വേറെയാര്?

മൊയ്തു ഉളിക്കൽ

2026 ഒക്ടോബർ 03, 1448 റബീഉൽ ആഖിർ 22

പ്രപഞ്ചനാഥനാം അല്ലാഹുവല്ലാതെ
പ്രാർഥനയ്ക്കുത്തരം ആരു നൽകും?
എല്ലാമറിയുന്ന റബ്ബവനല്ലാതെ
ആരുണ്ട് നമ്മൾക്കഭയമേകാൻ?
പുൽക്കൊടി പോലും പടക്കാൻ കഴിയാത്ത
സൃഷ്ടികൾ നമ്മളെക്കാത്തിടുമോ?
ഏറ്റവും സൂക്ഷ്മമായറിയുന്നോനല്ലാതെ
നമ്മുടെ ഖൽബകം കണ്ടിടുമോ?
നേരായ പാതയിൽ നമ്മെ നയിക്കുവാൻ
കാരുണ്യവാനവൻ മാത്രമല്ലേ?
വെയിലും മഴയും നമുക്ക് നൽകീടുവാൻ
അല്ലാഹുവല്ലാതെയാര് വേറെ?
ഇഹപര സൗഭാഗ്യം നമ്മൾക്ക് നൽകുന്നോൻ
അഹദവൻ മാത്രമാണെന്നറിയൂ.


നേർപഥം

ഉമ്മു അദ് നാൻ, ബഹ് റൈൻ

2026 ഒക്ടോബർ 03, 1448 റബീഉൽ ആഖിർ 22

ലോകരക്ഷിതാവവൻ
ആദിമർത്യൻ ആദമിൽ
തുടങ്ങിവെച്ച നേർപഥം
തുടരുമെന്നുമാവിധം.
അമ്പിയാക്കളൊക്കയും
കടന്നുപോയ നേർപഥം.
കടലിലാഴ്ന്ന ദൂതർ യൂനുസ്,
കിണറിലായ യൂസുഫെന്നോർ
കരുതിടാതെ രക്ഷനേടാൻ
കാരണമാം നേർപഥം.
നംറൂദിന്റെ തീക്കളത്തിൽ
കുളിരു തീർത്ത നേർപഥം
ചെങ്കടൽ കടന്നു മൂസാ
കടന്നുവന്ന നേർപഥം.
കുരിശിൽനിന്നും ദൂതർ ഈസാ
രക്ഷ നേടിയ നേർപഥം.
ജന്മനാടു വെടിഞ്ഞുപോയ
അന്ത്യറസൂൽ, സഹജരും
വിജയമോടെ മടങ്ങിവന്ന
സ്വർഗപാത നേർപഥം.
ആ വഴിയിൽ നമ്മളെന്നും
മടിച്ചിടാതെ നീങ്ങണം.