ഇമാം പ്രവാചകനും മീതെയോ? 2

ഡോ. ടി. കെ. യൂസുഫ്

2026 ഒക്ടോബർ 10, 1448 റബീഉൽ ആഖിർ 29

(ശീഇസം - ഇസ്‌ലാം: ഒരു ദാർശനിക വിശകലനം 12)

അന്ത്യദിനത്തിനു മുമ്പായി, മരണപ്പെട്ട ചിലർ അവരുടെ പൂർവസ്ഥിതിയിൽ ഭൂമിയിലേക്കു തിരിച്ചു വരും എന്ന വിചിത്രമായ വിശ്വാസം ശിയാക്കൾക്കുണ്ട്. അവരുടെ വീക്ഷണപ്രകാരം രണ്ടുതരം ആളുകളാണ് ഈ രുപത്തിൽ തിരിച്ചുവരുന്നത്. അതിൽ ഒരു വിഭാഗം വിശ്വാസരംഗത്ത് ഉന്നതപദവി ലഭിച്ചവ രും വാഴ്ത്തപ്പെട്ടവരുമാണ്. മറ്റേ വിഭാഗം അങ്ങേയറ്റം അധഃപതിച്ചവരും ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരുമാണ്. അന്ത്യദിനത്തിനു മുമ്പായി മഹ്ദിയുടെ കാലത്താണ് ഈ പുനർജന്മം സംഭവിക്കുക എന്ന് അവർ പറയുന്നു. ഇതിന്റെ ആവശ്യകതക്ക് അവർ പറയുന്ന ന്യായം ശത്രുക്കളോടുളള പ്രതികാരം നടപ്പിലാക്കുക എന്നതാണ്. ശിയാക്കളുടെ ദൃഷ്ടിയിൽ ശത്രുക്കൾ എന്നു പറയുന്നത് നബിﷺയുടെ കാല ശേഷം ‘ഖിലാഫത്ത് തട്ടിയെടുത്ത’ ഖലീഫമാരാണ്. ഈ പുനരുത്ഥാന നാളുകളിൽ നടക്കാനിടയുളള കൂട്ടക്കശാപ്പിനെക്കുറിച്ചും ശിയാഗ്രന്ഥങ്ങളിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മരണപ്പെട്ട ഒരുപാട് ആളുകൾ ഇങ്ങനെ തിരിച്ചുവരികയും അക്രമിക്കപ്പെട്ടവർ അക്രമികളോട് പ്രതികാരം ചെയ്യുകയും ചെയ്യും. ഇതിൽ പ്രതികാരം ചെയ്യുന്നവർ ശിയാക്കളും പ്രതികാരത്തിന് വിധേയമാകുന്നവർ സുന്നികളുമായിരിക്കും.

ഈ വിശ്വസം ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. കാരണം ക്വുർആനിലെ ഒട്ടേറെ ആയത്തുകൾ മരിച്ചവർ ഇഹലോകത്തേക്കു തിരിച്ചുവരികയില്ലെന്ന് സ്ഥാപിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: “അങ്ങനെ അവരിൽ ഒരാൾക്ക് മരണം വന്നെത്തുമ്പോൾ അവൻ പറയും: എന്റെ രക്ഷിതാവേ, എന്നെ (ജീവിതത്തിലേക്ക്) തിരിച്ചയക്കേണമേ; ഞാൻ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തിൽ എനിക്കു നല്ല നിലയിൽ പ്രവർത്തിക്കുവാൻ കഴിയത്തക്കവിധം. ഒരിക്കലുമില്ല! അതൊരു വെറും വാക്കാണ്. അതവൻ പറഞ്ഞുകൊണ്ടിരിക്കും. അവരുടെ പിന്നിൽ അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്’’ (23:99,100).

ജൂതന്മാരിൽ നിന്നായിരിക്കും ഈ വിശ്വാസം ശിയാക്കളിലേക്ക് കുടിയേറിയത്. ജൂതനായ അബ്ദുല്ലാഹി ബ്‌നു സബഇലുടെയാണല്ലോ ശിയായിസം വളർന്നുവന്നത്. മനുഷ്യന് അന്ത്യദിനത്തിലുള്ള വിശ്വാസം ദൂർബലപ്പെടുത്താൻ ഈ വിശ്വാസത്തിലുടെ സാധ്യമാകും. ഇബ്‌നു സബഇന്റെ അഭിപ്രായത്തിൽ ഇമാം അലി(റ) മാത്രമെ മരണത്തിനു ശേഷം തിരിച്ചുവരികയുള്ളൂ. എന്നാൽ പല ശിയാ വിഭാഗങ്ങളും അവരുടെ നേതാക്കൾ തിരിച്ചുവരും എന്ന അഭിപ്രായക്കാരാണ്. എന്നാൽ തിരിച്ചുവരും എന്ന ഈ വാദംകൊണ്ട് മാത്രം പ്രസിദ്ധമായ ഒരു വിഭാഗവും ശിയാക്കളിലുണ്ട്. ‘റജ്ഇയ്യ’ എന്ന പേരിലാണവർ അറിയപ്പെടുന്നത്. ‘റജഅ’ എന്ന അറബി പദത്തിന് ‘തിരിച്ചുവരിക’ എന്നാണ് അർഥം. ഈ വിശ്വാസം അവർ രഹസ്യമായി സൂക്ഷിക്കുന്നതാണ്. അവരുടെ പ്രത്യേക സദസ്സുകളിൽ മാത്രമെ ഇത് പരാമർശിക്കാറുളളൂ.

നബിﷺയുടെ ഇതര സ്വഹാബികളെക്കാൾ അലി(റ)ക്ക് മഹത്ത്വം നൽകുന്നവരാണ് സാധാരണഗതിയിൽ ശിയാക്കൾ എന്ന പേരിൽ അറിയപ്പെടുന്നത്. എന്നാൽ അബൂബക്കറിനെ(റ)ക്കാളും ഉമറിനെ(റ)ക്കാളും അലി(റ)ക്ക് ശ്രേഷ്ഠത നൽകുന്ന, കുറച്ചുകൂടി അതിരുകടന്നവരുണ്ട്. അവർ റാഫിളുകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രസ്തുത ഖലീഫമാരോട് പ്രതികാരം ചെയ്യാൻ വേണ്ടി അലി(റ) തിരിച്ചു വരും എന്ന് പറയുന്ന, ശിയാക്കളിലെ ഏറ്റവും തീവ്രതയുള്ളവരാണ് നേരത്ത പറഞ്ഞ റജ്ഇയ്യ വിഭാഗം.

തീവ്രശിയാക്കളുടെ മറ്റൊരു വാദം അല്ലാഹു അവരുടെ ഇമാമുകൾക്ക് വെളിപ്പടുമെന്നതാണ്. ഇത്തരത്തിലൊരു വിശ്വാസം ജൂതന്മാരാണ് വെച്ചുപുലർത്തുന്നത്. ഇവർ ആ വിശ്വാസം മുസ്‌ലിംകളിലേക്ക് തിരുകിക്കയറ്റാൻ ശ്രമിച്ചതാണ്.

ശിയാക്കളിലെ ഇമാമിയ്യാക്കളുടെ വീക്ഷപ്രകാരം ലോകത്ത് എപ്പോഴും ഒരു ഇമാമുണ്ടാകും; ഒരു നിമിഷം പോലും ഇമാമില്ലാത്ത അവസ്ഥ ഉണ്ടാകുകയില്ല. ഇനി അങ്ങനെ ഒരവസ്ഥ സംജാതമാകുകയാണെങ്കിൽ സമുദ്രം അലയടിക്കുന്നതുപോലെ ഭൂമി ഇളകി മറിഞ്ഞുകൊണ്ടിരിക്കുമത്രെ! അങ്ങനെയെങ്കിൽ ഇപ്പോൾ അവരുടെ ഇമാം ആരാണ് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. അവരുടെ പതിനൊന്നാമത്തെ ഇമാം മരണപ്പെട്ടത് പിൻഗാമിയില്ലാതെയാണ്. അദ്ദേഹത്തിന്റെ അനതന്തരസ്വത്ത് സഹോദരനും മാതാവിനുമാണ് ലഭിച്ചത്. അതുപോലെതന്നെ ഇമാം ഹസൻ അന്തരിച്ചപ്പോഴും ഈ പിൻഗാമിയുടെ പ്രശ്‌നം വരികയും അവർ പതിനഞ്ചോ ഇരുപതോ ആയി വേർപിരിയുകയും ചെയ്തു. ഇമാമത്ത് അവസാനിച്ചു എന്നും ചിലർ പറഞ്ഞിരുന്നു. പക്ഷേ, ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ വേണ്ടി ഇബ്‌നു സബഅ് ഒരു പുതിയ ആശയം രൂപികരിച്ചു; അതാണ് ‘ഗൈബിയ്യ’ (മറഞ്ഞിരിക്കുക) എന്നു പറയുന്നത്. ഈ വാദപ്രകാരം ഹസന് ഒരു മകനുണ്ട്; പക്ഷേ, ചെറുപ്പത്തിൽ അപ്രത്യക്ഷനായതാണ്. അവനാണ് എന്നു പറഞ്ഞ് വേറെ ഒരാൾ രംഗപ്രവേശം ചെയ്യും. ഇതോടെ താൽക്കാലിക പ്രശ്‌നത്തിന് പരിഹാരം കാണാനാവും. മക്കളില്ലാത്ത ഇമാമുകൾ ഏതെങ്കിലും ഒരു മകൻ ജനിച്ചയുടൻ അപ്രത്യക്ഷമായതാണെന്ന് പ്രചരിപ്പിക്കുകയും സമർഥമായി മറ്റാരെങ്കിലും രംഗപ്രവേശം ചെയ്യുകയും ഇമാമത്ത് ഏറ്റെടുക്കുകയും ചെയ്യും. ഇങ്ങനെ പ്രത്യക്ഷപ്പെടുന്നവർക്ക് സ്ഥിരം പേരുകളുണ്ടാവില്ല. മഹ്ദി, ഹുജ്ജ, സ്വാഹിബ് തുടങ്ങിയ ചില സ്ഥാനപ്പേരുകളാണ് അവർ സ്വീകരിക്കാറുളളത്.

എന്തിനാണ് ചില ഇമാമുമാർ ഇതുപോലെ ഒളിവിൽ പോകുന്നത് എന്ന ചോദ്യത്തിന് അവർ പറയുന്ന മറുപടി ‘അവരെ ആരെങ്കിലും വധിക്കുമോ എന്ന ഭയം കൊണ്ടാണ്’ എന്നാണ്. എന്നാൽ ഇമാമുകൾ മരണപ്പെടുന്നത് അവരുടെ അറിവോടും അനുമതിയോടും കൂടിയാണന്നും ഈ ശിയാക്കൾ തന്നെയാണ് പറയാറുളളത്.

കേവലം വിശ്വാസകാര്യങ്ങളിൽ മാത്രമല്ല ശിയാക്കൾ സുന്നികളോടു വിയോജിക്കുന്നത്. പല കർമശാസ്ത്ര വിഷയങ്ങളിലും അവർക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ട്. ‘മുത്അ’ വിവാഹം അവർ അനുവദിക്കുക മാത്രമല്ല അത് ചെയ്യാത്തവനെ മോശമായി കാണുകയും ചെയ്യുന്നു. അവരുടെ ഒരു റിപ്പോർട്ട് അതിനു തെളിവാണ്: “ആരെങ്കിലും മുത്അ വിവാഹം കഴിക്കാതെ ദുൻയാവിൽനിന്ന് മരണപ്പെട്ടാൽ അവൻ അന്ത്യദിനത്തിൽ മൂക്കും കാതുകളും മുറിക്കപ്പെട്ടവനായിവരും.’’ അത് ചെയ്യുന്നവർക്ക് വലിയ പ്രതിഫലവുമുണ്ടത്ര! നബിﷺ പറഞ്ഞതായി അവർ കെട്ടിച്ചമച്ച ഹദീസിൽ പറയുന്നു: “ആരെങ്കിലും ഒരു പ്രാവശ്യം മുത്അ വിവാഹം ചെയ്താൽ അവന് ഹുസൈന്റെ പദവിയുണ്ട്. ആരെങ്കിലും രണ്ടു പ്രാവശ്യം മുത്അ വിവാഹം ചെയ്താൽ അവന് ഹസന്റെ പദവിയുണ്ട്. ആരെങ്കിലും മുന്നു പ്രാവശ്യം മുത്അ വിവാഹം ചെയ്താൽ അവന് അലിയുടെ പദവിയുണ്ട്. ആരെങ്കിലും നാലു പ്രാവശ്യം മുത്അ വിവാഹം ചെയ്താൽ അവന് എന്റെ മകന്റെ പദവിയുണ്ട്.’’

ഇങ്ങനെ മുസ്‌ലിംകൾക്ക് ഒരിക്കലും യോജിച്ചുപോകാൻ കഴിയാത്ത വിശ്വാസങ്ങളും ആചാരങ്ങളുമാണ് ശിയാക്കൾ വെച്ചുപുലർത്തുന്നത്.

മുസ്‌ലിംകൾക്കിടയിൽ വല്ല അഭിപ്രായവ്യത്യാസവും ഉണ്ടായാൽ അത് ക്വുർആനിലേക്കും സുന്നത്തിലേക്കും മടക്കണമെന്നാണ് പ്രമാണം. എന്നാൽ സുന്നികൾ അംഗീകരിക്കുന്ന ക്വുർആനും സുന്നത്തും ശിയാക്കൾക്ക് അംഗീകരിക്കാനാവാത്തതാണ്. ശിയാക്കളുടെ ഗ്രന്ഥങ്ങളിൽ ക്വുർആനിനും സുന്നത്തിനും ഇജ്മാഇനും സ്വഹാബികൾക്കും എതിരായുളള കാര്യങ്ങളുള്ള കാലത്തോളം ശിയാ- മുസ്‌ലിം ഐക്യം ഒരു സമസ്യയായിരിക്കും.

(അവസാനിച്ചു)