സമൃദ്ധിയിലേക്കുള്ള യാത്രകള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2021 ഒക്ടോബര്‍ 23 1442 റബിഉല്‍ അവ്വല്‍ 16

മഴ പെയ്തുകൊണ്ടിരുന്നു. കാറില്‍ ഞാനും അയാളും മാത്രം. നാല് മണിക്കൂര്‍ നീണ്ട യാത്രക്കിടയിലാണ് ആ ചെറുപ്പക്കാരന്റെ യഥാര്‍ഥ ജീവിതം അറിഞ്ഞത്. സംസാരത്തിനിടയില്‍ അയാളുടെ കണ്ണുകള്‍ നിറയുന്നതും തുടക്കുന്നതും കണ്ടു.

ഔദേ്യാഗികമായും അല്ലാതെയും അറിയുന്ന ആളാണ്. എങ്കിലും കൂടുതല്‍ അറിയുന്നത് അന്നാണ്. പത്താം ക്ലാസ്സില്‍ മാര്‍ക്ക് തീരെ കുറവ്. തുടര്‍പഠനം നടക്കില്ല എന്ന് പറയേണ്ടതില്ലല്ലോ. കോഴിക്കടയില്‍ കോഴിവെട്ട് തൊഴിലില്‍ തുടക്കം. കല്യാണം പോലുള്ള ആഘോഷങ്ങളില്‍ ലാഭം ചിന്തിക്കാതെ വെട്ടുകൂലി മാത്രം വാങ്ങി കച്ചവടം കൂട്ടി. അത് പിന്നങ്ങനെ വളര്‍ന്നു. കോഴി എത്തിക്കുന്ന കമ്മീഷന്‍ ഏജന്റായി പിന്നീട്. രാത്രി ഉറക്കം നഷ്ടപ്പെടുത്തി കഷ്ടപ്പെട്ട് പണിയെടുത്തു. കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും മറ്റും ഏത്തിച്ച് കൊടുത്ത ശേഷം വളര്‍ച്ചയെത്തിയ കോഴിയെ തിരികെ വാങ്ങുന്ന ഇന്റഗ്രേഷന്‍ രീതിയിലേക്കത് വളര്‍ന്നു. പിന്നീട് കോഴിത്തീറ്റ വ്യാപാരത്തിലേക്കും. പത്താം തരത്തില്‍ 100 മാര്‍ക്ക് തികയാത്ത പയ്യന്റെ വാര്‍ഷിക വിറ്റുവരവ് 100 കോടി കടന്നു. വ്യാപാര സംഘടനാനേതൃത്വത്തിലും സജീവമായി. ഷെഡില്‍ കോഴിവെട്ട് ചെയ്തിരുന്നവന് 50ലേറെ കടമുറികള്‍ വാടകക്ക് കൊടുക്കാന്‍ ഉണ്ടായി. കോവിഡ് കാലത്ത് വ്യാപാരികള്‍ കഷ്ടപ്പെട്ട കാലത്ത് വാടക ഒഴിവാക്കി അവരുടെ കൂടെനിന്നു.

ഇറ താഴ്ന്ന, തല കുമ്പിട്ട് മാത്രം കയറാന്‍ പറ്റിയിരുന്ന ഓടിട്ട പുരയുടെ സ്ഥാനത്ത് വിശാലമായ വീട് പണിതു. പട്ടിണിയുടെ അരികുചാരി ജീവിച്ചവര്‍ക്ക് സുഭിക്ഷതയുടെ സമൃദ്ധി വന്നു. എല്ലാം സ്വന്തം കഴിവുകൊണ്ട് എന്ന് അഹങ്കരിച്ചില്ല. എല്ലാം സ്രഷ്ടാവിന്റെ കാരുണ്യം എന്നോര്‍ത്ത് വിനീതനായി.

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് പണ്ട് പെങ്ങള്‍ കിടന്ന കാലത്ത് കൂട്ടിനിരിക്കാന്‍ ആളില്ലാതെ കഷ്ടപ്പെട്ട കാലം മറന്നില്ല. പട്ടിണി കിടക്കാതെ അയല്‍വാസി ചേര്‍ത്തുപിടിച്ചതിന്റെ ഓര്‍മ കൈവിട്ടില്ല. ചാരിറ്റി രംഗത്തും പാലിയേറ്റിവ് മേഖലയിലും കൂട്ടായ്മയുടെ മുന്നില്‍തന്നെ നിന്നു. കുട്ടിക്കാലത്ത് ചോദിക്കാതെ കിട്ടിയ കാരുണ്യം അര്‍ഹതപ്പെട്ടവര്‍ക്ക് തിരികെ കൊടുത്തുകൊണ്ടിരിക്കുന്നു.

കച്ചവടം ചെയ്ത് ജീവിക്കാന്‍ മറന്നുപോയ ഭൂരിപക്ഷം കച്ചവടക്കാരുടെ കൂട്ടത്തില്‍ പെട്ടില്ല. ഒറ്റക്കും കൂട്ടായും കുടുംബമൊത്തും യാത്രചെയ്തു. 32 വിദേശ രാജ്യങ്ങള്‍വരെ അത് നീണ്ടു. യാത്ര ചെയ്തതിന്റെ ഇരട്ടിയിരട്ടി ഇനിയും സഞ്ചരിക്കണമെന്ന ആഗ്രഹം മനസ്സിലുെണ്ടന്ന് തുറന്നുപറഞ്ഞു. 45 വയസ്സ് തികഞ്ഞാല്‍ സജീവ വ്യാപാരം നിര്‍ത്തി കൂടുതല്‍ ലോകം കാണണം എന്ന മോഹത്തിലാണ്!

കുറച്ച് സമ്പത്തും ഐശ്വര്യവും കൈവന്നാല്‍ പിന്നിട്ട ദുരിത ജീവിതവഴികള്‍ മറക്കുകയും കഷ്ടപ്പെടുന്നവനെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നവരുണ്ട്. കച്ചവടം ചെയ്യാന്‍ മാത്രം ജനിച്ചവന്‍ എന്ന മട്ടില്‍ രാവും പകലും അക്കാര്യം മാത്രം ചിന്തിച്ച് ഇണക്കും മക്കള്‍ക്കും കുടുംബത്തതിനുമൊപ്പം ജീവിക്കാന്‍ മറന്നുപോകുന്ന വ്യാപാരികള്‍ക്കിടയില്‍ വേറിട്ട് നില്‍ക്കുന്ന ഇയാളില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ട്. ജീവിത യാത്രയില്‍ കൂടുതല്‍ വിശാലമായി സഞ്ചരിക്കാന്‍ കഴിയട്ടെയെന്ന് ആശംസിച്ച് ഞാന്‍ യാത്ര പറഞ്ഞിറങ്ങി. അപ്പോള്‍ മഴ തോര്‍ന്നിരുന്നു.

''...അവര്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം അവര്‍ക്കു നല്‍കിയ ധനത്തില്‍നിന്ന്, യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി രഹസ്യമായും പരസ്യമായും അവര്‍ (നല്ല വഴിയില്‍) ചെലവഴിക്കുകയും ചെയ്തുകൊള്ളട്ടെ'' എന്ന ക്വുര്‍ആന്‍ വചനം (14:31) ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഇത്തരം ആളുകളാണ് സമൂഹത്തില്‍ വളര്‍ന്നുവരേണ്ടത്.