ശിയാക്കളും ക്വുർആനും
ഡോ. ടി. കെ. യൂസുഫ്
2026 സെപ്തംബർ 26, 1448 റബീഉൽ ആഖിർ 15

(ശീഇസം - ഇസ്ലാം: ഒരു ദാർശനിക വിശകലനം 10)
വിശുദ്ധ ക്വുർആൻ ദൈവിക ഗ്രന്ഥമാണെന്നും അതിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിട്ടുണ്ടെന്നും വിശ്വസിക്കുന്നവരാണ് ലോകമുസ്ലിംകൾ. അല്ലാഹു പറയുന്നു: ‘തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം തന്നെ അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’’ (15:9).
ഇങ്ങനെയുള്ള ക്വുർആനിന്റെ വിശ്വാസ്യതയിൽ ഒരു മുസ്ലിമിന് എങ്ങനെയാണ് സംശയം വച്ചുപുലർത്താനാവുക? എന്നാൽ ശിയാക്കളുടെ വീക്ഷണ പ്രകാരം നിലവിലുള്ള ക്വുർആനിൽ ചില കുറ്റങ്ങളും കുറവുകളുമുണ്ട്! സമ്പൂർണമായ ക്വുർആൻ അലി(റ)യുടെ അടുക്കലാണ് ഉണ്ടായിരുന്നത് എന്നും അദ്ദേഹത്തിനുശേഷം ഇമാമുമാർ അത് അനന്തരമെടുക്കുയും ചെയ്തിട്ടുണ്ട് എന്നും ഇക്കൂട്ടർ ജൽപിക്കുന്നു.
അലി(റ)യുടെ മഹത്ത്വം വെളിപ്പെടുത്താൻ വേണ്ടിയുള്ള ഈ വാദം ക്വുർആനിനെയും സ്വഹാബികളെയും അലി(റ)യെത്തന്നെയും അപകീർത്തിപ്പെടുത്തുന്നതാണ്. അവർ വാദിക്കുന്നതുപോലെ അലി(റ)യുടെ അടുക്കൽ ഒരു ‘സമ്പൂർണ ക്വുർആൻ’ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം എന്തുകൊണ്ടാണ് ഖിലാഫത്ത് വേളയിൽ പോലും അക്കാര്യം തുറന്നുപറയാതിരുന്നത്?
സലീം ബിൻ ഖൈസ് എന്ന ഒരു ശീഈ നേതാവിന്റെ പുസ്തകത്തിലാണ് ഇക്കാര്യം ആദ്യമായി പ്രസ്താവിച്ചിട്ടുളളത്. ‘സ്വഹീഹുൽ കാഫി’ എന്ന ഈ ഗ്രന്ഥം അവരുടെ അടുക്കൽ സ്വഹീഹുൽ ബുഖാരിയെക്കാളും പ്രധാനപ്പെട്ടതാണ്. ഈ ആരോപണം അവരുടെ ‘സ്വാഫി,’ ‘ബുർഹാൻ’ തുടങ്ങിയ ചില തഫ്സീറുകളിലും മറ്റു ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. എന്നാൽ ഈ ആരോപണം, അല്ലാഹു സംരക്ഷിക്കും എന്നു പറഞ്ഞ ക്വുർആനിന് യാതൊരു കോട്ടവും വരുത്തിയിട്ടില്ല.
ശീഇകളുടെ ശൈഖായ മുഹ്സിൻ കാശാനി പറയുന്നത് ക്വുർആൻ മുഹമ്മദ് നബിﷺക്ക് ഇറങ്ങിയ അതേരൂപത്തിൽ നിലനിൽക്കുന്നില്ല, അതിൽ ചില മാറ്റത്തിരുത്തലുകൾ നടത്തുകയും കുറെ ഭാഗങ്ങൾ അതിൽനിന്ന് കളയുകയും ചെയ്തിട്ടുണ്ട് എന്നാണ്. മറ്റൊരു ശൈഖായ കലീനി തന്റെ ‘അൽകാഫി’ എന്ന ഗ്രന്ഥത്തിൽ പറയുന്നത് ജിബ്രീൽ മുഹമ്മദ് നബിﷺക്ക് ഇറക്കിയ ക്വുർആനിൽ പതിനേഴായിരം ആയത്തുകൾ ഉണ്ടായിരുന്നു’ എന്നാണ്. ബാക്കിയുള്ളതെല്ലാം കളയപ്പെട്ടതാണെന്നാണ് അവരുടെ വാദം. അലി(റ) സ്വന്തമായി ക്രോഡീകരിച്ച ക്വുർആനിൽ ആയത്തുകളുടെ എണ്ണം അധികമുണ്ടെന്നും അവയിലെ അധ്യായങ്ങളുട ക്രമംതന്നെ വ്യത്യസ്തമാണന്നും ഇവർ വാദിക്കുന്നു. അതിനായി വ്യാജ റിപ്പോർട്ടുകളും ഉദ്ധരിക്കുന്നു.
പരിപൂർണ രുപത്തിലുള്ള ക്വുർആൻ വാഗ്ദത്ത മഹ്ദി വരുമ്പോൾ കൊണ്ടുവരും എന്ന് വിശ്വസിക്കുന്ന ശീഇകൾ ക്വുർആൻ പഠിക്കാനോ അതനുസരിച്ച് ജീവിക്കാനോ ശ്രമിക്കുകയില്ല. മുസ്ലിം സമുദായത്തിൽ ഒട്ടേറെ പേർ ക്വുർആൻ പുർണമായി മനഃപാഠമാക്കിയവരുണ്ട്. എന്നാൽ ശീഇകളുടെ കൂട്ടത്തിൽ തജ്വീദ് നിയമപ്രകാരം ക്വുർആൻ മനഃപാഠമാക്കിയവർ താരതമ്യേന കുറവാണ്.
ശീഇകൾ സ്വന്തമായി ക്വുർആനുണ്ടാക്കിയെങ്കിലും അതുകൊണ്ട് അവർക്ക് ആളുകളെ ആകർഷിക്കാൻ സാധിച്ചില്ല; അതുകൊണ്ടാണ് യഥാർഥ ക്വുർആനുമായി മഹ്ദി വരും എന്ന പ്രചാരണം നടത്തുന്നത്. ശീഈ പണ്ഡിതനായ നിഅ്മത്തുല്ലാ ജസാഇരി പറയുന്നു: “ശീഈ ഇമാമുമാർ അനുയായികളോട് ഇതാണ് പറയുന്നത്: മഹ്ദി വരുന്നതുവരെ നിങ്ങൾ നിലവിലുള്ള ക്വുർആൻ നമസ്കാരത്തിൽ പാരായണം ചെയ്യാനും മറ്റും പഠിക്കുക. അദ്ദേഹം വന്നു കഴിഞ്ഞാൽ ഈ ക്വുർആൻ ഉയർത്തപ്പെടുകയും പകരം മറ്റൊരു ക്വുർആൻ അവതരിക്കകുയം ചെയ്യും.’’
ക്വുർആനിലെ വചനങ്ങൾ ഇമാമുകൾക്കനുസരിച്ച് വ്യാഖ്യാനിക്കുകയാണ് മറ്റൊരു ശീഈ തന്ത്രം. ഉദാഹരണമായി, ക്വുർആനിലെ സുറ: അത്തഗാബുൻ എട്ടാം വചനത്തിലെ ‘നിങ്ങൾ അല്ലാഹുവിലും അവന്റെ റസൂലിലും നാം ഇറക്കിയ പ്രകാശത്തിലും വിശ്വസിക്കുക’ എന്നതിലെ പ്രകാശം കൊണ്ട് ഉദ്ദേശിക്കുന്നത് അലിയുടെയും ഇമാമുകളുടെയും പ്രകാശമാണ് എന്നാണ് അവരുടെ വ്യാഖ്യാനം. പ്രസ്തുത വചനത്തിലെ പ്രകാശം കൊണ്ടുദ്ദേശിക്കുന്നത് ക്വുർആനാണ് എന്ന കാര്യം പകൽ വെളിച്ചം പോലെ വ്യക്തമാണ്. ഇനി, ആ പ്രകാശം കൊണ്ട് ഉദ്ദേശ്യം അലിയും ഇമാമുമാരുമാണെങ്കിൽ അവർ ആകശത്തുനിന്ന് ഇറങ്ങിവന്നവരാണെന്നുകൂടി വ്യാഖ്യാനിക്കേണ്ടിവരും. അതുപോലെ ‘നിശ്ചയം ഈ ക്വുർആൻ ഏറ്റവും ചൊവ്വായ മാർഗത്തിലേക്ക് വഴികാണിക്കുന്നു’ (ഇസ്റാഅ് 9) എന്ന വചനത്തെ വ്യാഖ്യാനിച്ചുകൊണ്ട് അവർ പറയുന്നത് ‘ഈ ക്വുർആൻ ഇമാമത്തിലേക്കും വിലായത്തിലേക്കും വഴികാണിക്കുന്നു’ എന്നാണ്. അതുപോലെ, ‘അവർ വായകൾകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താൻ ശ്രമിക്കുന്നു’ (അസ്സഫ്ഫ് 80) എന്ന വചനത്തെ ഇവർ വ്യാഖ്യാനിക്കുന്നത് ‘അമീറുൽ മുഅ്മിനീന്റെ നേതൃത്വത്തെ ഊതിക്കെടുത്താൻ അവർ ശ്രമിക്കുന്നു’ എന്നാണ്.
ക്വുർആനിൽ സൂറതുന്നൂറിൽ അല്ലാഹു അവന്റെ പ്രകാശത്തെ ഉപമിച്ചു പറയുന്ന വചനത്തെ വളരെ വിചിത്രമായാണ് ശിയാക്കൾ വ്യാഖ്യാനിക്കുന്നത്. ‘അവന്റെ പ്രകാശം ഒരു വിളക്കുമാടം പോലെയാണ്’ എന്ന വചനത്തിൽ വിളക്കുമാടം കൊണ്ടുദ്ദേശ്യം ഫാത്വിമ(റ)യാണ് എന്നാണ് വശദീകരണം. വിളക്കുമാടത്തിലെ വിളക്ക് ഹസൻ(റ) ആണ്. ആ വിളക്ക് സ്ഥിതിചെയ്യുന്ന സ്ഫടിക പാത്രം ഹൂസൈൻ ആണ്. അനുഗൃഹീത വൃക്ഷംകൊണ്ടുദ്ദേശ്യം ഇബ്റാഹീം നബി(അ)യാണ്. ഇതേ രൂപത്തിൽ ഈ ആയത്തിനെ മുഴുവനായും അവർ വ്യാഖ്യാനിക്കുന്നുണ്ട്. ആർക്കെങ്കിലും അല്ലാഹു പ്രകാശം നൽകിയില്ലെങ്കിൽ അവന് പ്രകാശമില്ല (നൂർ 40) എന്ന വചനത്തിന് ആർക്കെങ്കിലും അല്ലാഹു ഫാത്വിമയുടെ മക്കളിൽനിന്നുള്ള ഇമാമുമാരെ നൽകിയില്ലെങ്കിൽ അവന് ഇമാമില്ല എന്നാണ് ശീഈ വ്യാഖ്യാനം.
ക്വുർആനിൽ പറഞ്ഞ ‘ശിർക്കി’നെയും ‘കുഫ്റി’നെയും അലി(റ)യുടെ വിലായത്തിലുള്ള അവിശ്വാസമായാണ് ഇവർ വ്യാഖ്യാനിക്കുന്നത്. അതുപോലെ തൗഹീദിനെ ഇമാമുമാരിലുള്ള ഏകനേതൃത്വമായും കാണുന്നു. സൽകർമങ്ങൾ കൊണ്ടുള്ള വിവക്ഷ ഇമാമുമാരെക്കുറിച്ചുള്ള അറിവും അവർ പറയുന്നതനുസരിച്ചുള്ള പ്രവർത്തനവുമാണ്. ‘അവർ പിശാചുക്കളെ രക്ഷാധികാരികളാക്കി’ എന്നതിന്റെ വിവക്ഷ അലി(റ) അല്ലാത്ത നേതാക്കൾക്ക് ഉടമ്പടി ചെയ്തു എന്നാണ്. ക്വുർആനിൽ പ്രവാചകന്മാരെയും സജ്ജനങ്ങളെയും കുറിച്ച് പറയുന്ന ‘സത്യവാന്മാർ,’ ‘ദൈവത്തെ സ്മരിക്കുന്നവർ,’ ‘അറിവു നൽകപ്പെട്ടവർ’ എന്നീ പ്രയോഗങ്ങളെല്ലാം ശിയാക്കളെ സംബന്ധിച്ചേടത്തോളം അവരുടെ ഇമാമുകൾക്ക് മാത്രമുള്ള വിശേഷണങ്ങളാണ്. ‘നിങ്ങൾ അറിയാത്തവരാണെങ്കിൽ അറിവുള്ളവരോട് ചോദിക്കുക’ (നഹ്ൽ 43) എന്ന ക്വുർആൻ വചനത്തിന് ‘ഇമാമുമാരോട് ചോദിക്കുക’ എന്നാണ് ഇവർ നൽകുന്ന വ്യാഖ്യാനം. ക്വുർആനിൽ ‘അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ’ (സുമർ 9) എന്നു ചോദിക്കുന്നുണ്ട്. ഇതിലെ ‘അറിവുള്ളവർ’ ശിയാക്കളും ‘അറിവില്ലാത്തവർ’ സുന്നികളുമാണെന്ന വാദമാണ് ഇവർക്കുള്ളത്. ‘അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ’ എന്നതിലെ ദൃഷ്ടാന്തം ഇമാമുമാരാണത്രെ.
ഇതുപോലെ ഒട്ടേറെ ആയത്തുകളെയും പ്രയോഗങ്ങളെയും പദങ്ങളെയും ഇവർ ദുർവ്യാഖ്യാ നിക്കുന്നുണ്ട്. മുകളിൽ കോടുത്തത് ചില ഉദാഹരണങ്ങൾ മാത്രം.
ക്വുർആനിൽ കാഫിറുകളെക്കുറിച്ചും മുശ്രിക്കുകളെക്കുറിച്ചും കപടവിശ്വാസികളെക്കുറിച്ചും അവതരിച്ചിട്ടുളള വചനങ്ങളത്രയും ആദ്യത്തെ മൂന്ന് ഖലീഫമാരെക്കുറിച്ചും സ്വഹാബിമാരെക്കുറിച്ചുമാണ് എന്ന രൂപത്തിൽ വ്യാഖ്യാനിക്കുന്നതിലൂടെ ശിയാക്കൾ തങ്ങൾ ഇസ്ലാമിന്റെ പരിധിക്ക് പുറത്താണെന്നു വ്യക്തമാക്കുകയാണു ചെയ്യുന്നത്.
ക്വുർആനിന്റെ മാർഗത്തിൽനിന്ന് ജനങ്ങളെ തിരിച്ചുവിടാനുള്ള, തങ്ങളുടെ ഇസ്ലാം വിരുദ്ധ ആശയങ്ങൾക്കു പിൻബലം നൽകാനുള്ള കുടിലതന്ത്രമാണ് ഇതെന്നു വ്യക്തം. ഈ രൂപത്തിൽ ക്വുർആനെ ദുർവ്യാഖ്യാനിക്കുന്ന ശിയാക്കൾ എങ്ങനെയാണ് ഇസ്ലാമിനെ പ്രതിനിധീകരിക്കുക?
(തുടരും)
