കനിവ് കിനിയുന്ന കിറ്റുകള്‍

ഇബ്നു അലി എടത്തനാട്ടുകര

2021 ഏപ്രില്‍ 10 1442 ശഅബാന്‍ 27

ഒരു വൈകുന്നേരമാണ് സുഹൃത്തിന് ഫോണ്‍ വന്നത്. പരിചയക്കാരിയായ വനിതാ ഡോക്ടറാണ്. 100 കിലോയോളം മാസം ഉണ്ട്, വിതരണം ചെയ്യണം. കുടുംബത്തില്‍ ആയിടെ പിറന്ന കുട്ടിക്കു വേണ്ടി ഉരുവിനെ അറുത്ത മാംസമാണ്. വേറെ സ്ഥലത്തുനിന്ന് വന്ന് താമസിക്കുന്നതുകൊണ്ട് ഡോക്ടര്‍ക്ക് കൂടുതല്‍ പരിചയക്കാരില്ല.

സാമൂഹ്യപ്രവര്‍ത്തകനായ സുഹൃത്ത് മറ്റൊരു വനിതയുടെ പേരും ഫോണ്‍ നമ്പറും നല്‍കി. വിളിക്കണം, നേരിട്ട് കൊണ്ടുപോയി കൊടുക്കണം എന്നു പറഞ്ഞു. സുഹൃത്ത് അതിനുള്ള ഏര്‍പ്പാടുകളും ചെയ്തു. ഡോക്ടര്‍ ചാരിറ്റി കാര്യത്തില്‍ തല്‍പരയാണ്, എന്നാല്‍ നാട്ടില്‍ അതിനുമാത്രം പട്ടിണിയും ദാരിദ്ര്യവും ഇല്ല എന്ന പക്ഷക്കാരിയുമാണ്.

കവറുകളിലാക്കിയ മാംസപ്പൊതികള്‍ കൊണ്ട് ആ മലയോര പ്രദേശത്ത് അവര്‍ എത്തിയപ്പോഴേക്കും ഏതാണ്ട് അത്ര തന്നെ കുടുംങ്ങളുടെ പ്രതിനിധികള്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു. മാംസപ്പൊതി വാങ്ങിയ ചിലരുടെ പ്രതികരണങ്ങള്‍ ആ ഭിഷഗ്വരയുടെ കണ്ണുകളെ ഈറനണിയിച്ചു.

കോവിഡ് കാരണം കുടുംബനാഥന്‍റെ ജോലി നഷ്ടപ്പെട്ടത്, വൈധവ്യം, ദാരിദ്ര്യം, ഉല്‍കണ്ഠ, അരക്ഷിത ബോധം തുടങ്ങി പലതും അവര്‍ക്ക് പറയാനുണ്ടായിരുന്നു. മാംസം കഴിച്ചിട്ട് മാസങ്ങളായി എന്നായിരുന്നു ചിലര്‍ക്ക് പറയാനുണ്ടായിരുന്നത്. ഡോക്ടര്‍ അവരില്‍നിന്ന് എല്ലാം നേരില്‍ കേട്ടും കണ്ടും അറിഞ്ഞു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിനിടയില്‍ സുഹൃത്തിന്‍റെ വിളി; വിവിധ ധാന്യങ്ങളും മറ്റും അടങ്ങിയ 50 കിറ്റുകള്‍ ആ ഡോക്ടര്‍ തയ്യാറാക്കിയിട്ടുണ്ട്. അത് ആ മലയോര കോളനിയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുപോകാന്‍ തടസ്സമുണ്ടോ എന്നാണ് അറിയേണ്ടത്. പുതിയ പരിശോധനാസ്കോഡുകള്‍ ഉണ്ട് എന്നും എങ്ങാനും തെരഞ്ഞെടുപ്പിന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആണ് എന്ന സംശയം ഉദ്യോഗസ്ഥര്‍ ഉന്നയിച്ചാല്‍ അല്ല എന്ന് സ്ഥാപിക്കാന്‍ പ്രയാസമായിരിക്കും എന്നും അതിനാല്‍ വോട്ടെടുപ്പുവരെ കാത്തിരിക്കുകയാണ് ഉചിതം എന്നുമുള്ള എന്‍റെ അഭിപ്രായം സുഹൃത്ത് സ്വീകരിച്ചു.

സഹായം അര്‍ഹിക്കുന്ന, ദാരിദ്ര്യവും കഷ്ടപ്പാടും പുറത്തറിയിക്കാതെ ജീവിക്കുന്ന പലരും നമുക്ക് ചുറ്റിലുമുണ്ട്. നമുക്ക് നേരില്‍ സഹായിക്കാന്‍ പരിധിയും പരിമിതിയും ഉണ്ടാവാം. എന്നാല്‍ സഹായ മനസ്ഥിതിയുള്ളവരെ അര്‍ഹരായവരുമായി ബന്ധിപ്പിക്കുക എന്നത് നമുക്ക് എപ്പോഴും ചെയ്യാനാകും എന്നാണ് അനുഭവം.

"മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍" (ക്വുര്‍ആന്‍ 107:1-3).