മലമുകളിലെ നോമ്പ്

ഇബ്‌നു അലി എടത്തനാട്ടുകര

2021 മെയ് 01 1442 റമദാന്‍ 19

മൂവായിരത്തോളം അടി ഉയരമുള്ള മലകള്‍ നിറഞ്ഞ പ്രദേശത്ത് ജോലിക്ക് എത്തിയത് നോമ്പിന് തലേന്നാള്‍. പ്രൊമോഷനോടുകൂടിയ സ്ഥലം മാറ്റം പ്രതീക്ഷിക്കാതെ! നോമ്പിന്റെ ആദ്യദിവസംതന്നെ പ്രയാസമായി. അത്താഴം കട്ടന്‍ചായയിലും തേങ്ങാബണ്ണിലും മറ്റും ഒതുങ്ങി.  

ആദ്യമായി ജോലിചെയ്യുന്ന പ്രദേശം. പേരിനുപോലും ആരെയും പരിചയമില്ലാത്ത ഇടം. ചെയ്ത് പരിചയമില്ലാത്ത ചില നിയമങ്ങളും ചട്ടങ്ങളുംകൂടി ഉള്ള ജോലി. മലമുകളിലെ കാലാവസ്ഥ അനുയോജ്യം. നാട്ടില്‍ ചുട്ടുപൊള്ളുന്ന നട്ടുച്ചക്ക് പോലും ഇവിടം ചൂടിന് തണുപ്പിനോട് ചായ്‌വ്. ഓഫീസിനോട് ചേര്‍ന്നുതന്നെ ക്വാര്‍ട്ടേഴ്‌സ്. ചുറ്റുമുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ സ്വന്തം വകുപ്പുജീവനക്കാര്‍ മാത്രം.

ക്വാര്‍േട്ടഴ്‌സില്‍ ഒപ്പം ഓഫീസിലെ സഹഓഫീസര്‍. സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്ത പരിചയം. അദ്ദേഹത്തിന് പാചക വൈവിധ്യം കുറെവങ്കിലും ഉണ്ടാക്കുന്നവ രുചികരം. റമദാനിലെ പുണ്യം. പച്ചക്കറിയും മറ്റും നുറുക്കാനും പാത്രം മോറാനും മറ്റും സഹായിച്ച് ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അത്താഴത്തിന് പഴങ്ങളോ ഉണങ്ങിയ നട്‌സോ മറ്റോ മതി എന്ന എന്റെ ലൈനിലേക്ക് അദ്ദേഹവും മാറി.

അടുത്ത് പള്ളികള്‍ ഇല്ല. ബാങ്കുവിളി കേള്‍ക്കുന്നില്ല, സ്വുബ്ഹിക്ക് പോലും! ഇടയ്ക്ക് സഹപ്രവര്‍ത്തകന്റെ മൊബൈലില്‍നിന്ന് ഈണത്തില്‍ വിശുദ്ധ ഹറമിലേതിനെ ഓര്‍മിപ്പിക്കുന്ന ബാങ്കിന്‍നാദം കേള്‍ക്കുമ്പോള്‍ വല്ലാത്ത ഇഷ്ടം. ഒപ്പം നഷ്ടബോധവും. മുറിയില്‍ ഒറ്റക്കോ സഹപ്രവര്‍ത്തകനൊപ്പമോ രാത്രി നമസ്‌കാരമടക്കം നിര്‍വഹിച്ച് തൃപ്തിയടയും.

ചില വൈകുന്നേരങ്ങളില്‍ സഹജീവിയുടെ കൂട്ടുകാര്‍ എത്തും. അവരിന്ന് എന്റെയും കൂട്ടുകാര്‍. കേന്ദ്ര, സംസ്ഥാന ജീവനക്കാരായ ഈ ക്രൈസ്തവ, ഹൈന്ദവ സൗഹൃദങ്ങള്‍ ഞങ്ങള്‍ക്ക് നോമ്പുതുറക്കാന്‍ അടുക്കളയില്‍ കാപ്പിയിട്ടും പഴംനുറുക്കിയും കൂടെ നിന്നു. റമദാനിലെ കാരുണ്യം.

ചൂടുള്ള കട്ടന്‍ചായയുടെ കൂടെ പുട്ടോ ഉപ്പുമാവോ കൂട്ടി നോമ്പ് തുറക്കുമ്പോള്‍ അറിയാതെ വീടിനെ ഓര്‍മിച്ച് പോകും. നിറവും മണവും രുചിയുമുള്ള പഴനീരുകളും പല രുചികൡലും രൂപത്തിലുമുള്ള എണ്ണപ്പലഹാരങ്ങളും നേര്‍ത്ത പത്തിരിയും കൊതിപ്പിക്കുന്ന മണമുള്ള ഇറച്ചിക്കറിയും നിറഞ്ഞ തീന്‍മേശ കണ്ണില്‍ പ്രത്യക്ഷപ്പെടും. ഒരു നെടുവീര്‍പ്പോടെ കടലക്കറിയില്‍ സായൂജ്യമടയും!

പള്ളിയില്‍ പൊറോട്ട പോത്തിറച്ചിസഹിതം കഴിച്ച് നോമ്പുതുറന്ന കഴിഞ്ഞ വര്‍ഷങ്ങളെപ്പറ്റി ഔദേ്യാഗികവാഹന സാരഥി ഓര്‍മിപ്പിക്കും. മുന്‍ ഓഫീസര്‍ വെജ് ഇഷ്ടപ്പെടുന്ന ആളായിരുന്നെങ്കിലും കൂട്ടിനു  പോകുന്ന സഹോദര സമുദായ അംഗമായ അദ്ദേഹമായിരുന്നു കൂടുതല്‍ ആസ്വദിച്ച് കഴിച്ചിരുന്നത് എന്ന് പറഞ്ഞുരസിക്കും.

ഇത്തവണ നോമ്പുതുറകള്‍ ഇല്ല, ഉള്ളത് നാമമാത്രവും. കോവിഡിന്റെ രണ്ടാംവരവ് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കുന്നു.

വ്രതത്തിന്റെ പ്രതിഫലം നല്‍കുന്ന കരുണവറ്റാത്ത രക്ഷിതാവ് പ്രയാസത്തിനനുസരിച്ചത് തരാതിരിക്കില്ലല്ലോ. സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ കാണാതിരിക്കില്ലല്ലോ. ഈ കാലവും കടന്നുപോകും. കടന്നുപോയേ തീരൂ...!