ശീഇകളുടെ വിശ്വാസ വ്യതിയാനങ്ങൾ
ഡോ. ടി. കെ. യൂസുഫ്
2026 ആഗസ്റ്റ് 15, 1448 റബീഉൽ അവ്വൽ 02

(ശീഇസം-ഇസ്ലാം: ഒരു ദാർശനിക വിശകലനം 7)
സുന്നികളുടെ അടിസ്ഥാന വിശ്വാസങ്ങൾക്കെതിരായ ഒട്ടനവധി വിശ്വാസാചാരങ്ങൾ ശീഇകൾ വെച്ചുപുലർത്തുന്നതായി നമുക്ക് കാണാനാവും. വിശുദ്ധ ക്വുർആൻ അന്ത്യദിനംവരെ യാതൊരു മാറ്റത്തിരുത്തലുകൾക്കും വിധേയമാകാതെ നിലനിൽക്കും എന്നാണ് സുന്നികളായ എല്ലാ മുസ്ലിംകളും വിശ്വസിക്കുന്നത്. ‘തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’ എന്ന ക്വുർആൻ വചനമാണ് ഇതിനാധാരം. ഈ വിശ്വാസത്തിന് എതിരാകുന്ന യാതൊരു പ്രസ്താവനയും അഹ്ലുസ്സന്നയുടെ ആധികാരിക ഗ്രന്ഥങ്ങളിൽ കാണാൻ സാധ്യമല്ല. ആരെങ്കിലും ക്വുർആൻ സംരക്ഷിക്കപ്പെടുകയില്ല എന്ന് വിശ്വസിച്ചാൽ അവന്റെ സ്ഥാനം ഇസ്ലാംമതത്തിന് പുറത്താണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മുസ്ലിംകൾ പാരായണം ചെയ്യുന്ന ഈ വിശുദ്ധ വേദത്തിലുള്ളത് മുഴുവനും സത്യവും ദൈവികവുമാണ്. അതിൽ വല്ലതും കൂട്ടാനോ കുറക്കാനോ ആർക്കും അധികാരമില്ല. ആരെങ്കിലും ബോധപൂർവം അങ്ങനെ ചെയ്താൽ അവൻ അവിശ്വാസായി മാറുകയും ചെയ്യും.
ശീഇകളിലെ ഒരു വിഭാഗമായ റാഫിദിയാക്കളുടെ അഭിപ്രായത്തിൽ സ്വഹാബികൾ ക്വുർആനിലെ ചില വചനങ്ങൾ
ഒഴിവാക്കുകയും മറ്റുചിലത് തിരുത്തുകയും ചെയ്തിട്ടുണ്ട്. സത്യത്തിൽ സ്വഹാബികളിൽ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് അപ്പോൾതന്നെ വിവാദമാകുമായിരുന്നു. ക്വുർആൻ ക്രോഡീകരണവേളയിലും മുസ്ഹഫുകൾ ഏകീകരിച്ച സമയത്തും അത്തരത്തിൽ ഒരു സംശയം ആരെങ്കിലും പ്രകടിപ്പിച്ചതായി ചരിത്രത്തിൽ കാണുന്നില്ല. ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നു വെക്കുക, എങ്കിൽ ഇവർ അംഗീകരിക്കുന്ന അലി(റ)യെങ്കിലും അക്കാര്യം വെളിപ്പെടുത്തേണ്ടതല്ലേ? അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തിയില്ല എന്ന് മാത്രമല്ല അത് പൂർണമായി അംഗീകരിക്കുകയാണ് ചെയ്തത്. ക്വുർആൻ ബോധപൂർവം തിരുത്തുന്നത് പോയിട്ട് പാരായണത്തിനിടയിൽ അബദ്ധത്തിൽ വരുന്ന തെറ്റുകൾ പോലും അവർക്ക് പ്രയാസമുണ്ടാക്കുന്നതാണ്. ക്വുർആനിൽ മാറ്റത്തിരുത്തലുകൾ നടന്നിട്ടുണ്ട് എന്ന് പറയാൻ റാഫിദി ശിയാക്കൾക്കല്ലാതെ മറ്റാർക്കും ധൈര്യം വന്നിട്ടില്ല. ഇക്കൂട്ടർക്ക് ഇതിന് തെളിവുകളൊന്നും സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
അഹ്ലുസ്സുന്നയുടെ വിശ്വാസങ്ങളിൽ മറ്റൊന്ന് പ്രവാചകന് അവതരിച്ച ക്വുർആൻ മുഴുവനും യാതൊന്നും മറച്ചുവെക്കാതെ അദ്ദേഹം ജനങ്ങൾക്ക് വിവരിച്ചുകൊടുത്തിട്ടുണ്ട് എന്നതാണ്. ഈ വേദം അവതരിച്ചതുതന്നെ ജനങ്ങൾക്ക് വിശദീകരിച്ചുകൊടുക്കാനാണ് എന്ന് ക്വുർആൻ പലയിടത്തും പ്രസ്താവിക്കുന്നുണ്ട്.
‘ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടുതന്നിരിക്കുന്നു’ (ക്വുർആൻ 5:3).
ഈ വചനം പ്രവാചകൻﷺ തന്റെ ദൗത്യം പൂർത്തീകരിച്ചതിന് തെളിവ് കൂടിയാണ്. മതവുമായി ബന്ധപ്പെട്ട ഒരു വിവരവും നബിﷺ ആർക്കെങ്കിലും പ്രത്യേകമായി പറഞ്ഞുകൊടുക്കുകയോ ആരിൽ നിന്നെങ്കിലും മറച്ചുവെക്കുകയോ ചെയ്തിട്ടില്ല. ‘നിനക്ക് നാം ഉൽബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവർക്ക് വിവരിച്ചുകൊടുക്കാൻ വേണ്ടിയും അവർ ചിന്തിക്കാൻ വേണ്ടിയും’ (ക്വുർആൻ 16:44).
എന്നാൽ റാഫിദിയാക്കൾ ഈ അടിസ്ഥാന തത്ത്വത്തിനെതിരായി ശരീഅത്തിലെ ചില വിവരങ്ങൾ മറ്റാർക്കും അറിയില്ലെന്നും ചില ഇമാമുകൾക്ക് മാത്രം സ്വന്തമാണ് എന്നും വാദിക്കുന്നവരാണ്.
നബിﷺ സ്വഹാബികളെ സ്നേഹിക്കുകയും അവരെ തൃപ്തിപ്പെടുകയും അവരുടെ നീതിയിൽ വിശ്വസിക്കുകയും ചെയ്തിരുന്നുവെന്നതിൽ സുന്നികൾക്ക് അഭിപ്രായവ്യത്യാസമില്ല. സ്വഹാബികളെക്കുറിച്ച് അവരുടെ മനസ്സിൽ മോശമായ ധാരണ വെച്ചുപുലർത്തുകയോ അവരുടെ നാവിലൂടെ അവരെ അധിക്ഷേപിക്കുകയോ ചെയ്യാറില്ല. നബിﷺ പറഞ്ഞു: ‘നിങ്ങൾ എന്റെ അനുചരന്മാരെ അധിക്ഷേപിക്കരുത്. നിങ്ങളിൽ ഒരാൾ ഉഹ്ദ് മലയുടെ അത്രയും സ്വർണം ചെലവഴിച്ചാലും അവരിലൊരാളുടെ മുദ്ദിനോളമോ അതിന്റെ പകുതിയോ വരികയില്ല.’ സുന്നികൾ സ്വഹാബികളുടെ ശ്രേഷ്ഠതകളായി പ്രവാചകൻﷺ പറഞ്ഞ സർവ കാര്യങ്ങളും അപ്പടി അംഗീകരിക്കുന്നവരാണ്. നബിﷺക്ക് ശേഷം ഈ സമുദായത്തിലെ ഏറ്റവും ഉത്തമർ അബൂബക്ർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ) എന്നിവരാണെന്ന ഹദീസ് ശീഇകൾക്ക് സ്വീകാര്യമല്ല. എന്നാൽ സുന്നികൾ ആ പ്രവാചകവചനം അംഗീകരിക്കുന്നു. ഇമാം ബുഖാരി(റഹി) പറഞ്ഞു: ‘മക്ക, മദീന, ഹിജാസ്, ബസ്വറ, കൂഫ, ബഗ്ദാദ് എന്നിവിടങ്ങളിൽനിന്നായി വിജ്ഞാനമുള്ള ആയിരത്തോളം പേരെ എനിക്കറിയാം. അവരിലൊരാളും ഏതെങ്കിലും സ്വഹാബിയെക്കുറിച്ച് മോശമായി സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല.’
നബിﷺ പറഞ്ഞു: ‘ജനങ്ങളിൽ ഏറ്റവും ഉത്തമർ എന്റെ നൂറ്റാണ്ടുകാരാണ്. പിന്നെ അവരോട് അടുത്തവർ, പിന്നീട് അവരോട് അടുത്തവർ.’
നബിﷺയുടെ കുടുംബത്തെ (അഹ്ലു ബൈത്ത്) കുറിച്ചുള്ള സമീപനത്തിലും നിലപാടിലും ശീഇകളും സുന്നികളും തമ്മിൽ വൈരുധ്യങ്ങളുണ്ട്. ആരൊക്കെയാണ് ‘നബികുടുംബം’ എന്നതിൽ പെടുക? മുസ്ലിം ഉദ്ധരിച്ച ഒരു ഹദീസിൽ പ്രവാചകന്റെ പത്നിമാർ, അലി(റ)യുടെ കുടുംബം, ഉഖൈലി(റ)ന്റെ കുടുംബം, ജഅ്ഫറി(റ)ന്റെ കുടുംബം അബ്ബാസി(റ)ന്റെ കുടുംബം എന്നിവരാണ് അഹ്ലുബൈത്തുകാർ എന്ന് വ്യക്തമാക്കുന്നുണ്ട്.
സുന്നികൾ നബികുടുംബത്തെ സ്നേഹിക്കുകയും അംഗീകരിക്കുകയും അവരെക്കുറിച്ചുള്ള നബി ﷺയുടെ വസ്വിയ്യത്ത് കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവരാണ്. ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ(റഹി) പറഞ്ഞു: ‘നബികുടുംബത്തിന് പരിഗണിക്കപ്പെടേണ്ട ചില അവകാശങ്ങളുണ്ട്. യുദ്ധാർജിത സ്വത്തിന്റെ അഞ്ചിലൊന്ന് അവർക്ക് അവകാശപ്പെട്ടതാണ്. റസൂലിന്റെ പേരിൽ സ്വലാത്ത് ചൊല്ലുന്നതോടൊപ്പം അവരുടെ പേരിലും സ്വലാത്ത് ചെല്ലേണ്ടതുണ്ട്. നബിയുടെ പത്നിമാർ വിശുദ്ധരും വിശ്വാസികളുടെ മാതാക്കളുമാണ്. നബികുടുംബത്തെ സ്നേഹിച്ചതുകൊണ്ട് മാത്രം ഒരാൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല; അവന്റെ മതപരമായ കർത്തവ്യങ്ങൾകൂടി നിർവഹിക്കേണ്ടതുണ്ട്.’
ഒരാളുടെ ജീവിതം അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും കൽപനാ നിർദേശങ്ങൾക്കനുസൃതമാണോ അല്ലേ എന്നതാണ് പ്രധാനം. അല്ലാഹു പറയുന്നു: ‘ആർ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവർ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകൻമാർ, സത്യസന്ധൻമാർ, രക്തസാക്ഷികൾ, സച്ചരിതൻമാർ എന്നിവരോടൊപ്പമായിരിക്കും. അവർ എത്ര നല്ല കൂട്ടുകാർ!’ (4:69).
പ്രവാചകനല്ലാതെ മറ്റാർക്കും പാപസുരക്ഷിതത്വം (ഇസ്മത്ത്) ഇല്ല എന്നാണ് സുന്നികൾ വിശ്വസിക്കുന്നത്. അതുപോലെ മതത്തിൽ വല്ല നിർബന്ധ കാര്യവുമുണ്ടെങ്കിൽ അത് നബിﷺ അല്ലാഹുവിന്റെ കൽപനപ്രകാരം നിർബന്ധമാക്കിയതാണ്. നിഷിദ്ധമാക്കപ്പെട്ടവയുടെ കാര്യവും അങ്ങനെത്തന്നെ. ഇനിയൊരു പ്രവാചകൻ വരാനില്ല; വഹ്യ് നിലച്ചിരിക്കുന്നു. അതുകൊണ്ട് ഇനി പുതിയ ഇബാദത്തുകൾ ഉണ്ടാകുകയില്ല. എന്നാൽ നബിﷺക്ക് ശേഷം ഇമാമുമാർക്ക് അതിന് അധികാരമുണ്ടെന്നാണ് ശീഇകളുടെ വാദം!
ക്വുർആനും സുന്നത്തും സലഫുകളുടെ ഏകാഭിപ്രായവും ശരീഅത്തിന്റെ അടിസ്ഥാനമായിട്ടാണ് സുന്നികൾ പരിഗണിക്കുന്നത്. എന്നാൽ ശീഇകളെ സംബന്ധിച്ചിടത്തോളം ക്വുർആനിൽ വേറെയും ധാരാളം വചനങ്ങളുണ്ട്. ഹദീസുകളാകട്ടെ, അഹ്ലു ബൈത്ത് റിപ്പോർട്ട് ചെയ്തത് മാത്രമെ അവർ സ്വീകരിക്കുകയുളളൂ.
സുന്നികളുടെ വിശ്വാസപ്രകാരം പ്രവാചകന്മാരുടെ മുഅ്ജിസത്തുകൾ (അമാനുഷിക ദൃഷ്ടാന്തങ്ങൾ) പ്രവാചകന്മാർക്ക് മാത്രം പ്രത്യേകമായതാണ്. ശീഇകളുടെ വീക്ഷണപ്രകാരം അവരുടെ നേതാക്കളുടെ ഇമാത്ത് നുബുവ്വത്തിന് സാദൃശ്യമുള്ളതും അവർ മുഅ്ജിസത്ത് പ്രകടിപ്പിക്കുന്നവരുമാണ്.
അദൃശ്യമായ വിവരങ്ങൾ അല്ലാഹുമാത്രമെ അറിയുകയുള്ളൂ എന്നാണ് സുന്നികൾ വിശ്വസിക്കുന്നത്. അല്ലാഹു പറയുന്നു: ‘(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ...’ (27:65). ‘അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല...’ (6:59). എന്നാൽ ശീഇകളിലെ റാഫിദിയാക്കൾ അവരുടെ ഇമാമുമാർക്കും അദൃശ്യം അറിയുമെന്ന് വിശ്വസിക്കുന്നു.
നബിﷺയോ സ്വഹാബത്തോ ഉയിർത്തെഴുന്നേൽപിന്റെ നാളിന് മുമ്പായി ഉയിർത്തെഴുന്നേൽക്കില്ല എന്നാണ് സുന്നികളുടെ വിശ്വാസം, അഥവാ അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്. എന്നാൽ ചില ശീഈ വിഭാഗങ്ങൾ ഇതിനെതിരാണ്. അവരുടെ ഇമാമുകളിൽ ചിലരും ശത്രുക്കളിൽ ചിലരും ക്വിയാമത്തിന് മുമ്പ് ഉയിർത്തെഴുന്നേൽക്കപ്പെടുമെന്നാണ് അവരുടെ വിശ്വാസം. ഖിലാഫത്തിന്റെ കാര്യത്തിൽ അക്രമവും അനീതിയും കാണിച്ചവരെ ഇമാമുകൾ ഉയിർത്തെഴുന്നേറ്റു വന്ന് ശിക്ഷിക്കുമെന്നും അവർ വിശ്വസിക്കുന്നു.
(തുടരും)

