എഴുതിത്തള്ളുന്ന കിട്ടാക്കടങ്ങള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2021 മെയ് 22 1442 ശവ്വാല്‍ 10

മിക്കയാളുകള്‍ക്കുമുണ്ടാകും കടം വാങ്ങിയതിന്റെയോ കൊടുത്തതിന്റെയോ അനുഭവങ്ങള്‍. അങ്ങനെയുള്ള ചില അനുഭവങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

താലൂക്ക് ആസ്ഥാനത്തെ ഓഫീസില്‍ തിരക്കിലായിരുന്നു. അപ്പോള്‍ നാട്ടുകാരനായ ഒരു കോളേജ് വിദ്യാര്‍ഥി വാതില്‍ക്കല്‍ വന്ന് വിളിച്ചു. അടുത്തേക്ക് വിളിച്ച് കാര്യം അന്വേഷിച്ചു. (കാല്‍ നൂറ്റാണ്ടിന് മുമ്പുള്ള കാര്യമാണ്). അത്യാവശ്യം കുറച്ചു കാശ് വേണം, അതിനാണ് വന്നിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ തിരികെ തരുമെന്ന ഉറപ്പോടെയാണ് ചോദിക്കുന്നത്.

പാരലല്‍ കോളേജില്‍ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. സുഹൃത്തിന്റെ കുടുംബത്തിലുള്ളവന്‍. ചീത്തപ്പേര് കേട്ടിട്ടില്ല. പിതാവിനെയും അറിയും. ചോദിച്ചത്രയില്ലെങ്കിലും ഒരു തുക കൊടുത്തു. പിന്നീട് സുഹൃത്തിനോട് കാര്യം പറഞ്ഞപ്പോള്‍ 'ചെറിയ തുകയല്ലേ, പോയി എന്ന് കൂട്ടിക്കോ' എന്നായിരുന്നു മറുപടി. കൂട്ടുകെട്ട് മോശമാണ്, പഠനത്തില്‍ പിന്നിലാണ് എന്നൊക്കെ വിശദീകരണം. ഇപ്പോള്‍ ആള്‍ വിദേശത്ത് ജോലിയിലാണ്. ശേഷം ഒന്നോ രണ്ടോ തവണ കണ്ടിരുന്നു. കാശിന്റെ കാര്യമൊന്നും പറഞ്ഞില്ല. ഞാന്‍ ചോദിച്ചതുമില്ല.

സമീപജില്ലയിലെ ജില്ലാ ആസ്ഥാനത്ത് ഓഫീസ് സമുച്ചയത്തില്‍ ജോലിചെയ്യും കാലം. (15 കൊല്ലത്തിനപ്പുറം നടന്ന സംഭവം). നാട്ടുകാരന്‍ പയ്യന്‍ ഓഫീസില്‍ കേറിവന്നു, വിനയം കാണിച്ചു. ചെറിയ തുക വേണം. കോടതി കാര്യത്തിനോ മറ്റോ ആണ്. അവനും എന്റെ ശിഷ്യന്‍! നാട്ടിലെത്തിയാല്‍ തിരിച്ച് തരും. ചെറിയതെങ്കിലും മൂന്നക്ക തുക കൊടുത്തു. കുറെ കഴിഞ്ഞ് നാട്ടില്‍ വെച്ച് കണ്ടു. അവന്റെ നിസ്സംഗത കണ്ടപ്പോള്‍ തിരികെ ചോദിച്ചു. അപ്പോള്‍; ഇല്ല, വൈകാതെ തരാമെന്ന് മറുപടി.

ആദ്യ ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ എന്റെ പോസ്റ്റുകള്‍ക്ക് കാര്യമായ മറുപടികള്‍! ഇടക്ക് ജോലി സംബന്ധമായ പ്രതിസന്ധികള്‍ വിവരിച്ചുകൊണ്ട് വോയ്‌സ് മെസ്സേജ്. എനിക്ക് ദൂരേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ ഫോണ്‍ വിളി. വിദേശത്തായിരുന്നു. അത്യാവശ്യം കാശ് ഉണ്ടാക്കി. നാട്ടില്‍ തിരിച്ചെത്തി; കരിങ്കല്ല് ബിസിനസ് തുടങ്ങി. എല്ലാം കൂട്ടുകാരനെ ഏല്‍പിച്ചു. അവന്‍ വലിയ കടം വരുത്തിവെച്ചു. നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെയായി. കുടുംബത്തെ കൂട്ടി അന്യ സംസ്ഥാനത്തേക്ക് താമസം മാറി. ഭക്ഷണ പാചക, വിതരണ സംബന്ധമായ ബിസിനസ്സ് തുടങ്ങി. പതുക്കെ പതുക്കെ മെച്ചപ്പെട്ടു.  അതിനിടെ ശാരീരിക തളര്‍ച്ചയുണ്ടായി. ഒറ്റക്ക് യാത്ര പ്രയാസം. ലോക്ക് ഡൗണ്‍ ബിസിനസിനെ ബാധിച്ചു... എന്നിങ്ങനെ വിവരങ്ങള്‍ പറഞ്ഞു. എന്നെ അങ്ങോട്ട് ക്ഷണിച്ചു. കൂട്ടത്തില്‍ അന്ന് കടം വാങ്ങിയ കാര്യവും ഓര്‍മിച്ചു. കടം വാങ്ങിയ ആളാണോ എന്ന സംശയം അതോടെ തീരുമാനമായി.

കടം വാങ്ങിയിട്ട് അതിനെക്കുറിച്ച് ഒന്നും പറയുക പോലും ചെയ്യാതെ നടക്കുന്ന മാന്യദേഹങ്ങളെ  കൂട്ടുകാര്‍ ചൂണ്ടിക്കാണിക്കാറുണ്ട്, വിവരങ്ങള്‍ പറയാറുണ്ട്. വിശ്വാസികളാണെങ്കില്‍ അവരുടെ പ്രാര്‍ഥനക്ക് പോലും ഫലം കിട്ടാത്ത അവസ്ഥയാണതെന്ന് പലരും ഓര്‍മിക്കാറില്ല. കൊടുത്ത കടം തിരികെ കിട്ടാതെ നഷ്ടപ്പെട്ട വിഷമത്തിന് അപ്പുറമാണല്ലോ നാം പറ്റിക്കപ്പെട്ടു എന്ന അവസ്ഥ.

'അല്ലാഹുവേ, പാപത്തില്‍നിന്നും കടബാധ്യതയില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു' എന്ന് നബി ﷺ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ഒരാള്‍ അദ്ദേഹത്തേട് പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, അവിടുന്ന് ധാരാളമായി കടബാധ്യതയില്‍നിന്ന് അഭയം തേടുന്നുണ്ടല്ലോ.'' നബി ﷺ പറഞ്ഞു: 'ഒരാള്‍ കടത്തിലായിരിക്കുമ്പോള്‍ അവന്‍ കളവ് പറയുകയും വാഗ്ദാനം ലംഘിക്കുകയും ചെയ്യും' (ബുഖാരി).