വായിച്ചു വളരാം
ജമീല ചങ്ങരംകുളം
2026 ആഗസ്റ്റ് 29, 1448 റബീഉൽ അവ്വൽ 16

അറിവുകൾ വിരിയും പൂന്തോട്ടത്തിലെ
തേനീച്ചകളായ് മാറീടാം,
തേൻനുകരും പോൽ അറിവു നമുക്ക്
ഒന്നൊന്നായി നുകർന്നീടാം.
പുസ്തകമെന്നത് അറിവിന്നുറവാം
അതിന്റെ കൂടെ കൂടീടാം,
ശാശ്വത സ്വർഗം നേടിയെടുക്കാൻ
ദീനിന്നറിവുകൾ നേടീടാം.
ക്വുർആനും തിരുനബിയുടെ ചര്യകൾ
പഠിച്ചു നമുക്ക് മുന്നേറാം,
ഉത്തമമാം ഗുണമൊത്തൊരുമിക്കും
വിശ്വാസികളായ് മാറീടാം.
അറിവിൻ വെള്ളിവെളിച്ചം കാട്ടും
നമ്മുടെ ഗുരുനാഥൻമാര്,
നമുക്ക് ബഹുമാനിക്കാം അവരെ,
അനുസരിക്കാൻ ശീലിക്കാം.
സ്നേഹത്തിൻ നിറകുടമാം ഉപ്പയും
ഉമ്മയുമെന്നത് ഓർക്കേണേ,
നമുക്കുവേണ്ടി രാവും പകലും
കഷ്ടപ്പെടുമവർ ഇരുപേരും.
അറിവത് വർധിക്കുമ്പോൾ നമ്മൾ
വിനയാന്വിതരായ് മാറേണം,
അഹന്ത കാണിക്കാതെ റബ്ബിൻ
കൽപന കേട്ടു നടക്കേണം.
