ആരാണ് ‘സുന്നികൾ’ എന്നറിയപ്പെടുന്നത്?

ഡോ. ടി. കെ. യൂസുഫ്

2026 ജൂലൈ 18, 1448 സ്വഫർ 04

(ശീഇസം-ഇസ്‌ലാം: ഒരു ദാർശനിക വിശകലനം 3)

സുന്നത്ത്’ എന്ന പദത്തിന് വഴി, ചര്യ, മാർഗം എന്നൊക്കെയാണ് അർഥം; ചൊവ്വായ മാർഗം എന്നും അർഥമുണ്ട്. അഹ്‌ലുസ്സുന്ന എന്ന് പറയുമ്പോൾ ശരിയായ മാർഗത്തിൽ നിലകൊള്ളുന്നവർ എന്നാണ് അർഥം. റസൂലിന്റെ ചര്യക്കും ‘സുന്നത്ത്’ എന്നു തന്നെയാണ് പറയുന്നത്. ഹദീസ് പണ്ഡിതന്മാർ നബിയുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും മൗനാനുവാദത്തിനുമാണ് ‘ഹദീസ്’ എന്നു പറയുന്നത്. ‘അഹ്‌ലുസ്സുന്നത്ത്’ എന്ന് പറയുമ്പോൾ വിവക്ഷിക്കപ്പെടുന്നത് നബിﷺയുടെയും സദ്‌വൃത്തരായ സ്വഹാബിമാരുടെയും പാത പിൻപറ്റിയവരാണ്. അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും ദൂതന്മാരിലും അന്ത്യദിനത്തിലും വിധിയിലുമുള്ള അവരുടെ വിശ്വാസം പ്രവാചകന്റെ അധ്യാപനങ്ങൾക്ക് അനുസൃതമായിരിക്കും. പ്രവാചകനെ പിൻപറ്റുകയും അദ്ദേഹത്തിന്റെ സുന്നത്ത് മുറുകെ പിടിക്കുകയും ചെയ്ത സ്വഹാബികളും അന്ത്യദിനംവരെ അവരെ പിൻപറ്റുന്നവരും അവർ ലോകത്തിന്റെ ഏത് കോണിൽ ഏത് കാലത്ത് ജീവച്ചാലും അഹ്‌ലുസ്സുന്നത്ത് എന്ന ഗണത്തിലാണ് എണ്ണപ്പെടുക. സുന്നത്ത് പിൻപറ്റിയതു കൊണ്ടാണ് അവർ ഈ നാമകരണത്തിന് അർഹരായിത്തീർന്നത്. നബിയോട് സ്വഹാബിമാർ, എഴുപത്തിമൂന്ന് വിഭാഗങ്ങളിൽ വിജയിച്ച വിഭാഗമേത് എന്ന് ചോദിച്ചപ്പോൾ ‘ഞാനും എന്റെ അനുചരന്മാരും നിലകൊള്ളുന്നത്’ എന്ന മറുപടിയാണ് അവിടുന്ന് നൽകിയത്. ഈ വിശേഷണം അഹ്‌ലുസ്സുന്നത്തിനാണ് ഏറ്റവും യോജിക്കുന്നത്. കാരണം അവർ പ്രവാചകന്റെ അനുചരന്മാരെ പിൻപറ്റുകയും ആദരിക്കുകയും അതോടപ്പം അവരെ ആക്ഷേപിക്കാതിരിക്കുകയും ചെയ്യുന്നവരാണ്.

സുന്നികൾക്ക് അഹ്‌ലുസ്സുന്നത്തി വൽജമാഅത്ത് എന്ന ഒരു പേരുകൂടിയുണ്ട്. നബിﷺയും സ്വഹാബത്തും നിലകൊണ്ട അതേരീതിയിൽ ജീവിക്കുന്ന ഒരു സംഘം എന്ന അർഥത്തിലാണ് ഈ പേര് അവർക്ക് സിദ്ധിച്ചിട്ടുള്ളത്. സത്യത്തോട് യോജിച്ച് ജീവിക്കുന്ന എത്ര ചെറിയ വിഭാഗമാണെങ്കിലും അവർക്ക് ‘അൽജമാഅത്ത്’ എന്നു തന്നെയാണ് പറയുക. ക്വുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്ന ഒരു ജനസമുഹം; അവരാണ് ‘അഹ്‌ലുസ്സുന്നത്തി വൽജമാഅ’ എന്ന പേരിലറിയപ്പെടുന്നത്. അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക എന്നത് അവരുടെ സവിശേഷതയാണ്. അവർക്കിടയിൽ പരസ്പരം കാഫിറാക്കുന്ന പ്രവണത കാണപ്പെടുന്നില്ല. എന്നാൽ ഖവാരിജ്, റാഫിദി തുടങ്ങിയവർ പരസ്പരം കാഫിറാക്കുന്നവരാണ്. അഹ്‌ലുസ്സുന്ന, ജമാഅത്ത് എന്നീ പദങ്ങൾ വ്യത്യസ്തമാണെങ്കിലും അതിന്റെ ആശയം ഒന്നുതന്നെയാണ്. സുന്നത്ത് എന്നാൽ നബിയുടെ ചര്യയും, ജമാഅത്ത് എന്നാൽ സ്വഹാബികളും താബിഉകളും അന്ത്യദിനംവരെ അവരെ പിന്തുടരുന്നവരുമായ മുസ്‌ലിം ഐക്യസംഘമാണ്. അഹ്‌ലുസുന്നത്തിന് വേറെ പേരുകളൊന്നുമില്ല എന്നാൽ അവരോട് എതിരുള്ള മറ്റ് ശിആ വിഭാഗങ്ങൾ ഒട്ടനവധി പേരുകളിലാണ് അറിയപ്പെടുന്നത്.

‘ഇസ്രാഈൽ സന്തതികൾ എഴുപത്തിരണ്ട് വിഭാഗമായി മാറി. എന്റെ സമുദായം എഴുപത്തിമുന്ന് വിഭാഗമായി മാറും. അവയിൽ ഒരു വിഭാഗം ഒഴികെ എല്ലാവരും നരകത്തിലായിരിക്കും’ എന്ന് നബിﷺ പറഞ്ഞപ്പോൾ ആവർ ആരാണെന്ന് അനുചരന്മാർ ചോദിച്ചു. അന്നേരം നബിﷺ നൽകിയ മറുപടി ‘അൽജമാഅത്ത്’എന്നായിരുന്നു (ഇബ്‌നുമാജ). വ്യത്യസ്ത രുപങ്ങളിൽ ഈ ഹദീസ് റിപ്പോർട്ട് ചെയ്യപ്പെട്ടതായി കാണാം.

നബിﷺയുടെയും ഖലീഫമാരായ അബുബക്ർ(റ), ഉമർ(റ) എന്നിവരുടെയും കാലഘട്ടത്തിൽ മുസ്‌ലിംകൾ ഈ ഐക്യസംഘത്തിൽ തന്നെയായിരുന്നു. ഉസ്മാൻ(റ) കൊല്ലപ്പെട്ടതോടുകൂടിയാണ് മറ്റു കക്ഷികൾ രംഗപ്രവേശം ചെയ്തത്. ആദ്യത്തെ വിഘടനവാദികൾ ഖവാരിജുകളായിരുന്നു. പിന്നീടാണ് ശീഇസം രംഗപ്രവേശം ചെയ്തത്. ഇവർ ഖവാരിജുകളിൽനിന്ന് വേർപിരിഞ്ഞവരാണന്നും അഭിപ്രായമുണ്ട്. ഇവർ അൽപം അതിരുകവിയുകയും അലി(റ)ക്ക് ദിവ്യത്വം വരെ കൽപിക്കുകയും അബൂബക്ർ(റ), ഉമർ(റ) എന്നിവരെ അപഹസിക്കുകയും ചെയ്തു. ഇക്കൂട്ടരെ കരിച്ച് കളയാനാണ് അലി(റ) വിധിച്ചത്. അലിക്ക് ദിവ്യത്വം കൽപിക്കുന്ന വാദത്തിൽനിന്ന് പിന്തിരിയാൻ അദ്ദേഹം മൂന്ന് ദിവസം ഇവർക്ക് അവധി നൽകിയിരുന്നു. എന്നിട്ടും അവർ അതിൽതന്നെ ശഠിച്ച് നിന്നതുകൊണ്ടാണ് അവർ ശിക്ഷിക്കപ്പെട്ടത്. അവരെ വധിച്ചുകളയണം എന്നതിൽ എല്ലാവർക്കും ഏകാഭിപ്രായമാണുണ്ടായിരുന്നതെങ്കിലും തീകൊണ്ട് കരിച്ചു കൊല്ലുന്നതിനോട് ഇബ്‌നു അബ്ബാസി(റ)ന് എതിർപ്പുണ്ടായിരുന്നു.

അബൂബക്ർ സ്വിദ്ദീക്വ്(റ), ഉമർ(റ) എന്നിവരെക്കാളും ശ്രേഷ്ഠത അലി(റ)ക്ക് നൽകുന്നത് അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല. കൂഫയിലെ മിമ്പറിൽ വെച്ച് അലി(റ) ഇപ്രകാരം പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: വഹബി(റ)ൽ നിന്ന് നിവേദനം; അലി(റ) ഞങ്ങളോട് പ്രസംഗിച്ചു. അദ്ദേഹം ചോദിച്ചു: ‘നബിﷺക്ക് ശേഷം ഈ സമുദായത്തിൽ ആരാണ് ഉത്തമൻ? ഞാൻ പറഞ്ഞു: ‘അമീറുൽ മുഅ്മിനീൻ, താങ്കളാണ്.’ അദ്ദേഹം പറഞ്ഞു: ‘അല്ല, നബിക്ക് ശേഷം ഉത്തമൻ അബൂബക്‌റാണ്. പിന്നീട് ഉമറും’ (അഹ്‌മദ്).

ഈ പ്രസ്താവന എൺപതിലധികം റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്. ഖവാരിജുകളും ശിയാക്കളുമാണ് ഉത്തമ സ്വഹാബികൾക്കെതിൽ ആദ്യമായി വിമർശനത്തിന്റെ അമ്പെയ്തത്. ഈ രണ്ടു വിഭാഗത്തിനും തുടക്കത്തിൽ മുസ്‌ലിം ജനസാമാന്യത്തിൽ കാര്യമായ സ്വാധീനമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം, അന്നത്തെ മുസ്‌ലിംകൾ സുന്നത്തും ജമാഅത്തും മുറുകെ പിടിക്കുന്നവരായിരുന്നു.

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ പറഞ്ഞത് ‘അഹ്‌ലുസ്സുന്നത്തി വൽജമാഅത്ത് എന്നത് അബൂഹനീഫയും മാലികും ശാഫിഈയും അഹ്‌മദും ജനിക്കുന്നതിന് മുമ്പുതന്നെ ഉളളതാണ്’ എന്നാണ്. അത് പ്രവാചകനിൽനിന്ന് മതം പഠിച്ച സ്വഹാബികളുടെ മദ്ഹബാണ്. ആരെങ്കിലും അതിന് എതിരായാൽ അവൻ പുത്തൻവാദിയാണ്. മദ്ഹബിന്റെ ഇമാമുമാരൊന്നും മതത്തിൽ പുതിയതായി ഒന്നും ഉണ്ടാക്കിയി ട്ടില്ല. അവരെല്ലാം സുന്നത്തിന്റെ ഇമാമുമാരായിരുന്നു. അതുകൊണ്ട് തന്നെ അഹ്‌ലുസ്സുന്നത്തിന്റെ ആരംഭത്തെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല. മദ്ഹബിന്റെ ഇമാമുമാരുടെ കാലത്താണ് ഈ സംജ്ഞക്ക് പ്രചാരം കിട്ടിയതെങ്കിലും സ്വഹാബത്തിന്റെ കാലം മുതൽക്കുതന്നെ ഈ പ്രയോഗം നിലവിലുണ്ട്.

(തുടരും)