അവകാശ നിഷേധം

പ്രൊഫ: ഹാരിസ്ബിന്‍ സലീം

2018 മാര്‍ച്ച് 03 1439 ജുമാദില്‍ ആഖിറ 16
ചോദ്യം: നികാഹ് കഴിഞ്ഞ് വധുവിനെ കൂട്ടിക്കൊണ്ടു വരുന്നതിനു മുമ്പ് ദമ്പതികള്‍ക്ക് അനുവദനീയമായ കാര്യങ്ങള്‍ എന്തെല്ലാമാണ്?

ഉത്തരം: ഇതേ ചോദ്യം സൗദി പണ്ഡിതസഭയോട് ചോദിക്കപ്പെട്ടിട്ടുണ്ട്. അതിന് അവര്‍ നല്‍കിയ മറുപടി ഇതാണ്: ''ഒരു ഭാര്യയില്‍നിന്ന് ഭര്‍ത്താവിന് അനുവദനീയമായതെല്ലാം വിവാഹത്തോടെ അനുവദനീയമായി. അതായത് നോട്ടം, ചുംബനം, ഒഴിഞ്ഞിരിക്കല്‍, ശാരീരികബന്ധം തുടങ്ങിയവയെല്ലാം'' (2/540).

നികാഹ് കഴിയുന്നതോടെ ഭാര്യാഭര്‍ത്താക്കളായി. വിവാഹസമയത്തുള്ള ചില നിബന്ധനകളോ നാട്ടാചാരങ്ങളോ മാത്രമാണ് ഇതിന് തടസ്സം. വിവാഹത്തിന്റെ ലക്ഷ്യം തന്നെ സ്വകാര്യജീവിതത്തിലെ സൂക്ഷ്മതയാണ്. അത് കണ്ണുകളെ താഴ്ത്താനും ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കാനും ഉപകരിക്കുന്നതുമാണ്. മാത്രവുമല്ല ശാരീരികബന്ധം ഭാര്യാഭര്‍ത്താക്കന്മാരുടെ അവകാശമാണ്. അതുകൊണ്ടാണ് ഇണയുടെ സംതൃപ്തിയോട് കൂടിയല്ലാതെ ശാരീരികബന്ധം അവസാനിപ്പിക്കാന്‍ പാടില്ലെന്ന് നബി ﷺ  നിര്‍ദേശിച്ചത്. അതുകൊണ്ട് തന്നെ വിവാഹിതരെ ബന്ധങ്ങളില്‍നിന്ന് തടയുന്നത് ശരിയല്ല. പ്രത്യേകിച്ചും ഇപ്പോഴത്തെ സാഹചര്യങ്ങള്‍ തിന്മകള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ്. സൂക്ഷ്മതക്ക് വേണ്ടി വിവാഹം കാത്തിരിക്കുന്ന യുവതിയുവാക്കളെ ആചാരത്തിന്റെയും ചടങ്ങളുകളുടെയും പേരില്‍ തടഞ്ഞുവെക്കുന്നത് കുഴപ്പങ്ങള്‍ക്ക് വഴിവെക്കും.

വിവാഹം വീട്കൂടലും (വധുവിനെ കൂട്ടിക്കൊണ്ട് പോകല്‍) തമ്മില്‍ ഇസ്‌ലാം  ഒരു അകലവും നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ദമ്പതികളുടെ പരസ്പര സമ്മതത്തോടെ അവധി നിശ്ചയിക്കുന്നതിന് ഇസ്‌ലാം തടസ്സം നില്‍ക്കുന്നില്ല. നബി ﷺ  ആഇശ(റ)യെയും ഉമ്മുഹബീബ(റ)യെയും വിവാഹം കഴിച്ചപ്പോള്‍ ഇങ്ങനെ അകലം നിശ്ചയിക്കുകയുണ്ടായിട്ടുണ്ട്. എന്തെങ്കിലും കാര്യമായ കാരണങ്ങള്‍ ഉണ്ടാകുമ്പോഴാണ് അങ്ങനെ ചെയ്യേണ്ടത്. അതാകട്ടെ ദമ്പതികളുടെ പൂര്‍ണ സമ്മതത്തോടെ ആയിരിക്കണം. എന്നാല്‍ നികാഹിന് ശേഷം മരുമകനെ വീട്ടില്‍ വരാന്‍ അനുവദിക്കാതിരിക്കുകയും വന്നാല്‍ തന്നെ അവര്‍ക്ക് കാവല്‍ നില്‍ക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ക്കറിയാമല്ലോ ഇതില്‍ അവരുടെ സമ്മതമില്ലെന്ന്. വിവാഹ സമയത്തുള്ള നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടെങ്കിലും നിബന്ധന നിശ്ചയിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നതുതന്നെയാണ് ഏറെ പ്രധാനം. 

വിവാഹ മോചനത്തിന്റെ കാരണങ്ങളില്‍ മുഖ്യമായ ഒന്ന് ഈ അശ്രദ്ധതന്നെയാണ്. പഠനത്തിന്റെയോ വിദേശ ജോലിയുടെയോ പേരില്‍ നികാഹ് നടത്തി കൂടിച്ചേരല്‍ വര്‍ഷങ്ങളോളം വൈകിക്കുന്നവരുണ്ട്. ഇത് പലപ്പോഴൂം മഹാദുരന്തങ്ങള്‍ക്ക് വഴിയൊരുക്കും. ഒരു വീട് വാങ്ങിക്കാന്‍ അഡ്വാന്‍സ് കൊടുത്തവന്റെ മാനസികാവസ്ഥ തന്നെയാണ് ഇവിടെ ദമ്പതികള്‍ക്കുണ്ടാകുന്നത്. പണം പൂര്‍ണമായി നല്‍കി വീട്ടില്‍ താമസം തുടങ്ങുന്നതുവരെ ആ വീടിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. എന്നാല്‍ പണം നല്‍കി താമസം തുടങ്ങിയാല്‍, വാങ്ങിച്ചു; ഇനി എന്തായാലും സമാധാനത്തോടെ ഇവിടെ കഴിയാം എന്ന് തീരുമാനിക്കും. വിവാഹം കഴിഞ്ഞ് ജീവിക്കാന്‍ കാത്തിരിക്കുന്നവരും ഇങ്ങനെയാണ്. ഫോണ്‍ വിളിക്കുമ്പോഴും ചാറ്റ് ചെയ്യുമ്പോഴുമെല്ലാം മനസ്സില്‍ ഉണ്ടായിരിക്കുക (ഇയാള്‍/ഇവള്‍) എനിക്ക് യോജിച്ചത് തന്നെയാണോ എന്ന ചിന്തയാണ്. ഇത് പലപ്പോഴും പിരിയുന്നതിലേക്കും നയിക്കും. എല്ലാവര്‍ക്കുമുണ്ടാകുമല്ലോ ന്യൂനതകള്‍. എന്നാല്‍ ഒന്നിച്ച് ജീവിതമാരംഭിച്ചാല്‍ അതവര്‍ അഡ്ജസ്റ്റ് ചെയ്യും. നമ്മുടെ അശ്രദ്ധ മക്കളുടെ ഭാവി നശിപ്പിക്കരുത്.