ശീഇകളിലെ വിഭാഗങ്ങൾ

ഡോ. ടി. കെ. യൂസുഫ്

2026 ആഗസ്റ്റ് 29, 1448 റബീഉൽ അവ്വൽ 16

(ശീഇസം-ഇസ്‌ലാം: ഒരു ദാർശനിക വിശകലനം 8)

ശീഇകളിലെ (ശിയാക്കളിലെ) ഒട്ടനവധി വിഭാഗങ്ങളെക്കുറിച്ചും അവരിലെ അവാന്തര വിഭാഗങ്ങളെക്കുറിച്ചും അവരുടെതന്നെ ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നുണ്ട്. പുരാതന ഗ്രന്ഥങ്ങളിൽ പറഞ്ഞതിൽ കൂടുതൽ വിഭാഗങ്ങൾ ഇപ്പോൾ നിലവിലുണ്ടാകും. ശീഇകളിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന മീർബാകിർ ദാമാദിന്റെ അഭിപ്രായത്തിൽ നബിﷺ പറഞ്ഞ എഴുപത്തിമൂന്ന് വിഭാഗങ്ങൾ ശിയാക്കളുടെ കൂട്ടത്തിൽതന്നെ ഉണ്ടായിട്ടുണ്ട്; അതിൽ വിജയിച്ച വിഭാഗം ഇമാമിയ്യയാണ്. അഹ്‌ലുസ്സന്നയിൽ പെട്ട വിഭാഗങ്ങൾ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇസ്‌ലാമിൽനിന്നുതന്നെ പുറത്താണ്. പല പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ ശീഈ വിഭാഗക്കാർ മുന്നൂറിലധകം എത്തിയിട്ടുണ്ട്. ഷഹർസ്ഥാനിയുടെ വീക്ഷണത്തിൽ അവരിലെ അടിസ്ഥാന വിഭാഗങ്ങൾ അഞ്ചെണ്ണമാണ്; കൈസാനിയ്യ, സൈദിയ്യ, ഇമാമിയ്യ, ഗൂലാത്ത്, ഇസ്മാഈലിയ്യ. അശ്അരിയുടെ വീക്ഷണത്തിൽ അടിസ്ഥാനപരമായി അവർ മൂന്നാണ്. ഒന്ന്, ഗുലാത്ത്; അതുതന്നെ പതിനഞ്ചു വിഭാഗമുണ്ട്. രണ്ട്, റാഫിദ; അവർ ഇരുപത്തിനാലു വിഭാഗമുണ്ട്. മുന്ന,് സൈദിയ്യ ഇവർ ആറു വിഭാഗമുണ്ട്. പുരാതനമായ പല ശീഈ വിഭാഗങ്ങൾക്കും വംശനാശം സംഭവിച്ചിട്ടുണ്ട്. ഇന്നു നിലവിലുള്ളതിൽ ഏറ്റവും

പ്രസിദ്ധമായത് മൂന്നെണ്ണമാണ്. അവ സൈദിയ്യയും ഇസ്മാഈലിയ്യയും ഇമാമിയ്യ അഥവാ ഇസ്‌നാ അശരിയ്യയുമാണ്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതും കൂടുതൽ അംഗബലമുള്ളതുമായ വിഭാഗം ഇമാമിയ്യയാണ്.

ഇസ്മാഈലിയ്യ

ഇമാം ജഅ്ഫറിനുശേഷം ശിയാക്കൾ ആരെ നേതാവാക്കണം എന്ന കാര്യത്തിൽ തർക്കിക്കുകയും ഒട്ടേറെ കക്ഷികളായി അവർ വേർതിരിയുകയും ചെയ്തു. അക്കൂട്ടത്തിൽ ഇമാമത്ത് അദ്ദേഹത്തിന്റെ മക്കളിലൊരാളായ ഇസ്മാഈലിനാണ് എന്നു വാദിച്ചവരാണ് ഇസ്മാഈലിയ്യ. എന്നാൽ അദ്ദേഹം മരിച്ചയുടനെത്തന്നെ ഇവർ വീണ്ടും രണ്ടായി പിരിഞ്ഞു. പിന്നീട് ഒട്ടേറെ പേരുകളിലും സ്ഥാനപ്പേരുകളിലും അനവധി വിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി മാറി. കറാമിത്ത, ഹശാശൂൻ, ഫാതിമിയ്യൂൻ, ദുറൂസ് എന്നിവ അവയിൽ ചിലതാണ്. ഓരോ രാജ്യത്തെയും പ്രധാന ഇമാമിന്റെ പേരിലും ആ രാജ്യത്ത് അവർ അറിയപ്പെടുന്നുണ്ട്. മതത്തിലെ ഓരോ കാര്യത്തിനും ബാഹ്യവും ആന്തരികവുമായ അർഥങ്ങളുണ്ടെന്നും ക്വുർആൻ വ്യാഖ്യാനിക്കാനുള്ള അവകാശം ഇമാമുകൾക്ക് മാത്രമെയുള്ളൂവെന്നുമാണ് ഇസ്മാഈലിയാക്കളുടെ വിശ്വാസം. ഇബ്‌നുൽ ജൗസി(റഹി) ഇവരിലെ ബാതിനിയ്യാക്കളെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ്: “ഇക്കൂട്ടർ പ്രവാചകത്വവും ആരാധനാകർമങ്ങളും പുനരുത്ഥാനവും നിഷേധിക്കുന്നവരാണ്. പക്ഷേ, ഇക്കാര്യം ഇവർ തുറന്നുപറയാതെ, ബാഹ്യമായി ഇവ അംഗീകരിക്കുകയും ഇവയിലെല്ലാം നിഗൂഢമായ പല ആശയങ്ങളും അടങ്ങിയിട്ടുണ്ട് എന്നു പറഞ്ഞ് ആളുകളെ വഴി തെറ്റിക്കുകയും ചെയ്യും.’’ ഫഖ് റുദ്ദീൻ അൽറാസിയുടെ അഭിപ്രായത്തിൽ നിശീശ്വര-നിർമത പ്രസ്ഥാനത്തെക്കാൾ മതത്തിന് ഏറ്റവും ഭീഷണിയായിട്ടുളളത് ഇക്കൂട്ടരാണ്.

ഇക്കൂട്ടരുടെ വിശ്വാസ സംഹിതകൾ ഇവരുടെ ഗ്രന്ഥങ്ങൾ വായിച്ചാൽ പോലും മനസ്സിലാക്കാൻ പ്രയാസമാണ്. ഇസ്മാഈലീ വിഭാഗത്തിലെ ഒരാൾ പറഞ്ഞു: “ഞങ്ങൾക്കു ചില ഗ്രന്ഥങ്ങളുണ്ട്. അതുവായിച്ചു ഗ്രഹിക്കാനോ അതിലെ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാനോ ഞങ്ങൾക്കല്ലാതെ കഴിയുകയില്ല.’’ അവരുടെ ദൈവവിശ്വാസത്തെക്കുറിച്ച് ഇമാം ഗസ്സാലി പറഞ്ഞത് ‘ഇവർ രണ്ടു ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരാണ്’ എന്നാണ്. ഓരോ കാലഘട്ടത്തിലും പാപസുരക്ഷിതനായ ഒരു ഇമാം ഉദയം ചെയ്യുമെന്നും ഇവർ വിശ്വസിക്കുന്നു. മതവിധികൾ ഒരു ഇമാമിൽനിന്നാണ് പഠിക്കേണ്ടത് എന്നു പറയുന്ന ഇവർക്ക് മതത്തിലെ പല വിലക്കുകളും അനുവദനീയമാണ്. നമസ്‌കാരത്തിന്റെ അർഥം ഇമാമുമായുള്ള സൗഹൃദമാണ്. ഹജ്ജ് അദ്ദേഹത്തെ സന്ദർശിക്കലാണ്. നോമ്പ് എന്നാൽ ഇമാമിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താതിരിക്കലാണ്. ഇവരുടെ പ്രബോധനത്തിനും പല പദവികളുണ്ട്. എല്ലാവർക്കും ഒരു പോലുള്ള നിയമനിർദേശങ്ങളല്ല. അനുയായികളെ ഇവർ ഏഴു വിഭാഗമാക്കിത്തിരിച്ചു പദവിക്കനുസരിച്ചാണ് മതകർമങ്ങൾ പഠിപ്പിച്ചുകൊടുക്കുന്നത്. പല നാടുകളിലേക്കും പ്രബോധകരെ അയക്കാൻ വേണ്ടി ഇവർ സർവകലാശാലകളും നടത്തുന്നുണ്ട്.

സൈദിയ്യ

അലി(റ)യുടെ മകൻ ഹുസൈൻ(റ)വിന്റെ പൗത്രൻ സൈദിന്റെ അനുയായികളാണ് സൈദിയ്യ എന്ന പേരിലറിയപ്പെടുന്നത്. സൈദിനോട് അബുബക്‌റി(റ)നെയും ഉമറി(റ)നെയും കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം അവരെക്കുറിച്ചെല്ലാം തൃപ്തികരമായിട്ടാണ് മറുപടി പറഞ്ഞത്. ഇതു കേട്ട ഒരു വിഭാഗം അദ്ദേഹത്തെ നിരസിക്കുകയും അവർ റാഫിദിയ്യ (നിരസിച്ചവർ) എന്ന പേരിൽ സൈദിയ്യാക്കളിൽനിന്നും വേർപിരിയുകയും ചെയ്തു. സൈദിയ്യാക്കളുടെ വിശ്വാസപ്രകാരം ഫാത്വിമ(റ)യുടെ സന്താന പരമ്പരക ളിലാണ് ഇമാമുകൾ ഉണ്ടാകേണ്ടത്. സൈദിയ്യാക്കൾ അബൂബക്ർ(റ), ഉമർ(റ), ഉസ്മാൻ(റ), ത്വൽഹ(റ), സുബൈർ(റ), ആഇശ(റ) എന്നിവരെക്കുറിച്ചെല്ലാം സംതൃപ്തരാണ്. എന്നാൽ അവരിലധികം പേരും സ്വഹാബികളെ അധിക്ഷേപിക്കുന്നവരാണ്. ഉത്തമ സ്വഹാബിമാരിൽ പെട്ട അബുഹുറയ്‌റ(റ) ഇവർക്ക് സ്വീകാര്യനല്ല, കാരണം അവരുടെ താത്പര്യങ്ങൾക്കെതിരായ ചില ഹദീസുകൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈദിയ്യാക്കളുടെ വിശ്വാസമനുസരിച്ച് ഫാത്വിമ(റ)യും അലി(റ)യും ഹൂസൈനും(റ) പാപസുരക്ഷിതത്വമുള്ളവരാണ്.

സൈദിയ്യയിലെ വിഭാഗങ്ങൾ

സൈദിയ്യാക്കൾ പല വിഭാഗമായി വേർപിരിഞ്ഞിട്ടുണ്ട്. ജാറൂദിയ്യ, സുലൈമാനിയ്യ, ബതരിയ്യ, നഈമിയ്യ, യഅ്കൂബിയ്യ എന്നിവയാണ് അതിൽ പ്രധാനപ്പെട്ടത്. ഇമാമിയ്യ കക്ഷിയിലെ ബർസിയുടെ അഭിപ്രായത്തിൽ അവർ പതിനഞ്ചു വിഭാഗമാണ്. ബതരിയാക്കളുടെ വിശ്വാസ പ്രകാരം

നബിﷺക്കു ശേഷം അലി(റ)യാണ് ഏറ്റവും ശ്രേഷ്ഠനും ഇമാമത്തിന് അർഹനും. എന്നാൽ അദ്ദേഹം അബൂബക്‌റി(റ)നും ഉമറി(റ)നും ബൈഅത്ത്(അനുസരണ ഉടമ്പടി) ചെയ്തതതിൽ തെറ്റില്ല എന്ന് ഇവർ വിശ്വസിക്കുന്നു. അത് ഒരാൾക്ക് അർഹതപ്പെട്ട അവകാശം മറ്റൊരാൾക്ക് സ്വമേധയാ വിട്ടുകൊടുക്കുന്നതിന് തുല്യമാണ് എന്നതാണ് അതിനു നൽകുന്ന വിശദീകരണം.

റാഫിദിയ്യ

‘ജഅ്ഫരിയ്യ,’ ‘ഇസ്‌നാ അശരിയ്യ,’ ‘ഇമാമിയ്യ’ എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നുണ്ട്. ‘ഇമാമിയ്യ’ എന്ന പേരിനു കാരണം അവർ ഇമാമിനെ അനിവാര്യമായിക്കാണുകയും എല്ലാ കാലഘട്ട ത്തിലും ഇമാം ഉദയം ചെയ്യുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ്. ഓരോ ഇമാമിനും പൂർണതയും പാപസുരക്ഷിതത്വവുമുണ്ടാകുമെന്നും ഇവർ വിശ്വസിക്കുന്നു. പിന്നീട് അവർ ഇമാമത്ത് ഹുസൈനു ബിൻ അലിയുടെ സന്താനപരമ്പരയിൽ മാത്രം പരിമിതപ്പെടുത്തി. ഇക്കൂട്ടർ ‘ഇസ്‌നാ അശരിയ്യ’ എന്ന് അറിയപ്പെടാൻ കാരണം നബിﷺക്കുശേഷം പന്ത്രണ്ട് ഇമാമുമാർ ഉണ്ടാകും എന്ന അവരുടെ വിശ്വാസമാണ്.

ലോകത്തുള്ള ശിയാക്കളുടെ എണ്ണത്തിന് ഔദ്യോഗിക കണക്കുകളൊന്നുമില്ല. എണ്ണം പെരുപ്പിച്ചു കാണിക്കാനും ശ്രദ്ധേയരായ മുസ്‌ലിം പണ്ഡിതന്മാർ തങ്ങളുടെതാണെന്ന് അവകാശപ്പെടാനും അവർ ശ്രമിക്കാറുണ്ട്. സുന്നികളെക്കുറിച്ച് വികലമായ േധാരണികൾ പഠിപ്പിക്കപ്പെടുന്നതുകൊണ്ട് ശിയാക്കൾ സുന്നികളുടെ വിശ്വാസ പ്രമാണങ്ങളെക്കുറിച്ച് പഠിക്കാൻ തയ്യാറാകാറില്ല.

(തുടരും)