ഇറാനിൽ ശിയാക്കളുടെ വളർച്ച

ഡോ. ടി. കെ. യൂസുഫ്

2026 ആഗസ്റ്റ് 08, 1448 സ്വഫർ 25

(ശീഇസം-ഇസ്‌ലാം: ഒരു ദാർശനിക വിശകലനം 6)

സച്ചരിതരായ ഖലീഫമാരുടെ ശ്രേഷ്ഠത വ്യക്തമാക്കുന്ന ധാരാളം നബിവചനങ്ങൾ നമുക്ക് കാണാൻ സാധിക്കും. അതുപോലെ പ്രമുഖരായ ചില സ്വഹാബിമാരുടെ മഹത്ത്വം പ്രവാചകൻﷺ പ്രത്യേകമായി എടുത്തുപറഞ്ഞതായും കാണാം. എന്നാൽ ശീഇകൾ ഖലീഫമാരെക്കുറിച്ചും പ്രസിദ്ധ സ്വഹാബിമാരെക്കുറിച്ചും പറയുന്ന കാര്യങ്ങൾ നബിﷺ പറഞ്ഞതിനോട് തികച്ചും വിരുദ്ധമാണ്. ഉദാഹരണമായി, അബൂബക്‌റി(റ)ന്റെ മഹത്ത്വമായി നബിﷺ പറഞ്ഞു: “സമ്പത്തുകൊണ്ടും സഹവർത്തിത്വം കൊണ്ടും എനിക്ക് ഏറ്റവും അനുഗ്രഹം ലഭിച്ചിട്ടുളളത് അബൂബക്‌റിനെക്കൊണ്ടാണ്’’ (ബുഖാരി, മുസ്‌ലിം).

ഉമറി(റ)നെക്കുറിച്ച് നബിﷺ പറഞ്ഞു: “അല്ലാഹു സത്യത്തെ ഉമറിന്റെ നാവിലും ഹൃദയത്തിലും ആക്കിയിട്ടുണ്ട്’’ (തുർമുദി).

ഉസ്മാൻ(റ)വിനെക്കുറിച്ച് നബിﷺ പറഞ്ഞു: “ഓരോ പ്രവാചകനും ഒരു കൂട്ടുകാരനുണ്ട്, സ്വർഗത്തിൽ എന്റെ കൂട്ടുകാരൻ ഉസ്മാനാണ്’’ (തുർമുദി).

നബിﷺ പിതൃവ്യനായ അബ്ബാസി(റ)ന്റെയും സന്തതികളുടെയും പാപമോചനത്തിനായി പ്രത്യേകം പ്രാർഥിച്ചതായുള്ള റിപ്പോർട്ടുകൾ കാണാം. ‘ജനങ്ങളിൽ താങ്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആരാണ്’ എന്ന് ചോദിച്ചപ്പോൾ ആഇശയാണെന്നാണ് നബിﷺ പറഞ്ഞത്. ‘പുരുഷന്മാരിൽ ആരാണ് കൂടുതൽ ഇഷ്ടപ്പെട്ടത്’ എന്ന് ചോദിച്ചപ്പോൾ അവരുടെ പിതാവ് എന്നും പറഞ്ഞു. ഖാലിദ് ബിൻ വലീദി(റ)നെക്കുറിച്ച് നബിﷺ പറഞ്ഞു: ‘ഖാലിദ് അല്ലാഹുവിന്റെ വാളുകളിൽപെട്ട ഒരു വാളാണ്’(അഹ്‌മദ്).

മുആവിയ(റ)ക്ക് വേണ്ടി നബിﷺ പ്രാർഥിച്ചു: ‘അല്ലാഹുവേ, നീ ഇവനെ നേർമാർഗം നൽകപ്പെട്ടവനായി വഴിനടത്തേണമേ. അവന് സന്മാർഗം നൽകുകയും ചെയ്യേണമേ’ (തുർമുദി). അബ്ദുല്ലാഹിബിൻ ഉമറി(റ)നെക്കുറിച്ച് പറഞ്ഞു: ‘അബ്ദുല്ല നല്ല മനുഷ്യനാണ്’ (ബുഖാരി, മുസ്‌ലിം).

എന്നാൽ ശീഇകൾ ഇവരെക്കുറിച്ച് നടത്തുന്ന പരാമർശങ്ങൾ മതത്തിന്റെയും മാനുഷികതയുടെയും അതിർവരമ്പുകൾ ലംഘിക്കുന്നതാണ്.

തങ്ങൾ മുസ്‌ലികളാണെന്നും നബിﷺയുടെ ഉത്തമ അനുയായികളാണെന്നും പറയുന്നവർക്ക് എങ്ങനെയാണ് പ്രവാചകൻ ﷺ പ്രശംസിച്ച ഖലീഫമാരെയും സ്വഹാബിമാരെയും വളരെ മോശമായി ചിത്രീകരിക്കാൻ സാധിക്കുന്നത്? ജൂത നിഗൂഢത ഇതിനു പിന്നിൽ വ്യക്തമാണ്.

കാരണം, ജൂതന്മാർക്ക് ഖലീഫമാരോടും ഇസ്‌ലാമിനു വേണ്ടി അടരാടിയ സഹാബിമാരോടും അടങ്ങാത്ത പകയുണ്ടായിരുന്നു. മുസ്‌ലിംകളോട് അടങ്ങാത്ത പക വെച്ചുപുലർത്തുന്ന യഹുദരെ ജസീറത്തുൽ അറബിൽനിന്നും പുറത്താക്കുക എന്ന പ്രവാചകന്റെ വസ്വിയ്യത്ത് നടപ്പിലാക്കാൻ ശ്രമിച്ചത് ഈ മഹാന്മാരായിരുന്നല്ലോ. അതുകൊണ്ട് തന്നെ മൂന്ന് ഖലീഫമാർ കഴിഞ്ഞാൽ ഇസ്‌ലാമിന് വേണ്ടി സാമ്പത്തികമായും ശാരീരികമായും ഏറെ ജിഹാദ് ചെയ്യുകയും കൂടുതൽ സേവനം ചെയ്യുകയും ചെയ്ത സ്വഹാബികളെയാണ് ശീഇകൾ ഏറെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടുളളത്.

ഇറാനിൽ ശീഇകളുടെ വളർച്ച

രണ്ടാം ഖലീഫ ഉമർ(റ) ഇറാൻ ജയിച്ചടക്കിയതോടുകൂടി അവിടുത്തെ രാജവംശം തകരുകയും തിരിച്ചുപിടിക്കാൻ പറ്റാത്തവിധം ഭരണമേധാവിത്വം നഷ്ടപ്പെടുകയും ചെയ്തു. അതിനാൽ അവിടത്തെ നേതാക്കൾ ഉമർ(റ)വിനോടുള്ള വിദ്വേഷം മനസ്സിൽ സൂക്ഷിച്ചു. മുസ്‌ലിം സൈന്യം ഇറാൻ വിജയച്ചടക്കിയതിനുശേഷം ബന്ധനസ്ഥനാക്കപ്പെട്ടവരിൽ അവിടത്തെ രാജാവായ യസ്ദജിർദിന്റെ മകളായ ശഹർബാനുവുമുണ്ടായിരുന്നു, ഇവരെ അലി(റ)യുടെ മകൻ ഹൂസൈനാണ് വിഹാഹം ചെയ്തത്. പേർഷ്യക്കാരായ ജൂതന്മാർ ഈ അവസരം തങ്ങളുടെ നിഗൂഢ ലക്ഷ്യത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും മൂന്നാം ഖലീഫ ഉസ്മാൻ(റ)വിന് എതിരെയുളള നീക്കത്തിൽ അലി(റ)യെ ഒരു മറയായി സ്വീകരിക്കുകയും ചെയ്തു. നബിﷺക്ക് ശേഷമുളള ഖിലാഫത്ത് അലിക്കും അദ്ദേഹത്തിന്റെ സന്താന പരമ്പരകൾക്കും അവകാശപ്പെട്ടതാണ് എന്ന് അവർ വാദിച്ചു. ഇറാൻ വിജയിച്ചടക്കിയതിന്റെ പേരിൽ ഖലീഫ ഉമറിനോടും അദ്ദേഹത്തിന്റെ സൈന്യത്തോടും പ്രസിദ്ധ സ്വഹാബികളോടുമുള്ള പകയായിരുന്നു ഇത്തരം ഒരു നീക്കത്തിന് കാരണമായത്. അവർക്ക് ശേഷം ഉസ്മാൻ(റ) ഈ വിജയത്തിെന്റ മേഖല വിശാലമക്കാൻ ശ്രമച്ചതോടുകൂടി അദ്ദേഹവും ഇവരുടെ ശത്രുവായിമാറി. ഉമർ(റ), ഉസ്മാൻ(റ) എന്നിവരോട് ശത്രുതയുള്ളതോടൊപ്പം സൈനുൽ ആബിദീൻ എന്ന പേരിലറിയപ്പെട്ടിരുന്ന, ഹൂസൈൻ(റ) വിന്റെ മകൻ അലി(റ)യോട് അവർ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. അദ്ദേഹത്തിെന്റ മാതാവ് ഷഹർബാനു അവരുടെ രാജാവിന്റെ മകളായതുകൊണ്ട് അദ്ദേഹത്തിൽ അവർ ദർശിച്ച രക്തബന്ധവും അടുപ്പവും ശത്രുക്കൾക്കെതിരിൽ അദ്ദേഹത്തെ മറയാക്കാൻ അവർക്ക് പ്രചോദനം നൽകി.

ഇസ്‌ലാം ആശ്ലേഷിച്ച പേർഷ്യക്കാരിൽ നല്ലൊരു പങ്കും ശീഇകളുടെ കൂടെയാണ് ചേർന്നത്. അതിന് കാരണം ഇറാനിൽ അവരുടെ ആധിപത്യം തകർക്കുകയും അഗ്നിയാരാധനുടെ തീ കെടുത്തുകയും ചെയ്ത ഖലീഫമാരെയും സഹാബികളെയും തെറിപറയാൻ ഇത് നല്ലൊരു അവസരമാണെന്ന വിചാരമാ യിരുന്നു. അതോടൊപ്പം ഇറാനിലെ അഗ്‌നിയാരാധകർ ജൂതരുമായി കൈകോർത്ത് ശീഇകളുടെ വളർച്ചക്ക് വെള്ളവും വളവും നൽകുകയും ഖലീഫമാരെയും സ്വഹാബികളെയും താറടിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു. ഇറാനിലുളളവർക്ക് ഉമറി(റ)നോട് പക തോന്നാൻ കാരണം അദ്ദേഹം അലി(റ)യുടെയും ഫാത്വിമ(റ)യുടെയും വിലായത്ത് തട്ടിയെടുത്തു എന്ന ആരോപണമല്ല, മറിച്ച് ഇറാനിലെ സാസാൻ ഭരണത്തിന്റെ കഥ കഴിച്ചതാണ്. അവരുടെ രാജകുമാരിയെ ഹുസൈൻ(റ) വിവാഹം കഴിച്ചതുകൊണ്ട് രാജഭരണത്തിന്റെ പിന്തുടർച്ചയും ശേഷിപ്പും അവർ ഹുസൈനിന്റെ മക്കളായ ശീഇകളിൽ ദർശിക്കുകയും ചെയ്തു.

ഇങ്ങനെ ചരിത്രപരമായ കാരണങ്ങളാൽ ശീഇസത്തിന് വേരോട്ടം ലഭിച്ച ഇറാൻ ഇന്ന് അവർക്ക് അധികാരവും സ്വാധീനവുമുളള ഒരു രാജ്യമാണ്. മക്കയും മദീനയും കൂടി തങ്ങളുടെ വരുതിയിൽ വന്നെങ്കിൽ മാത്രമെ വിജയം പൂർത്തിയാകുകയുള്ളൂ എന്ന് പ്രഖ്യാപിക്കുകയും അത്തരം ഒരു വിജയത്തിന് പണിയെടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത ഇമാമുമാരുടെ സ്വപ്നം ഇതുവരെയും സഫലീകരിക്കപ്പെട്ടിട്ടില്ല. ശീഇകളുടെ പന്ത്രണ്ടാമത്തെ ഇമാമിന്റെ അവതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖുമൈനിയുടെ, കഅ്ബയുടെ ആകൃതിയിലുള്ള മക്വ‌്‌ബറ കൊണ്ടും മറ്റനേകം ഇമാമുമാരുടെ ജാറങ്ങൾ കൊണ്ടും ശിർക്കൻ മുൾപടർപ്പുകൾക്ക് വളക്കൂറുളളതായി മാറിയിട്ടുളള ഇറാൻ പോലുള്ള ഒരു രാജ്യത്ത് മാത്രമെ ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങൾക്ക് കടകവിരുദ്ധമായിട്ടുള്ള ശീഇസം പോലുളള ഒരു ഇസത്തിന് വളരാൻ സാധിക്കുകയുയുള്ളൂ.

(തുടരും)