ബലൂണുകള്‍

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2021 മാര്‍ച്ച് 13 1442 റജബ് 29

സല്‍ക്കാര്യങ്ങള്‍ ചെയ്തുകണ്ടാല്‍ പ്രശംസിക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും ഏതൊരാള്‍ക്കും ആത്മവിശ്വാസം ലഭിക്കുന്ന സംഗതിയാണ്. എന്നാല്‍ അത് അമിതപ്രശംസയായി മാറുമ്പോള്‍ വിരുദ്ധ ഫലങ്ങള്‍ക്കു വഴിവെക്കുമെന്നു കൂടി നാം മനസ്സിലാക്കണം. അതുകൊണ്ടായിരിക്കണം നബി ﷺ അമിതപ്രശംസയെ ഏറെ നിരുല്‍സാഹപ്പെടുത്തിയത്. അവിടുന്ന് പറഞ്ഞു: "നിങ്ങള്‍ അമിതപ്രശംസ നടത്തുന്നവരെ കണ്ടാല്‍ അവരുടെ മുഖത്തേക്ക് മണ്ണുകോരിയിടുക" (മുസ്ലിം).

ഒരിക്കല്‍ ഒരാള്‍ ഖലീഫ ഉസ്മാനെ(റ) വല്ലാതെ പ്രശംസിക്കുകയായിരുന്നു. ഇതു കേട്ട മിഖ്ദാദ്(റ) എന്ന സ്വഹാബി അയാളുടെ മുഖത്ത് മണ്ണുവാരിയെറിഞ്ഞു. 'എന്താണ് താങ്കള്‍ കാണിച്ചത്?' ഖലീഫ ചോദിച്ചു. മിഖ്ദാദ്(റ) പറഞ്ഞു: 'അങ്ങനെ ചെയ്യാന്‍ നബി ﷺ കല്‍പിച്ചിട്ടുണ്ട്' (മുസ്ലിം).

നല്ല പ്രവൃത്തികള്‍ കണ്ടാല്‍ പ്രശംസിക്കുന്നത് പ്രോത്സാഹനമാണ്. അത് വിരോധിക്കപ്പെട്ടതല്ല. എന്നാല്‍ പ്രശംസ കേട്ട് ചീര്‍ത്ത് വീര്‍ത്ത് അഹങ്കരിക്കാനിടയുണ്ടാക്കരുത്. അത്തരം പ്രശംസ തെറ്റാണ്. അയാളുടെ കഴുത്തു മുറിക്കുന്നതിന്ന് തുല്യമാണ് എന്ന് നബിവചനങ്ങള്‍ പഠിപ്പിക്കുന്നു.

രാജകുടുംബാംഗങ്ങളടക്കമുള്ള രാഷ്ട്രനേതാക്കള്‍ പങ്കെടുത്ത ഒരു വിദ്വല്‍സദസ്സില്‍ പ്രഭാഷകനായി സുഊദി രാഷ്ട്രത്തിന്‍റെ ചീഫ് മുഫ്തിയും സര്‍വാദരണീയ പണ്ഡിതനുമായ ശൈഖ് ഇബ്നുബാസിനെ സംഘാടകരിലെ പ്രമുഖ വ്യക്തി ഏറെ പ്രശംസിച്ച ശേഷം സ്റ്റേജിലേക്ക് ക്ഷണിച്ചു. ശൈഖവര്‍കള്‍ ക്ഷുഭിതഭാവത്തില്‍ സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് ഇത്രമാത്രം പറഞ്ഞവസാനിപ്പിച്ചു: 'എന്‍റെ അപദാനങ്ങള്‍ എണ്ണിപ്പറഞ്ഞ ഈ മനുഷ്യന് അല്ലാഹു പൊറുത്തുകൊടുക്കട്ടെ.' ഈയൊരു വാക്ക് ആ രാജസദസ്സിന് നല്‍കിയ സന്ദേശം വിലമതിക്കനാവാത്തതായിരുന്നു!

ഇമാം ഗസ്സാലി അമിതപ്രശംസയുടെ ആറു ദൂഷ്യങ്ങള്‍ പറഞ്ഞതുകാണാം.നാലെണ്ണം പ്രശംസിക്കുന്നവനെയും രണ്ടെണ്ണം പ്രംസിക്കപ്പെടുന്നവനെയും ബാധിക്കുന്നതാണ്: 'യാഥാര്‍ഥ്യമല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ചു പറയുകവഴി കളവായിത്തീരുന്നു. മനസ്സിലില്ലാത്തത് പ്രകടിപ്പിച്ച് ശ്രോതാവിനെ സന്തോഷിപ്പിക്കുകവഴി കാപട്യം കാണിക്കേണ്ടിവരുന്നു. ഇല്ലാത്തത് കെട്ടിച്ചമക്കുകമൂലം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നു. അധര്‍മത്തിന് കൂട്ടുനില്‍ക്കേണ്ടിവരുന്നു. പ്രശംസിക്കപ്പെടുന്നയാള്‍ക്കാവട്ടെ അനര്‍ഹമായ അഹംബോധം വളരുന്നു. ഞാനിനി കൂടുതല്‍ ചെയ്തില്ലെങ്കിലും അംഗീകരിക്കപ്പെടും എന്ന ചിന്ത അയാളെ പിടികൂടുന്നു' (ഇഹ്യാ ഉലൂമുദ്ദീന്‍)

കൊച്ചുമക്കള്‍ മുതല്‍ വിദ്യാര്‍ഥികള്‍, പണ്ഡിതന്മാര്‍, നേതാക്കള്‍, രാഷ്ട്രീയ-സാമൂഹ്യ-മതരംഗത്തുള്ളവര്‍ക്കെല്ലാം അമിതപ്രശംസ ദൂഷ്യങ്ങള്‍ വരുത്തുമെന്നതിന്നു പല അനുഭവങ്ങളും നമ്മുടെ മുമ്പിലുണ്ട്. താരപ്രഭകളും ഫാന്‍സുകളും സൃഷ്ടിക്കപ്പെടുന്നത് ഇതുവഴിയാണ്. തന്മൂലം വീഴ്ചകള്‍ തിരുത്തപ്പെടാതിരിക്കുകയും വൈകല്യങ്ങള്‍ ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. വിനയത്തിനു പകരം അഹങ്കാരം വളരുന്നു.

സ്വന്തം കുറവുകള്‍ തിരിച്ചറിഞ്ഞ് പരിഹാരം തേടുവാനാണ് നബി ﷺ മനുഷ്യരെ പഠിപ്പിച്ചത്. അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഭരണമേപിക്കപ്പെട്ടപ്പോള്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ തുടക്കം ഇങ്ങനെയായിരുന്നു: 'ജനങ്ങളേ, എന്നില്‍ ചുമതല ഏല്‍പിക്കപ്പെട്ടിരിക്കുകയാണല്ലോ. നിങ്ങളെക്കാള്‍ ഉത്തമനല്ല ഞാന്‍. ഞാന്‍ സത്യമാര്‍ഗത്തിലാണെങ്കില്‍ നിങ്ങളെന്നെ സഹായിക്കണം. ഞാന്‍ തെറ്റില്‍വീഴുമ്പോള്‍ നിങ്ങളെന്നെ ശരിയാക്കണം."

സമൂഹത്തിലെ കപടവിശ്വാസികളാരാണെന്ന് നബി ﷺ ഹുദൈഫത്തുല്‍ യമാന്‍(റ) എന്ന സ്വഹാബിക്ക് പറഞ്ഞുകൊടുത്തിട്ടുണ്ടെന്നറിഞ്ഞ ഉമറുല്‍ ഖത്വാബ്(റ) താന്‍ ആ കൂട്ടത്തിലുണ്ടോ എന്ന് ഹുദൈഫയോട് ചോദിക്കാറുണ്ടായിരുന്നു എന്ന് ചരിത്രത്തിലുണ്ട്. തിരിച്ചറിവിന്‍റെ മഹത്തായ ഉദാഹരണങ്ങളാണിത്!

ഇങ്ങനെ സ്വയം കുറ്റങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുവാനാണ് ഇസ്ലാം നിര്‍ദേശിച്ചിട്ടുള്ളത്. മതരംഗത്തായാലും രാഷ്ട്രീയരംഗത്തായാലും വ്യക്തികളെ ഊതിവീര്‍പ്പിച്ച് മുന്നില്‍ പ്രതിഷ്ഠിക്കുകയും അവരിലെ തിന്മകളെ അവര്‍ സ്വയം തിരുത്തുകയോ മറ്റുള്ളവര്‍ തിരുത്തിക്കുകയോ ചെയ്യാതിരുന്നാല്‍ പരസ്പരം വിശ്വാസം നഷ്ടപ്പെടുകയായിരിക്കും ഫലം.