സ്റ്റാറ്റസ് ആക്കാനുള്ള ആ വിരല്‍...

സലാം സുറുമ എടത്തനാട്ടുകര

2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10

''നല്ല സ്‌റ്റൈലായിട്ട് മഷി പുരട്ടിത്തരണേ സാറേ.''

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യുട്ടിക്കിടയില്‍ ഒരു കന്നിവോട്ടറുടെ അഭ്യര്‍ഥനയായിരുന്നു ഇത്. ഈ ആവശ്യത്തിന് ബലം കൂട്ടാന്‍ ഒരു പ്രസ്താവനയും ഒപ്പം വന്നു: ''ഇന്ന് സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ആക്കാനുള്ള വിരലാ!''

അതിനുശേഷവും ഒന്നുരണ്ട് പേര്‍ ഇതേ ആവശ്യം ഉന്നയിച്ചു. എല്ലാവര്‍ക്കും വൃത്തിയായിത്തന്നെ മഷി പുരട്ടിക്കൊടുത്തു. ന്യൂജനറേഷന് ജനാധിപത്യ പ്രക്രിയയിലുള്ള താല്‍പര്യം കണ്ടപ്പോള്‍ നല്ല മതിപ്പ് തോന്നി. വലിയ ആശ്വാസവും.

ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ പൊതുവെ പേടിയാണ്. അതിന്റെ ഭാഗമായുള്ള നൂലാമാലകളും ഡ്യൂട്ടിക്കിടയില്‍ സംഭവിച്ചേക്കാവുന്ന പൊല്ലാപ്പുകളുമാണ് ഈ പേടിക്കുള്ള കാരണം. രണ്ടുദിവസം അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങള്‍ ഓര്‍ത്ത്, കിട്ടുന്ന ഡ്യൂട്ടി എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ ചിലര്‍ എല്ലാവഴികളും പയറ്റും.

2001ല്‍ സര്‍വീസില്‍ കയറിയതുമുതല്‍ ഒരിക്കല്‍ മാത്രമാണ് ഡ്യൂട്ടി കിട്ടാതെപോയത്. എല്ലാ ഡ്യൂട്ടികളും സര്‍വശക്തന്റെ അനുഗ്രഹത്താല്‍ ആസ്വദിച്ചുതന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഒട്ടുമിക്ക ഡ്യൂട്ടികളും മനസ്സില്‍തട്ടുന്ന ചില അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുമുണ്ട്

ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിശ്ചയിക്കപ്പെട്ട സ്ഥലത്ത് പോളിംഗ് സ്‌റ്റേഷനായി ഒരു ഇടുങ്ങിയ ഷട്ടര്‍ കടമുറിയായിരുന്നു അനുവദിച്ചിരുന്നത്. ഇതേ കെട്ടിടത്തില്‍ തന്നെ മറ്റൊരു പോളിംഗ് സ്‌റ്റേഷനും ഉണ്ടായിരുന്നു. രണ്ട് പോളിംഗ് സ്‌റ്റേഷനുകൡലെ 12 ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാനായി കോണിക്കൂട്ടിലെ ഒരു കുഞ്ഞു ബാത്ത് റൂം മാത്രം! എന്നാല്‍ നല്ലവരായ രണ്ട് അയല്‍വീട്ടുകാര്‍ കട്ടിലും കിടക്കയുമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിത്തന്ന് ഈ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആശ്വാസം പകര്‍ന്നു.

മറ്റൊരിക്കല്‍ ഒരു ചെറിയ പ്രൈവറ്റ് എല്‍.പി.സ്‌കൂളില്‍ ആയിരുന്നു ഡ്യൂട്ടി കിട്ടിയത്. ഫര്‍ണിച്ചറായി ചെറിയ ബെഞ്ചുകള്‍ മാത്രം. പറിയാനായ പല്ലുപോലെ ആടുന്ന കാലുകളുള്ള കൊച്ചുമേശകളില്‍ വോട്ടിംഗ് ക്യാബിന്‍ സജ്ജീകരിക്കല്‍ വലിയ സാഹസമായിരുന്നു. നാട്ടുകാര്‍ മുന്‍കൈയെടുത്ത് കുറച്ച് അകലെയുള്ള ഹൈസ്‌കൂളില്‍നിന്നും ഡസ്‌കുകള്‍ എത്തിച്ചുതന്നു. സ്‌കൂളിനു സമീപത്തുള്ള ഒരു വീട്ടുകാരന്‍ പുറത്തുള്ള ടോയ്‌ലറ്റും ബാത്ത് റൂമും രണ്ടുദിവസം പൂര്‍ണമായും ഞങ്ങളുടെ ഉപയോഗത്തിന് മാത്രമായി വിട്ടുതന്നത് ഇന്നും നന്ദിയോടെ സ്മരിക്കുന്നു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയിലെ ഭക്ഷണം കഴിക്കല്‍ താളംതെറ്റാറാണ് പതിവ്. ഷുഗര്‍, പ്രഷര്‍ രോഗികളായ പോളിംഗ് ഉദ്യോഗസ്ഥര്‍ പലപ്പോഴും സമയത്തിന് ഭക്ഷണം കഴിക്കാനാവാതെ പ്രയാസപ്പെടാറുണ്ട്.

വര്‍ഷങ്ങള്‍ക്കുമുമ്പ് ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ ഡ്യൂട്ടിക്കിടയില്‍ ഉണ്ടായ ഒരു അനുഭവം വേറിട്ടതായിരുന്നു. പോളിംഗ് സ്‌റ്റേഷനായ സ്‌കൂളില്‍ തെരഞ്ഞെടുപ്പിന്റെ തലേന്ന് വൈകുന്നേരം എത്തിയ ഉടനെത്തന്നെ പാര്‍ട്ടിക്കാര്‍ വന്ന് സൗകര്യങ്ങളും സംവിധാനങ്ങളും കുറവുണ്ടെങ്കില്‍ പരിഹരിക്കാം എന്ന് അറിയിച്ചു. ഒപ്പം ഭക്ഷണം എപ്പോള്‍ എത്തിക്കണം എന്നും ചോദിച്ചു. ഓരോരുത്തരുടെയും മെനുവും പ്രത്യേകം കുറിച്ചെടുത്ത് അവര്‍ പോയി. പറഞ്ഞ സമയത്തുതന്നെ രുചികരമായ ഭക്ഷണ സാധനങ്ങള്‍ എത്തി. രാവിലത്തെ ബെഡ് കോഫി മുതല്‍ ഇടനേരത്തെ ഭക്ഷണം വരെ കൃത്യമായി ഞങ്ങള്‍ക്ക് മുമ്പില്‍വന്നു. ഡ്യൂട്ടിക്കിടയില്‍ സമയം അഡ്ജസ്റ്റ് ചെയ്ത് എല്ലാവരും ആസ്വദിച്ചുതന്നെ കഴിച്ചു. ഇതേ ഭക്ഷണം തന്നെ എല്ലാ പോളിംഗ് ഏജന്റുമാര്‍ക്കും എത്തുന്നുണ്ട്. അവരും തമാശയൊക്കെ പറഞ്ഞ് ഒന്നിച്ചിരുന്ന് കഴിക്കുന്നു.

തെരഞ്ഞെടുപ്പ് സമാധാനപരമായി തന്നെ അവസാനിച്ചു. മെഷീനും മറ്റു സാമഗ്രികളും സീല്‍ ചെയ്ത് പാക്കറ്റുകളില്‍ ആക്കിയപ്പോഴേക്കും ചൂടുള്ള ചായയും പഴംപൊരിയും എത്തി. പ്രിസൈഡിംഗ് ഓഫീസര്‍ ഭക്ഷണത്തിന്റെ, രണ്ടുദിവസത്തെ ആകെ ബില്‍ ആവശ്യപ്പെട്ടു. അത് ഒരാള്‍ കൊടുക്കും. പിന്നീട് എല്ലാവരും കൊടുത്തയാള്‍ക്ക് അവനവന്റെ ഷെയര്‍ നല്‍കും. അതാണ് ഡ്യൂട്ടിക്കിടയിലെ പതിവ്.

ബില്‍ ചോദിച്ചപ്പോള്‍ പോളിംഗ് ഏജന്റുമാര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി. പിന്നെ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.

'നിങ്ങളെല്ലാവരും ഞങ്ങളുടെ അതിഥികളാണ്. അതിഥികളെ ഊട്ടല്‍ ഞങ്ങളുടെ കടമയാണ്' എന്ന അവരുടെ വാചകം ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു.

'ഡ്യൂട്ടിക്ക് ഞങ്ങള്‍ക്ക് പ്രത്യേക അലവന്‍സ് ഉണ്ട്. ഭക്ഷണത്തിന്നായി പ്രത്യേകം തുകയും അനുവദിക്കുന്നുണ്ട്. ബില്‍തുക ഞങ്ങള്‍തന്നെ കൊടുത്തുകൊള്ളാം' എന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോഴും ബില്‍ തരാന്‍ അവര്‍ ഒട്ടും കൂട്ടാക്കിയില്ല.

പ്രദേശത്തെ പ്രധാനപ്പെട്ട മൂന്ന് പാര്‍ട്ടിക്കാരും തുല്യശക്തിയാണ്; നല്ല സൗഹാര്‍ദത്തിലും. രണ്ടു ദിവസത്തെ പോളിംഗ് ഉദ്യോഗസ്ഥന്‍മാരുടെയും പോളിംഗ് ഏജന്റുമാരുടെയും ഭക്ഷണ ചെലവുകള്‍ അവര്‍ മൂന്നുകൂട്ടരും തുല്യമായി ഷെയര്‍ ചെയ്യലാണ് വര്‍ഷങ്ങളായി അവിടത്തെ പതിവ് എന്ന് കൂടി കേട്ടപ്പോള്‍ ഞങ്ങള്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി.

ജനാധിപത്യത്തിന്റെ മനോഹരമായ മുഖമാണിത്. വിഭാഗീയതയ്ക്കപ്പുറം മനുഷ്യത്വം നിലനില്‍ക്കണം. തെരഞ്ഞെടുപ്പ് അഞ്ചുവര്‍ഷം കൂടുമ്പോള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അതിന്റെ പേരില്‍ പരസ്പരം കടിച്ചുകീറാതിരിക്കുവാനും സൗഹാര്‍ദം നഷ്ടപ്പെടാതിരിക്കാനും ബന്ധങ്ങള്‍ ശിഥിലമാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഭരണസമിതികളുടെ സ്ഥാനാരോഹണവും നടന്നുകഴിഞ്ഞു. വോട്ട് നല്‍കിയതോടുകൂടി ഒരു പൗരന്റെ കടമ അവസാനിക്കുന്നില്ല. വരുന്ന അഞ്ച് വര്‍ഷത്തിനിടയില്‍ നമ്മുടെ പ്രദേശങ്ങളില്‍ നടക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ അംഗങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനും അവകാശങ്ങള്‍ നേടിയേടുക്കാനും നാം ശ്രമിച്ചുകൊണ്ടേയിരിക്കണം. അപ്പോഴേ ജനാധിപത്യം പൂര്‍ണമാകൂവെന്നത് നാം മറക്കാതിരിക്കുക.