പിതാവിന്റെ പെരുമാറ്റം

പ്രൊഫ: ഹാരിസ്ബിന്‍ സലീം

2018 മാര്‍ച്ച് 10 1439 ജുമാദില്‍ ആഖിറ 23
എനിക്ക് വേണ്ടതെല്ലാം എന്റെ പിതാവ് തരുന്നുണ്ട്. പക്ഷെ പെരുമാറ്റം വളരെ മോശമാണ്. വീട്ടില്‍ പോകാന്‍ തോന്നുന്നില്ല ഞാന്‍ എന്തുചെയ്യണം?

സഹോദരി ഇങ്ങനെ ചോദിക്കാന്‍ കാരണം ഒരു പക്ഷെ അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷമാവാം. കാരണം, മാതാപിതാക്കളോടുള്ള ബാധ്യത ഇസ്‌ലാമില്‍ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുമ്പോള്‍ അതിനുള്ള തടസ്സങ്ങള്‍ വലിയ പ്രശ്‌നങ്ങള്‍ തന്നെയാണ്. ''മൂന്ന് വിഭാഗം ആളുകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല! എന്ന് നബി ﷺ  പറഞ്ഞിട്ടുണ്ട് ''മാതാപിതാക്കളെ വിഷമിപ്പിക്കുന്നവര്‍, ലഹരിക്കടിമപ്പെട്ടവര്‍, നല്‍കിയത് എടുത്ത്പറയുന്നവര്‍ എന്നിവരാണവര്‍.'' (അന്നിസാഇ, അഹ്മദ്) സ്വര്‍ഗം നിസ്സാരമല്ലല്ലോ?!

ഇവിടെ പിതാവിന്റെ സ്വഭാവദൂഷ്യത്തെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നത്. ഒന്നാമതായി മനസ്സിലാക്കേണ്ടത് പിതാവിന്റെ പെരുമാറ്റ പ്രശ്‌നം അദ്ദേഹത്തോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാതിരിക്കാനുള്ള ന്യായമല്ല. ഇക്കാര്യം പണ്ഡിതന്മാര്‍, ക്വുര്‍ആനിക വചനങ്ങളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

മാതാപിതാക്കളുടെ പെരുമാറ്റങ്ങള്‍ എത്രമാത്രം കുട്ടികളെ മാനസികമായി തളര്‍ത്തുന്നു എന്നത് ഈ ചോദ്യത്തില്‍ പ്രകടമാണ്. പിതാവ് മദ്യപാനിയായതിന്റെ വേദന ഒരു കുട്ടി കരഞ്ഞുപറഞ്ഞത് ഓര്‍മ വരുന്നു. സമൂഹത്തെ പൊതുവില്‍ ബോധവല്‍ക്കരിക്കുകയല്ലാതെ മറ്റെന്ത് വഴിയാണുള്ളത്? ഒരു പിതാവൊരിക്കലും ഇങ്ങനെയാവാന്‍ പാടില്ല. എല്ലാം ചെയ്ത് കൊടുക്കുന്ന ഒരു പിതാവ് ഈ വിധത്തിലാവുമ്പോള്‍ മനസ്സിലാകുന്നത് അയാള്‍ ഇക്കാര്യങ്ങളുടെ ഗൗരവമറിയാത്ത വ്യക്തിയാണെന്നാണ്. ഏതെങ്കിലും മാര്‍ഗങ്ങളിലൂടെ അയാളെ മാറ്റിക്കൊണ്ടുവരേണ്ടതുണ്ട്. നബി ﷺ  പറഞ്ഞു ''അന്ത്യനാളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി സദസ്സില്‍ എന്നിലേക്ക് ഏറ്റവും അടുത്തവനും, നിങ്ങളില്‍ ഏറ്റവും സല്‍സ്വഭാവം ഉള്ളവനുമാണ്.'' (തിര്‍മുദി)

ഇവിടെ സഹോദരിക്ക് പിതാവിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍.

1. അദ്ദേഹം എത്ര മോശമായി പെരുമാറിയാലും, തിരിച്ച് ഏറ്റവും നല്ല നിലയില്‍ പ്രതികരിക്കുക. ''ഏറ്റവും നല്ലതുകൊണ്ട് പ്രതിരോധിക്കുക'' എന്ന ക്വുര്‍ആനിക തത്വം ഏറ്റവും ഫലപ്രദമാണ്. മോശമായ പ്രതികരണങ്ങള്‍ കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കും.

2. മനോവിഷമങ്ങളുള്ളവര്‍ വൈകാരികമായി പെരുമാറാറുണ്ട്. അധികവും അത് ഏറ്റവും ഇഷ്ടപ്പെട്ടവരോടാണ് പ്രകടിപ്പിക്കാറുള്ളത്. പൊതുവെ പെണ്‍കുട്ടികളോട് മാനസിക അടുപ്പം പിതാക്കള്‍ക്ക് കൂടുതല്‍ ഉണ്ടാകാം. അതിനാല്‍ ഈ പെരുമാറ്റ വ്യതിരിക്തതയെ ശത്രുതയോടെ കാണാതിരിക്കുക.

3. വിവാഹത്തോടെ ഒരു പെണ്‍കുട്ടിക്ക് ഏറ്റവുമധികം ബാധ്യത ഭര്‍ത്താവിനോടാണ്. ഭര്‍ത്താവെന്ന സംരക്ഷകന്‍ വരുന്നതോടെ ഇപ്പോഴത്തെ വിഷമങ്ങള്‍ക്ക് ഏറെ ആശ്വാസമാകും. പെണ്‍കുട്ടികള്‍ക്ക് വിവാഹമെന്നത് ഗാര്‍ഹിക പ്രശ്‌നങ്ങള്‍ക്ക് വലിയ പരിഹാരമാണ്.

4. അനുഭവിക്കുന്ന ഏത് പ്രയാസങ്ങള്‍ക്കും പ്രതിഫലമുണ്ടെന്ന് വിശ്വാസികളായ നാം മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ സഹോദരി നന്നായി ക്ഷമിക്കുക. ''ക്ഷമിക്കുന്നവര്‍ക്ക് അവരുടെ പ്രതിഫലം പൂര്‍ത്തിയാക്കി നല്‍കപ്പെടും.''

5. എല്ലാ ആശ്വാസത്തിന്റെയും വഴികളടഞ്ഞാലും അല്ലാഹു നല്‍കുന്ന ആശ്വാസത്തെപറ്റി ഒരു വിശ്വാസി നിരാശപ്പെടുകയില്ല. കാരണം അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണല്ലോ. അവനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക.

6. ചോദ്യകര്‍ത്താവിന്റെ പിതാവിനോടുള്ള പെരുമാറ്റങ്ങളില്‍ പിഴവ് വരുന്നുണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. അത് പലപ്പോഴും നമുക്ക് മനസ്സിലാകാതെ പോകും. അറിവും പരിചയവുമുള്ള ഒരു വ്യക്തിയുടെ സഹായം ഉപകാരപ്പെടും.