുവഹിക്കുന്നത്. സ്‌നേഹവും സൗഹൃദവും പരസ്പരം ഭദ്രമായ സമയത്ത് നടത്തുന്ന ഇടപാടുകള്‍ പിന്നീട് പിണക്കത്തിന്നും ക്രമേണ ശത്രുതയ്ക്കും ജീവിതകാലംവരെ നീളുന്ന നിയമവ്യവഹാരങ്ങള്‍ക്കും നിമിത്തമാകുന്നത് സമൂഹത്തില്‍ സാധാരണ കണ്ടുവരാറുണ്ട്. എല്ലാ സമുദായത്തിന്നും ഓരോ പരീക്ഷണം ഉണ്ടായിട്ടുണ്ടെന്നും എന്റെ സമുദായത്തിന്റെ പരീക്ഷണം സമ്പത്താണെന്നും നബിﷺ പറഞ്ഞതായി തിര്‍മിദി ഉദ്ധരിക്കുന്ന ഹദീഥില്‍ കാണാം.

കാല്‍നൂറ്റാണ്ടുമുമ്പ് മരിച്ച ഒരാളുടെ കുടുംബസ്വത്ത് അനന്തരാവകാശികള്‍ക്കിടയില്‍ ഓഹരിവയ്ക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടു. മരിച്ച വ്യക്തിയുടെ നേരിട്ടുള്ള അവകാശികള്‍ ഇക്കാലത്തിന്നിടയ്ക്ക് മരിക്കുകയും ശേഷക്കാര്‍ അവകാശികളായി രംഗത്തുവരികയും ചെയ്യുമ്പോള്‍ പരസ്പര സംശയത്തിലേക്കും അകല്‍ച്ചക്കും കാരണമാകുക സ്വാഭാവികമാണ്. ഇക്കാലത്തിന്നിടയില്‍ ഈ സ്വത്തിന്റെ വരുമാനം എടുത്തതും കൈകാര്യം ചെയ്തതും നാട്ടുനടപ്പനുസരിച്ച് അവകാശികളിലെ മുതിര്‍ന്ന പുരുഷന്മാരായിരിക്കും. ഒന്നിച്ചൊരു വീട്ടില്‍ സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന, ഒരു മാതാപിതാക്കളുടെ മക്കള്‍ തമ്മിലുള്ള രക്തബന്ധത്തിന്റെ ഊഷ്മളതയും അടുപ്പവും കാലം കഴിയുന്തോറും കുറഞ്ഞുവരിക സ്വാഭാവികമാണ്. അതിനാല്‍ മാതാപിതാക്കളുടെ അനന്തരസ്വത്ത് വീതംവയ്ക്കുന്നത് നീളുന്തോറും മുറുമുറുപ്പുകളും പിരിമുറുക്കങ്ങളുമുണ്ടാകും. അത് കുടുംബങ്ങളെ തമ്മില്‍ അകറ്റാന്‍ ഇടയാക്കുന്നു. മാത്രമല്ല എല്ലാവര്‍ക്കുംകൂടി അവകാശപ്പെട്ട സമ്പത്ത് ഒരാള്‍ മാത്രം കൈകാര്യം ചെയ്യുമ്പോള്‍, എത്ര സത്യസന്ധത പുലര്‍ത്താന്‍ ശ്രമിച്ചാലും സംശയങ്ങള്‍ വരുത്തുമെന്നുറപ്പാണ്. ശരിയും തെറ്റും നോക്കാത്ത വ്യക്തികളാണെങ്കില്‍ നിഷിദ്ധമായ സമ്പാദ്യം തിന്നാനും തീറ്റിക്കാനും അത് കാരണമാകുന്നു. അന്തസ്സും സല്‍പേരും നിലനിര്‍ത്തിയിരുന്ന സര്‍വാദരണീയരായ കുടുംബങ്ങള്‍പോലും അനന്തരസ്വത്തിന്റെ അവ്യക്തത കാരണം പിണങ്ങിപ്പിരിയുന്നത് കാണാം.

വിശുദ്ധക്വുര്‍ആനും നബിﷺയുടെ വചനങ്ങളും, പില്‍ക്കാലത്ത് സച്ചരിതരായ ഖലീഫമാരുടെയും സ്വഹാബികളുടെയും ഭരണപരമായ നടപടികളും അടിസ്ഥാനപ്പെടുത്തിയുള്ള വ്യക്തമായ നിയമങ്ങളും പരിധികളും ഇസ്‌ലാമിലെ അനന്തരാവകാശവിധികള്‍ക്കുണ്ട്. അവ യഥാവിധി നടപ്പിലാക്കുന്ന വിഷയത്തിലാണ് സമുദായം വീഴ്ചവരുത്തുന്നത്. സ്വത്തുക്കളുടെ മൂല്യം നിര്‍ണയിക്കുന്നതിലും നീതിപൂര്‍വകമായി വിഹിതം നല്‍കുന്നതിലും പലപ്പോഴും ബലിയാടുകളാവുന്നത് കുടുംബത്തിലെ സ്ത്രീ അവകാശികളാണ്. നാട്ടുകാരണവന്മാരും ആധാരമെഴുത്തുകാരുമാണ് ഈ വീതംവയ്പില്‍ സാധാരണ ഇടപെടാറുള്ളത്. അവരാകട്ടെ കേട്ടുകേള്‍വിയെയും നടപ്പാചാരത്തെയുമാണ് ആശ്രയിക്കുക. ശരീഅത്തു പ്രകാരമുള്ള ഓഹരികളെപ്പറ്റി സങ്കിര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനറിയുന്നവര്‍ മതപണ്ഡിതന്മാരില്‍ തന്നെ താരതമ്യേന കുറവുമാണ്. ഇത്തരം പ്രതികൂല ഘടകങ്ങള്‍ ഈ മേഖലയില്‍ അനീതിക്കും അന്യായത്തിന്നും ഇടം നല്‍കുന്നു.

സ്വത്തിന്റെ ഉടമകള്‍ നേരത്തേതന്നെ ഈ കാര്യത്തെപ്പറ്റി ബോധവാന്മാരാവുക എന്നതാണ് ഒരു പരിഹാരം. അതോടൊപ്പം അവകാശികളും സാമ്പത്തിക കാര്യങ്ങളില്‍ സത്യസന്ധത പുലര്‍ത്തണം. ആരെങ്കിലും മറ്റൊരാളുടെ അവകാശം ഹനിച്ചെടുത്താല്‍ അവന്ന് അല്ലാഹു നരകം ഉറപ്പാക്കുകയും സ്വര്‍ഗം നിഷിധമാക്കുകയും ചെയ്യുമെന്ന് നബിﷺ പറഞ്ഞപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: 'നിസ്സാരമായതെന്തെങ്കിലും എടുത്താലും ഇത്ര ഗൗരവമായ ശിക്ഷയുണ്ടാകുമോ?' നബിﷺ പറഞ്ഞു: 'അതെ, ഒരു അറാക്കുചെടിയുടെ നിസ്സാരമായ കൊമ്പാണെങ്കില്‍ പോലും' (മുസ്‌ലിം). പല്ലുതേക്കാന്‍ സാധാരണയായി ആളുകള്‍ ഉപയോഗിക്കുന്നതും മരുഭൂമിയില്‍ യഥേഷ്ടം വളരുന്നതുമായ അറാക്കുചെടിയുടെ കൊമ്പ് പോലും അന്യരുടേതാണെങ്കില്‍ എടുത്തുകൂടാ എന്ന് പറയുമ്പോള്‍ സാമ്പത്തിക രംഗത്തെ തീവ്രശ്രദ്ധ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ.