കുട്ടികള്‍ പീഡിപ്പിക്കപ്പെടാതിരിക്കാന്‍...

പ്രൊഫ: ഹാരിസ്ബിന്‍ സലീം

2018 ജനുവരി 13 1439 റബിഉല്‍ ആഖിര്‍ 25
ചോദ്യം: എന്റെ പതിനൊന്ന് വയസ്സായ മകള്‍ പീഡിപ്പിക്കപ്പെട്ടതായി അവള്‍ അവളുടെ കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരിയുടെ ഉമ്മ പറഞ്ഞാണ് ഞങ്ങള്‍ വിവരം അറിയുന്നത്. ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണം?

ഉത്തരം: വീണ്ടും ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ പീഡനം നടന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അന്വേഷണം വളരെ ശ്രദ്ധിച്ച് വേണം. മറ്റൊരാളുടെ അഭിമാനത്തെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയ്ക്ക് ഊഹത്തിന്റെയോ സംശയത്തിന്റെയോ അടിസ്ഥാനത്തില്‍ അന്യായമായി ഒരാള്‍ കുറ്റവാളിയാകുന്ന അവസ്ഥ ഉണ്ടാകരുത്. ഈ പ്രായത്തിലുള്ള ഒരു കുട്ടി ഇത്തരം ഒരു കാര്യം സംഭവിക്കാതെ പറയുവാന്‍ സാധ്യതയില്ല. എന്നാല്‍ പൊതുവെ കേള്‍ക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വെറുതെ പറയാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. 

കാര്യങ്ങളെ പക്വമായി കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന, കാര്യബോധമുള്ള ബന്ധുവോ കൗണ്‍സിലറോ കുട്ടിയോട് സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുന്നതായിരിക്കും നല്ലത്. തെറ്റ് ചെയ്ത വ്യക്തി ഇനിയൊരിക്കലും അത് ആവര്‍ത്തിക്കാത്ത വിധം തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോഴും പരസ്യമാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഒരു പെണ്‍കുട്ടിയുടെ ഭാവി പ്രധാനമാണല്ലോ. വൈകാരികതയെക്കാള്‍ വിവേകത്തോടെയാകുന്നതാണ് നല്ലത്. കുട്ടിയുടെ ജീവിതത്തില്‍ ഈ സംഭവം പല തെറ്റായ സ്വാധീനങ്ങള്‍ക്കും സാധ്യതയുണ്ട്. അത് ഒഴിവാക്കുവാന്‍ പ്രാപ്തനായ ഒരു കൗണ്‍സിലര്‍ക്ക് സാധിച്ചേക്കാം.

ഭാവിസുരക്ഷയ്ക്കുള്ള കാര്യങ്ങള്‍ നാം കരുതലോടെ ചെയ്യേണ്ടതുണ്ട്. ചെറിയ കുട്ടികള്‍ ഇത്തരം പീഡനങ്ങളിലേക്ക് എത്തിപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്‍മാരാകേണ്ടതുണ്ട്. ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ:

1. ബന്ധുക്കളില്‍നിന്നാണ് ഇത്തരം അനുഭവങ്ങള്‍ക്ക് കൂടുതല്‍ സാധ്യത. അവര്‍ ബന്ധുക്കളാണെങ്കിലും അന്യരാണ്. കൂടുതല്‍ സ്വതന്ത്രമായി ഇടപഴകുമ്പോള്‍ മനുഷ്യരെന്ന നിലയ്ക്ക് അപകട സാധ്യതകളുണ്ട്. കുട്ടികള്‍ അധികസമയം അന്യരോടൊപ്പം ഒറ്റക്കാകുന്നത് ഒഴിവാക്കുക. നിരന്തരമായി ഒരാള്‍ കുട്ടിയോട് അസാധാരണ ബന്ധം പുലര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക. 

2. ലൈംഗികത ചിലപ്പോള്‍ ഒരു രോഗവുമാണ്. അത് ചിലര്‍ക്ക് സ്വവര്‍ഗത്തോടും മറ്റു ചിലര്‍ക്ക് പ്രായമായവരോടും ചിലര്‍ക്ക് കുട്ടികളോടുമായിരിക്കും. കുട്ടികളോടുള്ള ലൈംഗികത ഇന്ന് അപകടകരമാം വിധം വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ കുട്ടികളെന്ന നിലയ്ക്ക് അവരോട് തെറ്റായ താല്‍പര്യം ജനിപ്പിക്കുന്ന വസ്ത്രധാരണം പൂര്‍ണമായും ഒിവാക്കുക. ദേഹത്തോട് ഒട്ടിനില്‍ക്കുന്നതും സുതാര്യവുമായ വസ്ത്രങ്ങള്‍ വളരെ മോശമായ രൂപത്തില്‍ കുട്ടികളെ ധരിപ്പിക്കുന്നത് ഇന്ന് വ്യാപകമാണ്. 

3. വീട്ടില്‍ മുതിര്‍ന്ന മക്കള്‍ ഒന്നിച്ച് ഉറങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

4. വീടുകൡ കുട്ടികളെ തനിച്ചാക്കി പോകുന്നത് ഒഴിവാക്കുക.

5. അസമയങ്ങളിലും ഒറ്റപ്പെട്ട  നിലയിലും പഠനാവശ്യാര്‍ഥം സ്വകാര്യ ട്യൂഷനുകളോ പഠനേതര പരിപാടികള്‍ക്കോ കുട്ടികളെ വിട്ടുകൊടുക്കുമ്പോള്‍ രക്ഷിതാക്കളുടെ ശ്രദ്ധയുണ്ടാവുക.

6. അനിവാര്യ ഘട്ടങ്ങളിലല്ലാതെ ഹോസ്റ്റലുകളിലോ അന്യവീടുകളിലോ താമസിപ്പിക്കാതിരിക്കുക. 

7. ചെറിയ കുട്ടികളില്‍ തന്നെ ഇത്തരം രോഗങ്ങളുള്ളവരുണ്ടാകാം. അവരോടൊപ്പം സഹവസിക്കുന്നതും അപകടസാധ്യതയുള്ളതാണ്.