ഇമാം പ്രവാചകനും മീതെയോ?
ഡോ. ടി. കെ. യൂസുഫ്
2026 ഒക്ടോബർ 03, 1448 റബീഉൽ ആഖിർ 22

(ശീഇസം - ഇസ്ലാം: ഒരു ദാർശനിക വിശകലനം 11)
സുന്നികളുടെയടുക്കൽ ഇമാം എന്നാൽ നേതാവ് എന്ന അർഥമാണുളളത്. എന്നാൽ ശിയാക്കളുടെ അടുക്കൽ ഇമാമത്ത് ദൈവികവും പ്രവാചകത്വത്തിന് സമാനവുമാണ്. അല്ലാഹു അവന്റെ അടിമകളിൽ നിന്നു ചിലരെ പ്രവാചകനായി തെരഞ്ഞെടുക്കുന്നതുപോലെ മറ്റു ചിലരെ ഇമാമത്തിനും തെരഞ്ഞെടുക്കുന്നുവെന്നാണ് അവരുടെ വിശ്വാസം. നബിയും ഇമാമും തമ്മിലുളള വ്യത്യാസം അവർ വിവരിക്കുന്നത് ഇപ്രകാരമാണ്: ‘നബിമാരുടെയടുക്കൽ ജിബ്രീൽ ഇറങ്ങുകയും നബിമാർ അവരെ കാണുകയും അവരുടെ സംസാരം കേൾക്കുകയും ചെയ്യും. എന്നാൽ ഇമാം ജിബ്രീലിന്റെ സംസാരം കേൾക്കുമെങ്കിലും രൂപം കാണുകയില്ല.’
ഇമാമുമാർ നബിമാരെക്കാളും ഉയർന്ന പദവിയിലാണെന്ന് വാദിക്കുന്നവരും ശിയാക്കളിലുണ്ട്. ഇമാമുകൾക്ക് മുൻ പ്രവാചകന്മാർക്കു നൽകപ്പെട്ട ദൈവിക ദൃഷ്ടാന്തങ്ങളായ; മരിച്ചവരെ ജീവിപ്പിക്കുക, കുരുടന്മാർക്ക് കാഴ്ച നൽകുക, വെളളപ്പാണ്ടു സുഖപ്പെടുത്തുക പോലുള്ളവ നൽകുമെന്നും അവർക്ക് അദൃശ്യജ്ഞാനം അറിയാൻ കഴിയുമെന്നാണ് ശിയാക്കളുടെ വാദം. അതുപോലെ ഇമാമുകൾക്ക് അവരുടെ മരണം എപ്പോഴാണ് സംഭവിക്കുക എന്ന് അറിയുമെന്നും അവർ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ മരണപ്പെടുകയില്ല എന്നും അവർ വാദിക്കുന്നു.
‘ഇമാമീ മക്വ്ബറകളുടെ മഹത്ത്വം!’
മുസ്ലിംകൾ അവരുടെ നമസ്കാരത്തിൽ തിരിഞ്ഞു നിൽക്കുന്നതും തീർത്ഥാടനം നടത്തുന്നതും കഅ്ബയിലേക്കാണ്. എന്നാൽ ശിയാക്കൾക്ക് അല്ലാഹുവിന്റെ ഭവനത്തെക്കാൾ പോരിശയുളള ചില മസാറുകളും (സന്ദർശന സ്ഥലങ്ങളും) മക്വ്ബറകളുമുണ്ട്. ശിയാക്കളിൽ കാണപ്പെടുന്ന ക്വബ്ർ പൂജകർ അവരുടെ വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. സുന്നികളുടെ ഇടയിലുളള ഇത്തരം അന്ധവിശ്വാസങ്ങൾ ബോധവത്കരണത്തിലൂടെ വിപാടനം ചെയ്യാൻ കഴിഞ്ഞേക്കും. മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബിന്റെയും മറ്റു പരിഷ്കർത്താക്കളുടെയും പരിശ്രമംകൊണ്ട് മുസ്ലിം ലോകത്തുനിന്ന് ഇത്തരരം ശിർക്ക് ഒരളവോളം നിർമാർജനം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ശിയാക്കളുടെ ഇടയിലുളളത് മാറ്റണമെങ്കിൽ അവരുടെ വിശ്വാസത്തിന്റെ അടിത്തറതന്നെ മാറ്റേണ്ടിവരും.
മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബ് ക്വബ്ർ പൂജക്കെതിരെ സന്ധിയില്ലാ സമരം നടത്തിയതുകൊണ്ട് മുസ്ലിംകൾക്കിടയിൽ ഈ വിഷയത്തിൽ വാദപ്രതിവാദങ്ങളും മറ്റും അരങ്ങേറിയിട്ടുണ്ട്. പുണ്യം പ്രതീ ക്ഷിച്ച് ജാറം സന്ദർശിക്കുന്നതും ക്വബ്റിലേക്കു നേർച്ച നേരുന്നതും മരിച്ചവരെ വിളിച്ചു പ്രാർഥിക്കുന്നതും ശിർക്കാണ് എന്ന് പ്രമാണങ്ങളുടെ പിൻബലത്തോടെ സമർഥിക്കാൻ ഈ വാഗ്വാദങ്ങൾ വഴിയൊരുക്കിയിട്ടുണ്ട്. അതിൽ ഗുണഫലം ഉണ്ടായിട്ടുമുണ്ട്. എന്നാൽ ശിയാക്കളുമായുളള സംവാദങ്ങൾ കൊണ്ട് യാതൊരു ഫലവുമുണ്ടായിട്ടില്ല. കാരണം ശിയാക്കളുടെ അടുക്കൽ ശിർക്ക് സത്യത്തിന്റെ മൂടുപടമണിഞ്ഞിരിക്കയാണ്. ഇമാമുകളുടെ ക്വബ്ർ സന്ദർശനത്തിന്റെ പുണ്യം പറയുന്ന ഒട്ടേറെ ഗ്രന്ഥങ്ങൾ ശിയാക്കൾ രചിച്ചിട്ടുമുണ്ട്.
ശിയാക്കളെ സംബന്ധിച്ചേടത്തോളം അവരുടെ ഇമാമുകളുടെ മക്വ്ബറകൾ അവർക്ക് ഹറം (പവിത്രം) ആണ്. അതുകൊണ്ടുതന്നെ കൂഫയും കർബലയും ഖുമ്മുമെല്ലാം അവർക്ക് കഅ്ബയെപ്പോലെയാണ്. കൂഫ അല്ലാഹുവിന്റെയും റസൂലിന്റെയും അമീറുൽ മുഅ്മിനീന്റെയും ഹറമാണെന്നും അവിടെ നമസ്കരിക്കുന്നതിന് ആയിരം നമസ്കാരത്തിന്റെ ശ്രേഷ്ഠതയുണ്ടെന്നും ശിയാ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ നേതാവായ മൂസ ബിൻ ജഅ്ഫറിന്റെ കിതാബിൽ ഇപ്രകാരം കാണാം: ‘അല്ലാഹുവിന് ഒരു ഹറമുണ്ട്; അതു മക്കയാണ്. റസൂലിന് ഒരു ഹറമുണ്ട്; അതു മദീനയാണ്. അമീറുൽ മുഅ്മിനീന് ഒരു ഹറമുണ്ട്; അതു കൂഫയാണ്. നമുക്ക് ഒരു ഹറമുണ്ട്; അത് ‘ഖുമ്മ്’ ആണ്. അവിടെ എന്റെ മക്കളിൽപെട്ട ഫാത്വിമ എന്ന സത്രീയെ മറവു ചെയ്യും. അരെങ്കിലും അവളെ സന്ദർശിച്ചാൽ അവന് സ്വർഗം നിർബന്ധമാകും.’
ഇമാമുകളുടെ ക്വബ്റുകൾ സന്ദർശിക്കുന്നതും അവരോടു പ്രാർഥിക്കുന്നതും അവിടെ നമസ്കരിക്കുന്നതും അവരോട് ശിപാർശ തേടുന്നതും ശിയാക്കളുടെ അടുക്കൽ ഹജ്ജ് ചെയ്യുന്നതിനെക്കാളും ശ്രേഷ്ഠതയുള്ള കാര്യമാണ്. ഹജ്ജ് ചെയ്തതിനുശേഷം ആഗ്രഹ സഫലീകരണം ലഭിക്കാത്തവരോട് ശിയാക്കൾ ഹുസൈന്റെ ക്വബ്ർ സന്ദർശിക്കാനാണ് ഉപദേശിക്കാറുളളത്. ‘ഹുസൈന്റെ ക്വബ്ർ സന്ദർശിക്കുന്നത് ഇരുപതു ഹജ്ജ് ചെയ്യുന്നതിനെക്കാളും പുണ്യകരമാണ്. കർബലക്ക് മക്കയെക്കാളും പവിത്രതയുണ്ട്’ എന്നെല്ലാം ഇവർ വിശ്വസിക്കുന്നു. അൽഫൈദ് അൽകാശാനി തന്റെ അൽവാഫി എന്ന ഗ്രന്ഥത്തിൽ പറയുന്നത് ഇപ്രകാരമാണ്: ‘ആരെങ്കിലും അറഫദിവസം ഹുസൈന്റെ ക്വബ്ർ സന്ദർശിക്കുകയാണെങ്കിൽ അല്ലാഹു അവന് പത്തുലക്ഷം ഹജ്ജിന്റെയും പത്തുലക്ഷം ഉംറയുടെയും പത്തുലക്ഷം അടിമകളെ മോചിപ്പിച്ചതിന്റെയും പത്തുലക്ഷം കുതിരകളെ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധത്തിന് സജ്ജമാക്കിയതിന്റെയും പ്രതിഫലം നൽകും.’ അലി(റ)യുടെ ക്വബ്റിടം അല്ലാഹുവും മലക്കുകളും അമ്പിയാക്കളും മുഅ്മിനുകളും സന്ദർശിക്കുമെന്നു പോലും പറയുന്നവരാണ് ശിയാക്കൾ!
ഇമാമുകളുടെ ക്വബ്ർ സന്ദർശിക്കുന്നതിന്റെ മര്യദകൾ പഠിപ്പിക്കാനും ശിയാക്കൾ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. അബ്ബാസ് കുമ്മിയുടെ ‘മനാസികു സിയാറാത്ത്’ എന്ന ഗ്രന്ഥത്തിൽ പറയുന്നത് ഇപ്ര കാരമാണ്: ‘ജാറത്തിൽ കടക്കുന്നതിനു മുമ്പായി കുളിക്കണം, അതിന്റെ കവാടത്തിൽ നിന്നുകൊണ്ട് നിശ്ചിത പ്രാർഥനകൾ ചൊല്ലി അനുവാദം ചോദിക്കണം. ശവക്കല്ലറയിൽ ചുംബിക്കണം. സന്ദർശന സമയത്ത് മക്വ്ബറക്ക് അഭിമുഖമാകുകയും കഅ്ബക്ക് പിന്നിടുകയും ചെയ്യണം. പിന്നീടു രണ്ടു റക്അത്ത് നമസ്കരിക്കണം. ക്വബ്റിലേക്ക് തിരിഞ്ഞു നമസ്കരിക്കുമ്പോൾ കഅ്ബക്ക് പിന്തിരിഞ്ഞ രൂപത്തിലാകുന്നതിൽ ഇളവു നൽകപ്പെട്ടിട്ടുണ്ട്. കാരണം ഇവിടെ ഇമാമിന്റെ ക്വബ്റു തന്നെ കഅ്ബയായി പരിഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.’
ഇസ്ലാം മതത്തിന്റെ അടിത്തറയിളക്കുന്ന കൊടിയ ശിർക്കായ ഇത്തരം ആചാരങ്ങളിലാണ് ശിയാക്കളുടെ വിശ്വാസം കെട്ടിപ്പൊക്കിയിട്ടുളളത്. പ്രസിദ്ധ ശീഈ ഗ്രന്ഥങ്ങളായ വസാഇൽ, വാഫി തുടങ്ങിയവയിൽ പരാമർശിച്ച ഇത്തരം കാര്യങ്ങൾ വായിക്കുന്നതിനു മുമ്പുതന്നെ ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ്യ ശിയാക്കളെക്കുറിച്ച് പറഞ്ഞിട്ടുളളത് ഇപ്രകാരമാണ്: ‘ഇവരുടെയടുക്കൽ മക്വ്ബറ സിയാറത്ത് ചെയ്യുന്നത് ഹജ്ജിനെക്കാളും പുണ്യകരമാണ്. അതുപോലെ, ശിർക്ക് ആരാധനയെക്കാളും മഹത്ത്വമുളളതുമാണ്.’ മേൽ ഗ്രന്ഥങ്ങൾ കൂടി വായിച്ചിരുന്നുവെങ്കിൽ അദ്ദേഹം ഇവരെക്കുറിച്ച് എന്തായിരിക്കും പറയുക!
പന്ത്രണ്ട് ഇമാമുമാർ അല്ലാത്തവരുടെ ഭരണം ഇവരുടെ ദൃഷ്ടിയിൽ ത്വാഗൂത്താണ്. നബിﷺക്കു ശേഷം ഏറ്റവും ഉത്തമരായ അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരും ഈ പട്ടികയിൽ തന്നെ യാണ് ഉൾപ്പെടുന്നത്. ഇവർ ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല, ഇവരുടെ മരണശേഷവും ഇവരെ അംഗീകരിക്കുന്ന ഭരണാധികാരികളെല്ലാം ത്വാഗൂത്തു തന്നെയാണത്രെ! ഇവരെ അംഗീകരിക്കുന്ന ഭരണാധികാരികൾക്കെതിരെയുളള സൈനിക നീക്കങ്ങൾ പോലും ഇവർക്ക് മതപരമായി ഒരു പുണ്യകർമമാണ്. കാരണം അതു ത്വാഗൂത്തിനെതിരെയുളള പോരാട്ടമാണല്ലോ!
ശഹാദത്ത്, നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവയാണ് മുസ്ലിംകളുടെയടുക്കൽ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങൾ. എന്നാൽ ശിയാക്കൾക്ക് ‘വിലായത്ത്’ എന്ന ഒരു നെടും തൂണുകൂടിയുണ്ട്. വിലായത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പന്ത്രണ്ട് ഇമാമുകളുടെ നേതൃത്വമാണ്. ഇസ്ലാമിലെ അടിസ്ഥാന കാര്യങ്ങൾ നമസ്കാരം, നോമ്പ്, വിലായത്ത് എന്നിങ്ങനെ മുന്നെണ്ണമാണ് എന്നും ചില ശിയാ വിഭാങ്ങൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഒരു മനുഷ്യൻ എത്രതന്നെ ആരാധനാകർമങ്ങൾ ചെയ്താലും അവൻ പന്ത്രണ്ടു ഇമാമുകളെ അംഗീകരിക്കാത്തവനാണെങ്കിൽ അവന്റെ കർമങ്ങൾ അല്ലാഹു സ്വീകരിക്കുകയില്ല എന്നതാണ് ശിയാ നിലപാട്. ഇമാമുകളിൽ ഒരാളെ അംഗീകരിക്കാത്തവൻ എല്ലാ പ്രവാചകന്മാരെയും അംഗീകരിച്ച് മുഹമ്മദ് നബിയെ മാത്രം അംഗീകരിക്കാത്തവനെപ്പെലെയാണ്. ക്വബ്റിലെ ചോദ്യങ്ങളിൽ ഒന്ന് വിലായത്തിനെക്കുറിച്ചായിരിക്കും എന്നു പറയുന്ന ശിയാക്കൾ അലി(റ)യുടെ വിലായത്ത് അംഗീകരിക്കാത്തവൻ ബിംബാ രാധകനു സമമാണ് എന്നുവരെ പറയുന്നവരാണ്!
(തുടരും)
