മരണം സുനിശ്ചിതമാണ്

ഇബ്‌നു അലി എടത്തനാട്ടുകര

2021 ജൂൺ 05 1442 ശവ്വാല്‍ 24

മാനം മങ്ങിയിരിക്കുന്നു; മനസ്സും. ലോക്ക് ഡൗണ്‍ മൂഡ് പകര്‍ന്നതാണോ ആവോ! മാസങ്ങളായി വിളിക്കാന്‍ മടിച്ച പഴയ ഓഫീസറെ ഫോണില്‍ വിളിച്ചു. ഒരു മണിക്കൂറാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായ മൊബൈല്‍ ഫോണ്‍, ഫുട്‌ബോള്‍ എന്നിവ പരാമര്‍ശിച്ചെങ്കിലും അരുത് എന്ന് ആഗ്രഹിച്ച വിഷയവും ഇങ്ങോട്ട് വന്നുപോയി. അദ്ദേഹത്തിന്റെ ഭാര്യ മഹാരോഗം വന്ന് മാസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. കോളേജ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രം ഒപ്പം വീട്ടില്‍. കൂട്ടിന് കോവിഡ് പേടിയും. മോള്‍ക്ക് വേറെ ആരുമില്ലല്ലോ എന്ന കരുതല്‍.

എല്‍.പി.സ്‌കൂള്‍ സഹപാഠി, കളിക്കൂട്ടുകാരന്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ മരണപ്പെട്ടത് ഓര്‍മവരുന്നു. ഇടക്കിടെയുള്ള വയറുവേദനയായിരുന്നു കാരണം. ശരിയായ  രോഗനിര്‍ണയമോ മതിയായ ചികിത്സയോ കിട്ടിയിട്ടുമുണ്ടാവില്ല. ദാരിദ്ര്യംതന്നെയാവണം മുഖ്യകാരണം. കോളേജ് കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സതീര്‍ഥ്യ, ഞങ്ങളൊക്കെ ചേച്ചി എന്ന് വിളിച്ചിരുന്നവരുടെ പെട്ടെന്നുള്ള മരണം മറന്നിട്ടില്ല. കോണിപ്പടിയില്‍നിന്ന് വീണതായിരുന്നു തുടക്കം. പിന്നെ കിടക്കയില്‍ കൊല്ലങ്ങള്‍...

വലിയരോഗത്തില്‍നിന്നും സങ്കീര്‍ണമായ സര്‍ജറിയില്‍നിന്നും രക്ഷപ്പെട്ട്, പിന്നെ കാര്യമായ രോഗമൊന്നുമില്ലാതെ കഴിയവെ പെട്ടെന്ന് മരണപ്പെട്ട അയല്‍വാസിയെ ഓര്‍മവരുന്നു. സഹപ്രവര്‍ത്തകയായ ടൈപ്പിസ്റ്റിന്റെ മരണവാര്‍ത്ത ദിവസങ്ങള്‍ക്ക് ശേഷം അറിഞ്ഞതിന്റെ ഞെട്ടല്‍ ഓര്‍മയിലുണ്ടിന്നും.

ചെറുപ്പത്തിലേ മരണം കൈപിടിച്ച് കൊണ്ടുപോയ, മാതൃകുടുംബത്തിലെ ഇരുവരെ മറക്കാന്‍ കഴിയില്ല. മോളെ രോഗവും മോനെ അപകടവുമാണ് മടക്കിക്കൊണ്ടുപോയത്. ശാരീരിക വെല്ലുവിളികള്‍ നേരിട്ട, കുടുംബത്തിലെ ഒരാളെ ഈ നോമ്പിലാണ് വിധി തിരികെകൊണ്ടുപോയത്. ഇത് വായിക്കുന്ന എല്ലാവര്‍ക്കുമുണ്ടാകും ഇതുപോലുള്ള എത്രയോ അനുഭവങ്ങള്‍.

പത്രത്തില്‍, ഓഫീസ്ഗ്രൂപ്പില്‍, സോഷ്യല്‍ മീഡിയയില്‍... മരണവാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുകയാണ്. കോവിഡ് ഇത്തരം വാര്‍ത്തകള്‍ക്ക് ആക്കവും തൂക്കവും കൂട്ടുന്നു.

ഇടിയും മഴയും കാറ്റും കോളും  ഇനിയും കാത്തിരിക്കുന്നു എന്ന് വാര്‍ത്ത. പരീക്ഷിക്കാന്‍ പ്രളയം ഇനിയും മറഞ്ഞ് നില്‍പ്പുണ്ടോ? മരണം ആരെ, എപ്പോള്‍, എവിടെവെച്ച്, ഏതുരൂപത്തില്‍ പിടികൂടുമെന്ന് നമുക്കാര്‍ക്കും അറിയില്ല. സ്രഷ്ടാവിനേ ഭാവി കാര്യങ്ങള്‍ അറിയൂ.

''തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (ക്വുര്‍ആന്‍ 31:34).

കാറ്റും കോളും കോവിഡും മാറി നല്ല നാള്‍ വരുന്നതും കാത്തിരിക്കാം. സല്‍കര്‍മങ്ങളില്‍ നിരതരാകാം. പ്രാര്‍ഥനകളില്‍ മുഴുകാം.

''ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടിക്കൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 63:11).