നോമ്പിൻ മാസം
ഉസ്മാൻ പാലക്കാഴി
2026 ഫെബ്രുവരി 21, 1447 റമദാൻ 03

നോമ്പിൻ മാസം വന്നല്ലോ
റമദാൻ എന്നൊരു മാസമത്.
ക്വുർആനിന്റെ മാസമത്
ആനന്ദത്തിൻ മാസമത്.
തെറ്റുകളൊക്കെയും വർജിച്ചാൽ,
ശരിയായ് നോമ്പത് നോറ്റെന്നാൽ,
റയ്യാൻ എന്ന കവാടത്തിൽ
സ്വർഗത്തോപ്പിൽ എത്താമെ.
വയറിനു മാത്രം അല്ലല്ലോ
നോമ്പെന്നറിയൂ കുട്ടികളേ...
കണ്ണിനും കാതിനും നോമ്പുണ്ട്,
കൈയിനും കാലിനും നോമ്പുണ്ട്.
കാണേണ്ടതു നാം കാണേണം,
കാണേണ്ടാത്തതു കാണരുതേ.
അതുതാൻ കണ്ണിൻ നോമ്പറിയൂ
അതു പാലിക്കണമെപ്പോഴും.
കേൾക്കേണ്ടതു നാം കേൾക്കേണം,
പാടില്ലാത്തത് കേൾക്കരുതേ.
അതുതാൻ കാതിൻ നോമ്പറിയു,
അതു പാലിക്കണമെപ്പോഴും.
കൈയാൽ തെറ്റുകൾ ചെയ്യരുതേ,
നല്ലതു മാത്രം ചെയ്യേണം.
അതുതാൻ കൈയിൻ നോമ്പറിയു,
അതു പാലിക്കണമെപ്പോഴും.
തെറ്റുകൾ ചെയ്യാൻ പോകുമ്പോൾ
കാലടി തെറ്റിൻ മാർഗത്തിൽ!
കാലാൽ തെറ്റുകൾ ചെയ്യരുതേ
അതു പാലിക്കണമെപ്പോഴും.
നല്ലതുമാത്രം പറയേണം
എങ്കിൽ നാവിൻ നോമ്പായി.
മിതമായ് മാത്രം ഭക്ഷിക്കാം
നല്ലത് മാത്രം ഭക്ഷിക്കാം.
ക്വുർആൻ ഓതൽ പതിവാക്കാം
ആശയ പഠനം ശീലിക്കാം.
നിസ്‌കാരം അത് നിർബന്ധം
നഷ്ടക്കാർ, അത് വെടിയുന്നോർ.

