ചെരിഞ്ഞ പാത്രം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2021 ജനുവരി 02 1442 ജുമാദല്‍ അവ്വല്‍ 18

ചെരിഞ്ഞുകിടക്കുന്ന വെള്ളപ്പാത്രവും വെളുത്തുമിനുത്ത പാറയും തമ്മില്‍ ഒറ്റനോട്ടത്തില്‍ ബന്ധമില്ല. എന്നാല്‍ മനുഷ്യ ഹൃദയങ്ങളുടെ രണ്ടു അവസ്ഥയെ നബിﷺ ഉപമിച്ച പ്രതീകങ്ങളാണിതു രണ്ടും. ഉറച്ച നിലപാടും വിശുദ്ധിയുമുള്ള ഹൃദയം ഈ പാറക്കല്ലുപോലെയാണ്. അതിന്റെ വെണ്‍മക്ക് മങ്ങലേല്‍പിക്കുന്നവണ്ണം പൊടിയും മറ്റും പറ്റിപ്പിടിച്ചാല്‍ തന്നെ ഒരു കാറ്റോ മഴയോ വന്നാല്‍ അവയങ്ങ് ഒലിച്ചുപോയി ശേഷം പാറ അതിന്റെ വെണ്മ നിലനിര്‍ത്തും. ഇതുപോലെ നല്ല ഹൃദയങ്ങള്‍ മാനുഷികമായ പാപങ്ങളാല്‍ മലിനമായാല്‍ വീണ്ടുവിചാരത്തിലേക്ക് പെട്ടെന്ന് തരിച്ചുവരും. ഹുദൈഫത്തുല്‍ യമാന്‍(റ) നബിﷺ യില്‍ നിന്നുദ്ധരിച്ചതും മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്തതുമായ ഒരു ഹദീഥിലാണ് മേല്‍കൊടുത്ത ഉപമയുള്ളത്.

അബദ്ധങ്ങളും വീഴ്ചകളും വരാത്തവരാരുമില്ല. അത് ബോധ്യപ്പെടുമ്പോള്‍ തിരുത്തുന്നതാണ് നല്ല ഹൃദയത്തിന്റെ ലക്ഷണം. മുന്‍ഗാമികളില്‍ എത്രയോ മാതൃകകള്‍ ഈ വിഷയത്തില്‍ കാണാം.

അബൂ മസ്ഊദില്‍അന്‍സാരി(റ) പറയുന്നു: ''ഞാനൊരിക്കല്‍ എന്റെ ഒരടിമയെ അവന്‍ ചെയ്ത ഏതോ തെറ്റുമൂലം അടിക്കുകയായിരുന്നു. പെട്ടെന്ന് പിന്നില്‍നിന്നൊരു ശബ്ദം കേട്ടു: 'അബൂമസ്ഊദ്! ആ അടിമയുടെ കാര്യത്തില്‍ നിന്നെക്കാള്‍ കഴിവുള്ളവനാണ് അല്ലാഹു എന്നോര്‍ക്കണം.' തിരിഞ്ഞു നോക്കിയപ്പോള്‍ അത് റസൂല്‍ﷺ ആയിരുന്നു! അബൂമസ്ഊദിന്ന് അബദ്ധം ബോധ്യപ്പെട്ടു. അദ്ദേഹം അപ്പോള്‍തന്നെ ആ അടിമയെ സ്വതന്ത്രനാക്കി. ന്യായം പറഞ്ഞ് കടിച്ചുതൂങ്ങാതെ തിരുത്താന്‍ തയ്യാറായ അബ്ദുമസ്ഊദി(റ)നോട് നബിﷺ പറഞ്ഞു: 'നീയിത് ചെയ്തില്ലായിരുന്നുവെങ്കില്‍ നരകം നിന്നെ കരിക്കുമായിരുന്നു!' വിശ്വാസിയായ ഒരു സ്വഹാബിയില്‍നിന്ന് ഒരബദ്ധം വന്നു. ബോധ്യപ്പെട്ടപ്പോള്‍ തിരുത്തി. അതോടെ തന്റെ വിശ്വാസ വിശുദ്ധി അദ്ദേഹം വീണ്ടെടുത്തു.

മദീനയിലെ ബനൂനദീര്‍ എന്ന ജൂതഗോത്രമായി ചില കാര്യങ്ങള്‍ സംസാരിക്കാന്‍ നബിﷺ അബൂലുബാബ(റ)യെ പറഞ്ഞയച്ചു. ആ ഗോത്രവുമായി സൗഹൃദത്തിലായിരുന്നു അബൂലുബാബ(റ). നബിﷺ പറയരുതെന്ന് കല്‍പിച്ച ഒരു കാര്യം അദ്ദേഹം അവരെ ആംഗ്യത്തില്‍കൂടി അറിയിച്ചു. തിരിച്ചു നബിﷺ യുടെ അടുത്തേക്ക് വരുമ്പോള്‍ അദ്ദേഹം ചിന്തിച്ചു; താന്‍ നബിﷺ യെ വഞ്ചിച്ചിരിക്കുകയാണ്. ആ രഹസ്യവിവരം അവരോട് പറയാന്‍ പാടില്ലായിരുന്നു എന്ന്. തെറ്റ് ബോധ്യപ്പെട്ട ആ സ്വഹാബി പിന്നെ നബിﷺ യെ അഭിമുഖീകരിച്ചില്ല. നേരെ പള്ളിയില്‍ ചെന്ന് തന്നെ ഒരു തൂണില്‍ അയാള്‍ സ്വയം ബന്ധിച്ചു. ആരുമറിയാതെ താന്‍ ചെയ്ത ഈ തെറ്റിന്ന് അല്ലാഹു മാപ്പുതരാതെ ഈ ബന്ധനം താന്‍ ഒഴിവാക്കുകയില്ലെന്ന് അദ്ദേഹം ശപഥം ചെയ്തു!

നബിﷺ വിവരം അറിഞ്ഞു. രാജ്യത്തിന്റെ രഹസ്യവിവരമാണ് ശത്രുക്കള്‍ക്ക് നല്‍കിയത് എന്നതിനാല്‍ അബൂലുബാബത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന്റെ തീരുമാനം വരട്ടെ എന്ന് നബിﷺ പറഞ്ഞു. ആറു ദിവസം അദ്ദേഹം അതേ ബന്ധനത്തില്‍ പശ്ചാത്തപിക്കുന്ന മനസ്സുമായി കഴിഞ്ഞുകൂടി. നമസ്‌കാര സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ വന്ന് കെട്ടഴിച്ചുകൊടുക്കും. അത് കഴിഞ്ഞാല്‍ അവര്‍ തന്നെ ഭര്‍ത്താവിനെ തൂണില്‍കെട്ടി തിരിച്ചുപോകും! ആറാം ദിവസം രാത്രി നബിﷺ തന്റെ ഭാര്യ ഉമ്മു സലമ(റ)യുടെ വീട്ടിലായിരിക്കെ, അബൂലുബാബത്തിന്റെ പശ്ചാത്താപം സ്വീകരിച്ചുകൊണ്ട് ദിവ്യബോധനം വന്നതായി അറിയിച്ചു. എല്ലാവരും സന്തോഷിച്ചു. സ്വഹാബികള്‍ കെട്ടഴിച്ചുകൊടുക്കാന്‍ ധൃതികൂട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'വേണ്ട, നബിﷺ തന്നെ സുബ്ഹിക്ക് മസ്ജിദിലേക്കു വന്ന് കെട്ടഴിച്ചാലേ എനിക്ക് മനഃസമാധാനമാവൂ.' അങ്ങനെ നബിﷺ ആ കെട്ടഴിച്ചുകൊടുത്തു. മനംമാറ്റത്തിന്റെ മഹിതമായ ഉപമകള്‍ ഇങ്ങനെ എത്രയോ ഉണ്ട് ചരിത്രത്തില്‍.

എന്നാല്‍ ചെരിഞ്ഞുകിടക്കുന്ന വെള്ളപ്പാത്രത്തോടുപമിച്ച മനസ്സുകള്‍ നോക്കുക. എത്രയെത്ര ഉപദേശങ്ങള്‍ കേട്ടാലും മാറ്റമില്ലാത്തവര്‍. എത്രവെള്ളമൊഴിച്ചാലും ചെരിഞ്ഞുകിടക്കുന്ന കൂജയിലേക്ക് അത് കടക്കുകയില്ല. അതില്‍ നേരത്തെയുള്ളത് പുറത്തേക്ക് ഒലിച്ചുപോവുകയുമില്ല. മാറാത്ത മനസ്സുകള്‍! ഇവയെയാണ് നാം ഭയപ്പെടേണ്ടത്. മാറ്റത്തിന്ന് വഴങ്ങിക്കൊടുക്കുകയാണ് വേണ്ടത്.

''വല്ല നീചകൃത്യവും ചെയ്താല്‍, അഥവാ സ്വന്തത്തോടുതന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും വന്നുപോയ പാപങ്ങള്‍ക്കു മാപ്പിരക്കുകയും ചെയ്യുന്നവര്‍''(ക്വുര്‍ആന്‍ 3:135). ''സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്കു താക്കീതു നല്‍കിയാലും ഇല്ലെങ്കിലും സമമായിരിക്കും. അവര്‍ വിശ്വസിക്കുന്നതല്ല തന്നെ'' (ക്വുര്‍ആന്‍ 2:6). ഇതാണ് രണ്ടുതരം മനസ്സിന്റെ ഉടമകള്‍. ഇതില്‍ നാം ഏതു വിഭാഗത്തിലാണെന്ന് ആത്മപരിശോധന നടത്തുക.