നീതിയുടെ പക്ഷം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2021 ജനുവരി 16 1442 ജുമാദല്‍ ആഖിറ 03

ഭരണകൂട അനീതികള്‍ ഏറിവരുന്ന കാലമാണിത്. മതമൂല്യങ്ങളെ തള്ളിക്കളയുന്നവരും മതത്തിന്റെ പേരുപറഞ്ഞ് വര്‍ഗത്തിന്റെ മേല്‍ക്കോയ്മ ലക്ഷ്യമിടുന്നവരും പ്രജകള്‍ക്കു നീതിനല്‍കണം എന്ന് ചിന്തിക്കാന്‍ കഴിയാത്തവരാണ്. ജനാധിപത്യത്തിന്റെയും മതധര്‍മത്തിന്റെയും ടിക്കറ്റില്‍ ഭരണസ്ഥാനങ്ങളിലെത്തുന്നവരും അവരവരുടെ കക്ഷിതാല്‍പര്യത്തിന്നപ്പുറം എല്ലാ മനുഷ്യര്‍ക്കും നീതിലഭിക്കണം എന്ന് ചിന്തിക്കുന്നവരായി നന്നെക്കുറച്ചേ കാണപ്പെടുന്നുള്ളൂ.

നല്ല മാതൃകകള്‍ക്കു പിശുക്കുകാണിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. കലവറയില്ലാത്ത നീതിയുടെ ചരിത്രപാഠം വായിക്കുന്നത് മാനവികമൂല്യങ്ങളെ ആദരിക്കുന്ന ഏതൊരാള്‍ക്കും നല്ലതാണ്. നബി ﷺ ക്കു ശേഷം ഇസ്‌ലാമിക ഭരണമാതൃക പുനരുജ്ജീവിപ്പിച്ച ഭരണകര്‍ത്താക്കളില്‍ ഒരാളാണ് ഉമറുബ്‌നു അബ്ദില്‍ അസീസ്. ഭരണമേറ്റെടുത്ത ശേഷം ആദ്യമായി അദ്ദേഹം ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തി:

''എനിക്കു മുമ്പത്തെ ഭരണത്തിന്നു കീഴില്‍ രാജ്യത്ത് അനീതിക്കു വിധേയരായ ആരെങ്കിലുമുണ്ടെങ്കില്‍ വിവരം പറയുക. പരിഹരിച്ചു തരുന്നതാണ്.'' ഇതുകേട്ട് സിറിയന്‍ പട്ടണമായ ഹിംസില്‍ ജീവിക്കുന്ന മുസ്‌ലിമല്ലാത്ത ഒരു മനുഷ്യന്‍ ഖലീഫയുടെ സന്നിധിയില്‍ വന്നു പരാതിപ്പെട്ടു: 'മുന്‍ഖലീഫയായിരുന്ന വലീദ്ബ്‌നു അബ്ദുല്‍ മലിക് എന്റെ കുറച്ചു ഭൂമി തന്റെ മകന്‍ അബ്ബാസിന് രേഖാമൂലം പതിച്ചുകൊടുത്തിട്ടുണ്ട്. അതിന്റെ യഥാര്‍ഥ അവകാശി ഞാനാണ്.'' ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ ആ സദസ്സില്‍ അബ്ബാസുമുണ്ടായിരുന്നു. 'ഇപ്പറഞ്ഞത് ശരിയാണോ അബ്ബാസ്?' അദ്ദേഹം പറഞ്ഞു: 'അല്ല. ആ ഭൂമി എനിക്ക് എന്റെ പിതാവ് ഖലീഫാ വലീദ് രേഖാമൂലം തന്നതാണ്. ഭൂമിയുടെ രേഖ കൈവശമുണ്ട്.' ഉമറുബ്‌നു അബ്ദുല്‍ അസീസ് പറഞ്ഞു: 'ഖലീഫ വലീദിന്റെ രേഖയല്ല, അല്ലാഹുവിന്റെ രേഖയാണ് വലിയത്. ആ ഭൂമി അയാള്‍ക്കു വിട്ടുകൊടുക്കുക!' അബ്ബാസ് ആ ഭൂമി അവിശ്വാസിയായ ഹിംസുകാരന്ന് തിരികെ നല്‍കി.

കുടുംബവും ജാതിയും സ്ഥാനമാനങ്ങളും നോക്കാത്ത യഥാര്‍ഥ നീതിയാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു കഴിഞ്ഞ് ഒട്ടേറെപേര്‍ ഭരണമേറ്റെടുത്ത് ഭരിക്കാന്‍ തുടങ്ങുന്ന ഈ നാളുകളില്‍ നീതിയുടെ ഇത്തരം പാഠങ്ങള്‍ ആരും മറന്നുപോകരുത്. ഭരണപരമായ ആനുകൂല്യങ്ങള്‍ സമൂഹത്തിന്റെ ഏറ്റവും താഴെതട്ടിലേക്ക് എത്തിക്കേണ്ട സ്ഥാപനമാണ് തദ്ദേശ സ്വയംഭരണ മേഖല. പലതരം പെന്‍ഷനുകള്‍, സുരക്ഷാപദ്ധതികള്‍ തുടങ്ങി ജനസേവനപരമായ കാര്യങ്ങള്‍ നടപ്പാക്കുന്നുണ്ട്. സുഭിക്ഷമായി ജീവിക്കാന്‍ വകയുള്ളവര്‍ പോലും 'ഞമ്മന്റെ ആള്‍' എന്ന ആനുകൂല്യത്തില്‍ ഇവ നേടിയെടുക്കുമ്പോള്‍ യഥാര്‍ഥ അവകാശി അവഗണിക്കപ്പെടുന്നു. മണ്ണിടിച്ചിലും വെള്ളപ്പൊക്ക ദുരിത നിവാരണവും മറയാക്കി, കടലാസുപണികള്‍ ഒപ്പിച്ചെടുത്ത് 'ഞമ്മന്റെ വീടും പറമ്പും' സുരക്ഷിതമാക്കുമ്പോള്‍ പൊതുജനം അവഗണിക്കപ്പെടുന്നുണ്ട്. ഇത്തരം താല്‍പര്യസേവകരെ താഴെയിറക്കി പൊതു നന്മക്കു പരിഗണന നല്‍കുന്ന ഭരണമാണ് ജനങ്ങള്‍ക്കാവശ്യം.

നീതിയുടെ പാഠം ഇസ്‌ലാമിനോളം മറ്റൊരു പ്രത്യയശാസ്ത്രവും പഠിപ്പിച്ചുകാണുന്നില്ല. തരപ്പെടുന്നത് വെട്ടിവിഴുങ്ങാന്‍ വേണ്ടി ഭരണത്തില്‍ ചാടിക്കയറുന്നവര്‍ക്ക് ഇസ്‌ലാം തീവ്രതയും പഴഞ്ചനുമായത് അത് നീതിക്കു പരിഗണന നല്‍കുന്നു എന്നതുകൊണ്ടാണ്. ക്വുര്‍ആനിന്റെ നീതി പ്രഖ്യാപനം ഇങ്ങനെ വായിക്കാം: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 5:8).

മതമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും അനുകരിക്കാവുന്ന ഒട്ടേറെ സാരോപദേശങ്ങളുണ്ട് ഈ വചനത്തില്‍. ജാതി, വര്‍ഗ, വര്‍ണ ഭിന്നതകള്‍ക്കതീതമായി നീതിയെ വാഴ്ത്തുന്ന മതമാണ് ഇസ്‌ലാം. ഭരണ രംഗത്താവട്ടെ, മത-സാമൂഹ്യ മേഖലകളിലാകട്ടെ സങ്കുചിത കക്ഷിചിന്ത താന്‍ നിലകൊള്ളുന്ന പ്രത്യയശാസ്ത്രത്തിന്റെ ബലഹീനതയാണ് വെളിപ്പെടുത്തുന്നത്. നീതിയുടെ കണ്ണടവച്ചു സമൂഹത്തെ നോക്കിക്കാണാന്‍ കഴിയുന്നവര്‍ക്കേ സമൂഹത്തില്‍ നിലനില്‍പ്പുള്ളൂ; അംഗീകാരമുള്ളൂ. നീതിപൂര്‍വകമായി ആര്‍ക്കും ഒരാനുകൂല്യവും ചെയ്തു കൊടുക്കാന്‍ കഴിയില്ലെങ്കിലും, അന്യായമായി ഭരണത്തെയും അധികാരത്തെയും ഉപയോഗിക്കാതിരിക്കലാണ് സംസ്‌കാരം.