നമുക്കും പ്രായമാവും

പ്രൊഫ: ഹാരിസ്ബിൻ സലീം

2018 ഫെബ്രുവരി 24 1439 ജുമാദില്‍ ആഖിറ 09
ചോദ്യം: കുട്ടികളെ സംരക്ഷിക്കുന്നതിലുള്ള തിരക്കുകളും പ്രയാസങ്ങളും അതോടൊപ്പം മാതാപിതാക്കളുടെ സഹകരണമില്ലായ്മയും അവരുടെ സംരക്ഷണം പ്രയാസകരമാക്കി തീര്‍ക്കുന്നു. ആശ്വസിക്കാവുന്ന ചില വാക്കുകള്‍ നല്‍കാമോ?

ഉത്തരം: കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന കാര്യത്തില്‍ കൂടുതല്‍ പ്രയാസം സ്വാഭാവികമാണല്ലോ. അല്ലാഹുവിനെ അനുസരിക്കുക എന്നത് ഒരു വിശ്വാസിയുടെ ബാധ്യതയാണ്. വിശുദ്ധ ക്വുര്‍ആനിലും നബി വചനങ്ങളിലും മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യേണ്ടതിനെ കുറിച്ച് ധാരാളം നിര്‍ദേശങ്ങളുണ്ട്. 

''തന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു...'' (29:8).

ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറഞ്ഞു: ''നബി ﷺ യോട് ചോദിക്കപ്പെട്ടു: 'ഏറ്റവും ശ്രേഷ്ഠമായ പ്രവൃത്തി ഏതാണ്?'  നബി ﷺ പറഞ്ഞു: 'അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. പിന്നീട് മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യുക...''

മാത്രവുമല്ല, മാതാപിതാക്കളെ അനുസരിക്കലും അവര്‍ക്ക് പുണ്യം ചെയ്യലും അവരെ ആദരിക്കലുമെല്ലാം സ്വര്‍ഗം നേടിത്തരുന്ന കാര്യങ്ങളാണ്. അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''മൂക്ക് മണ്ണില്‍ കുത്തട്ടെ (നശിക്കട്ടെ), മൂക്ക് മണ്ണില്‍ കുത്തട്ടെ, മൂക്ക് മണ്ണില്‍ കുത്തട്ടെ.'' അപ്പോള്‍ ചോദിക്കപ്പെട്ടു: ''പ്രവാചകരേ ആരുടേത്?'' നബി ﷺ പറഞ്ഞു: ''പ്രായമായ മാതാപിതാക്കളില്‍ ഒരാളെയോ അല്ലെങ്കില്‍ രണ്ടു പേരെയോ (സംരക്ഷിക്കാന്‍ അവസരം) കിട്ടിയിട്ടും സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ലാത്തവന്‍'' (മുസ്‌ലിം: 4627).

പ്രായത്തിന്റെ പ്രശ്‌നങ്ങളും പെരുമാറ്റങ്ങളുമാണ് പ്രശ്‌നമെങ്കില്‍ നാം കുട്ടികളായിരിക്കുമ്പോള്‍ നമ്മെ സംരക്ഷിക്കുമ്പോഴും ഇതേ പ്രയാസം അവര്‍ അനുഭവിച്ചിരിക്കും. നമുക്ക് പ്രായമാവുമ്പോള്‍ നമ്മുടെ മക്കള്‍ക്ക് ഇങ്ങനെ തോന്നാതിരിക്കാനും നാം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ഇതൊന്നും നമുക്കറിയാത്തതല്ല പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കുന്നത്; പ്രായോഗിക പ്രശ്‌നങ്ങളാണ്. മാതാപിതാക്കളുടെ മാനസികാവസ്ഥ മനസ്സിലാക്കുക എന്നതാണ് ആദ്യം വേണ്ടത്.

പ്രായമായ മാതാപിതാക്കള്‍ക്കളില്‍ നിന്ന് നമുക്കേറ്റവും വിഷമകപരമായിത്തീരുന്നത് അവരുടെ സംസാരങ്ങളും പ്രതികരണങ്ങളുമാണ്. ഞാന്‍ ഇവര്‍ക്കൊരു ഭാരമായോ, എന്നെക്കൊണ്ട് ഇവര്‍ പ്രയാസപ്പെടുന്നുവോ എന്നതൊക്കെയായിരിക്കും അവരുടെ മനസ്സിലെ ചിന്ത. അവരില്‍നിന്നുണ്ടാവുന്ന മിക്ക സംസാരങ്ങളുടെയും ഉള്ളടക്കം ഇതായിരിക്കും. സംരക്ഷിക്കുന്നവര്‍ക്കാവട്ടെ കേള്‍ക്കാന്‍ ഏറെ പ്രയാസമുണ്ടാക്കുന്നതും ഇത്തരം പ്രതികരണങ്ങള്‍ തന്നെ. 

മക്കളുടെ വളര്‍ച്ചയുടെ മൂന്ന് ഘട്ടങ്ങളില്‍ മൂന്ന് തരത്തിലാണ് മാതാപിതാക്കള്‍ മാനസികമായി പ്രയാസപ്പെടുന്നത്. വിവാഹിതരാകുന്നത് വരെ അനുസരിക്കുന്നിലും ബഹുമാനിക്കുന്നതിലും വിചാരിച്ചത് പോലെ ആകുന്നില്ല എന്നതാണ് പ്രയാസം. വിവാഹം കഴിഞ്ഞാല്‍ മക്കള്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്ക. ഭാര്യയോടും മക്കളോടുമുള്ള അടുപ്പവും തിരക്കുകളും പലപ്പോഴും അവഗണനയായി അവര്‍ക്ക് തോന്നാം. പ്രായമാകുമ്പോള്‍ ഞങ്ങള്‍ മക്കള്‍ക്ക് ഭാരമാകുന്നുവോ എന്ന തോന്നല്‍. ഇത്തരം മാനസികാവസ്ഥകളെ മനസ്സിലാക്കി പെരുമാറുന്നവര്‍ക്ക് മാത്രമെ മാതാപിതാക്കളെ തൃപ്തിപ്പെടുത്താനാവൂ.

പ്രായമായവരെ സംരക്ഷിക്കുന്നവര്‍ പൊതുവെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

1. വീട്ടില്‍ അവര്‍ക്ക് നല്‍കിയ സൗകര്യങ്ങള്‍, താമസിക്കാനുള്ള മുറി, ബാത്ത് റൂം, അലമാര മറ്റുള്ളവയില്‍ അവഗണനയോ വിവേചനമോ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. 

2. എല്ലാ ഭക്ഷണവും കഴിക്കാന്‍ പറ്റാത്തവരെന്ന നിലക്ക് ഭക്ഷണങ്ങളുണ്ടാക്കുമ്പോള്‍ അവര്‍ക്ക് പ്രത്യേകം ഭക്ഷണമുണ്ടാക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് സല്‍ക്കാര വേളകളില്‍. 

3. പുറത്ത് പോകുന്ന സമയങ്ങളില്‍ കഴിയുന്നതും അവരെ കൂടെ കൊണ്ട് പോവുകയോ പകരം സൗകര്യം ഏര്‍പെടുത്തുകയോ ചെയ്യുക. 

4. ആവശ്യങ്ങള്‍ കഴിവതും പെട്ടെന്ന് തന്നെ നിര്‍വഹിച്ച് കൊടുക്കുക. 

5. ചികിത്സയും മരുന്നുകളും ശ്രദ്ധിക്കുക. 

6. അവര്‍ക്കിഷ്ടപ്പെട്ടവരെ കുറിച്ച് മോശമായി സംസാരിക്കാതിരിക്കുക. 

7. വീട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ അവരുമായി കൂടിയാലോചിക്കുക. 

8. അവര്‍ തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുക. 

9. മതപരമായ കാര്യങ്ങള്‍ പഠിക്കാന്‍ അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കുക.