ശീഇകളുടെ ഉത്ഭവം

ഡോ. ടി. കെ. യൂസുഫ്

2026 ജൂലൈ 11, 1448 മുഹർറം 26

(ശീഇസം-ഇസ്‌ലാം: ഒരു ദാർശനിക വിശകലനം 2)

ശീഅ’ എന്ന അറബി പദത്തിന്റെ അർഥം ‘അനുയായികൾ’ അല്ലെങ്കിൽ ‘സഹായികൾ’ എന്നാണ്. സഹായി അല്ലെങ്കിൽ അനുയായി എന്ന അർഥത്തിൽ ഒരാൾക്കും രണ്ടാൾക്കും കൂടുതൽ ആളുകൾക്കും സത്രീലിംഗത്തിനും പുംലിംഗത്തിനുമെല്ലാം ‘ശീഅ എന്ന’ പദം തന്നെയാണ് പ്രയോഗിക്കുക. ഒരു കാര്യ ത്തിൽ ഒരു ജനത ഒരുമിച്ചുകൂടിയാൽ അവരും ‘ശീഅ’യാണ്. ഒരാളെ സഹായിക്കുകയോ അയാളുടെ പക്ഷം ചേരുകയോ ചെയ്താൽ അവനെക്കുറിച്ച് അയാളുടെ ‘ശീഅ’ എന്നാണ് പറയുക.

ശിയാക്കളുടെ സാങ്കേതിക പ്രയോഗമനുസരിച്ച് അമീറുൽ മുഅ്മിനീൻ അലിയുടെ ഖിലാഫത്ത് അംഗീകരിക്കുന്നവർക്കാണ് ‘ശീഅ’ എന്നു പറയുന്നത്. അതോടൊപ്പം അദ്ദേഹത്തിന് മുമ്പുള്ളവരുടെ ഖിലാഫത്ത് നിഷേധിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രസ്തുത നിർവചനത്തിൽ അലി(റ)ക്ക് ശേഷമുള്ള ഇമാമുകൾ ഉൾകൊള്ളാത്തതുകൊണ്ട് വേറെയും അനവധി നിർവചനങ്ങൾ ഈ പദത്തിന് ശീഇകൾ നൽകുന്നുണ്ട്. അലി(റ)യുടെ അനുയായി ആയി മാറുകയും മറ്റു സ്വഹാബികളെക്കാൾ അദ്ദേഹത്തിന് മുൻഗണന നൽകുകയും ചെയ്യുന്നവർ എന്ന് സാമാന്യമായി പറയാറുണ്ടെങ്കിലും, ഈ നിർവചനം അലി(റ)യുടെ കാലത്തുള്ളവർക്ക് അനുയോജ്യമാണെങ്കിലും പിന്നീടുള്ളവർ (ശേഷം വന്ന) അവരുടെ ഇമാമുമാരെയും അവരുടെ വിശ്വാസകാര്യങ്ങളും അംഗീകരിച്ചെങ്കിൽ മാത്രമെ ഈ പേരിന് അർഹത നേടാനാവുകയുള്ളൂ.

ചില റാഫിദികളുടെ വാദപ്രകാരം ശീഇസത്തിന്റെ വിത്തുകൾ പാകിയത് പ്രവാചകൻﷺ തന്നെയാണ്! നബിﷺയുടെ കാലത്ത് തന്നെ ഇത് രൂപപ്പെട്ടിട്ടുണ്ട് എന്നാണവർ പറയുന്നത്. എന്നാൽ നബി ﷺയുടെ കാലത്ത് ശീഅ-സുന്നീ വിഭാഗങ്ങളുണ്ടായിരുന്നുവെങ്കിൽ ക്വുർആൻ തന്നെ അക്കാര്യം വെളിപ്പെടുത്തുമായിരുന്നു. എല്ലാവരും നബിയുടെ ശീഅ (അനുയായികൾ) ആയിരുന്നു. ഇബ്‌നു തീമിയ്യ പറയുന്നത് അബൂബക്‌റി(റ)ന്റെയും ഉമറി(റ)ന്റെയും ഉസ്മാന്റെ(റ)യും കാലത്ത് ‘ശീഅ’ എന്ന പ്രയോഗമുണ്ടായിരുന്നില്ല, അവരിൽ ആരുടെയെങ്കിലും ശീഅ എന്ന് പറയപ്പെട്ടിരുന്നില്ല എന്നാണ്.

നബിﷺയുടെ വിയോഗാനന്തരം അലി(റ)ക്കാണ് ഖിലാഫത്തിന് ഏറ്റവും അർഹത എന്ന വാദഗതിക്കാരാണ് ശീഇസത്തിന് ബീജാവാപം നൽകിയത്. താനാണ് ഖിലാഫത്തിന് അർഹൻ എന്ന വാദം അലി(റ)ക്കുണ്ടായിരുന്നുവെങ്കിൽ അദ്ദേഹം അബൂബക്‌റിന് ബൈഅത്ത് ചെയ്യുമായിരുന്നില്ല. അബൂബക്‌റും ഉമറുമാണ് നബിﷺക്ക് ശേഷം ഏറ്റവും ഉത്തമർ എന്ന് കൂഫയിലെ മിമ്പറിൽനിന്ന് പരസ്യമായി അദ്ദേഹം പ്രഖ്യാപിക്കുമായിരുന്നില്ല. എന്നാൽ ഖിലാഫത്ത് വാദം (അദ്ദേഹം ആഗ്രഹിക്കാത്ത ഒരു കാര്യം) ചിലർ അദ്ദേഹത്തിന്റെ മേൽ കെട്ടിച്ചമച്ചതാണ്. യഥാർഥത്തിൽ ഉസ്മാൻ(റ)വിന്റെ ഭരണ കാലത്തിന്റെ അവസാന ഘട്ടത്തിൽ ജൂതനായിരുന്ന അബ്ദുല്ലാഹിബിൻ സബഅ് ആണ് മുസ്‌ലിം സമുദായത്തിൽ ശീഈ വിശ്വാസത്തിന്റെ വിത്തു പാകിയത്. ശീഇസത്തിന്റെ ഉത്ഭവത്തെക്കുറിച്ച് അവർക്കു പോലും ഏകാഭിപ്രായമില്ല.

ജമൽ യുദ്ധ ദിവസമാണ് ശീഇസത്തിന് ആരംഭം കുറിച്ചത് എന്ന് പറയുന്നവർ അവരിലുണ്ട്. മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായപ്രകാരം അലിﷺ സ്വിഫീനിൽ നിന്ന് മടങ്ങിയതിന് ശേഷമാണ് ശീഇസം രുപം കൊണ്ടത്. ഹുസൈൻ(റ)വിന്റെ രക്തമാണ് ശീഇസത്തിന് വിത്തുപാകിയത് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

(തുടരും)