പെരുന്നാൾ സമ്മാനം

അഫ്‌നിദ ബിൻത് ലത്തീഫ് വടുതല

2026 മാർച്ച് 14, 1447 റമദാൻ 24

വൈകുന്നേരം സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ഫൈസൽ ഒന്നും മിണ്ടാതെ ഉമ്മറത്ത് ഇരിപ്പുറപ്പിച്ചു. അവന്റെ ചിന്തകളെല്ലാം അടുത്തെത്തിയ പെരുന്നാളിനെപ്പറ്റിയായിരുന്നു. ഏതാനും ദിവസം കഴിഞ്ഞാൽ പെരുന്നാളാണ്. കൂട്ടുകാരെല്ലാം പുത്തനുടുപ്പുകൾ വാങ്ങാനുള്ള ആവേശത്തിലാണ്. പലരും വാങ്ങിക്കഴിഞ്ഞു.

എനിക്കും പുത്തനുടുപ്പ് കിട്ടിയിരുന്നെങ്കിൽ! വാപ്പയുണ്ടായിരുന്നെങ്കിൽ എനിക്കും വാങ്ങിത്തന്നേനെ. തനിക്ക് ആകെയുള്ളത് രണ്ട് ജോഡി ഷർട്ടും പാന്റ്‌സുമാണ്. അതിൽ ഒന്ന് കീറിത്തുടങ്ങിയിട്ടുണ്ട്. തന്റെ സങ്കടം ഉമ്മയോട് എങ്ങനെ പറയും? സുഖമില്ലാത്ത അവസ്ഥയിലും വല്ലപ്പോഴും കൂലിപ്പണിക്ക് പോയിട്ടാണ് കഞ്ഞിക്ക് വക കണ്ടെത്തുന്നത്. പിന്നെ ഉമ്മയെ പ്രയാസപ്പെടുത്തുന്നത് എങ്ങനെയാണ്.

ഫൈസൽ ഇട്ടിരുന്ന ഷർട്ടിന്റെ ഒരറ്റം പിടിച്ച് തന്റെ കണ്ണുകൾ തുടച്ചു.

‘വേണ്ട... എനിക്ക് പുത്തനുടുപ്പൊന്നും വേണ്ട.’ അവൻ ആരോടെന്നില്ലാതെ പതിയെ പറഞ്ഞു.

ഒരു അപകടത്തിലാണ് ഫൈസലിന്റെ വാപ്പ മരണപ്പെട്ടത്. അവന് സഹോദരങ്ങളില്ല. പഠനത്തിൽ വളരെ മിടുക്കനായ ഫൈസലിന്റെ പഠനകാര്യത്തിൽ ഉമ്മ ഏറെ ശ്രദ്ധിക്കുന്നുണ്ട്. തന്റെ മകൻ പഠിച്ചു വലിയ നിലയിൽ എത്തിക്കാണാൻ അവർ ഏറെ കൊതിക്കുന്നു.

‘പഠനത്തിൽ നല്ലവണ്ണം ശ്രദ്ധിക്കണം, ആരോടും വഴക്കിടരുത്, കള്ളം പറയരുത്, ആരെയും പറ്റിക്കരുത്, നമുക്ക് ഇല്ലെന്ന് കരുതി മറ്റുള്ളവരുടെ സാധനങ്ങൾ അവരുടെ അനുവാദം ഇല്ലാതെ എടുക്കരുത്, കളഞ്ഞു കിട്ടിയ സാധനങ്ങൾ ഉപയോഗിക്കരുത്...’ എന്നിങ്ങനെ അവന്റെ ഉമ്മ അവനെ നിരന്തരം ഉപദേശിക്കുമായിരുന്നു.

‘മോനേ, നീ എന്താണ് ഇങ്ങനെ സങ്കടപ്പെട്ട് ഇരിക്കുന്നത്? ചായ കുടിക്കണ്ടേ? പഞ്ചസാര കഴിഞ്ഞിട്ടുണ്ട്. കടയിൽ പോയി അരക്കിലോ പഞ്ചസാര വാങ്ങി കൊണ്ടു വാ.’

ഫൈസൽ കാശു വാങ്ങി നേരെ കുറച്ചകലെയുള്ള കടയിലേക്ക് പോയി. നടന്നു പോകുന്നതിനിടയിൽ തുണിക്കടയിൽ പോയി വസ്ത്രം വാങ്ങി വരുന്ന പലരെയും കണ്ടപ്പോൾ അവന്റെ മനസ്സ് തേങ്ങി. തലയും താഴ്ത്തി നടന്നു നീങ്ങുന്നതിനിടയിലാണ് ഒരു പേഴ്‌സ് വഴിയിൽ കിടക്കുന്നത് ഫൈസൽ കണ്ടത്. അവൻ ചുറ്റും നോക്കി. ആരെയും കാണുന്നില്ല. കാലിയാകുമോ? ഉള്ളിൽ കാശുണ്ടാകുമോ? എടുത്തു നോക്കണോ? എടുക്കാൻ പാടില്ലെന്ന് ഉമ്മ എപ്പോഴും പറയാറുണ്ടല്ലോ. ഒരുപക്ഷേ, ആരെങ്കിലും ഒഴിവാക്കിയതാകാം. എടുത്തു നോക്കാം.

ഫൈൽ ആ പേഴ്‌സ് കൈയിലെടുത്തു. അവൻ തരിച്ചു നിന്നു പോയി. അതിൽ അഞ്ഞൂറിന്റെ കുറെ നോട്ടുകൾ! വിറക്കുന്ന കൈകളോടെ അവനത് പാന്റ്‌സിന്റെ പോക്കറ്റിലിട്ടു. അവന്റെ കുഞ്ഞുമനസ്സിൽ അപ്പോൾ പെരുന്നാളിന്റെ പുതുവസ്ത്രം മാത്രമെ ഉണ്ടായിരുന്നുള്ളൂ.

വീട്ടിലെത്തിയപ്പോൾ ഫൈ സൽ ഉമ്മയോട് ചോദിച്ചു: ‘ഉമ്മാ, ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ?’

‘എന്റെ മോനോട് ഉമ്മയെന്തിന് ദേഷ്യപ്പെടണം? അതുപോട്ടെ, നീ കാര്യം പറയ്.’

അവൻ കീശയിൽനിന്ന് പേഴ്‌സെടുത്ത് ഉമ്മയുടെ നേരെ നീട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു: ‘ഇത് വഴിയിൽനിന്ന് കിട്ടിയതാ. ഇതുകൊണ്ട് എനിക്ക് പെരുന്നാൾ വസ്ത്രം വാങ്ങിത്തരാമോ ഉമ്മാ?’

അവർ അവന്റെ കൈയിൽനിന്ന് പേഴ്‌സ് വാങ്ങി തുറന്നു നോക്കി. ആരുടെയോ കളഞ്ഞുപോയ കാശ്! അഞ്ഞൂറിന്റെ പത്ത് നോട്ടുകൾ.

നിറകണ്ണുകളോടെ അവർ മകനെ ചേർത്തുപിടിച്ച് പറഞ്ഞു:

‘പുത്തനുടുപ്പില്ലാത്തതിനാൽ എന്റെ മോന് പ്രയാസമുണ്ടെന്ന് ഉമ്മാക്ക് അറിയാം. എന്നാലും തെറ്റ് ചെയ്യരുത് മോനേ. ആ രൂപ നഷ്ടപ്പെട്ടതിനാൽ അതിന്റെ ഉടമ എത്രമാത്രം വേദനിക്കുന്നുണ്ടാകും. അയാൾക്കല്ലേ അതറിയൂ. നമുക്കീ പൈസ വേണ്ട മോനേ. അല്ലാഹു നമുക്ക് ഒരു വഴി കാണിച്ചുതരും. എന്റെ പൊന്നുമോൻ അത് കിട്ടിയ സ്ഥലത്തു തന്നെ കൊണ്ടുപോയി ഇട്ടേക്ക്. അവിടെ കുറച്ചു നേരം കാത്തുനിൽക്ക്. ചിലപ്പോൾ അത് അന്വേഷിച്ച് അതിന്റെ ഉടമ അതുവഴി വരാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ ധനം നമുക്ക് വേണ്ട മോനേ.’

ഫൈസൽ പേഴ്‌സുമായി അത് കിട്ടിയ സ്ഥലത്തു ചെന്ന് കാത്തിരിപ്പായി. ഏറെ നേരം അവൻ ആ നിൽപ്പ് തുടർന്നു. ആരും കാണാതായത് തിരഞ്ഞ് അതുവഴി വന്നില്ല.

നേരം സന്ധ്യയാവാറായി. ഇനിയും കാത്തുനിന്നാൽ ഇരുട്ടാകും. പേഴ്‌സ് ഇവിടെത്തന്നെ ഇട്ട് തിരിച്ചു പോകാം. ആ സമയത്താണ് ഒരാൾ ബൈക്കിൽ അതുവഴി വന്നത്.

അവനെ കണ്ടതും അയാൾ ബൈക്ക് നിറുത്തി ചോദിച്ചു: ‘എന്താ മോനേ, ഈ സന്ധ്യാനേരത്ത് ഇവിടെ തനിച്ച് നിൽക്കുന്നത്? വീട്ടിൽ പോകുന്നില്ലേ?’

‘എനിക്ക് ഇവിടെനിന്ന് ഒരു സാധനം കളഞ്ഞുകിട്ടി. അതിന്റെ ഉടമസ്ഥൻ തിരഞ്ഞുവരുമോ എന്ന് കാത്തു നിൽക്കുകയാണ്’-ഫൈസൽ പറഞ്ഞു.

‘മോനേ, ഒരു പേഴ്‌സാണോ? ഞാൻ ഇന്ന് ജോലി കഴിഞ്ഞ് ഇതിലെ തിരിച്ചുപോകുമ്പോൾ അത് നഷ്ടപ്പെട്ടിരുന്നു. ഞാൻ അതു തിരഞ്ഞ് വന്നതാണ്. ഈ ഭാഗത്ത് എവിടെയോ ചാടിയതാകാനാണ് സാധ്യത. ഒരു ഫോൺ കോൾ വന്നപ്പോൾ ഞാൻ ഇവിടെ വെച്ച് പോക്കറ്റിൽനിന്ന് ഫോൺ എടുത്തിരുന്നു. അന്നേരം പേഴ്‌സ് താഴെ വീണതാകാനാണ് സാധ്യത. അഞ്ഞൂറിന്റെ പത്തു നോട്ടുകളാണ് അതിലുണ്ടായിരുന്നത്...’

‘ഇതാണോ നിങ്ങളുടെ പേഴ്‌സ്’ എന്നു ചോദിച്ചുകൊണ്ട് ഫൈസൽ അത് അയാളുടെ നേരെ നീട്ടി.

അതു കണ്ടപാടെ അയാൾ പറഞ്ഞു: ‘ഇതുതന്നെ എന്റെ പേഴ്‌സ്.’

അയാളത് വാങ്ങി തുറന്നു നോക്കി. അതിൽ മുഴുവൻ കാശുമുണ്ടെന്ന് ഉറപ്പുവരുത്തി.

‘മോനേ, വലിയ ഉപകാരം. നീ നല്ലവനാണ്. നീ ആരുടെ കുട്ടിയാ?’

‘എനിക്ക് ഉപ്പയില്ല, മരിച്ചുപോയി. ഉമ്മ മാത്രമേയുള്ളൂ.’

അയാൾ അവന്റെ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു.

അയാൾ ഫൈസലിനെ ബൈക്കിലിരുത്തി അവന്റെ വീട്ടുപടിക്കൽ കൊണ്ടുപോയി ഇറക്കി. ബൈക്കിന്റെ ശബ്ദം കേട്ട് ഫൈസലിന്റെ ഉമ്മ പുറത്തുവന്നു.

‘ആരാ...? എന്താ...?’ അവർ പരിഭ്രമത്തോടെ ചോദിച്ചു.

‘എന്റെ കളഞ്ഞുപോയ കാശ് നിങ്ങളുടെ മകൻ എനിക്ക് തിരിച്ചുതന്നു. രാത്രിയാകാറായില്ലേ, അതുകൊണ്ട് അവനെ ഇവിടെ കൊണ്ടുവിടാൻ വന്നതാ.’

ഫൈസൽ സലാം പറഞ്ഞ് വീട്ടിലേക്ക് കയറാനൊരുങ്ങവെ അയാൾ ഏതാനും നോട്ടുകളെടുത്ത് ഫൈസലിന്റെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു:

‘ഇതിരിക്കട്ടെ, എന്റെ വക പേരുന്നാൾ സമ്മാനം. മോനും ഉമ്മാക്കും പെരുന്നാൾ വസ്ത്രം വാങ്ങാനുള്ളത്. അല്ലാഹു അനുഗ്രഹിക്കട്ടെ.’

ഇതും പറഞ്ഞ് അയാൾ സലാം ചൊല്ലി ബൈക്കോടിച്ച് പോയി.

ഫൈസലും ഉമ്മയും ഒരു സ്വപ്നലോകത്തെന്ന പോലെ നിൽക്കെ, അയാളുടെ ബൈക്കിന്റെ ശബ്ദം നേർത്തു നേർത്ത് ഇല്ലാതായി.