ഹജ്ജിന്റെ മാസം
ഹുസ്‌ന മലോറം
2026 മെയ് 09, 1447 ദുൽഖഅദ് 21

ഹജ്ജിന്റെ മാസം അണഞ്ഞുവല്ലോ
ദുൽഹിജ്ജ മാസം പിറന്നുവല്ലോ
ഹാജിമാർ മക്കയിൽ ഒത്തു ചേർന്ന്
ഹജ്ജിൽ മുഴുകുന്ന മാസമല്ലോ.
ഇബ്‌റാഹീം നബിയോരെ ത്യാഗങ്ങളും
ഇസ്മാഈൽ നബിയോരെ അർപ്പണവും
വീണ്ടുമാ ചരിതങ്ങൾ ഓർത്തെടുക്കാൻ
ദുൽഹിജ്ജ മാസം പിറന്നുവല്ലോ.
റബ്ബിന്റെ തൃപ്തിയിൽ ജീവിച്ചെന്നാൽ
കാര്യങ്ങൾ അവനിൽ തവക്കുൽ ചെയ്താൽ
റബ്ബിന്റെ കാവൽ തുണയുണ്ടാകും
ഇബ്‌റാഹീം ചരിതങ്ങൾ പാഠമല്ലോ.
തൗഹീദിൻ ശബ്ദം ഉയർത്തിയപ്പോൾ
തീയിൽ എറിയപ്പെട്ടുള്ള ദൂതൻ
തീയിനെ റബ്ബ് തണുപ്പാക്കിയേ
തെല്ലുമുപദ്രവം ഏറ്റതില്ല.
മകനാം ഇസ്മാഈലിന്റെ കൂടെ
കഅ്ബ പുതുക്കി പണിഞ്ഞവര്.
ഹജ്ജിൻ വിളംബരം ചെയ്ത ദൂതൻ
ജനലക്ഷം ഉത്തരമേകിടുന്നു.
ലബ്ബൈകല്ലാഹുമ്മ ലബ്ബൈകെന്ന്
ഏക സ്വരത്തിൽ മൊഴിഞ്ഞുകൊണ്ട്
തൗഹീദിൻ സാരം അറിഞ്ഞുകൊണ്ട്
ഹാജിമാർ മക്കയിൽ എത്തിടുന്നു.

