അനര്‍ഹമാകുന്ന വരുമാനം

ഇബ്‌നു അലി എടത്തനാട്ടുകര

2021 ഡിസംബര്‍ 25 1442 ജുമാദല്‍ അല്‍ അവ്വല്‍ 20

മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ തെറ്റി മഴ പെയ്യുന്ന കാലം.

ഇടക്ക് വെയില്‍ പരന്നു. അതിന് പതിവില്‍ കവിഞ്ഞ ചൂട്. ഉച്ചച്ചൂടില്‍ റോഡിന് വലതുവശം ചേര്‍ന്ന് ധൃതിയില്‍ നടന്നു. റോഡിന്റെ എതിര്‍ വശത്തുകൂടി മുന്‍ അധ്യാപകന്‍ നടന്നുപോകുന്നു. തൂവെള്ള മുണ്ടും ഷര്‍ട്ടും പതിവായി ധരിക്കാറുള്ള അദ്ദേഹം അന്ന് തിരക്കിലാണെന്ന് തോന്നി.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷം വിരമിച്ചുവെങ്കിലും സഹകരണ മേഖലയില്‍ ഇപ്പോഴും സജീവം. രാഷ്ട്രീയത്തിലും പിന്നിലല്ല. റോഡിനപ്പുറത്തേക്ക് ഉച്ചത്തില്‍ വിളിച്ച് ലോഹ്യം പറയാന്‍ ഒരുങ്ങിയെങ്കിലും അദ്ദേഹം കയ്യിലെ വാരിക തലക്ക് മുകളില്‍ പിടിച്ച് വെയിലിനെ പ്രതിരോധിച്ച് വിഷമിച്ച് നടക്കുന്നത് ശല്യപ്പെടുത്തേണ്ട എന്ന് കരുതി.

മാര്‍ക്കറ്റില്‍ റോഡിനോട് ചേര്‍ന്ന സ്റ്റാളില്‍നിന്ന് പച്ചമീന്‍ ഓര്‍ഡര്‍ ചെയ്ത് അത് കഷ്ണം വെട്ടുന്നത് നോക്കി കാത്തിരിക്കുകയായിരുന്നു ഞാന്‍.

മാഷ് അതാ ഒരു ഓട്ടോയില്‍ വന്നിറങ്ങുന്നു. കാശ് എണ്ണിക്കൊടുക്കുന്നു. 'സെക്കന്റുകള്‍കൊണ്ട് യാത്ര കഴിഞ്ഞോ' എന്ന് ചോദിച്ച് ഞാന്‍ അടുത്ത് ചെന്നു. പതുക്കെ അദ്ദേഹം പറഞ്ഞു: 'ഇപ്പോള്‍ കയറിയതേയുള്ളൂ.'

രണ്ട് കിലോമീറ്റര്‍ അകലെയുള്ള തന്റെ വളപ്പിലേക്ക് പോയി ഉടന്‍ മടങ്ങിവരാന്‍ ഓട്ടോയില്‍ കയറിയതാണ് അദ്ദേഹം. എന്നാല്‍ തനിക്ക് കാത്തുനില്‍ക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് 10 മീറ്റര്‍ പോയി ഓട്ടോ നിര്‍ത്തി. മാഷെ ഓട്ടോയില്‍നിന്ന് ഇറക്കി. 25 രൂപ വാടക എണ്ണി വാങ്ങി! നിയമപ്രകാരം തെറ്റില്ല എന്ന് വാദിക്കാം, എങ്കിലും മനസ്സാക്ഷി എന്ന ഒന്നിനോട് നീതി പുലര്‍ത്താന്‍ കഴിയുമോ? പാവം മാഷ്, എതിര്‍ത്ത് ഒന്നും ഉരിയാടാതെ ചോദിച്ച പണം കൊടുത്തു. അതിന് തര്‍ക്കിക്കാന്‍ നിന്നാല്‍ വഷളാകുകയേ ഉള്ളൂ എന്ന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. മാഷ് ഓട്ടോക്കൂലി കൊടുത്തില്ല എന്നേ കാര്യം അറിയാത്തവര്‍ കരുതൂ.

ബുക്കുകൊണ്ട് വെയിലിനെ മറച്ച് അദ്ദേഹം വേറെ ഓട്ടോ തിരഞ്ഞ് പോയി.

വല്ലാത്ത ലോകം! ഓട്ടോക്കാരനെ ഞാന്‍ ഒരുനോക്ക് കണ്ടിരുന്നു. പയ്യനാണ്. പ്രായമോ പക്വതയോ വന്നിട്ടില്ല. എങ്കിലും...

ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങിയ പോലെ ആയില്ലേ? വേണമെങ്കില്‍ പേരിനൊരു ചെറിയ തുക വാങ്ങി കാര്യം പരിഹരിക്കാമായിരുന്നു. മറ്റുള്ളവരുടെ മനസ്സ് കാണാനാകാതിരിക്കുക എന്നത് വല്ലാത്ത രോഗമാണ്. അത്തരമൊരു അനുഭവം അവനവന് വന്ന് ഭവിക്കുകയും മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുമ്പോഴേ വേദനയും വിഷമവും മനസ്സിലാകൂ.

സ്റ്റാന്റില്‍ നിന്ന് വേറെ ഓട്ടോ പിടിച്ച് മാഷ് യാത്രയായി. കാര്യങ്ങളെല്ലാം മുന്‍കൂട്ടി പറഞ്ഞ് ഉറപ്പിച്ചിരിക്കണം. അനുഭവം ഗുരുവാണല്ലോ...

വിശ്വാസികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. അനര്‍ഹമായി അന്യന്റെ നയാപൈസപോലും കൈവശപ്പെടുത്തിക്കുടാ. അത് നാളെ പരലോകത്ത് വമ്പിച്ച ഖേദത്തിന് ഇടവരുത്തും.