മഹല്ലുകളുടെ ദൗത്യം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2021 മാര്‍ച്ച് 06 1442 റജബ് 22

മലപ്പുറം ജില്ലയിലെ പന്താരങ്ങാടി പ്രദേശത്തെ ഒരു മഹല്ലിന്‍റെ മേല്‍നോട്ടത്തില്‍ 18 വീടുകള്‍ നിര്‍മിച്ച് ഭവനരഹിതരായ പാവങ്ങള്‍ക്ക് നല്‍കി എന്ന വാര്‍ത്ത ഏതൊരു സാമൂഹികൂട്ടായ്മക്കും ഏറെ പ്രചോദനവും പ്രതീക്ഷയും നല്‍കുന്നതാണ്. മുസ്ലിം സമൂഹത്തില്‍ മാത്രമുള്ള ഒരു സംവിധാനമാണ് മഹല്ലുകള്‍. ഇച്ഛാശക്തിയോടും തിരിച്ചറിവോടുംകൂടി ഒരു മഹല്ലുകൂട്ടായ്മ സമൂഹത്തിലിടപെട്ടാല്‍ നാട്ടിലെ ഒട്ടധികം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നത് അനുഭവയാഥാര്‍ഥ്യമാണ്. പ്രത്യേകിച്ചും മതപരവും ആശയപരവുമായ വൈവിധ്യങ്ങള്‍ അവയുടെ സ്വാഭാവിക പരിധിവിട്ട് കലഹത്തിലേക്ക് നീങ്ങുന്ന ഇക്കാലത്ത് ഈ കൂട്ടായ്മക്ക് പലതും ചെയ്യാനുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് രാത്രി 8.30ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍റെ ആഭിമുഖ്യത്തില്‍ 'മാറുന്ന ലോകം; മഹല്ലുകളുടെ ദൗത്യം' എന്ന പ്രമേയത്തില്‍നടന്ന വെബിനാര്‍ മുസ്ലിം മഹല്ലുകളുടെ അനന്തസാധ്യതകളിലേക്ക് വെളിച്ചംവീശുന്നതായിരുന്നു. ആശയപരമായ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ക്രിയാത്മകമായ ഒരു പൊതുകൂട്ടായ്മയുടെ മനസ്സുതുറന്ന ആശയവിനിമയം ആ വെബിനാറില്‍ ഏറെ പ്രകടമായി. അല്ലാഹുവിന് സ്തുതി.

മദീനയിലെ നബി ﷺ യുടെ ജീവിതകാലം മുതല്‍ മഹല്ല് കൂട്ടായ്മയുടെ തുടക്കം കാണാം. ദിവ്യബോധനത്തിന്‍റെ അടിസ്ഥാനത്തില്‍ നബി ﷺ ജനങ്ങളുടെ മതവിഷയങ്ങള്‍ നിയന്ത്രിച്ചു. ജനങ്ങള്‍ക്കിടയിലെ തര്‍ക്കപരിഹാരം, ദാരിദ്ര്യനിര്‍മാര്‍ജനം, നിര്‍ഭയജീവിതം തുടങ്ങിയ സമൂഹത്തിന്‍റെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് നബി ﷺ യും അനുയായികളും കൂടി പരിഹാരം കണ്ടു. സമൂഹത്തിലെ തിന്മകള്‍ക്കെതിരില്‍ ഗുണകാംക്ഷയോടെയും നീതിപൂര്‍വകമായും നബി ﷺ ഇടപെട്ടു. മസ്ജിദുന്നബവി എന്ന ആസ്ഥാനത്തിന്‍റെ കീഴില്‍ എല്ലാമതസ്ഥര്‍ക്കും നീതിലഭിച്ചു. മദീനയിലെ പ്രബല മതവിഭാഗമായ ജൂതന്മാരും മുസ്ലിംകളുമായി തര്‍ക്കമുണ്ടായപ്പോള്‍ പല കേസുകളിലും നബി ﷺ മുസ്ലിംകള്‍ക്കെതിരില്‍ ജൂതന് അനുകൂലമായി വിധിപറഞ്ഞ സംഭവങ്ങള്‍ കാണാം.

"നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിട്ടുള്ളത്. നീ വഞ്ചകന്‍മാര്‍ക്ക് വേണ്ടിവാദിക്കുന്നവനാകരുത്..." (ക്വുര്‍ആന്‍ 4:105).

മദീനാ പള്ളി കേന്ദ്രീകരിച്ച് നബി ﷺ നയിച്ച ഒരു ബഹുമത സമൂഹത്തില്‍ നബിയുടെ ഭരണപരമായ നീതിയുടെ ഉദാത്തമായ ഉദാഹരണമാണ് ഈ സംഭവത്തില്‍ പ്രകടമാവുന്നത്.

സൂറതുന്നിസാഇലെ മേല്‍കൊടുത്ത സൂക്തങ്ങളുടെ വ്യാഖ്യാനത്തില്‍ പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഉദ്ധരിച്ച ഒരു സംഭവത്തിന്‍റെ സംഗ്രഹം ഇതാണ്: മുസ്ലിംകളിലെ ഒരു വ്യക്തി മറ്റൊരു മുസ്ലിമിന്‍റെ പടയങ്കി മോഷ്ടിച്ചു. പ്രശ്നം നബി ﷺ യുടെ അടുത്തെത്തിയിട്ടുണ്ടെന്നും പിടികൂടാന്‍ സാധ്യതയുണ്ടെന്നും മനസ്സിലാക്കിയ മോഷ്ടാവ് മാനഹാനിഭയന്ന് തൊണ്ടിമുതല്‍ നിരപരാധിയായ ഒരു ജൂതന്‍റെ വീട്ടില്‍ കൊണ്ടുപോയിവെച്ചു. അന്വേഷണത്തിനൊടുവില്‍ തൊണ്ടിമുതല്‍ ജൂതനില്‍നിന്ന് കണ്ടെടുക്കുകവഴി അയാള്‍ മോഷ്ടാവാണെന്ന് വിധിപറയാനായിരുന്നു സാധ്യത. എന്നാല്‍ ജൂതന്‍ നിരപരാധിയാണെന്നും സ്വസമുദായക്കാരന്‍തന്നെയാണ് മോഷ്ടാവെന്നും ദിവ്യബോധനം ലഭിച്ചതിനടിസ്ഥാനത്തില്‍ നബി ﷺ വിധിപറഞ്ഞു.

ഈ സംഭവത്തിന്‍റെ പ്രാമാണികത നിരൂപണവിധേയമായിട്ടുണ്ടെങ്കിലും മേല്‍പറഞ്ഞ ക്വുര്‍ആന്‍ വചനങ്ങള്‍ വിധികര്‍ത്താക്കളോട് മുഖം നോക്കാതെ നീതിനടപ്പാക്കണമെന്ന് കല്‍പിക്കുന്നുണ്ട്.

എല്ലാ മതവിഭാഗങ്ങളും മതമില്ലാത്തവരും ഒരു മതത്തിലെതന്നെ വ്യത്യസ്ത വീക്ഷണഗതിക്കാരും ഇടകലര്‍ന്നു ജീവിക്കുന്ന മഹല്ലുകളാണ് അധികവുമുള്ളത്. ഈ മഹല്ലുനിവാസികള്‍ അവരവരുടെ മോക്ഷത്തിനും ആത്മസാക്ഷാത്കാരത്തിനും ആവശ്യമെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ വേറിട്ടുചെയ്യുമെങ്കിലും ഇവരെല്ലാം ജീവിക്കുന്നത് ഒരേ തട്ടകത്തിലാണ്. സ്വന്തം വീടിന്നുവെളിയില്‍ എല്ലാവരുടെയും പ്രശ്നങ്ങളും പരിഹാരങ്ങളും ഒന്നാണ്.

പ്രദേശത്ത് വളരുന്ന മാഫിയകളെ തടയുക, കുടുംബ പ്രശ്നങ്ങള്‍ക്ക് ഒത്തുതീര്‍പ്പിലൂടെയും ദാരിദ്ര്യ പ്രശ്നങ്ങള്‍ക്ക് സഹായം നല്‍കുന്നതിലൂടെയും വര്‍ഗീയ, വംശീയ ധ്രുവീകരണങ്ങളില്‍ സൗഹൃദ ഇടപെടലിലുടെയും കൂട്ടായ യത്നങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മഹല്ലുകള്‍ക്ക് നല്ല ഇടമുള്ള സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയ ദുഷ്ടലാക്കുകളോടെ വര്‍ഗീയതയും വര്‍ഗീയചിന്തയിലൂടെ രാഷ്ട്രീയ നേട്ടങ്ങളം ലക്ഷ്യമാക്കുന്ന സാമൂഹ്യദ്രോഹികള്‍ നാട്ടുമ്പുറങ്ങളിലെ നിഷ്കളങ്കരായ മനുഷ്യരെ ചേരിതിരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായിത്തന്നെ നടത്തുന്നുണ്ട് എന്നത് മറക്കരുത്. ഇത്തരം പ്രവണതകള്‍ക്ക് ഒരു പരിധിവരെ തടയിടാനും മഹല്ല് കൂട്ടായ്മകള്‍ക്ക് സാധിക്കും.

മനുഷ്യരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മഹല്ലുകള്‍ തയ്യാറായാല്‍ മഹല്ലുകളെ ശാക്തീകരിക്കാന്‍ സമൂഹവും തയ്യാറാകുമെന്നതിന് ഉദാഹരണമായി ധാരാളം മാതൃകാമഹല്ലുകര്‍ ഇന്ന് നട്ടിലുണ്ട്. അതിലൊന്നാണ് ഈ കുറിപ്പിന്‍റെ തുടക്കത്തില്‍ സൂചിപ്പിച്ചത്.

"...പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്..." (ക്വുര്‍ആന്‍ 5:2).