ശിയാക്കളുടെ വ്യാജ ഹദീസുകൾ

ഡോ. ടി. കെ. യൂസുഫ്

2026 സെപ്തംബർ 12, 1448 റബീഉൽ ആഖിർ 01

(ശീഇസം-ഇസ്‌ലാം: ഒരു ദാർശനിക വിശകലനം-9)

ശീഇകൾ ഉദ്ധരിക്കുന്ന ഹദീസുകളിൽ മിക്കതും അവരുടെ വാദങ്ങളെ ബലപ്പെടുത്തുന്നതും സുന്നികളുടെ അഭിപ്രായങ്ങൾക്ക് എതിരുമായിരിക്കും. വ്യാജമായ ഒരു സുന്നീപരമ്പരയുണ്ടാക്കിയാണ് അവർ ഇത്തരം ഹദീസുകൾ ഉദ്ധരിക്കാറുളളത്. ഇത് ഒരു വലിയ തെളിവായി എടുത്ത് ഇവർ സുന്നികളെ ആക്ഷേപിക്കാറുമുണ്ട്. പ്രസിദ്ധ പണ്ഡിതനും ചരിത്രകാരനുമായ ഇബ്‌നു ഖൽദൂൻ ഇക്കാര്യത്തെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്: “അവർ അവരുടെ വാദങ്ങൾക്ക് അനുഗുണമായി ചില പ്രമാണങ്ങൾ ഉദ്ധരി ക്കാറുണ്ട്, എന്നാൽ അവ സുന്നി പണ്ഡിതന്മാർക്ക് അറിയാത്തതും അവർ തന്നെ കെട്ടിച്ചമച്ചതുമാണ്. ശിയാക്കളിലെ വിഭാഗങ്ങൾക്കു പോലും മുഴുവൻ അറിയാത്ത അത്രയും ഹദീസുകൾ അവർ വ്യാജമായി നിർമിച്ചിട്ടുണ്ട്. അവരിൽ ചിലർ ഭക്തിയുടെ മേലങ്കിയണിഞ്ഞ് അഹ്‌ലുസ്സുന്നയുടെ ഹദീസ് പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിക്കുകയും അവരിൽനിന്ന് ധാരാളം സ്വഹീഹായ ഹദീസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യും. അതോടൊപ്പം അവർ തങ്ങളുടെ ആശയത്തിനു യോജിച്ച ഹദീസുകൾ കെട്ടിച്ചമയ്ക്കുകയും ചെയ്യും. ഈ പ്രവണത കാരണം സുന്നികളിലെ സാധാരണക്കാർ മാത്രമല്ല അവരിലെ പണ്ഡിതർ പോലും പിഴച്ചു പോയിട്ടുണ്ട്. എങ്കിലും ഈ സൂത്രപ്പണിയെക്കുറിച്ച് ഹദീസ് പണ്ഡിതന്മാർ ബോധവാന്മാരാകുകയും അവർ അതിന് തടയിടുകയും ചെയ്തിട്ടുണ്ട്. കള്ളി വെളിച്ചത്തായപ്പോൾ അവരിൽ പലരും ഇത് അംഗീകരിക്കുക പോലും ചെയ്തിട്ടുണ്ട്. കൂഫക്കാരനും ശീഈ പണ്ഡിതനുമായിരുന്ന ജാബിർ ബിൻ യസീദ് ഹാരിസ് അൽജഅ്ഫി ഇത്തരത്തിൽ അനേകം വ്യാജഹദീസുകൾ നിർമിച്ചിരുന്ന ഒരു വ്യക്തിയാണ്. ഹിജ്‌റ 167ൽ മരിച്ച ഇദ്ദേഹം അബ്ദുല്ലാഹ് ബിൻ സബഇന്റെ അനുയായിയും അലി(റ) മരണശേഷം വീണ്ടും ഇഹലോകത്തേക്കു തിരിച്ചുവരും എന്ന് വിശ്വസിക്കുകുയും ചെയ്തിരുന്ന വ്യക്തയായിരുന്നു.’’

അഹ്‌ലുസ്സുന്നയിൽപെട്ട ഹദീസ് പണ്ഡിതന്മാരുടെ അതേ പേരുള്ള ആളുകളിലേക്ക് ചേർത്തും ശിയാക്കൾ ഹദീസ് നിർമിക്കാറുണ്ട്. ഉദാഹരണമായി, ഇബ്‌നു കുതൈബ എന്ന പേരിൽ രണ്ടാളുകളുണ്ട്. ഒരാൾ സുന്നിയും മറ്റെയാൾ ശീഇയുമാണ്. ഇവരിൽ സുന്നിയായ ഇബ്‌നു കുതൈബ ‘അൽമആരിഫ്’ എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചു. ജനങ്ങളെ പിഴപ്പിക്കാൻ വേണ്ടി ശീഈ ഇബ്‌നു കുതൈബയും അതേ പേരിൽ ഗ്രന്ഥരചന നടത്തി. അതുപോലെ മുഹമ്മദ് ബിൻ ജരീർ ത്വബ്‌രി, ഇബ്‌നു ബത്ത എന്നീ പേരുകളിലും രണ്ടു വിഭാഗത്തിലും പണ്ഡിതരുണ്ട്. ഒരു ഗ്രന്ഥകാരന്റെ പേരും പിതാവിന്റെ പേരും സ്ഥാനപ്പേരുമെല്ലാം മറ്റൊരൊളെ പോലെ ആകുക എന്നത് യാദൃച്ഛികമാകാം; എന്നാൽ ഈ ഇരട്ട നാമങ്ങൾ സത്യാന്വേഷകരെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. അഹ്സ്സുന്നയിൽ പെട്ട ഒരു പണ്ഡിതൻ ഒരു ഗ്രന്ഥം രചിച്ചാൽ അതേ പേരിലുള്ള ശീഈ പണ്ഡിതനും അതേ പേരിൽ ഒരു ഗ്രന്ഥം രചിക്കും; ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഇവ തമ്മിൽ അജഗജാന്തരമുണ്ടാകയും ചെയ്യും.

അഹ്‌ലുസ്സുന്നയിലെ ഹദീസ് പണ്ഡിതന്മാർ ഹദീസിന്റെ സനദ് പരിശോധിക്കുന്നതോടൊപ്പം അതിലെ ആശയം അടിസ്ഥാന പ്രമാണങ്ങൾക്കു യോജിക്കുന്നുണ്ടോ എന്നുകൂടി പരിശോധിക്കാറുണ്ട്. നബി ﷺയുടെ ഹദീസുകളുടെ ഭാഷാശൈലിയും ഒഴുക്കും അറിയുന്നവർക്ക് കള്ളഹദീസുകൾ ഒറ്റ നോട്ടത്തി ൽതന്നെ തിരിച്ചറിയാനാകും. അതുകൊണ്ടുതന്നെ ഒരു വ്യാജഹദീസ് യഥാർഥ ഹദീസിന്റെ പരമ്പരയിൽ കെട്ടിവെച്ചാലും കണ്ടെത്താനാകും. ഇബ്‌നുൽ ക്വയ്യിം അൽജൗസിയോട് വ്യാജ ഹദീസുകൾ പരമ്പര നോക്കാതെ തിരിച്ചറിയാനാകുമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “നബിﷺയുടെ ജീവിതവും സന്ദേശവും കൽപനകളും വിരോധങ്ങളും മനസ്സിലാക്കുകയും സ്വഹീഹായ ഹദീസുകൾ നന്നായി ഗ്രഹിക്കുകയും അവ അവന്റെ രക്തത്തിലും മജ്ജയിലും മാംസത്തിലും അലിഞ്ഞു ചേരുകയും ചെയ്താൽ അവനു നബിവചനങ്ങൾ വേർതിരിച്ചറിയാനുള്ള ഒരു പ്രത്യേക സിദ്ധിയുണ്ടാകും.’’

സ്വഹാബികളെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുള്ള ഗ്രന്ഥങ്ങൾ രചിച്ച് സുന്നീ പണ്ഡിതന്മാരുടെ പേരിൽ ചേർക്കുന്നതും മറ്റൊരു ശീഈ തന്ത്രമാണ്. ഒട്ടേറെ അപകടകരമായ ആശയങ്ങൾ ഉൾകൊള്ളുന്ന ‘സിർറുൽ ആലിമീൻ’ എന്ന ഒരു ഗ്രന്ഥം അബൂഹാമിദുൽ ഗസ്സാലിയുടെ പേരിൽ ചാർത്തിയത് ഇതിന് ഉദാഹരണമാണ്. ശീഇകൾ ഈ ഗ്രന്ഥമാണ് സുന്നികൾക്കെതിരെയുള്ള തെളിവിന് അവലംബിക്കാറുളളത്. ബോംബെയിലും കൈറോവിലും ടെഹ്‌റാനിലും അച്ചടിച്ചിട്ടുള്ള പ്രസ്തുത ഗ്രന്ഥം ഗസ്സാലിയുടെതല്ലെന്നുള്ളതിനുള്ള തെളിവുകൾ അതിനകത്തുതന്നെ കാണാനാവും. ‘മഅരി, ഞാൻ യുവാവായിരിക്കെ എന്നോട് പറഞ്ഞു’ എന്ന ഒരു പരാമർശം അതിലുണ്ട്. 448ൽ മരിച്ച മഅരി 450ൽ ജനിച്ച ഗസ്സാലിയോട് സംസാരിച്ചു എന്നു പറഞ്ഞാൽ അത് വിശ്വസിക്കാൻ പ്രയാസമുണ്ട്. ഇതുപോലെ ഒട്ടനവധി ഗ്രന്ഥങ്ങൾ സുന്നി പണ്ഡിതന്മാരുടെ മേൽ വെച്ചുകെട്ടിയിട്ടുണ്ട്. എന്നാൽ ശീഇകളുടെ തന്ത്രങ്ങളും സുന്നികളുടെ ആശയങ്ങളും അറിയുന്നവർക്ക് അവ വേർതിരിച്ചെടുക്കാൻ കഴിയും.

സ്വഹാബികളെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ഇവർ ചില ഗ്രന്ഥങ്ങളിൽനിന്ന് ഉദ്ധരിക്കാറുണ്ട്. ഗ്രന്ഥകർത്താക്കളുടെ പേരുകൾ സുന്നി പണ്ഡിതന്മാരായിരിക്കുമെങ്കിലും ആ പേരിലുള്ള ഒരു ഗ്രന്ഥം ചിലപ്പോൾ ഭൂമുഖത്ത് ഉണ്ടായിക്കൊള്ളണമെന്നില്ല. ഇനി ആ പേരിൽ ഒരു ഗ്രന്ഥം ഉണ്ടെങ്കിൽതന്നെ അതിൽ അവർ പറയുന്ന വാചകങ്ങൾ ഉണ്ടാകുകയുമില്ല.

ശീഇകൾ കെട്ടിച്ചമച്ച ഹദീസുകൾ പരിശോധിക്കുകയാണെങ്കിൽ പ്രഥമദൃഷ്ട്യാ തന്നെ അത് വ്യാജമാണെന്ന് ബോധ്യപ്പെടും. അതിലൊന്ന്: ‘ഇതാണ് പന്ത്രണ്ട് ഇമാമുകൾ, അവർ വിശ്വാസത്തിന്റെ തൂണുകളാണ്. അവരുടെ ശിപാർശ കൂടാതെ അല്ലാഹു തന്റെ അടിമകളുടെ പ്രവർത്തനങ്ങൾ സ്വീകരിക്കുകയില്ല.’ മറ്റൊരു ഹദീസ് ഇപ്രകാരമാണ്: “നബി, അലി, ഫാത്വിമ, ഹസൻ, ഹുസൈൻ എന്നീ അഞ്ച് പേരില്ലായിരുന്നുവെങ്കിൽ അല്ലാഹു ആദം, അർശ്, കുർശ്, ആകാശഭൂമികൾ, മലക്കുകൾ, ജിന്ന്, ഇൻസ് എന്നിവരെയൊന്നും സൃഷ്ടിക്കുകയില്ല. നബിയെയും അലിയെയും ഒരു ഒളിയിൽ നിന്നാണ് സൃഷ്ടിച്ചത്. അലിയുടെ മുഖത്തെ പ്രകാശം കൊണ്ടാണ് മലക്കുകളെ സൃഷ്ടിച്ചത്.’’

വളരെ പ്രചാരത്തിലുളള ഹദീസുകളിൽ അനുബന്ധമായി അൽപം ചില കാര്യങ്ങൾ കൂടി വർധിപ്പിച്ചുകൊണ്ടും ശീഇകൾ അവരുടെ താൽപര്യം സംരക്ഷിക്കാറുണ്ട്. തബൂക്ക് യുദ്ധവേളയിൽ അലി(റ)യെ മദീനയിൽ ഖലീഫ(പ്രതിനിധി)യാക്കിയ സംഭവത്തിൽ ‘നീ മദീനയിൽ എന്റെ ഖലീഫ ആയതിനു ശേഷമല്ലാതെ എനിക്ക് പോകാൻ സാധിക്കുകയില്ല’ എന്ന ഒരു വാലുകൂടി ചേർത്തിട്ടുണ്ട്. ഈ അനുബന്ധം ചരിത്രത്തെക്കുറിച്ച് തികഞ്ഞ അജ്ഞതയുള്ളവർ ഉണ്ടാക്കിയതാണ് എന്നതിൽ സംശയമില്ല. മദീനയിൽ അലി(റ)യെ ഖലീഫയാക്കാതെ എത്രയോ തവണ പ്രവാചകൻﷺ പുറത്തു പോയിട്ടുണ്ട്. ഹൂദൈബിയ ഉംറ നിർവഹിച്ചപ്പോഴും ഖൈബർ യുദ്ധത്തിലും ബദ്ർ യുദ്ധത്തിലും ഹജ്ജത്തുൽ വദാഇലും അലി(റ) നബിﷺയുടെ കൂടെത്തന്നെയുണ്ടായിരുന്നു; അപ്പോഴെല്ലാം മറ്റുള്ളവരായിരുന്നു മദീനയിൽ പ്രതിനിധിയായിരുന്നത്.

ചില മുഅ്തസിലി പണ്ഡിതന്മാരെക്കുറിച്ച് അവർ തീവ്ര സൂന്നീ പക്ഷക്കാരാണെന്ന് പ്രചരിപ്പിക്കുകയും അവരിൽ നിന്ന് അഹ്‌ലുസ്സുന്നയെ എതിർക്കുകയും ശീഇകളിലെ പന്ത്രണ്ട് ഇമാമുകളെ പിന്തുണക്കുകയും ചെയ്യുന്ന ചില കാര്യങ്ങൾ ഉദ്ധരിക്കുകയും ചെയ്യുക എന്നത് ഇവരുടെ മറ്റൊരു തന്ത്രമാണ്. അതു പോലെ പല സ്വഹീഹായ ഹദീസുകളെയും ഈ പന്ത്രണ്ട് ഇമാമുകൾക്ക് അനുകൂലമായി ഇവർ വ്യാഖ്യാനിക്കാറുണ്ട്. മുസ്‌ലിം റിപ്പോർട്ട് ചെയ്ത ‘ഭരണം ക്വുറൈശികൾക്കാണ്, അവരിൽനിന്ന് പന്ത്രണ്ടു ഖലീഫമാർ ഉണ്ടാകുന്നതുവരെ അത് അവസാനിക്കുകയില്ല’ എന്ന ഹദീസിലെ പന്ത്രണ്ട് ഖലീഫമരെക്കൊണ്ട് ഉദ്ദേശ്യം പന്ത്രണ്ട് ഇമാമുമാരാണ് എന്നാണ് ശിയാക്കളുടെ വ്യാഖ്യാനം.

സുന്നികളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടി ശീഇകൾ വേറെയും തന്ത്രങ്ങൾ നടത്താറുണ്ട്. അവയിലൊന്ന് ഇപ്രകാരമാണ്: നാലു ഖലീഫമാരെക്കുറിച്ചും സുന്നീ പണ്ഡിതന്മാരുടെ പേരിൽ ഗ്രന്ഥം രചിക്കുകയും അതിൽ അവരുടെ അപദാനങ്ങൾ വാഴ്ത്തുകയും ചെയ്യും. ആദ്യത്തെ മൂന്ന് ഖലീഫമാരുടെയും ചരിത്രം വായിക്കുമ്പോൾ ഇത് എഴുതിയത് ഒരു സുന്നിയാണ് എന്നുതന്നെ തോന്നും. എന്നാൽ അലി(റ)യുടെ ശ്രേഷ്ഠത വിവരിക്കുമ്പോഴായിരിക്കും മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ കാണുക. ഇത് വായിക്കുന്ന ഒരു സാധാരണക്കാരൻ വിചാരിക്കും ‘സുന്നികൾ എഴുതിയ ഗ്രന്ഥങ്ങളിൽ പോലും ആദ്യത്തെ മൂന്ന് ഖലീഫമാരെക്കുറിച്ച് മോശമായ പ്രസ്താവനകളുണ്ട്, എന്നിട്ടല്ലേ ശിയക്കളുടെ ഗ്രന്ഥങ്ങൾ’ എന്ന്. ഇങ്ങനെ പലവിധ കുതന്ത്രങ്ങളിലൂടെയും അവർ സുന്നികളെ കബളിപ്പിച്ചുകൊണ്ടിരിക്കും.

(തുടരും)