ഉമ്മാക്കൊരുമ്മ

സഹല ഷെറിൻ, ചെർപ്പുളശ്ശേരി

(റൗദത്തുൽ ഉലൂം, ഫറൂഖ്)

2026 മെയ് 30, 1447 ദുൽഹിജ്ജ 14

“പാത്തൂ, മോളേ പാത്തൂ... ഒന്ന് എണീറ്റു വന്നേ. എന്നെ ഒന്ന് സഹായിക്കെടീ. എത്രെ നേരമായി ഇങ്ങനെ ആ ഫോണിൽ തന്നെ.... എന്നോട് ഒന്ന് വന്നു സംസാരിക്കുകയെങ്കിലും ചെയ്യ്...’’ ഉമ്മയുടെ ഇടറുന്ന ശബ്ദം റൂമിലിരുന്ന് കേൾക്കുന്നുണ്ട് നിയ ഫാത്വിമ.

“എന്താണ് ഉമ്മാ എപ്പോഴും എന്നെ ഇങ്ങനെ വിളിച്ച് ശല്യപ്പെടുത്തുന്നത്? ഞാൻ ഫോണുമായി ഒന്ന് ഇരുന്നാൽ അപ്പോൾ തുടങ്ങും...’’ അവൾ തന്റെ പ്രതിഷേധം ഉമ്മയെ അറിയിച്ചു.

കുറെ കഴിഞ്ഞ് ഫാത്വിമ അടുക്കളയിലേക്ക് എത്തിനോക്കി. ഉമ്മ അപ്പോഴും പണിത്തിരക്കിലാണ്. അവർ വളരെ ക്ഷീണിതയായിട്ടുണ്ട്. അതു കണ്ടപ്പോൾ അവൾക്ക് ഉമ്മയോട് മുമ്പൊന്നുമില്ലാത്ത ഒരു സ്‌നേഹവും അനുകമ്പയും തോന്നി. ഫാത്വിമ മെല്ലെ മെല്ലെ അവളുടെ ഉമ്മയുടെ അരികിൽ ചെന്ന് അവരെ ഒന്ന് ഉമ്മ വെക്കാൻ ശ്രമിച്ചു. ജോലി ഭാരത്താൽ ക്ഷീണിച്ച ഉമ്മാക്ക് അത് ഇഷ്ടമായില്ല. അവർ മകളുടെ കൈ ദേഷ്യത്തോടെ തട്ടിമാറ്റി.

“ഉമ്മാ, സോറി ഉമ്മാ...ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്...’’ അവൾ സങ്കടത്തോടെ ചോദിച്ചു.

“നീ ഒന്നും ചെയ്യേണ്ട, അവിടെ പോയി ഇരുന്നോ. ഞാൻ ഇവിടെ ചെയ്യുന്നതൊന്നും ആരും കാണുന്നില്ലല്ലോ. എല്ലാം ഞാൻ തന്നെ ഒറ്റക്ക് വലിക്കണം. എനിക്ക് മടുത്തു...’’

ഈ വാക്കുകൾ ഫാത്വിമയെ വല്ലാതെ വിഷമിപ്പിച്ചു. അവൾക്ക് കുറ്റബോധം തോന്നി. പ്ലസ് ടു കഴിഞ്ഞ ഞാൻ ചെറിയ കുട്ടിയൊന്നുമല്ല.

എന്നിട്ടും ഉമ്മാനെ സഹായിക്കാൻ തയ്യാറായിട്ടില്ല. വല്ലപ്പോഴും മുറ്റമടിക്കാൻ സഹായിച്ചാലായി, അത്രതന്നെ! നാളെ മുതൽ രാവിലെ എണീറ്റു തന്റെ ഉമ്മാനെ സഹായിക്കുമെന്ന് അവൾ മനസ്സിലുറപ്പിച്ചു. പറഞ്ഞതുപോലെ പിറ്റേദിവസം മുതൽ അവൾ വീട്ടിലെ ജോലി ചെയ്തു തുടങ്ങി.

വർഷം രണ്ടു കഴിഞ്ഞു. ഫാത്വിമയെ അനുയോജ്യനായ ഒരു വരനെ കണ്ടെത്തി കല്യാണം നടത്തിക്കൊടുത്തു. ഒരു ദവസം ഉമ്മ നിസ്‌കാര പായയിലിരുന്ന് നീണ്ട ആലോചനയിൽ മുഴുകി. എന്റെ പാത്തു അന്നെനിക്ക് ഉമ്മ തന്നത് ഞാൻ തട്ടിമാറ്റി. സ്‌നേഹമില്ലാത്തതുകൊണ്ടല്ല... എന്നാലും അവളെ ഞാൻ അവഗണിച്ചിരുന്നോ...? ഞാൻ എന്തിനാ അങ്ങനെയൊക്കെ ചെയ്തത്? ഇപ്പോഴത്തെ കുട്ടികളൊക്കെ ഇങ്ങനെയൊക്കയാണല്ലോ! ഇപ്പോൾ അവൾ അടുത്തുണ്ടായിരുന്നെങ്കിൽ...അവൾ ഒന്ന് വന്നു എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നിരുന്നെങ്കിൽ...ആ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ആ സമയത്താണ് മുറ്റത്ത് ഒരു കാർ വന്നു നിന്നത്. ഫാത്വിമയും ഭർത്താവുമാണ്.

“ഉമ്മാ...ഉമ്മാ’’-എന്ന ഉച്ചത്തിലുള്ള വിളി കേട്ടപ്പോൾ ഉമ്മ സ്വപ്നത്തിൽ നിന്നെന്ന മട്ടിൽ ഞെട്ടി യുണർന്നു.

അല്ലാഹ്! എന്റെ പാത്തുവല്ലേ വിളിക്കുന്നത്...അവർ എഴുന്നേറ്റ് പുറത്തേക്കു പോകാനൊരുങ്ങവെ അകത്തേക്കു സലാം പറഞ്ഞ് ഓടിവന്ന ഫാത്വിമ ഉമ്മയെ ചേർത്തുപിടിച്ച് നെറ്റിയിൽ തുരുതുരാ ഉമ്മ വെച്ചു. ഉമ്മ തിരിച്ചും മകളെ കെട്ടിപ്പിടിച്ച് കണ്ണീരിൽ കുതിർന്ന ഉമ്മകൾ നൽകി. ഉമ്മാക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരത്തിന്റെ പൊതി അവൾ ഉമ്മയുടെ നേരെ നീട്ടി. ആ നിമിഷത്തിൽ ഉമ്മയുടെയും മകളുടെയും മനസ്സിലൂടെ മിന്നിമറഞ്ഞ ചിന്തകൾ എന്തൊക്കെയായിരിക്കും കൂട്ടുകാരേ?