ശൈഖ് നാസിറുദ്ദീന്‍ അല്‍ അല്‍ബാനി: ഹദീഥ് വിജ്ഞാനങ്ങളിലെ ആധുനിക നക്ഷത്രം

ഫൈസല്‍ പുതുപ്പറമ്പ്

2017 മെയ് 13 1438 ശഅബാന്‍ 16

ഈ നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും വലിയ ഹദീഥ് പണ്ഡിതന്‍ എന്ന് മുസ്‌ലിം ലോകം ഏകകണ്ഠമായി അംഗീകരിച്ച മഹാപണ്ഡിതനാണ് ശൈഖ് നാസിറുദ്ദീന്‍ അല്‍ അല്‍ബാനി(റഹി). പ്രവാചക വചനങ്ങള്‍ എന്ന പേരില്‍ പില്‍ക്കാലത്ത് വ്യാജമായി നിര്‍മിക്കപ്പെട്ടവയും ദുര്‍ബലങ്ങളുമായവയെ കൃത്യമായി പഠന വിധേയമാക്കുകയും അവയെ സമൂഹത്തിന് കാര്യകാരണ സഹിതം വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യുന്ന രംഗത്ത് അതുല്യമായ സേവനങ്ങളാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ ജീവചരിത്രവും ഹദീഥ് രംഗത്ത് അദ്ദേഹം ചെയ്ത സേവനങ്ങളും ഹ്രസ്വമായി സൂചിപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

ജനനം, ശൈശവം

ഹിജ്‌റ വര്‍ഷം 1332ല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍പെട്ട അധികം പുരോഗതി പ്രാപിക്കാന്‍ ഇനിയും സാധിച്ചിട്ടില്ലാത്ത അല്‍ബേനിയയിലെ ഉശ്ഖൂദറ എന്ന ഗ്രാമത്തിലാണ് ശൈഖിന്റെ ജനനം. നാട്ടിലെ ജീവിതം ദുസ്സഹമായതിനാല്‍ അദ്ദേഹത്തിന്റെ കുടുംബം സിറിയന്‍ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. ശൈശവം മുതല്‍ മരണം വരെയും ശൈഖ് പിന്നീട് അവിടെ തന്നെയാണ് വസിച്ചത്. ഹിജ്‌റ 1420ല്‍ തന്റെ 88-ാം വയസ്സില്‍ ഉമ്മാന്‍ എന്ന പ്രദേശത്ത് വെച്ച് അദ്ദേഹം മരണപ്പെടുകയും ചെയ്തു. പൂര്‍ണ നാമം അബൂഅബ്ദുറഹ്മാന്‍ മുഹമ്മദ് നാസിറുദ്ദീന്‍ ഇബ്‌നുല്‍ഹാജ് നൂഹ്ബ്‌നു നബാതി ഇബ്‌നു ആദം അല്‍ ഉശ്ഖൂദരീ അല്‍അല്‍ബാനി അല്‍അര്‍നാഊത്വീ എന്നാണ്.

പഠനം

വിദ്യനേടാനുള്ള രണ്ട് മാര്‍ഗങ്ങളിലൂടെയും ശൈഖ് വിദ്യ നേടി.

1. ഗുരുനാഥര്‍ വഴി

ശൈഖ് അല്‍ബാല്‍നി(റഹി)യുടെ ഗുരുനാഥന്മാരില്‍ പ്രഥമസ്ഥാനം സ്വന്തം പിതാവിനു തന്നെയാണ്.

ക്വുര്‍ആന്‍, ഭാഷ, ഹനഫി കര്‍മശാസ്ത്ര ഗ്രന്ഥം തുടങ്ങിയവ അദ്ദേഹം പിതാവില്‍ നിന്ന് പഠിച്ചു. ഹനഫി കര്‍മശാസ്ത്ര ഗ്രന്ഥമായ മിറാഖീ അല്‍ ഫലാഹ്, അറബി വ്യാകരണത്തില്‍ ശുദൂറു അദ്ദഹബ്, ഭാഷാ സാഹിത്യ ഗ്രന്ഥങ്ങള്‍ എന്നിവ ശൈഖ് സഈദ് അല്‍ ബുര്‍ഹാനിയില്‍ നിന്ന് അദ്ദേഹം പഠിച്ചു. കൂടാതെ ശൈഖ് മുഹമ്മദ് ബഹ്ജത് അല്‍ ബൈത്വാര്‍, ശൈഖ് ഇസ്സുദ്ദീന്‍ അത്തനൂക്വി എന്നിവരുമായി സഹവസിക്കുകയും അവരുടെ മജ്‌ലിസുകളില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു.

ധാരാളം ശൈഖുമാരില്‍ നിന്നും ദീഘകാലം ഔദ്യോഗിക ശിഷ്യത്വം സ്വീകരിച്ച് വിദ്യ നേടാന്‍ ശൈഖ് അല്‍ബാനിക്ക് അവസരം ലഭിച്ചിട്ടില്ല എന്ന് ചില അല്‍ബാനി വിരോധികള്‍ ആക്ഷേപിക്കാറുണ്ട്. തുല്യതയില്ലാത്ത വായനയും ലോകപ്രശസ്ത പണ്ഡിതന്മാരുടെ അംഗീകാരവും ശൈഖിന്റെ ഗ്രന്ഥങ്ങള്‍ക്ക് ലോകത്ത് തന്നെ ലഭിച്ച സ്വീകാര്യതയും എല്ലാം തന്നെ ധാരാളമാണ് ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ക്ക് മറുപടിയായിട്ട്.

2. ഗ്രന്ഥങ്ങള്‍ വഴി

ഗുരുമുഖത്ത് നിന്ന് വിദ്യ തേടുംപോലെ തന്നെ പ്രധാനമായൊരു മാര്‍ഗമാണ് അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ രചിച്ച ഗ്രന്ഥങ്ങള്‍ വായിക്കലും. ആ രംഗത്ത് ഒരു അത്ഭുതം തന്നെയാണ് ശൈഖ് അല്‍ബാനി(റഹി). കേവല വായന എന്നതിനപ്പുറം ഓരോ ഗ്രന്ഥവും സൂക്ഷ്മമായി വിലയിരുത്തുകയും അതില്‍ വന്ന ഓരോ ഹദീഥിന്റെയും പരമ്പരകള്‍ പഠന വിധേയമാക്കുകയും, ഓരോ റിപ്പോര്‍ട്ടറെ കുറിച്ചും ഹദീഥ് നിദാനശാസ്ത്ര രംഗത്തെ പൂര്‍വികര്‍ എന്ത് പറഞ്ഞുവെന്ന് അവരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കുകയും ചെയ്യുക എന്ന ഏറെ ശ്രമകരമായ ദൗത്യമാണ് അദ്ദേഹം നിര്‍വ്വഹിച്ചത്. അതോടൊപ്പം കര്‍മശാസ്ത്രപരമായ മസ്അലകളില്‍ പ്രമാണം അടിസ്ഥാനമാക്കി മാത്രം -മദ്ഹബീ പക്ഷപാദിത്വം ഒട്ടുമില്ലാതെ- വിശകലനം ചെയ്തു എന്നതും ശൈഖിന്റെ സവിശേഷതയാണ്. എന്നാല്‍ ഒരൊറ്റ മസ്അലയിലും സ്വന്തം അഭിപ്രായം അദ്ദേഹം പറഞ്ഞിട്ടുമില്ല. ഏതൊരു വിഷയത്തിലും ഒരു മുന്‍ഗാമിയുടെയെങ്കിലും മാതൃകയില്ലാതെ ഞാന്‍ അഭിപ്രായം പറഞ്ഞിട്ടില്ല എന്ന് ശൈഖ് തന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.

അറിവ് നേടുന്നതുമായി ബന്ധപ്പെട്ട് ഇമാം ശാത്വിബി(റഹി) പറഞ്ഞ ചില യാഥാര്‍ഥ്യങ്ങള്‍ ഇവിടെ പ്രസ്താവിക്കുന്നത് ഏറെ പ്രസക്തമാണെന്ന് തോന്നുന്നു. അദ്ദേഹം പറഞ്ഞു: ശരിയായ ലക്ഷണമൊത്ത ഒരു പണ്ഡിതന് മൂന്ന് ലക്ഷണങ്ങള്‍ കാണാം.1. അയാള്‍ പഠിച്ചത് പ്രാവര്‍ത്തികമാക്കും. അതുവഴി അയാളുടെ വാക്കും പ്രവര്‍ത്തിയും യോജിക്കുന്നു. 2. ആ വിജ്ഞാന മേഖലയിലെ മാതൃകായോഗ്യരായ പണ്ഡിതന്മാരുടെ ശിക്ഷണത്തില്‍ വളര്‍ന്നവനായിരിക്കും അയാള്‍. അവരുടെ കൂടെ സഹവസിക്കുകയും അവരില്‍ നിന്ന് വിദ്യനേടുകയും ചെയ്യുക വഴി അവരുടെ നല്ല മാതൃകകള്‍ അയാളും ജീവിതത്തില്‍ പാലിക്കും. മുന്‍ഗാമികള്‍ അപ്രകാരമായിരുന്നു. 3. താന്‍ ആരില്‍ നിന്നാണോ വിദ്യ നേടിയത് അവരെ പിന്തുടരുകയും അവരില്‍ നിന്ന് മാതൃക ഉള്‍ക്കൊള്ളുകയും ചെയ്യും. സ്വഹാബികള്‍ പ്രവാചകരെയും താബിഉകള്‍ സ്വഹാബികളെയും മാതൃകയാക്കിയതുപോലെ. എല്ലാ തലമുറകളും ഇപ്രകാരം തന്നെയാണ് (തുടര്‍ന്ന് പോന്നത്).

അര്‍ഹരില്‍ നിന്ന് മാത്രമെ വിജ്ഞാനം നേടാവൂ എന്ന് ബോധ്യപ്പെട്ടുവല്ലോ. അതിന് രണ്ട് മാര്‍ഗങ്ങളാണുള്ളത്. 1. ഗുരുമുഖത്ത് നിന്ന് നേരിട്ട് പഠിക്കുക. ഈ മാര്‍ഗമാണ് രണ്ട് കാരണങ്ങളാല്‍ ഏറ്റവും പ്രയോജനപ്രദവും സുരക്ഷിതവുമായ മാര്‍ഗം. അധ്യാപകന്റെയും വിദ്യാര്‍ഥിയുടെയും ഇടയില്‍ അല്ലാഹു നല്‍കുന്ന ചില സവിശേഷതകളുണ്ട്. അറിവുമായും പണ്ഡിതന്മാരുമായും ബന്ധമുള്ള എല്ലാവര്‍ക്കുമിത് മനസ്സിലാകും. വിദ്യാര്‍ഥിക്ക് സ്വയം ഗ്രഹിക്കാനാവാത്ത പല കാര്യങ്ങളും അധ്യാപകന്റെ സാന്നിധ്യത്തില്‍ അവന് ഗ്രഹിക്കാന്‍ സാധിക്കും.

മുന്‍ഗാമികള്‍ തങ്ങളുടെ ഗുരുവര്യന്മാരില്‍ നിന്നും (കേള്‍ക്കുന്നത്) അധികം എഴുതാറുപോലും ഉണ്ടായിരുന്നില്ല. കാരണം, അവര്‍ക്കത് വെറുപ്പായിരുന്നു. ഇമാം മാലിക്(റ) (തന്നില്‍ നിന്ന് കേള്‍ക്കുന്നത്) എഴുതുന്നതില്‍ നിന്ന് അനിഷ്ടം കാണിച്ചപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു: പിന്നെ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? അദ്ദേഹം പറഞ്ഞു: നിങ്ങളത് ഗ്രഹിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങളുടെ ഹൃദയത്തിന് ഒരു വെളിച്ചംകിട്ടും. പിന്നീട് നിങ്ങള്‍ക്ക് എഴുതേണ്ട ആവശ്യമുണ്ടാകില്ല. (അല്‍മുവാഫക്വാത്ത്. 1/91).

ഏറ്റവും നല്ല വഴി ഗുരുമുഖത്ത് നിന്ന് നേരിട്ട് പഠിക്കലാണ് എന്ന് വ്യക്തം. എന്നാല്‍ ഗുരുമുഖത്ത് നിന്ന് പഠിക്കാത്തവരെല്ലാം ഒന്നിനും കൊള്ളത്തവരാണെന്നോ, ഗുരുമുഖത്ത് നിന്ന് പഠിച്ചവര്‍ എല്ലാം തികഞ്ഞവരാണെന്നോ ഇതിനര്‍ഥമില്ല.

വിദ്യ നേടാനുള്ള രണ്ടാമത്തെ മാര്‍ഗം ഗ്രന്ഥങ്ങളിലൂടെയാണ്. അത് ഇമാം ശാത്വിബി (റ) ഇപ്രകാരം വിശദീകരിക്കുന്നു:

''വിജ്ഞാനം കരസ്ഥമാക്കാനുള്ള രണ്ടാമത്തെ മാര്‍ഗം രചയിതാക്കളുടെ രചനകളും ഗ്രന്ഥങ്ങളും അവലംബിക്കലണ്. രണ്ട് നിബന്ധനകള്‍ പാലിക്കണമെന്ന് മാത്രം. 1. ആ വിജ്ഞാന ശാഖയിലെ സാങ്കേതിക ശബ്ദങ്ങളും അതിന്റെ ഉദ്ദേശ്യങ്ങളും ആ ഗ്രന്ഥങ്ങള്‍ ഗ്രഹിക്കാന്‍ പര്യാപ്തമായ നിലയില്‍ ഉള്‍ക്കൊണ്ടവനായിരിക്കണം. അത് നാം നേരത്തെ പറഞ്ഞത് പ്രകാരം പണ്ഡിതന്മാരില്‍ നിന്ന് നേരിട്ട് നേടുക തന്നെ വേണം. 'അറിവ്'ചിലരുടെ ഹൃദയങ്ങളിലായിരുന്നു. പിന്നീടത് ഗ്രന്ഥങ്ങളിലേക്ക് മാറി. അതിന്റെ താക്കോല്‍ ചിലരുടെ കൈകളിലാകുന്നു' എന്ന് മുന്‍ഗാമികളില്‍ ആരോ പറഞ്ഞത് ഈ ഒരര്‍ഥത്തിലാകുന്നു'' (അല്‍മുവാഫക്വാത്ത്;1/97).

ശൈഖ് അല്‍ബാനിയില്‍ ഈ രണ്ട് മാര്‍ഗങ്ങളും സംഗമിച്ചിട്ടുണ്ട് എന്നര്‍ഥം. അര്‍ഹരായ ഗുരുവര്യന്മാരില്‍ നിന്ന് വിജ്ഞാനശാഖകളിലെ സാങ്കേതികതകള്‍ മനസ്സിലാക്കിയ അദ്ദേഹം രണ്ടാമത്തെ മാര്‍ഗമായ ഗ്രന്ഥപാരായണത്തില്‍ മുഴുകി. ആ രംഗത്ത് അഭൂതപൂര്‍വമായ ഉന്നതിയിലേക്ക് അദ്ദേഹം എത്തി. അദ്ദേഹത്തിന്റെ സമകാലീനരും ശേഷക്കാരുമായ മുസ്‌ലിംലോകം ഒന്നടങ്കം അംഗീകരിച്ച് പോരുന്ന മുഴുവന്‍ പണ്ഡിതരും അദ്ദേഹത്തിന്റെ മഹത്ത്വം അംഗീകരിക്കുകയും അദ്ദേഹത്തെ ഏറെ പുകഴ്ത്തുകയും ചെയ്തത് അതിന് മതിയായ തെളിവാണ്. ഈ കാലഘട്ടത്തിലെ മുഹദ്ദിഥ് എന്നും, സിറിയയിലെ മുഹദ്ദിഥ്എന്നും പണ്ഡിത ലോകത്ത് അദ്ദേഹം അറിയപ്പെടുന്നു. ശൈഖ് മുഹമ്മദ് ബിന്‍ ഉമര്‍ ബിന്‍ സാലിം ബാസ്മൂല്‍(റ) പറയുന്നു: 'ഇദ്ദേഹം ഈ കാലഘട്ടത്തിലെ ശൈഖുല്‍ ഹദീഥാണ്. മുഹദ്ദിഥുശ്ശാം എന്ന സ്ഥാനപ്പേരില്‍ അദ്ദേഹം അറിയപ്പെടുന്നു. എന്നാല്‍ മുഹദ്ദിഥുദ്ദുന്‍യാ എന്ന സ്ഥാനപ്പേര്‍ നല്‍കപ്പെടാന്‍ അദ്ദേഹം അര്‍ഹനാണ്'' (ശറഹു സ്വിഫതിസ്സ്വലാത്ത്: പേജ് 5).

വിമര്‍ശനങ്ങളും വസ്തുതയും

ശൈഖ് അല്‍ബാനിക്ക് നേരെ ഈ അടുത്ത കാലങ്ങളിലായി പല വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും അവയൊന്നും യഥാര്‍ഥത്തില്‍ മറുപടി അര്‍ഹിക്കുന്നതല്ല. മുമ്പ് മദ്ഹബീ പക്ഷപാതികളും ക്വബ്ര്‍ പൂജകരുമാണ് അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നതെങ്കില്‍, സലഫികളാണ് തങ്ങള്‍ എന്ന് അവകാശവാദം ഉന്നയിക്കുന്ന ചിലരാണ് ഈ വിമര്‍ശനവുമായി ഇപ്പോള്‍ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.

അറിവില്ലാത്തവന്‍, ഗുരുനാഥന്മാരില്ലത്തവന്‍, അഖീദയില്‍ പിഴവ് സംഭവിച്ചവന്‍, ഹദീസ് നിദാന രംഗത്ത് മുന്‍ഗാമികള്‍ക്ക് പരിചയമില്ലാത്ത രീതി അവതരിപ്പിച്ചവന്‍, പരസ്പര വൈരുധ്യം ആ രംഗത്ത് പറഞ്ഞവന്‍ എന്ന് തുടങ്ങി അദ്ദേഹം ദാഹിരീ മദ്ഹബ്കാരനാണെന്നും ഒരു വേള മുര്‍ജിഅ് ചിന്താഗതിക്കാരനാണെന്നും വരെ പറയാന്‍ അത്തരക്കാര്‍ ധാര്‍ഷ്ട്യം കാണിക്കുന്നു! അല്ലാഹുവില്‍ ശരണം.

ഏത് കാലഘട്ടത്തിലും ജീവിച്ച അഹ്‌ലുസ്സുന്നയുടെ പണ്ഡിതര്‍- വിശിഷ്യാ മുഹദ്ദിഥുകള്‍- സമാനമായ ആരോപണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. ഇമാം ബുഖാരി(റഹി) വരെ അതില്‍നിന്ന് മുക്തനല്ല എന്നതാണല്ലോ വാസ്തവം. അദ്ദേഹം മുബ്തദിഅ് ആണെന്നും ജഹ്മി ആദര്‍ശക്കാരനാണെന്നും ജഹ്മികളെക്കാള്‍ മോശപ്പെട്ടവനാണെനും ഒരുവേള അവിശ്വാസിയാണെന്നും (കാഫിര്‍) വരെ അന്നത്തെ വിമര്‍ശകര്‍ ആരോപിച്ചിട്ടുണ്ട്. ശൈഖ് അഹ്മദുബ്‌നുസലം പറയുന്നു:'''ഞാന്‍ ഇമാം ബുഖാരിയെ സമീപിച്ചുകൊണ്ട് ഖുറാസാനില്‍ അദ്ദേഹത്തിന് നേരെ വരുന്ന വിമര്‍ശനങ്ങളെയും അതിന് നേതൃത്വം നല്‍കുന്നവരെയും കുറിച്ച് പറഞ്ഞു. ശേഷം ഞാന്‍ ചോദിച്ചു: 'ഇനി എന്ത് ചെയ്യണമെന്നാണ് നിങ്ങളുടെ അഭിപ്രായം?' അപ്പോള്‍ ഇമാം ബുഖാരി(റഹി) തന്റെ താടി പിടിച്ചുകൊണ്ട് സൂറഃ അല്‍ ഗാഫിറിലെ 44-ാം വചനം പാരായണം ചെയ്തു. ശേഷം അദ്ദേഹം പറഞ്ഞു: 'എന്റെ കാര്യം ഞാന്‍ അല്ലാഹുവിനെ ഏല്‍പിക്കുന്നു. അല്ലാഹു അടിമകളുടെ കാര്യം നോക്കിക്കാണുന്നവനാണ്.' ശേഷം അദ്ദേഹം പറഞ്ഞു: 'അല്ലാഹുവേ, അഹങ്കാരത്തിനോ ധിക്കാരത്തിനോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടിയല്ല ഞാന്‍ നൈസാബൂരില്‍ താമസമാക്കിയതെന്ന് നിനക്കറിയാം. എതിരാളികള്‍ ധാരാളമായതിനാല്‍ എന്റെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ എന്റെ മനസ്സ് സമ്മതിക്കുന്നുമില്ല. അല്ലാഹു എനിക്ക് നല്‍കിയ അറിവിനുള്ള അസൂയകൊണ്ട് മാത്രമാണ് ഈ മനുഷ്യര്‍ എന്നെ ലക്ഷ്യം വെക്കുന്നത്.''പിന്നീടദ്ദേഹം എന്നോട് പറഞ്ഞു : 'അല്ലയോ അഹ്മദ്! എന്റെ പേരില്‍ ഈ നാട്ടില്‍ ഇനി പ്രയാസങ്ങള്‍ ഉണ്ടാവേണ്ടതില്ല. അതിനാല്‍ നാളെ ഞാന്‍ ഈ നാട്ടില്‍ നിന്ന് പോകുകയാണ്.''

അബ്ദുല്‍ ക്വുദ്ദൂസ് ബ്‌നു അബ്ദുല്‍ ജബ്ബാര്‍ സമര്‍ഖന്തി(റഹി) പറയുന്നു: 'സമര്‍ഖന്തിന്റെ സമീപ ഗ്രാമമായ ഖര്‍തന്‍ക് എന്ന പ്രദേശത്തേക്ക് ഇമാം ബുഖാരി(റഹി) വന്നു. അദ്ദേഹത്തിന് അവിടെ ചില ബന്ധുക്കള്‍ ഉണ്ടായിരുന്നു. അവരുടെ അടുത്ത് അദ്ദേഹം താമസിച്ചു. ഒരു രാത്രിയില്‍ രാത്രി നമസ്‌കാരത്തിന് ശേഷം അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിക്കുന്നത് ഞാന്‍ കേട്ടു: 'അല്ലഹുവേ, ഭൂമി വിശാലമാണെങ്കിലും എനിക്കത് വളരെ ഇടുങ്ങിയതായി അനുഭവപ്പെടുന്നു. അതിനാല്‍ നീ എന്നെ നിന്നിലേക്ക് സ്വീകരിക്കണേ.' അതിന് ശേഷം ഒരുമാസം പൂര്‍ത്തിയാകുന്നതിന് മുമ്പായി അദ്ദേഹം മരണപ്പെടുകയും ചെയ്തു'' (സിയറു അഅ്‌ലാമിന്നുബലാഅ്: 12/440-450).

ഇമാം ബുഖാരി(റഹി) ഈ നിലക്ക് വിമര്‍ശിക്കപ്പെട്ടെങ്കില്‍ പിന്നെ ശൈഖ് അല്‍ബാനി(റഹി) യെപ്പോലുള്ളവര്‍ വിമര്‍ശിക്കപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല. തനിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ശൈഖ് അല്‍ബാനി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ശ്രദ്ധേയമാണ്: 'അഹ്‌ലുസ്സുന്നയുടെ അഖീദയും സലഫീ വീക്ഷണവും സ്ഥാപിക്കാനായി 20 വര്‍ഷമായി ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നു. അല്‍ഹംദുലില്ലാഹ്.എന്നാല്‍, ഇന്ന് ചില വിവര ദോഷികളും വളര്‍ന്ന് വരുന്ന ചില ചെറുപ്പക്കാരും രംഗത്ത് വന്നുകൊണ്ട് നമ്മെ മുര്‍ജിഈ വീക്ഷണക്കാരന്‍ എന്ന് ആക്ഷേപിക്കുന്നു. അജ്ഞതയും വഴികേടുമായി അവരില്‍ നിന്നുണ്ടാകുന്ന മുഴുവന്‍ തിന്മകളില്‍ നിന്നും അല്ലഹുവിലേക്ക് ഞാന്‍ പരാതി ബോധിപ്പിക്കുന്നു.'''

ശൈഖ് അല്‍ബാനിയും പണ്ഡിത ലോകവും

1. ലജ്‌നത്തുദ്ദാഇമ

സുഊദി അറേബ്യയിലെ ഉന്നത പണ്ഡിത സഭയായ അല്‍ ലജ്‌നതുദ്ദാഇമഃ, ശൈഖ് അല്‍ബാനിയെക്കുറിച്ച് വന്ന ഒരു ചോദ്യത്തിന് നല്‍കിയ മറുപടി കാണുക: ''അദ്ദേഹം അറിവിലും ശ്രേഷ്ഠതയിലും സുന്നത്തിനെ ബഹുമാനിക്കുന്ന കാര്യത്തിലും അതിന് സേവനം ചെയ്യുന്നതിലും കക്ഷിത്വത്തിനെതിരെയും അന്ധമായ തക്വ്‌ലീദിനെതിരെയും താക്കീത് ചെയ്യുന്ന അഹ്‌ലുസ്സുന്നയുടെ വീക്ഷണത്തെ സത്യപ്പെടുത്തുന്ന കാര്യത്തിലും ഞങ്ങള്‍ക്കിടയില്‍ സുസമ്മതനാകുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ഏറെ പ്രയോജനപ്രദവുമാകുന്നു. മറ്റേത് പണ്ഡിതന്മാരെയും പോലെ അദ്ദേഹവും പാപ സുരക്ഷിതനല്ലാത്തതിനാല്‍ വീക്ഷണത്തില്‍ തെറ്റും ശരിയും സംഭവിക്കാം. ശരിക്ക് രണ്ട് പ്രതിഫലവും അബദ്ധങ്ങളില്‍ ഗവേഷണത്തിന്റെ പ്രതിഫലവും അദ്ദേഹത്തിന് ലഭിക്കുമെന്നും നാം പ്രതീക്ഷിക്കുന്നു. (ഫത്‌വ നമ്പര്‍: 5981). ശൈഖ് അല്‍ബാനി(റഹി) ഹദീഥിന്റെ വിഷയത്തില്‍ ചെയ്ത സേവനങ്ങള്‍ക്ക് ഹിജ്‌റ 1397 ല്‍ (ക്രിസ്താബ്ദം. 1977) കിംഗ് ഫൈസല്‍ അവാര്‍ഡ് ലഭിച്ചു.

2. ശൈഖ് അബ്ദുല്‍ അസീസ് ഇബ്‌നുബാസ്(റഹി)
ഒരു ചോദ്യത്തിന് മറുപടി നല്‍കവെ പറയുന്നു: ''ശൈഖ് അല്‍ബാനി ജനങ്ങളില്‍ ഏറ്റവും നല്ലവരില്‍ പെട്ടവരാകുന്നു. ശരിയായ അഖീദയിലും സത്യത്തിന്റെ വഴിയില്‍ നിലകൊള്ളുന്നതിലും ഹദീഥുകളെ സ്വഹീഹും അല്ലാത്തതുമയി വേര്‍തിരിക്കുന്നതിലും അറിയപ്പെട്ടയാളുമാണ്. എന്ന് മാത്രമല്ല, ഈ വിഷയത്തില്‍ അദ്ദേഹം ഒരു അവലംബം തന്നെയാകുന്നു. എന്നാല്‍ മറ്റു പണ്ഡിതന്മാരെപ്പൊലെത്തന്നെ അദ്ദേഹവും തെറ്റു സംഭവിക്കാത്ത പാപസുരക്ഷിതനല്ല.''

ശൈഖ് അല്‍ബാനിയെ ആക്ഷേപിക്കല്‍ പതിവാക്കിയ ഒരു പണ്ഡിതനെ പരാമര്‍ശിച്ചുകൊണ്ടുള്ള ചോദ്യത്തിനു മറുപടി നല്‍കവെ ശൈഖ് ഇബ്‌നു ബാസ് പറയുന്നു: ''ശൈഖ് അല്‍ബാനി ഏറെ വിശ്വസ്തനും നമ്മുടെ പ്രത്യേക സഹോദരങ്ങളില്‍ പെട്ടവരുമാകുന്നു. അറിവിലും ശ്രേഷ്ഠതയിലും അറിയപ്പെട്ടവനുമാണ്. ഹദീഥിന്റെ സ്വീകാര്യതയും അസ്വീകാര്യതയും നിശ്ചയിക്കുന്ന കാര്യങ്ങളില്‍ ഏറെ ശ്രദ്ധിച്ചവരുമാണ്. എന്നാല്‍ അദ്ദേഹം പാപസുരക്ഷിതനല്ല. അബദ്ധങ്ങള്‍ സംഭവിക്കാം. എന്നാല്‍ അതിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കലോ, ചീത്തപറയലോ, പരദൂഷണം പറയലോ അനുവദനീയമല്ല. അദ്ദേഹത്തിന് കൂടുതല്‍ ഗുണത്തിനും തൗഫീഖിനുമായി പ്രാര്‍ഥിക്കുകയും ഗുണകാംക്ഷ കാണിക്കുകയുമാണ് വേണ്ടത്...'' (ഫതാവാ ഇബ്‌നുബാസ് 25/71).

3. ശൈഖ് ഇബ്‌നു ഉഥൈമീന്‍(റഹി)

ശൈഖ് അല്‍ബാനി(റഹി)യുടെ മഹത്ത്വം എമ്പാടും പറഞ്ഞവരാണ് ശൈഖ് ഇബ്‌നു ഉഥൈമിന്‍(റഹി). ശൈഖ് അല്‍ബാനിയെ കുറിച്ച് മുര്‍ജിആണെന്ന് ആരോപണം ഉണ്ടല്ലോ എന്നത് ശ്രദ്ധയില്‍പെ ടുത്തിക്കൊണ്ട് ചോദ്യം ഉന്നയിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ''ശൈഖ് അല്‍ബാനി (റ) മുര്‍ജിആണെന്ന് പറയുന്നവന് ഒന്നുകില്‍ ശൈഖ് അല്‍ബാനിയെ അറിയില്ല. അല്ലെങ്കില്‍ എന്താണ് മുര്‍ജിആ കക്ഷികളുടെ വിശ്വാസം (ഇര്‍ജാഅ്) എന്നറിയില്ല. ശൈഖ് അല്‍ബാനി അഹ്‌ലുസ്സുന്നയുടെ വക്താവും അഹ്‌ലുസ്സുന്നയെ പ്രതിരോധിക്കുന്നവരുമാണ്. അദ്ദേഹം ഹദീഥില്‍ ഇമാം ആകുന്നു. നമ്മുടെ ഈ കാലത്ത് അദ്ദേഹത്തോട് കിടപിടിക്കുന്ന മറ്റൊരാള്‍ ഉള്ളതായി നമുക്കറിയില്ല. എന്നാല്‍ മനസ്സില്‍ വിദ്വേഷം ഉള്ളവരുണ്ടാകാം. ഒരാള്‍ക്ക് സ്വീകാര്യത ലഭിക്കുന്നത് കാണുമ്പോള്‍ അയാളെ അവര്‍ ആക്ഷേപിക്കും; പ്രവാചകരുടെ കാലത്ത് കപടവിശ്വാസികള്‍ ചെയ്തത്‌പോലെ. എനിക്ക് ഈ മനുഷ്യനെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൂടെയും നേരിട്ടുള്ള സഹവാസത്തിലൂടെയും പരിചയമുണ്ട്.

 ശരിയായ മന്‍ഹജും സലഫീ അഖീദയും ഉള്ളവരാകുന്നു അദ്ദേഹം. എന്നാല്‍, അല്ലാഹു തന്റെ അടിമകള്‍ക്ക് കുഫ്‌റായി നിശ്ചയിച്ചിട്ടില്ലാത്ത കാര്യത്തിന്റെ പേരില്‍ അല്ലാഹുവിന്റെ അടിമകളെ കാഫിറെന്ന് മുദ്ര കുത്തുന്ന ചിലരുണ്ട്. അത് അംഗീകരിക്കാത്തവരെയെല്ലാം അവര്‍ മുര്‍ജിഅ് എന്ന വാദവുമായി മുദ്രകുത്തുന്നു. അതുകൊണ്ട് ഇത്തരം വാക്കുകള്‍ ആരു പറഞ്ഞാലും നിങ്ങള്‍ അത് കേള്‍ക്കുകപോലും ചെയ്യരുത്'''(അല്‍ ഇമാം അല്‍ബാനി - സലീം ഹിലാലി: പേജ് 153).

ഇതിനപ്പുറം ഇനി എന്ത് അംഗീകാരമാണ് വേണ്ടത്? അറിവുള്ളവര്‍ക്കല്ലേ അറിവിന്റെയും പണ്ഡിതന്മാരുടെയും മഹത്ത്വം അറിയൂ. ശരിയായ അറിവുള്ളവരെല്ലാം ശൈഖ് അല്‍ബാനിയുടെ മഹത്ത്വം അംഗീകരിച്ചവരാണ്. മുഖ്ബില്‍ അല്‍ വാദിഈ, ബകര്‍ അബൂ അബ്ദു സൈദ്, റബീഅ് ബ്‌നു ഹാദീ അല്‍ മദ്ഖലീ, ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍, അബ്ദുല്‍ മുഹ്‌സിന്‍ അബ്ബാദ് അല്‍ബദര്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.

ഇത്തരം പ്രഗത്ഭ പണ്ഡിതര്‍ ഒന്നടങ്കം വാഴ്ത്തിയ ഒരു മഹാനെ സംബന്ധിച്ച് അല്‍പജ്ഞാനികളും വിവരദോഷികളും വല്ലതും പറയുന്നുവെങ്കില്‍ ഒരിക്കലും അത് പരിഗണിക്കേണ്ടതില്ല. ഇവ്വിഷയകമായി ഇമാം ദഹബി(റഹി) പറഞ്ഞ ഒരു വാചകം കൂടി പറയട്ടെ: ''അക്വീദ ശരിയായവരും സത്യത്തെ പിന്‍പറ്റുന്നതില്‍ കണിശത പാലിക്കുന്നവരുമായ ഏതൊരാളെയും ഗവേഷകാത്മക വിഷയത്തില്‍ സംഭവിക്കുന്ന ഒരു വീഴ്ചയുടെ പേരില്‍ നാം ആക്ഷേപിക്കുകയും ബിദ്അത്തുകാരനായി മുദ്രകുത്തുകയും ചെയ്യുന്നുവെങ്കില്‍ നമ്മില്‍ നിന്ന് രക്ഷപ്പെടുന്ന ഇമാമുമാര്‍ വളരെ കുറവായിരിക്കും'' (സിയറു അഅ്‌ലാം: 14/326).

രചനകള്‍

ഇരുനൂറിലധികം ഗ്രന്ഥങ്ങള്‍ സമൂഹത്തിന് നല്‍കിക്കൊണ്ടാണ് ശൈഖ് അല്‍ബാനി(റഹി) ഈ ലോകത്തോട് വിടവാങ്ങിയത്. അതില്‍ മഹാഭൂരിപക്ഷവും ഹദീഥ് നിദാന രംഗത്താണ്. മുസ്‌ലിം സമൂഹം അവലംബിക്കുന്ന പല ഗ്രന്ഥങ്ങളിലും വന്ന ദുര്‍ബലവും നിര്‍മിതവുമായ ഹദീഥുകളെയും അവ സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതിന്റെ ആവശ്യകതയെയും വ്യക്തമാക്കുന്ന ഒരു ലേഖനം ശൈഖ് റശീദ് രിദയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന അല്‍മനാര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചു. ആ ലേഖനമാണ് യഥാര്‍ഥത്തില്‍ ശൈഖ് അല്‍ബാനി(റഹി)യെ ഹദീഥ് നിരൂപണ രംഗത്തേക്ക് തിരിച്ചത്. ഹാഫിള് ഇറാഖിയുടെ അല്‍മുഗ്‌നി എന്ന ഗ്രന്ഥമാണ് ശൈഖ് ആദ്യമായി പഠനവിധേയമാക്കി പ്രസിദ്ധീകരിച്ചത്.

അതൊരു തുടക്കമായിരുന്നു. ഒട്ടനവധി ബൃഹത് ഗ്രന്ഥങ്ങള്‍ അദ്ദേഹം പരിശോധിച്ച് സ്വഹീഹും ദഈഫും വേര്‍തിരിച്ചു. ജാമിഉ തുര്‍മുദി, സുനനു നസാഈ, സുനനു ഇബ്‌നു മാജഃ, സുനനു അബീദാവൂദ് തുടങ്ങി ഹദീഥ് രംഗത്തെ അടിസ്ഥാന ഗ്രന്ഥങ്ങളും രിയാളുസ്സ്വാലിഹീന്‍, ഫിക്വ്ഹുസ്സുന്നഃ, അത്തര്‍ഗീബ് വത്തര്‍ഹീബ്, മനാറുസ്സബീല്‍ തുടങ്ങിയ മറ്റു പ്രമുഖ ഗ്രന്ഥങ്ങളും അദ്ദേഹം പരിശോധനാ വിധേയമാക്കി. സ്വഹീഹായ ഹദീഥുകളെയും ദുര്‍ബല-നിര്‍മിത ഹദീഥുകളെയും പ്രത്യേകം പ്രത്യേകം ക്രോഡീകരിച്ച് സില്‍സിലത്തു അഹാദീസുസ്സ്വഹീഹ വദ്ദഈഫ വല്‍ മൗദൂഅ എന്ന പേരില്‍ വലിയ ഹദീഥ് സമാഹാരം തന്നെ അദ്ദേഹം രചിച്ചു. നബി(സ്വ)യുടെ നമസ്‌കാരം, സ്ത്രീയുടെ ഹിജാബ്, ഖബര്‍ ആഹാദ്, തറാവീഹ്, ക്വബ്ര്‍ കെട്ടി ഉയര്‍ത്തല്‍ തുടങ്ങി ഒട്ടനവധി സ്വതന്ത്ര കൃതികള്‍ അദ്ദേഹം രചിക്കുകയും ലോക പ്രശസ്ത അഖീദ ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനം എഴുതുകയും ചെയ്തു.

തന്റെ പിതാവില്‍ നിന്ന് താന്‍ പഠിച്ച വാച്ച് റിപ്പയറിങ്ങില്‍ നൈപുണ്യം നേടുകയും ചെറുപ്പകാലം മുതല്‍ തന്നെ അതൊരുതൊഴിലായി സ്വീകരിക്കുകയും ചെയ്തു. കുവൈത്ത്, ഖത്തര്‍, യു.എ.ഇ, അസ്ബാനിയ തുടങ്ങിയ സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും അവിടെയെല്ലാം പ്രഭാഷണങ്ങളും പഠന ക്ലാസുകളും നടത്തുകയും ചെയ്തു. ഹിജ്‌റ 1395 മുതല്‍ 98 വരെ മദീന യൂണിവേഴ്‌സിറ്റിയുടെ ഉന്നതാധികാര സഭയില്‍ അംഗമായി. ബനാറസ് ജാമിഅ സലഫിയ്യയില്‍ ഹദീഥ് വിഭാഗം മേധാവിയായി ചുമതല ഏല്‍ക്കാന്‍ അദ്ദേഹത്തിന് ക്ഷണം ലഭിച്ചെങ്കിലും അദ്ദേഹത്തിനത് നിരസിക്കേണ്ടിവന്നു. ഈജിപ്ത്, മൊറോക്കോ, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലേക്ക് ശൈഖ് ഇബ്‌നു ബാസിന്റെ പ്രധിനിധിയായി പ്രബോധനാവശ്യാര്‍ഥം അദ്ദേഹം യാത്ര ചെയ്തു. മദീനാ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായി അല്‍പകാലം അദ്ദേഹം സേവനം ചെയ്തു.

മൂന്ന് ഭാര്യമാരിലായി 13 മക്കള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. നാലാമത്തെ ഭാര്യയില്‍ സന്താനങ്ങളുണ്ടായില്ല. ഹിജ്‌റ 1420 ജമാദുല്‍ ആഖിര്‍ 22 ശനിയാഴ്ച മഗ്‌രിബിനു മുമ്പായി (1999 ഒക്‌ടോബര്‍ 2) അദ്ദേഹം ഉര്‍ദുന്‍ തലസ്ഥാനമായ ഉമാന്‍ പട്ടണത്തില്‍ വെച്ച് നിര്യാതനായി. ഇശാഇന് ശേഷം ക്വബ്‌റടക്കം ചെയ്യപ്പെട്ടു. താന്‍ മരിച്ചാല്‍ എത്രയും വേഗം തന്നെ മറവ് ചെയ്യണമെന്ന് ശൈഖിന്റെ വസ്വിയ്യത്താണ് അത്ര പെട്ടെന്ന് മറമാടപ്പെടാന്‍ കാരണം. ആ വസ്വിയ്യത്തറിഞ്ഞ ശൈഖ് ഇബ്‌നു ഉഥൈമിന്‍(റഹി) യുടെ പ്രതികരണം ഇതായിരുന്നു: 'അല്ലാഹു ശൈഖ് അല്‍ബാനിക്ക് കാരുണ്യം ചെയ്യട്ടെ. ജീവിത കാലത്തും മരണശേഷവും അദ്ദേഹം സുന്നത്തിനെ ജീവിപ്പിച്ചു' (ഇമാം അല്‍ബാനി: പേജ് 154).