കരുണവറ്റാതിരിക്കുക

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2021 ഫെബ്രുവരി 27 1442 റജബ് 15

കാരുണ്യത്തിന്‍റെ ഉറവ വറ്റിയ മനുഷ്യമനസ്സുകളുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ എന്നും നാം കേള്‍ക്കാറുണ്ട്. അധികാരവും ദുരഭിമാനവും സംരക്ഷിക്കാന്‍ വേണ്ടി കാണിക്കുന്ന ക്രൂരതകള്‍,  സ്വന്തം താല്‍പര്യങ്ങളും ലൈംഗികാസക്തികളും നിവൃത്തിക്കാനായി മാത്രം നടത്തപ്പെടുന്ന കൊലപാതകങ്ങള്‍, അന്ധവിശ്വാസങ്ങളുടെ മറവില്‍ ഏറിവരുന്ന നരബലികള്‍ തുടങ്ങിയവ ഒരുഭാഗത്ത്. മറുഭാഗത്ത് വിവരമുള്ളവരെന്നു നടിക്കുന്ന മാഫിയകള്‍ ജീവന്‍മരണ പോരാട്ടം നടത്തുന്ന രോഗികളോടു കാണിക്കുന്ന ചികിത്സാചൂഷണങ്ങള്‍, പൊതുഖജനാവിന് കാവലിരിക്കുന്ന ബ്യൂറോക്രാറ്റുകള്‍ നടത്തുന്ന കൈക്കൂലി, കൊള്ളലാഭമടക്കമുള്ള തീവെട്ടിക്കൊള്ളകള്‍... ഇങ്ങനെ കാരുണ്യതിന്‍റെ നീരുറവ കാണാന്‍ തിരിയിട്ടുതിരയേണ്ട കാലത്താണ് നാം ജീവിക്കുന്നത്. മനുഷ്യന്‍റെ നന്മതിന്മകള്‍ പരിഗണിക്കാതെ അല്ലാഹു എല്ലാവര്‍ക്കും വിശാലമായി കാരുണ്യം വര്‍ഷിക്കുന്നവനാണെന്ന (റഹ്മാന്‍) ആനുകൂല്യത്തിലാണ് ഈ മഹാക്രൂരതകള്‍ ഭൗതിക ജീവിതത്തില്‍ പിടിക്കപ്പെടാതെ പോകുന്നത്. എന്നാല്‍ നന്മ ചെയ്തവര്‍ക്കു മാത്രം കാരുണ്യം ചെയ്യുന്നവന്‍ (റഹീം) എന്ന വിശേഷണംകൂടി അല്ലാഹുവിനുണ്ട് എന്നോര്‍ക്കണം. ആ ആനുകൂല്യം നന്മചെയ്തവര്‍ക്കു ലഭിക്കുക അധികവും പരലോകത്തുവെച്ചായിരിക്കും.

കാരുണ്യം എന്നത്  ഈ പ്രപഞ്ച സംവിധാനത്തിന്‍റെ തന്നെ നിലനില്‍പിന്ന് നിദാനമാണ്. മനുഷ്യമനസ്സുകളില്‍ മാത്രമല്ല, സര്‍വ ജീവജാലങ്ങളുടെയും അസ്തിത്വം അതിന്‍മേലാണ്. പൂച്ചയും പട്ടിയും പറവകളും ഇഴജന്തുക്കളും ആ കാരുണ്യവായ്പ് സ്വന്തം കുഞ്ഞുങ്ങളോടു കാണിക്കുന്നത് നമുക്കു കാണാം. മുഴുവന്‍ മനുഷ്യരോടും ജീവജാലങ്ങളോടും കരുണ ചെയ്യാന്‍ ഇസ്ലാം മനുഷ്യരോട് കല്‍പിച്ചിട്ടുണ്ട്. ദാഹിച്ചുവലഞ്ഞ ഒരു പട്ടിക്ക് കിണറ്റില്‍നിന്ന് വെള്ളമെടുത്ത് കൊടുത്ത ഒരു മനുഷ്യന് അല്ലാഹു പാപമോചനം നല്‍കി സ്വര്‍ഗപ്രവേശനത്തിന്ന് അര്‍ഹനാക്കിയതും ഭക്ഷണം കൊടുക്കാതെയും ഭക്ഷണം തേടിപ്പിടിച്ചു തിന്നാന്‍ അനുവദിക്കാതെയും ഒരു പൂച്ചയെ കെട്ടിയിട്ടു പീഡിപ്പിച്ചുകൊന്ന ഒരു സ്ത്രീ അക്കാരണത്താല്‍ നരകത്തിന്നര്‍ഹയായി എന്നും നബി ﷺ പഠിപ്പിച്ചത് ജീവികളോടുള്ള കാരുണ്യത്തിന്‍റെ ബാധ്യത നമ്മെ പഠിപ്പിക്കുവാനാണ്.

രണ്ടു കുഞ്ഞുങ്ങളെകൊണ്ട് വിശന്നവശയായി നബി ﷺ യുടെ വീട്ടിലെത്തിയ ഒരു സ്ത്രീക്ക് ഭാര്യ ആഇശ(റ) ആകെയുണ്ടായിരുന്ന മൂന്നു കാരക്കയെടുത്ത് കൊടുത്തു. ഓരോന്ന് രണ്ടുകുട്ടികള്‍ക്ക് കൊടുത്ത് ബാക്കിയുള്ള ഒരു കാരക്ക ആ സ്ത്രീ വായിലേക്ക് വെക്കാനൊരുങ്ങിയെങ്കിലും വിശപ്പടങ്ങാത്ത തന്‍റെ രണ്ടു കുഞ്ഞുങ്ങള്‍ക്ക് അവര്‍ അതും പകുത്തുകൊടുത്തു. എന്നിട്ട് ഒന്നും കഴിക്കാനാവാതെ ആ സ്ത്രീ കുഞ്ഞുങ്ങളുടെ കൈപിടിച്ചു തിരിച്ചുപോയി. നബി ﷺ വീട്ടില്‍ വന്നപ്പോള്‍ ഈ ദയനീയ കഥ ആഇശ(റ) വിവരിച്ചുകൊടുത്തു. ഇതുകേട്ട നബി ﷺ പറഞ്ഞു: "അതില്‍ എന്ത് അത്ഭുതപ്പെടാനാണ്! ആ മാതാവ് കുഞ്ഞുങ്ങളോടു ചെയ്ത കരുണക്കു പകരം അല്ലാഹു അവരോടും കരുണ ചെയ്തിരിക്കുന്നു."

നബി ﷺ തന്‍റെ പൗത്രന്‍ ഹസന്‍ എന്ന കുഞ്ഞിനെ ചുംബിക്കുന്നതു കണ്ട ഒരാള്‍ പറഞ്ഞു: "എനിക്ക് പത്തു മക്കളുണ്ടായിട്ടും ഞാന്‍ ഒന്നിയെും ചുംബിക്കാറില്ല." നബി ﷺ പ്രതികരിച്ചു: "കരുണ ചെയ്യാത്തവര്‍ക്ക് കരുണ നല്‍കപ്പെടില്ല." "കാരുണ്യവാന്‍മാര്‍ക്ക് പരമകാരുണികന്‍ കരുണചെയ്യുന്നതാണ്; അതിനാല്‍ നിങ്ങള്‍ ഭൂമിയിലുള്ളവര്‍ക്ക് കരുണ ചെയ്യുക. എന്നാല്‍ ആകാശത്തിലുള്ളവന്‍ നിങ്ങള്‍ക്കും കരുണചെയ്യുന്നതാണ്" എന്നും നബി ﷺ പറഞ്ഞതായി കാണാം.

കാരുണ്യത്തിന്‍റെ സാധ്യതകള്‍ ഭൂമിയില്‍ എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നുണ്ട്. കുടുംബജീവിതംതൊട്ട് ഭരണരംഗത്തും രാഷ്ട്രീയത്തിലും വ്യാപാര, വ്യവസായത്തിലും വിദ്യാലയങ്ങളിലും ആശുപത്രികളിലും കിടപ്പറയിലും കരുണയാഗ്രഹിക്കുന്നവരുണ്ട്. വഴിതെറ്റിപ്പോകുന്ന മക്കളെ സന്‍മാര്‍ഗത്തിലേക്ക് വഴിനടത്തുന്നത് അവര്‍ക്ക് മുന്തിയ ആഹാര, വസ്ത്ര, പാര്‍പ്പിട  സൗകര്യങ്ങള്‍നല്‍കുന്നതിനെക്കാള്‍ കാരുണ്യത്തിന്‍റെ ഭാഗമാണ്. അവരുടെ പട്ടിണിമാറ്റുന്നതിനെക്കാള്‍ പ്രധാനം അവര്‍ ശാശ്വത നരകാവകാശികളാകാതിരിക്കുക എന്നതാണ്. മതപ്രബോധനത്തിലും മനുഷ്യര്‍ക്ക് സന്‍മാര്‍ഗം ലിക്കുക എന്ന കാരുണ്യത്തിന്‍റെ വശമാണ് പരമപ്രധാനം.