തിരിച്ചറിവിന്റെ വെളിച്ചം

ഹലീമ ബിൻത് ഇഅ്ജാസ്

(ക്ലാസ്-9, മദ്‌റസതു ഹിമായത്തുൽ ക്വുർആൻ കുഞ്ഞിപ്പള്ളി, കോഴിക്കോട് നോർത്ത്)

2026 ജൂലൈ 18, 1448 സ്വഫർ 04

പത്ത് സ്വർഗാവകാശികളെ കുറിച്ച് ഞാൻ പഠിച്ചിട്ടുണ്ട്. അവരിൽപെട്ട അബു ഉബൈദത്ത് ഇബ്‌നുൽ ജർറാഹി(റ)ന് ദുനിയാവിനോട് കടുത്ത വിരക്തിയായിരുന്നു. ഞാൻ ആ സ്വഹാബിയെ കുറിച്ച് കുറെ ചിന്തിച്ചു. ഇപ്പോൾ എനിക്കും ദുനിയാവിനോട് വിരക്തിയാണ്. കാരണം പരലോകമാണ് എന്നെന്നും നിലനിൽക്കുന്നത്; ഇഹലോകമാകട്ടെ നശിക്കുന്നതുമാണ്.

‘പക്ഷേ, നിങ്ങൾ ഐഹിക ജീവിതത്തിന് പ്രാധാന്യം നൽകുന്നു. പരലോകമാകട്ടെ ഏറ്റവും ഉത്തമവും കൂടുതൽ ശേഷിക്കുന്നതുമാണ്’ എന്ന ക്വുർആൻ വചനവും ആ സ്വഹാബിയുടെ ചരിത്രവുമാണ് എനിക്ക് ദുനിയാവിനോട് വിരക്തി തോന്നാൻ കാരണം.

ദുനിയാവിനോട് വിരക്തി തോന്നിയാൽ നമുക്ക് കുറെ നേട്ടങ്ങൾ ഉണ്ടാവും. നമ്മൾ ഹറാമുകളിൽ നിന്ന് വിട്ടുനിൽക്കും, നമസ്‌കാരം അതിന്റെ കൃത്യസമയത്ത് നിർവഹിക്കും, സൽകർമങ്ങൾ പ്രവർത്തിക്കും, നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യും, അല്ലാഹു കൽപിച്ച കാര്യങ്ങൾ അനുസരിക്കും; അങ്ങനെ ധാരാളം നന്മകൾ ചെയ്യാൻ നമുക്ക് സാധിക്കും. ദുനിയാവിനോടുള്ള വിരക്തിയുടെ ഉദ്ദേശ്യം അല്ലാഹു അനുവദിച്ച കാര്യങ്ങൾ പോലും ഒഴിവാക്കി ജീവിക്കുക എന്നതല്ല, ദുനിയാവിനോട് അമിതമായ താൽപര്യം കാണിക്കുകയും അതിനാൽ പരലോകത്തെ മറക്കുകയും ചെയ്യുക എന്ന അവസ്ഥ ഇല്ലാതാ കലാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അത്തരക്കാർക്കാണ് സ്വർഗത്തിൽ പ്രവേശിക്കാനും സാധിക്കുക.