സത്യസന്ധനായ കച്ചവടക്കാരൻ
ആലിയ ബിൻത് ലത്തീഫ് വടുതല
2026 മെയ് 16, 1447 ദുൽഖഅദ് 27

പണ്ട്, ഒരു ഗ്രാമത്തിൽ അഹ്‌മദ് എന്ന് പേരുള്ള ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു. അഹ്‌മദ് തന്റെ കച്ചവടത്തിൽ സത്യസന്ധതയും വിശ്വസ്തതയും പുലർത്തിയിരുന്നു. അളവിലും തൂക്കത്തിലും ഒരിക്കലും അദ്ദേഹം കൃത്രിമം കാണിച്ചിരുന്നില്ല.
എന്നാൽ, ആ ഗ്രാമത്തിലെ മറ്റു ചില കച്ചവടക്കാർ അത്ര സത്യസന്ധരായിരുന്നില്ല. ലാഭം കൂട്ടാൻ വേണ്ടി അവർ അളവിലും തൂക്കത്തിലും കുറവ് വരുത്തിയായിരുന്നു ആളുകൾക്ക് സാധനങ്ങൾ കൊടുത്തിരുന്നത്. കച്ചവടസാധനങ്ങളുടെ ദോഷം അവർ മറച്ചുവെക്കുകയും ചെയ്യും.
ഒരു ദിവസം, അഹ്‌മദിന്റെ കടയിൽ സ്ഥിരമായി വരാറുള്ള ഒരു സുഹൃത്ത് അവനോട് ചോദിച്ചു: “അഹ്‌മദ്, നീ എന്തിനാണ് ഇത്ര സത്യസന്ധത പാലിക്കുന്നത്? നീ വളരെ കുറഞ്ഞ ലാഭത്തിലാണ് സാധനങ്ങൾ വിൽക്കുന്നത്. മറ്റുള്ളവർ കള്ളക്കച്ചവടം ചെയ്ത് വലിയ ലാഭം നേടുന്നു. കച്ചവടത്തിൽ ഇങ്ങനെ സത്യസന്ധത കാണിക്കുന്നതുകൊണ്ടല്ലേ നിനക്ക് വലിയ പണക്കാരനാകാൻ കഴിയാത്തത്?’’
അഹ്‌മദ് പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: “സഹോദരാ, എന്റെ കച്ചവടം അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ടുള്ളതാണ്. ഈ ലോകത്തെ ലാഭത്തെക്കാൾ എനിക്ക് പ്രധാനം പരലോകത്തെ വിജയമാണ്. നബിﷺ പറഞ്ഞിട്ടുണ്ട് ‘വിശ്വസ്തനും സത്യസന്ധനുമായ വ്യാപാരി പ്രവാചകന്മാർക്കും സത്യസന്ധന്മാർക്കും ശുഹദാക്കൾക്കുമൊപ്പമായിരിക്കും’ എന്ന്. എന്റെ കച്ചവടത്തിലെ സത്യസന്ധത കൊണ്ട് അല്ലാഹു എനിക്ക് ബറകത്ത് തരുന്നുണ്ട്. നാളെ പരലോകത്ത് അതിനെക്കാൾ വലിയ അനുഗ്രഹം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും അതിനായി പ്രാർഥിക്കുകയും ചെയ്യുന്നു.’’
അതു കേട്ട സുഹൃത്തിന് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.
ആ വർഷം ഗ്രാമത്തിൽ ഒരു വലിയ വെള്ളപ്പൊക്കമുണ്ടായി. വീടുകൾ പലതും വെള്ളത്തിലായി. മിക്ക കടകളിലും വെള്ളം കയറി സാധനങ്ങൾ നശിച്ചുപോയി. വ്യാജ സാധനങ്ങൾ വിൽക്കുകയും കൃത്രിമം കാണിക്കുകയും ചെയ്ത മിക്ക കച്ചവടക്കാർക്കും വലിയ നഷ്ടമുണ്ടായി. എന്നാൽ അഹ്‌മദിന്റെ കടയെ വെള്ളപ്പൊക്കം തീരെ ബാധിച്ചില്ല. അതിനാൽ സാധനങ്ങളൊന്നും നശിച്ചില്ല.
അവശ്യ സാധനങ്ങൾ കിട്ടാനില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ അഹ്‌മദിന്റെ കട എല്ലാവർക്കും തുണയായി. അഹ്‌മദ് ആ ദുരിത സമയത്തും തന്റെ കടയിലെ സാധനങ്ങൾക്ക് വില കൂട്ടിപ്പറഞ്ഞില്ല. എല്ലാവർക്കും അത്യാവശ്യമുള്ള സാധനങ്ങൾ ന്യായമായ വിലയ്ക്ക് അവൻ നൽകി. പാവങ്ങൾക്ക് വെറുതെയും നൽകി.
ദുരിതസമയത്ത് ജനങ്ങളെ സഹായിച്ചതിന് എല്ലാവരും അവനെ സ്‌നേഹിക്കുകയും ന്യായമായ വിലയ്ക്ക് സാധനങ്ങൾ കൊടുത്തതിന് അവനെ ആദരിക്കുകയും ചെയ്തു.
അഹ്‌മദിന്റെ സുഹൃത്ത് അവനോട് പറഞ്ഞു: “അഹ്‌മദ്, നീ പറഞ്ഞത് സത്യമാണ്. നീ സത്യസന്ധത കാണിച്ചപ്പോൾ അല്ലാഹു നിന്നെ ഈ ലോകത്തുതന്നെ സഹായിച്ചു. ജനങ്ങളുടെ സ്‌നേഹവും വിശ്വാസവും ആദരവും നിനക്ക് ലഭിച്ചു. പരലോകത്ത് അർഹമായ പ്രതിഫലം പടച്ചവൻ നിനക്ക് നൽകട്ടെ.’’

