പടച്ചോന്‍റെ വേണ്ടുക

ഇബ്നു അലി എടത്തനാട്ടുകര

2021 ഫെബ്രുവരി 27 1442 റജബ് 15

അങ്ങനെ  കേരളത്തില്‍ തിരിച്ചെത്തി. വിമാനത്താവളത്തില്‍ ടാക്സി കാത്തുനിന്നപ്പോള്‍ ആശ്വാസം. പടച്ചവന് സ്തുതി. ആറുനാള്‍ മുമ്പ് പോയതാണ്. ഭാര്യയും രണ്ടു മക്കളും ഭാര്യാസഹോദരിയും ഭര്‍ത്താവും അടക്കം ആറു പേരുണ്ട് സംഘത്തില്‍.

കുട്ടിക്കാലം മുതല്‍ ഖല്‍ബില്‍ കേറിപ്പറ്റിയ കാശ്മീര്‍ സന്ദര്‍ശിക്കുക എന്ന ആഗ്രഹം സഫലമായിരിക്കുന്നു. മൂന്നുവര്‍ഷം മുമ്പ് ഒന്ന് ഒരുങ്ങിയതാണ്. മൂന്ന്  ഔദ്യോഗിക സുഹൃത്തുക്കളും കുടുംബവുമൊത്ത്. തീയതി തീരുമാനിച്ചു. വിമാന ടിക്കറ്റ് എടുത്തു. പക്ഷേ, വിധിയുണ്ടായില്ല. പാര്‍ലമെന്‍റ് ബൈ ഇലക്ഷന്‍ പ്രഖ്യാപിച്ചു. റിട്ടേണിങ് ഓഫീസര്‍ ആണ് ഒരാള്‍! ക്യാന്‍സല്‍ ചെയ്തു. കാശും പോയി. യാത്ര മുടങ്ങി വഷളായ കാര്യം മക്കള്‍ ഇടയ്ക്ക് ഓര്‍മിപ്പിക്കാറുണ്ട്. പോകണം എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണല്ലോ അത്.

ഇത്തവണ ഒരുങ്ങി. സഹപ്രവര്‍ത്തകനും കുടുംബവും റെഡി. ആലോചനകളും ആസൂത്രണവും  മറ്റും ശരിയായി. അപ്പോള്‍ സ്കൂള്‍ തുറന്നു. പത്താം ക്ലാസില്‍ മകള്‍ പഠിക്കുന്നു, സുഹൃത്ത് ക്ഷമ ചോദിച്ച് പിന്‍വാങ്ങി. എന്തായാലും പോകാന്‍ റെഡിയായി. ഭാര്യാസഹോദരിയും ഭര്‍ത്താവും റെഡി. തീയതി തീരുമാനമാക്കി.

ടിക്കറ്റ് ബുക്ക് ചെയ്തു. ലീവ് കിട്ടണം, ചാര്‍ജ് കൊടുക്കണം. അത് കിട്ടാന്‍ വൈകി. ടെന്‍ഷന്‍.

രാവിലെ 9.20ന് ബുക്ക് ചെയ്ത വിമാനം കോവിഡ് കാരണം ക്യാന്‍സല്‍ ആയി. പിന്നെ വിമാനം രാവിലെ 6ന്. തലേന്ന് വൈകുന്നേരം കാറില്‍ 150 കിലോ മീറ്റര്‍ യാത്ര ചെയ്ത് നഗരത്തിലെത്തി. ബന്ധു വീട്ടില്‍ താമസിച്ചു. പുലര്‍ച്ചെ 3ന് ടാക്സി ബുക്ക് ചെയ്തു. ഭക്ഷണം കഴിഞ്ഞ് വര്‍ത്തമാനം പറഞ്ഞ് ഉറങ്ങാന്‍ വൈകി. ഉടനെ എണീക്കണമല്ലോ.

രാത്രി ഭാര്യ എണീറ്റു. കുളിമുറിയില്‍ വെച്ച് തലചുറ്റി. ഓര്‍മ പോയി. എന്നെ വിളിച്ചിരുന്നു. ദൈവാനുഗ്രഹത്താല്‍ തക്ക സമയത്ത് ഞാന്‍ എത്തിയതുകൊണ്ട് വീഴാതെ കാത്തു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ബോധംവന്നു. കടുത്ത ക്ഷീണം. വയറിളക്കം കൂടി ഉണ്ടായത് കൊണ്ട് അതീവ ക്ഷീണിതയായിരുന്നു. കാര്‍ വരാന്‍ ഒന്നര മണിക്കൂര്‍ കൂടി. ഉറങ്ങാന്‍ പറഞ്ഞു, ഞങ്ങള്‍ കാവലിരുന്നു. ഒന്ന് മയങ്ങി എണീറ്റപ്പോള്‍ അവള്‍ സ്വല്‍പം ഭേദപ്പെട്ടിരുന്നു.

ഞങ്ങളോട് യാത്ര തുടരണമെന്നും ഞാന്‍  എങ്ങനെയെങ്കിലും നാട്ടില്‍ പോകാം എന്നുമായി അവള്‍!  ഡോക്ടറായ മകന്‍കൂടി കൂടെയുള്ള ധൈര്യത്തില്‍ എന്തായാലും യാത്ര ഒരുമിച്ച് പോകാന്‍ തന്നെ തീരുമാനം. വന്ന ടാക്സിയില്‍ എല്ലാവരും കയറി. അവള്‍ക്ക് വീണ്ടും അസ്വസ്ഥത. കാര്‍ നിര്‍ത്തി, അവള്‍ ഛര്‍ദിച്ചു. ചെറിയ ആശ്വാസം. ആശുപത്രിയില്‍ പോകണം, ഗ്ലൂക്കോസ് കയറ്റണം എന്നായി. ആശ്വസിപ്പിച്ച് കാറില്‍ വീണ്ടും. എയര്‍പോര്‍ട്ടില്‍ കാര്യങ്ങള്‍ ഒരുവിധം ശരിയാക്കി. കുറച്ച് വെള്ളം കുടിച്ചു. പിന്നീട് വിമാനത്തില്‍.

പണ്ട് സിംഗപ്പൂരില്‍നിന്നും മടങ്ങവെ വിമാനത്തില്‍ അവള്‍ തലചുറ്റിയതും ബോധം പോയതും ഓക്സിജന്‍ നല്‍കിയതും ഓര്‍മ വന്നു. ഞാന്‍ ഉറങ്ങാതെ കാത്തിരുന്നു. ഒന്ന് മയങ്ങിയ അവള്‍ ഉണര്‍ന്ന് കുറേക്കൂടി ഉഷാറായി. ഒരു ചായ കുടിച്ചപ്പോള്‍ വീണ്ടും മയക്കം. ഡല്‍ഹി വിമാനത്തതാവളത്തില്‍ ഇറങ്ങിയപ്പോള്‍ താപനില പൂജ്യം ഡിഗ്രി. ചായയും ലഘു ഭക്ഷണവും കഴിച്ച് അടുത്ത ടെര്‍മിനലില്‍ ശ്രീനഗറിലേക്കുള്ള വിമാനത്തിന് സെക്യൂരിറ്റി ചെക്കിങ്. നീണ്ട ക്യൂ. അവള്‍ക്ക് നില്‍ക്കാന്‍ വയ്യ. പിന്നെ ഒരിടത്ത് ഇരുന്നു. ഒരു ഓഫീസറെ വിളിച്ച് അവള്‍ കാര്യം പറഞ്ഞു. അയാള്‍ ക്യൂ നിര്‍ത്താതെ നേരെ ഇന്‍ഡിഗോ വിമാന കമ്പനിയുടെ സെക്യൂരിറ്റി കൗണ്ടറില്‍ ഏല്‍പിച്ചു. ഞാനും കൂടെ പോയി. ആ കടമ്പ കടന്നു. ഒരു ചായകൂടി. വീണ്ടും വിമാനത്തില്‍. കുഴപ്പമില്ലാതെ ഇറങ്ങി. ഇനിയാണ് വലിയ കടമ്പ. കോവിഡ് പരിശോധന. എങ്ങാനും ആര്‍ക്കെങ്കിലും പോസിറ്റിവ് ആയാല്‍ അവര്‍ എന്തുചെയ്യും? ബാക്കിയുള്ളവര്‍ എന്തുചെയ്യും? എവിടെ ക്വാറന്‍റൈന്‍ ചെയ്യും? തുടക്കം മുതല്‍ ഏവരെയും അലട്ടുന്ന കാര്യമായിരുന്നു അത്.

ടെസ്റ്റിംഗ് കടുത്തതായിരുന്നു. ഫോറം പൂരിപ്പിച്ച് കൊടുത്തു. ഫോണ്‍ നമ്പര്‍ നല്‍കി. മൂക്കില്‍ ബഡ്സ് കൊണ്ടുള്ള കുത്തുകൊണ്ട് എല്ലാവര്‍ക്കും വേദനിച്ചു. പൊയ്ക്കോളൂ, വിവരം ഫോണില്‍ അറിയിക്കാം എന്നായി.

ഇന്നോവയും ഡ്രൈവറും ഞങ്ങളെ കാത്ത് പുറത്ത്. താപനില പലപ്പോഴും മൈനസ്. ദാല്‍ തടാകം, ഹൗസ് ബോട്ട്, പെഹല്‍ഗാ, ഗുല്‍മാര്‍ഗ്, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ മഞ്ഞും തണുപ്പും മറ്റുമായി ആറു നാള്‍. ആര്‍ക്കും രോഗമൊന്നും വന്നില്ല.

അവിടെ പോസ്റ്റ് പെയ്ഡ് ഫോണ്‍ മാത്രമെ പ്രവര്‍ത്തിക്കൂ. ഓരോ ഫോണ്‍ മണിനാദവും  ആരോഗ്യ വകുപ്പില്‍ നിന്നാണോ എന്ന ശങ്ക ഞങ്ങളെ പേടിപ്പിച്ചു. കുഴപ്പങ്ങളൊന്നുമില്ലാതെ മുംബയ് വഴി നെടുമ്പാശ്ശേരിയില്‍ എത്തി.

പണ്ടത്തെ കാരണവന്മാര്‍ പറയുന്നത് പോലെ 'പടച്ചോന്‍റെ വേണ്ടുക'യുണ്ടെങ്കില്‍ എല്ലാം നടക്കും. ഇല്ലെങ്കിലോ, ഒന്നും നടക്കില്ല. സ്രഷ്ടാവിന്‍റെ കാരുണ്യം. എന്നെന്നും ഓര്‍മിക്കാന്‍ ആറുദിവസത്തെ അനുഭവങ്ങളുമായി കാറില്‍ നാട്ടിലേക്ക്, പുലര്‍ച്ചെ വീട്ടില്‍. സ്രഷ്ടാവിന് സ്തുതി.