വെറ്റിനറി രംഗത്തെ മുസ്‌ലിം സംഭാവനകൾ

ഡോ. ടി. കെ. യൂസുഫ്

2026 ഏപ്രിൽ 11, 1447 ശവ്വാൽ 23

(വൈദ്യശാസ്ത്രം: മുസ്‌ലിംകളുടെ സംഭാവനകൾ 08)

ജീവകാരുണ്യ രംഗത്ത് ഇസ്‌ലാം നൽകിയ മാർഗനിർദേശങ്ങളാണ് മൃഗവൈദ്യരംഗത്ത് സംഭാവനയർപ്പിക്കാൻ മുസ്‌ലിംകൾക്ക് പ്രചോദനമായത്. ജാഹിലിയ്യ കാലത്ത് മൃഗങ്ങളുടെ കാത് കീറിയും ചാപ്പ കുത്തിയും മറ്റും അടയാളം വെക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ജന്തുക്കളെ അകാരണമായി മുറിവേൽപ്പിക്കുന്ന എല്ലാ ചെയ്തികളും ഇസ്‌ലാം നിഷിദ്ധമാക്കി. ഭക്ഷണത്തിനു വേണ്ടിയല്ലാതെ മൃഗങ്ങളെ അറുക്കാൻ അനുവാദമില്ല എന്ന് മാത്രമല്ല, മൂർച്ചയില്ലാത്ത ആയുധംകൊണ്ട് മൃഗങ്ങളെ അറുക്കുന്നത് പോലും പ്രവാചകൻﷺ വിലക്കിയിട്ടുണ്ട്. അമ്പെയ്ത്ത് പഠിക്കുന്ന സന്ദർഭത്തിൽ മൃഗങ്ങളെ നാട്ടക്കുറിയായി പ്രതിഷ്ഠിക്കുന്നതും കോഴിപ്പോര്, കാളപ്പോര് തുടങ്ങിയ ക്രൂരവിനോദങ്ങളും ഇസ്‌ലാം വിലക്കിയ കാര്യങ്ങൾ തന്നെയാണ്. മനുഷ്യർക്ക് അനാട്ടമി പഠിക്കാൻ മാത്രമാണ് മൃഗശരീരം കീറി മുറിക്കാൻ അനുവാദമുള്ളത് എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം.

മൃഗങ്ങളുടെ കൂട്ടത്തിൽ യുദ്ധത്തിന് ഉപയോഗിക്കുന്ന കുതിരകൾക്കും, പക്ഷികളുടെ കൂട്ടത്തിൽ വേട്ടക്ക് ഉപയോഗിക്കുന്ന പ്രാപിടിയനുമാണ് അറബികൾ ഏറെ പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ ഇമാം ജാഹിദിന്റെ ‘ഹയവാൻ’ എന്ന ഗ്രന്ഥത്തിൽ എല്ലാ ജീവികളുടെയും ഗുണവിശേഷണങ്ങൾ വിവരിക്കുന്നതായി കാണാം. മൃഗങ്ങളിലെ കുതിര, കഴുത, നായ, കുറുക്കൻ തുടങ്ങി വ്യത്യസ്ത വർഗങ്ങളിലുള്ള മൃഗങ്ങളെ ഇണചേർത്ത് സങ്കരയിനം ഉദ്പാദിക്കുന്ന രീതിയും അദ്ദേഹം വിവരിക്കുന്നുണ്ട്. അത് പോലെ മൃഗങ്ങൾക്ക് ഒരു വൃഷണമുണ്ടെങ്കിൽ പോലും പ്രത്യുത്പാദനം നടത്താനും ജീവിക്കാനും കഴിയുമെന്ന് അദ്ദേഹം സമർഥിക്കുന്നുണ്ട്.

വേട്ടപ്പക്ഷി വിജ്ഞാനവും മുസ്‌ലിംകളും

ഫാൽക്കൺ പക്ഷികളെയും പരുന്തുകളെയും പരിശീലിപ്പിച്ച് അവയെ വേട്ടപ്പക്ഷികളായി ഉപയോഗിക്കുന്ന അറിവ് അറബികൾക്ക് ചരിത്രാതീത കാലം തൊട്ടുതന്നെ വശമുള്ളതാണ്. ‘ബൈസറ’ എന്ന സാങ്കേതിക നാമത്തിൽ അറിയപ്പെടുന്ന ഈ വിദ്യയെക്കുറിച്ചുള്ള സുചനകളും പരാമർശങ്ങളും അവരുടെ കവിതകളിലും ചിത്രങ്ങളിലും കലകളിലും കാണാവുന്നതാണ്. ലോകത്ത് ആദ്യമായി ഈ വിദ്യ തുടങ്ങിയത് ആരാണ് എന്ന് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും അറബികൾ ഈ ഈ രംഗത്തെ അതികായന്മാരായിട്ടാണ് അറിയപ്പെടുന്നത്. ക്വുർആനിലും വേട്ടയെക്കുറിച്ച് പരാമർശിക്കുന്നതായി കാണാം. (മാഇദ: 4). ഇത് മനുഷ്യന് ദൈവം നൽകിയ ഒരു കഴിവായിട്ടാണ് ക്വുർആൻ കാണുന്നത്. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ആദ്യഘട്ടങ്ങളിൽ വേട്ട പരിശീലിക്കാൻ പ്രത്യേക പ്രോത്സാഹനം നൽകിയിരുന്നു. ഈ വേട്ടയുടെ വ്യത്യസ്ത തലങ്ങൾ വിവരിക്കുന്ന ധാരാളം ഗ്രന്ഥങ്ങൾ അറബി ഭാഷയിൽ രചിക്കപ്പെട്ടിട്ടുണ്ട്. ജാഹിദിന്റെ ‘ഹയവാൻ’ എന്ന ഗ്രന്ഥത്തിൽ ‘ബൈസറ’ എന്ന ഒരു അധ്യായം തന്നെയുണ്ട്.

സൂക്ഷ്മാണു വിജ്ഞാനങ്ങളും മുസ്‌ലിംകളും

പ്രപഞ്ചത്തിലെ ഏറ്റവും സുക്ഷ്മമായ ജീവികളെക്കുറിച്ചുള്ള വിജ്ഞാനത്തിൽ മുസ്‌ലിംകൾ മറ്റുള്ളവരെക്കാൾ മുൻകടന്നുവെന്ന് പറഞ്ഞാൽ പലർക്കും അത് വിചിത്രമായി തോന്നും. ഇസ്‌ലാമിക നാഗരികതയുടെ കാലത്ത് മത വിജ്ഞാനങ്ങൾ മാത്രമല്ല സകല ഭൗതിക വിജ്ഞാനങ്ങളും വളർച്ച പ്രാപിച്ചിട്ടുണ്ട്. മുസ്‌ലിംകൾ അക്കാലത്ത് നടത്തിയ ചില സേവനങ്ങളും സംഭാവനകളും പറയുമ്പോൾ അത് ചില പഴഞ്ചൻ കണ്ടുപിടുത്തങ്ങളെല്ലേ, ഇപ്പോൾ അതിനെന്ത് പ്രസക്തി എന്ന് ചിലർക്ക് തോന്നാനിടയുണ്ട്. എന്നാൽ ആധുനിക കണ്ടുപിടുത്തങ്ങൾക്ക് അടിത്തറ പാകിയ ചില അടിസ്ഥാന തത്ത്വങ്ങളാണ് ഇവയെന്ന് ആർക്കും നിഷേധിക്കാനാകില്ല. സൂക്ഷ്മാണു വിജ്ഞാനത്തിൽ പാരാസൈറ്റോളജി എന്ന വിഭാഗത്തിന് അടിത്തറ പാകിയത് മുസ്‌ലിംകളാണ്. മൈക്രോസ്‌കോപ്പ് കണ്ടെത്തുന്നതിന് മുമ്പുതന്നെ നഗ്‌ന നേത്രങ്ങൾകൊണ്ട് കണ്ടെത്താൻ കഴിയാത്ത ചില പുഴുക്കൾ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അവർ കണ്ടെത്തുകയുണ്ടായി. മിക്ക രോഗങ്ങളും ഇവയുടെ സ്വാധീനം കൊണ്ടാണെന്ന് അവർ കണ്ടെത്തുകയും അവയ്ക്കുള്ള പരിഹാരം അവർ നിർദേശിക്കുകയും ചെയ്തു. പാരാസൈറ്റുകളിൽ ആന്തരിക പാരാസൈറ്റുകൾ, ബാഹ്യ പാരാസൈറ്റുകൾ എന്നിങ്ങനെ രണ്ടു തരമുണ്ടെന്നും അവർ കണ്ടെത്തുകയുണ്ടായി. പാരാസൈറ്റുകളുടെ സ്വാഭാവഗുണങ്ങളും അവയുണ്ടാക്കുന്ന രോഗങ്ങളും സംബന്ധിച്ച് പല മുസ്‌ലിം പണ്ഡിതരുടെയും ഗ്രന്ഥങ്ങളിൽ പരാമർശിച്ചതായി കാണാം.

(തുടരും)