മനംമാറ്റത്തിന്‍റെ മാസം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2021 ഏപ്രില്‍ 23 1442 റമദാന്‍ 11

പ്രകൃത്യാ മനുഷ്യന്‍ കുറ്റവാസനയുള്ളവനാണ്. എത്ര ശ്രദ്ധിച്ചു ജീവിച്ചാലും അല്ലാഹുവിന്‍റെ കോപത്തിന്നു കാരണമായേക്കാവുന്ന കുറ്റങ്ങള്‍ വന്നുചേര്‍ന്നേക്കാം. ഈ പാപക്കറകള്‍ മൂലം മനസ്സ് മലിനമാവാതെ നിര്‍ത്താനാണ് വിവിധ ആരാധനാകര്‍മങ്ങള്‍ അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ദിവസവും അഞ്ചുനേരം നിര്‍വഹിക്കുന്ന നിര്‍ബന്ധ നമസ്കാരങ്ങള്‍, ആഴ്ചയിലൊരിക്കല്‍ ജുമുഅ, വര്‍ഷത്തിലൊരിക്കല്‍ നോമ്പ്, ജീവിതത്തിലൊരിക്കല്‍ ഹജ്ജ് എന്നിവ പാപങ്ങള്‍ പൊറുത്തുതരുവാനും  മനുഷ്യനെ ശുദ്ധീകരിക്കുവാനുമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

നബി ﷺ പറഞ്ഞത് കാണുക: "ഒരാള്‍ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാല്‍ അല്ലാഹു അവനെ നരകത്തില്‍നിന്ന് എഴുപത് വര്‍ഷത്തെ ദൂരം അകറ്റുന്നതാണ്" (ബുഖാരി, മുസ്ലിം).

'അറിയാതെയും അബദ്ധത്തിലും മനുഷ്യരിലുണ്ടാവുന്ന ചെറിയ തിന്മകളെ പൊറുക്കാനും സഹായിക്കുന്നു'വെന്ന് ക്വുര്‍ആനിലും കാണാം

സാമൂഹ്യദ്രോഹപരമായ വന്‍കുറ്റങ്ങളെ പറ്റി ഇസ്ലാം പ്രത്യേകം താക്കീതു നല്‍കിയിട്ടുണ്ട്. അവ ആരാധനാകര്‍മങ്ങള്‍കൊണ്ട് മായ്ക്കപ്പെടുകയില്ല. മറിച്ച് അവയില്‍നിന്നും ഖേദിച്ചുമടങ്ങി ശിഷ്ടജീവിതത്തില്‍ ആവര്‍ത്തിക്കുകയില്ലെന്ന് ആത്മാര്‍ഥമായി പ്രതിജ്ഞയെടുക്കണം. അപ്രകാരം മറ്റുള്ളവരില്‍ നിന്നും വാങ്ങിയ കടബാധ്യതകള്‍ കഴിയുമെങ്കില്‍ കൊടുത്തുതീര്‍ക്കുകയോ പറഞ്ഞു പരിഹരിക്കുകയോ ചെയ്യണം. ദരിദ്രര്‍ക്ക് കൊടുക്കാന്‍ അല്ലാഹു നമ്മോട് കല്‍പിച്ച സകാത്തിന്‍റെ നിശ്ചിത വിഹിതവും കടബാധ്യതയാണ്. ഓരോ വര്‍ഷവും അത് കൊടുത്തുവീട്ടാതെ മറ്റെന്ത് സല്‍കര്‍മങ്ങള്‍ ചെയ്താലും ഈ കുറ്റങ്ങള്‍ അല്ലാഹു പൊറുത്തു തരുന്നതല്ല.

നിശ്ചിത ആരാധനാകര്‍മങ്ങള്‍ പാപമുക്തിക്ക് കാരണമാകുന്നതോടോപ്പം തിന്മകളില്‍നിന്ന് കരുതിക്കൂട്ടി വിട്ടുനില്‍ക്കുക, സഹജീവിക്കോ സമൂഹത്തിനോ നാടിനോ ദ്രോഹകരമാവുന്ന പ്രവൃത്തികള്‍  സൂക്ഷിക്കുക, ജനസേവനത്തില്‍ വ്യാപൃതരാവുക, പ്രാര്‍ഥനകളും പ്രകീര്‍ത്തങ്ങളും വര്‍ധിപ്പിക്കുക തുടങ്ങിയ സല്‍ഗുണങ്ങളും പാപങ്ങള്‍ പൊറുത്തുതരാന്‍ കാരണങ്ങളാണ്. ഇതിനെല്ലാം പുറമെ കരുണാവാരിധിയായ അല്ലാഹു അവന്‍റെ സൃഷ്ടികളോട് ഏറെ  ദയാലുവാണെന്ന വസ്തുതയും ഏറെ പ്രതീക്ഷക്ക് വകയുള്ളതാണ്.

അല്ലാഹു പറയുന്നു: "നബിയേ, പറഞ്ഞുകൊടുക്കുക; സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്‍റെ ദാസന്മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെ പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ച യായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും" (ക്വുര്‍ആന്‍ 39:53).

ഇത്രയൊക്കെ  ഇളവുകളും ആനുകൂല്യങ്ങളും പ്രതീക്ഷകളും നല്‍കിയിട്ടും പുറംതിരിഞ്ഞു ധിക്കാരത്തോടെ ജീവിക്കുന്നവര്‍ക്കാണ് അല്ലാഹു കഠിനശിക്ഷ ഒരുക്കിയിരിക്കുന്നത്. ഈ ശിക്ഷയെ പറ്റിയാണ് മനുഷ്യന്‍ ഭയപ്പെടേണ്ടത്

ചുവപ്പ് ലൈറ്റ് തെളിയുന്ന ഒരു ട്രാഫിക് ജംഗ്ഷനില്‍ ഏറെ ധൃതിപിടിച്ചു വണ്ടി ഓടിക്കുന്നവനായാലും പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തുന്നത് നാം കാണാറുണ്ട്. നിയമം ലംഘിച്ചു മറികടന്നാല്‍ ശിക്ഷയായി ആയിരമോ അഞ്ഞൂറോ പിഴ കിട്ടുമെന്നതാണ് കാരണം. ഒരു രാജ്യത്തെ അച്ചടക്കമുള്ള പൗരന്‍റെ ധര്‍മം കൂടിയാണത്. ഇതുപോലെ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് പ്രപഞ്ചനാഥന്‍ വിലക്കുകളുടെ സിഗ്നലുകള്‍ നല്‍കിയിട്ടുണ്ട്. മനുഷ്യന്‍റെ ഇഹലോക വിജയത്തിന്നും പരലോകമോക്ഷത്തിന്നും ആവശ്യമായി പരിഗണിക്കേണ്ട കല്‍പനകളും നല്‍കിയിട്ടുണ്ട്. ഈ വിധിവിലക്കുകളെ അറിഞ്ഞും അംഗീകരിച്ചും ജീവിക്കുക എന്നതിനെയാണ് 'അത്തക്വ്വാ' (സൂക്ഷ്മത) എന്ന് നബി ﷺ പഠിപ്പിച്ചത്.

ഈ സൂക്ഷ്മതാബോധം വീണ്ടെടുക്കാന്‍ പറ്റിയ ആരാധനകളിലൊന്നാണ് നോമ്പ്. ഭക്ഷണ പാനീയങ്ങളും ദുര്‍വിചാരങ്ങളും ഒഴിവാക്കി ജീവിക്കുന്ന ഒരു മനസ്സ് നമുക്ക് നേടാനാവണം. അതാണ് നോമ്പ് ലക്ഷ്യമാക്കുന്നത്. ഈ മനംമാറ്റത്തിന്ന് റമദാന്‍ നോമ്പ് കാരണമായില്ലെങ്കില്‍ വലിയ നഷ്ടം തന്നെയാണുണ്ടാവുക. 'ഒരാള്‍ക്ക് റമദാനിന്‍റെ നന്മകള്‍ നിഷേധിക്കപ്പെട്ടാല്‍ എല്ലാം നിഷേധിക്കപ്പെട്ടു.' (അഹ്മദ്).