രക്തദാനം മഹാദാനം

സലാം സുറുമ എടത്തനാട്ടുകര

2021 സെപ്തംബര്‍ 18 1442 സഫര്‍ 11

''രക്തദാന ക്യാമ്പ് നാളെത്തന്നെയല്ലേ? എത്രസമയംവരെ രക്തം ദാനംചെയ്യാന്‍ ആളുകള്‍ക്ക് എത്താം?'' വര്‍ഷങ്ങള്‍ക്ക് മുമ്പ് മുജാഹിദ് യുവജന സംഘടനയുടെ കീഴില്‍ സംഘടിപ്പിച്ച മേഖലാ രക്തദാന ക്യാമ്പിന്റെ തലേന്ന് രാത്രി വന്ന ഈ ഫോണ്‍വിളി ഇന്നും കാതുകളിലുണ്ട്. 'എന്റെ കുറച്ച് സുഹൃത്തുക്കളെയും കൂട്ടി ഞാന്‍  നേരത്തെതന്നെ എത്താം' എന്നു പറഞ്ഞ് അദ്ദേഹം സംസാരം അവസാനിപ്പിച്ചു.

തന്റെ വാഹനത്തില്‍ സുഹൃത്തുക്കളെയും കൂട്ടി അയാള്‍ രാവിലെ ഒമ്പത് മണിക്കുതന്നെ എത്തി.  ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമന്യെ നൂറോളം യുവാക്കള്‍ രക്തദാനത്തില്‍ പങ്കാളികളായി. രണ്ട് മണിയോടെ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍നിന്നും രക്തദാന ക്യാമ്പിലേക്ക് വന്ന സംഘത്തെ യാത്രയാക്കിയപ്പോഴും അയാള്‍ പോയിട്ടില്ല. സംഘാടകര്‍ ഒഴികെ ബാക്കിയെല്ലാവരും പോയിട്ടും ആ സുഹൃത്ത് പോകുന്നില്ല. എന്റെ അടുത്തെത്തി രക്തദാന ക്യാമ്പിന്റെ മുഴുവന്‍ ചെലവ് എത്രയാണെന്ന് രഹസ്യമായി ചോദിച്ചു. ചെലവുകള്‍ ഉണ്ടെങ്കിലും അതൊക്കെ ക്യാമ്പിന് മുമ്പുതന്നെ ദൈവത്തിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് പലരും സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട് എന്ന് അറിയിച്ചപ്പോള്‍ സുഹൃത്തിന്റെ മുഖം വാടി.

''ഈ ക്യാമ്പിന്റെ മുഴുവന്‍ ചെലവുകളും വഹിക്കാന്‍ ഞാന്‍ നേരത്തെതന്നെ ഉദ്ദേശിച്ചിരുന്നു. അത് സംഘാടകരോട് പറയാന്‍ എനിക്ക് സാവകാശം കിട്ടിയില്ല'' എന്ന് അയാള്‍ നിരാശയോടെ പറഞ്ഞത് ശരിക്കും ആശ്ചര്യപ്പെടുത്തി. തുടര്‍ന്നുള്ള സംസാരത്തില്‍നിന്നാണ് കാര്യങ്ങള്‍ വ്യക്തമായത്. അദ്ദേഹത്തിന്റെ പിതാവ് ആഴ്ചയില്‍ രണ്ടുതവണവീതം ഡയാലിസിസ് നടത്തിയിരുന്ന കിഡ്‌നി രോഗിയായിരുന്നു. ഡയാലിസിസിന് പോകുമ്പോള്‍ രക്തം എടുക്കാന്‍ ആളെയും കൂട്ടിയായിരുന്നു പോയിരുന്നത്. ഗവ. ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍നിന്നും രക്തം ലഭിക്കുന്നതിനുള്ള കാര്‍ഡ് ഞങ്ങളുടെ ഓഫീസില്‍ ഉണ്ടെന്നറിഞ്ഞ് ഒരു രാത്രിയില്‍ വന്ന് കാര്‍ഡ് വാങ്ങിയത് അദ്ദേഹം പറയുമ്പോഴാണ് ഓര്‍മ വന്നത്. ഇടക്ക് ഫോണ്‍ വിളിച്ച് കാര്‍ഡ് വേണമെന്നറിയിക്കും. അദ്ദേഹമോ സുഹൃത്തുക്കളോ വന്ന് കാര്‍ഡ് കൈപ്പറ്റും. പിന്നെ ആ വിളികള്‍ നിലച്ചു. കാര്‍ഡ് വാങ്ങാന്‍ വരാതെയായി. കാര്‍ഡിന് ബദല്‍ സംവിധാനം ലഭിച്ചിരിക്കും എന്ന് ഞങ്ങള്‍ ധരിച്ചു. എന്നാല്‍ പിതാവ് മരിച്ചതുകൊണ്ടാണ് കാര്‍ഡ് വാങ്ങാന്‍ പിന്നീട് വരാതിരുന്നതെന്ന് സംസാരത്തില്‍നിന്നും മനസ്സിലായി.

രക്തദാനത്തിനുള്ള ആളെ സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ട് വര്‍ഷങ്ങളോളം അനുഭവിച്ച അദ്ദേഹത്തിന് ഓഫീസില്‍നിന്നും ലഭിച്ചിരുന്ന രക്തത്തിനുള്ള കാര്‍ഡുകള്‍ വലിയ ആശ്വാസമായിരുന്നു. അതുകൊണ്ടാണ് ക്യാമ്പിന്റെ മുഴുവന്‍ ചെലവും വഹിക്കാന്‍ അദ്ദേഹത്തെ അനുവദിക്കണം എന്ന് ഞങ്ങളോട് ആവശ്യപ്പെട്ടത്. കാശ് വാങ്ങണമെന്ന് അദ്ദേഹം ശാഠ്യം പിടിച്ചപ്പോള്‍ ഭാരവാഹികളുമായി ആലോചിച്ച് കുറച്ച് തുക സ്വീകരിച്ച് അപ്പോള്‍ തന്നെ റസീപ്റ്റും നല്‍കി. തുടര്‍ന്ന് നടത്തിയ രക്തദാന ക്യാമ്പിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.

രക്തദാനം ലളിതമാണ്. 18-50 വയസ്സുള്ള, 50 കിലോഗ്രാമിലധികം തൂക്കമുള്ള, സ്ഥിരമായി മരുന്ന് കഴിക്കാത്ത, സ്ത്രീകളടക്കമുള്ള ആര്‍ക്കും രക്തദാനം നടത്താം. മനുഷ്യശരീരത്തില്‍ 4.5 മുതല്‍ 5 ലിറ്റര്‍വരെ രക്തമുണ്ട്. 350-450 മില്ലിലിറ്റര്‍ രക്തമാണ് ഒരു തവണ ദാനം ചെയ്യുന്നത്. ഇതിന് 20 മിനുട്ട് സമയമെ വേണ്ടതുള്ളൂ. ഇത് ശരീരത്തിന് പ്രയാസമുണ്ടാക്കില്ല. നഷ്ടപ്പെട്ട രക്തം ശരീരം 24 മണിക്കൂറിനുള്ളീല്‍ വീണ്ടെടുക്കും. നാം അറിയാത്ത, നമ്മെ അറിയാത്ത, ഒരു രോഗിക്ക് ആ രക്തം ആശ്വാസം നല്‍കിയേക്കാം എന്നത് നാം മറക്കാതിരിക്കുക.