വിജ്ഞാനം വെളിച്ചമാണ്
ശമീർ മദീനി
2026 ഏപ്രിൽ 04, 1447 ശവ്വാൽ 16

ശരിയായ ജ്ഞാനം ഉയർത്തപ്പെടുന്നത് അന്ത്യദിനത്തിന്റെ അടയാളങ്ങളിൽ ഒന്നായി നബി ﷺ ഉണർത്തിയിട്ടുണ്ട്. ശരിയായ അറിവു കരസ്ഥമാക്കാൻ അൽപം കഷ്ടപ്പെടുവാനും ബുദ്ധിമുട്ടുവാനും തയ്യാറല്ലാത്ത അവസ്ഥയാണ് പൊതുവിൽ ആധുനിക സമൂഹത്തിൽ നാം കാണുന്നത്. എന്നാൽ നമ്മുടെ മുൻഗാമികളുടെ അവസ്ഥയാകട്ടെ ദീൻ പഠിക്കാനും അത് പ്രയോഗവത്കരിക്കാനുമൊക്കെ ആ മാർഗത്തിൽ വളരെയധികം ഉത്സാഹിക്കുകയും ഏറെ കഠിനമായ ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത ചരിത്രമാണുള്ളത്. അവരുടെ ദീർഘമായ യാത്രകളുടെയും കഷ്ടപ്പാടുകളുടെയും നിരവധി ഉദാഹരണങ്ങൾ നമുക്ക് മുമ്പിലുണ്ട്. ഇന്നത്തേത് പോലെയുള്ള സൗകര്യങ്ങൾ ഇല്ലാഞ്ഞിട്ടും ദീർഘമായ യാത്രയും പട്ടിണിയും പ്രയാസങ്ങളും സഹിച്ച് അവർ ദീനിന്റെ കാവൽക്കാരായി നിലകൊണ്ടു. നല്ലൊരു വിളക്കു പോലുമില്ലാതെ എഴുതാനും വായിക്കുവാനും ഏറെ കഷ്ടപ്പെടുകയും അങ്ങനെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്ത മഹത്തുക്കളുടെ ചരിത്രം നാം ഓർക്കേണ്ടതുണ്ട്.
എന്നാൽ പിൽക്കാലത്ത് സൗകര്യങ്ങൾ കൂടിയപ്പോൾ അതിനുള്ള താൽപര്യവും സന്നദ്ധതയും കുറഞ്ഞു എന്ന് മാത്രമല്ല, ലക്ഷ്യത്തിൽനിന്ന് തെറ്റിക്കുന്ന നിരവധി തടസ്സങ്ങൾ കൂടി അധികരിച്ചു. എന്നിരുന്നാലും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവിടെയും നിരാശപ്പെടേണ്ടതില്ല. അല്ലാഹുവിൽ ഭരമേൽപിച്ചുകൊണ്ട് നിരന്തരമായ പ്രാർഥനകളും സഹായാർഥനകളുമായി പരിശ്രമിക്കാൻ സന്നദ്ധമാവുകയും അതിനുള്ള മനസ്സ് പാകപ്പെടുത്തിയെടുക്കുകയും ചെയ്താൽ തീർച്ചയായും വിജ്ഞാനവീഥിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും. ശക്തമായ ജിഹാദ് വേണ്ട ഒരു മേഖലയാണിത്. അതിനായി ചില കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഒന്ന്) അലസതയിൽനിന്ന് രക്ഷ തേടുക: നമുക്ക് മടിയും തളർച്ചയുമുണ്ടാക്കുന്ന ജീവിതശൈലികളും രീതികളും ഒഴിവാക്കി അല്ലാഹുവിനോട് രക്ഷ തേടുക എന്നതാണ് ഒന്നാമതായി വേണ്ടത്. നബിﷺ പഠിപ്പിച്ചു: ‘അല്ലാഹുവേ, അശക്തതയിൽനിന്നും അലസതയിൽനിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.’
രണ്ട്) പാപങ്ങൾ വെടിയുക: നാം ചെയ്തുകൂട്ടുന്ന പാപങ്ങൾ നമ്മുടെ നന്മയുടെ വഴിയിലെ ഏറ്റവും വലിയ വിലങ്ങുതടിയായിരിക്കും എന്ന് പണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട്. പാപങ്ങളുടെ ചെറിയ പ്രതിഫലനങ്ങൾ നമ്മുടെ ജീവിതത്തിൽ ഈ ലോകത്ത് വെച്ചുതന്നെ ഉണ്ടാകുമെന്നാണ് ക്വുർആനും സൂചിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: “അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് അവർക്കിടയിൽ നീ വിധി കൽപിക്കുകയും അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റാതിരിക്കുകയും അല്ലാഹു നിനക്ക് അവതരിപ്പിച്ചുതന്ന വല്ല നിർദേശത്തിൽനിന്നും അവർ നിന്നെ തെറ്റിച്ചുകളയുന്നതിനെപ്പറ്റി നീ ജാഗ്രത പുലർത്തുകയും ചെയ്യണമെന്നും (നാം കൽപിക്കുന്നു). ഇനി അവർ പിന്തിരിഞ്ഞ് കളയുകയാണെങ്കിൽ നീ മനസ്സിലാക്കണം; അവരുടെ ചില പാപങ്ങൾ കാരണമായി അവർക്ക് നാശം വരുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്. തീർച്ചയായും മനുഷ്യരിൽ അധികപേരും ധിക്കാരികളാകുന്നു’’ (5:49)
അറിവിന്റെയും നന്മയുടെയും വഴികളിൽനിന്ന് പിന്തിരിയുവാനുള്ള പ്രധാനപ്പെട്ട ഒരു കാരണം നമ്മുടെ ജീവിതത്തിൽ വന്നുപോകുന്ന തെറ്റുകുറ്റങ്ങളാണ് എന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. എന്നാ ൽ ആത്മാർഥവും സത്യസന്ധവുമായ പാപമോചന തേട്ടവും പശ്ചാത്താപവുമുണ്ടെങ്കിൽ നമുക്ക് അതിനെ അതിജീവിക്കാൻ സാധിക്കും.
ശൈഖ് ഉസൈമീൻ(റഹി) പറയുന്നു: “നന്മയുടെ വഴിയിലെ ഏറ്റവും വലിയ തടസ്സമാണ് പാപങ്ങൾ...സൂറത്തുന്നിസാഅ് 105,106 വചനങ്ങളിൽനിന്ന് പണ്ഡിതന്മാർ നിർദ്ധരിച്ച് പറഞ്ഞ ഒരു കാര്യമാണ്; ഏതൊരാളുടെ മുമ്പിലും മതവിധി തേടുന്ന വിഷയമായിക്കൊള്ളട്ടെ, അതല്ലെങ്കിൽ ഏതെങ്കിലും കാര്യത്തിൽ മധ്യസ്ഥനായി വിധി പറയേണ്ട ഘട്ടത്തിലായിക്കൊള്ളട്ടെ അല്ലാഹുവിനോടുള്ള ഇസ്തിഗ്ഫാർ ധാരാളമായി അധികരിപ്പിക്കേണ്ടതുണ്ട്. കാരണം പാപങ്ങളുടെ ഇരുട്ട് സത്യത്തെ കാണുന്നതിൽനിന്ന് മറയിടുന്നതാണ്. പാപങ്ങൾ കാരണമായി ഹൃദയത്തിൽ ഒരുതരം കറ പുരളുമെന്ന് ക്വുർആനും (83:14) ഉണർത്തിയിട്ടുണ്ട്’’ (ശർഹുൽ മുംതിഅ്, പേജ് 23).
മൂന്ന്) അല്ലാഹുവിലേക്ക് ആത്മാർഥമായി അഭയം തേടുക:
ഏതു വിഷയത്തിലും നമുക്ക് ആശ്രയവും അവലംബവും അഭയവും നമ്മുടെ രക്ഷിതാവായ അല്ലാഹു മാത്രമാണ്. അതിനാൽ ഏതു ഘട്ടത്തിലും അവനിലേക്ക് അഭയം തേടുവാനും പ്രാർ ഥിക്കുവാനും നമുക്ക് സാധിക്കണം. അല്ലാഹു പറയുന്നു: “...വല്ലവനും അല്ലാഹുവിൽ ഭരമേൽപിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീർച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏർപെടുത്തിയിട്ടുണ്ട്’’ (65:3)
നാല്) ധാരാളമായി അല്ലാഹുവിനെ സ്മരിക്കലും ഇസ്തിഗ്ഫാർ അധികരിപ്പിക്കലും:
ദിക്ർ-ദുആകൾക്ക് നമുക്ക് സങ്കൽപിക്കാനാകാത്ത അത്ഭുതങ്ങൾ തീർക്കാൻ സാധിക്കും എന്നത് ഒരു വസ്തുതയാണ്. ഇബ്‌നുൽ ക്വയ്യിം(റഹി) തന്റെ പ്രസിദ്ധ ഗ്രന്ഥമായ അൽവാബിലുസ്സ്വയ്യിബ് എന്ന ഗ്രന്ഥത്തിൽ ദിക്‌റുകളുടെ 70ൽ അധികം നേട്ടങ്ങൾ എണ്ണിപ്പറയുന്നുണ്ട്.
അങ്ങനെ പ്രതികൂല സാഹചര്യങ്ങളെ അതിജയിച്ച് അറിവിന്റെ വഴിയിലൂടെ മുന്നേറാൻ നമുക്ക് സാധിച്ചാൽ അതുവഴി ധാരാളം നന്മകളും നേട്ടങ്ങളും നമുക്ക് സായത്തമാക്കാൻ സാധിക്കും. അല്ലാഹു വിന്റെ തൃപ്തിയും മലക്കുകളുടെ പ്രാർഥനകളും സ്വർഗത്തിലേക്കുള്ള പാത എളുപ്പമാക്കുവാനുമെല്ലാം അതുവഴി സാധിക്കും.

