പഴയ പോക്കിരി

ഇബ്‌നു അലി എടത്തനാട്ടുകര

2021 ജനുവരി 09 1442 ജുമാദല്‍ അവ്വല്‍ 25

ഹിമക്കുളിരുള്ള ആ അഗതിമന്ദിരത്തില്‍ ശുപാര്‍ശക്കത്ത് സഹിതമാണ് അയാള്‍ എത്തിയത്. എണ്‍പതുകാരനായ അയാള്‍ പരിപാലിക്കാന്‍ ആരോരുമില്ലാതെ തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുകയാണ് എന്നാണ്, സമൂഹത്തിലും സമുദായത്തിലും ഉന്നതിയില്‍ നില്‍ക്കുന്ന ആളുടെ കത്തിലുണ്ടായിരുന്നത്. ആവശ്യത്തിന് രോഗങ്ങളും കൂടെയുണ്ടായിരുന്നു. ഒരു കാല്‍ മുറിച്ചുമാറ്റേണ്ടിവരും എന്ന അവസ്ഥയിലായിരുന്നു.

അന്തേവാസിയായി, ചികിത്സ തുടങ്ങി. എന്നാല്‍ സഹരോഗികള്‍ക്കും പരിപാലകര്‍ക്കും നടത്തിപ്പുകാര്‍ക്കും അയാളൊരു കീറാമുട്ടിയായിരുന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ അയാള്‍ തട്ടിക്കയറി, അനുസരണക്കേട് കാണിച്ചു. ഓരോരോ കാരണം കണ്ടെത്തി പ്രശ്‌നങ്ങളുണ്ടാക്കി. താമസവും പരിചരണവും അയാളെ രോഗമുക്തനാക്കി. ക്ഷിപ്രകോപിയായിരുന്നെങ്കിലും സ്ഥാപനത്തിന്റെ ഉപാധ്യക്ഷനുമായി അയാള്‍ക്ക് ഒരു 'സോഫ്റ്റ് കോര്‍ണര്‍' ഉണ്ടായിരുന്നു. അദ്ദേഹം അയാളോട് കത്തിലെ പേര് കള്ളപ്പേരല്ലേ, യഥാര്‍ഥ പേര് ഇന്നതല്ലേ എന്ന് ചോദിച്ചു. വന്ന അന്ന് അയാളുടെ സഞ്ചിയില്‍നിന്ന് കിട്ടിയ മരുന്നിന്റെ കുറിപ്പില്‍ അയാളുടെ യഥാര്‍ഥ പേര് ഉണ്ടായിരുന്നു. അതുവെച്ച് അവര്‍ ചെറിയ  അന്വേഷണവും നടത്തിയിരുന്നു.

അയാള്‍ പത്തിതാഴ്ത്തി. സത്യം തുറന്നുപറഞ്ഞു. ഒരു അങ്ങാടി അടക്കിഭരിച്ചിരുന്ന ആളായിരുന്നു അയാള്‍. മാര്‍ക്കറ്റ് അയാളുടെ കസ്റ്റഡിയിലായിരുന്നു. തൊഴിലാളികള്‍ അയാളുടെ കരുത്തും. തല്ലിയും വെട്ടിയും അയാള്‍ ജേതാവായി വിലസി. പലപ്പോഴും കാക്കിധരിച്ച ഓഫീസര്‍മാരെയും ചിലപ്പോള്‍ അവര്‍ക്കു വേണ്ടിയും തല്ലി. ആവശ്യത്തിലേറെ ദുഷ്‌പേരും കുറച്ച് ഭൂമിയും പണവും ഉണ്ടായിരുന്നു. അയാളെക്കുറിച്ച് സിനിമ ഇറങ്ങിയിരുന്നു; നന്മയുള്ള ഗുണ്ട എന്ന പതിവ് വാര്‍പ്പു മാതൃകയില്‍. സൂപ്പര്‍സ്റ്റാര്‍ അഭിനയിച്ചുതകര്‍ത്ത ഒന്ന്. ആ സ്റ്റാര്‍ അയാളെ കാണാന്‍ നേരില്‍ എത്തിയിരുന്നു.

മക്കളെ അന്വേഷിച്ച് കണ്ടെത്തിയെങ്കിലും അവര്‍ താല്‍പര്യം കാണിച്ചില്ല. മരണപ്പെട്ടാല്‍ പത്രത്തില്‍ മക്കളുടെ പേരുവിവരം പോലും കൊടുക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് കെട്ടിക്കാറായ പെണ്മക്കള്‍ ഉണ്ടെന്നും അവരുടെ ഭാവി തുലയ്ക്കരുതെന്നും അപേക്ഷിച്ചു.

ഇടയ്ക്ക് കൂട്ടുകാരോടൊപ്പം സന്ദര്‍ശിച്ച് ഒരു നേരം അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാറുള്ള ആ സ്‌നേഹാലയത്തില്‍ അന്ന് കൂടെ എന്റെ ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. പ്രകൃതിയുടെ മടിത്തട്ടില്‍, കാഴ്ചയില്‍ ആതുരാലയത്തിന്റെ പതിവ് വീര്‍പ്പുമുട്ടലോ ഇടുക്കമോ ഒട്ടുമില്ലാത്ത ഒരിടം. കെട്ടിടവും മരങ്ങളും പൂന്തോട്ടവും മനോഹരമായി സംവിധാനിച്ച ആ ആലയം ഒറ്റനോട്ടത്തില്‍ ഒരു റിസോര്‍ട്ടിനെ ഓര്‍മിപ്പിക്കുന്നു. രോഗികളെ കിടത്തി ചികില്‍സിക്കുന്ന ഇടം, പൂക്കളുടെ പേരിട്ട വേറിട്ടുസ്ഥാപിച്ച സ്‌നേഹാലയങ്ങള്‍, അടുക്കള, ഹാള്‍, എന്നിവ കാണിച്ച് ഒരു ഭാഗത്തേക്കെത്തി  ഞങ്ങള്‍. ആ ഭാരവാഹി കഥ തുടര്‍ന്നു:  'മാസങ്ങള്‍ക്കുള്ളില്‍ അയാള്‍ മരണപ്പെട്ടു. വിവരം അറിയിച്ചെങ്കിലും മക്കള്‍ ആരും വന്നില്ല. പിന്നീടും വിവരം അന്വേഷിച്ചില്ല.'

അദ്ദേഹം കുറച്ചകലേക്ക് കൈചൂണ്ടി. അതിര്‍ത്തിയില്‍ മതിലിനപ്പുറത്ത് ക്വബ്ര്‍സ്ഥാനില്‍ അയാള്‍ അന്തിയുറങ്ങുന്നുവെന്ന് പറഞ്ഞു. ഒരുകാലത്ത് അങ്ങാടിയെയും അനവധിയാളുകളെയും വിറപ്പിച്ച ഒരാള്‍ ഏകനായി അന്തിയുറങ്ങുന്ന ആ കുറ്റിക്കാട്ടിലേക്ക് ഞാന്‍ കണ്ണുകള്‍ തിരിച്ചു; കൂടെ എന്റെ വീട്ടുകാരും.

ഫിര്‍ഔന്‍, ഖാറൂന്‍, ഹിറ്റ്‌ലര്‍... ചരിത്രത്തിന്റെ താളുകള്‍ പരിശോധിച്ചാല്‍ രാജ്യങ്ങളെയും ലോകത്തെ തന്നെയും വിറപ്പിച്ച എത്രയോ സ്വേച്ഛാധിപതികള്‍ കഴിഞ്ഞുപോയതായി കാണാം. അധികാരവും സമ്പത്തും ആള്‍ബലവുമൊന്നും ആര്‍ക്കും ഉപകാരപ്പെട്ടില്ല. ശൂന്യഹസ്തരായി അവരെല്ലാം മടങ്ങി. അതുതന്നെയാണ് എല്ലാവരുടെയും അവസ്ഥ!