വിലമതിക്കാനാവാത്ത മാതൃത്വം

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

2023 ജൂലൈ 15 , 1444 ദുൽഹിജ്ജ 27

തന്റെ വയറ്റിനകത്ത് വളർന്നുകൊണ്ടിരിക്കുന്ന കുഞ്ഞിന്റെ വളർച്ചയും ചലനങ്ങളും മാതാവിന് അറിയാൻ കഴിയും. കുഞ്ഞിന്റെ ചലനമൊന്നു കുറഞ്ഞതായി തോന്നിയാൽ അവൾക്ക് ആശങ്കയേറും. ഗർഭധാരണത്തിന്റെ എല്ലാ പ്രയാസങ്ങളും അവൾക്ക് മധുരിതമായി തോന്നുന്നത് പിറക്കാനിരിക്കുന്ന കുഞ്ഞിനെ കാണാനുള്ള ആഗ്രഹംകൊണ്ടാണ്. കുഞ്ഞ് പിറന്നുവീണ് വാവിട്ട് കരയുകയും തന്റെ മാറിലേക്ക് വയ്ക്കപ്പെടുകയും ചെയ്യുന്നതോടു കൂടി ആ മാതാവ് പ്രസവ സമയത്ത് താൻ അനുഭവിച്ച പ്രാണ വേദനയത്രയും വിസ്മരിക്കുന്നു...!

ഗർഭാശയത്തിന്റെ ഇരുട്ടിൽ ഒമ്പതു മാസത്തിലേറെ സുരക്ഷിതമായി കഴിച്ചുകൂട്ടിയ കുഞ്ഞ് പുതിയ, പരിചിതമല്ലാത്ത ഒരു ലോകത്തേക്കാണ് കൺമിഴിക്കുന്നത്. അതിന്റെ അമ്പരപ്പ് മാതാവിന്റെ മാറിലെ ചൂട് അനുഭവിക്കുന്നതിലൂടെ വിട്ടകലുകയും നിർഭയത്വം അനുഭവപ്പെടുകയും ചെയ്യുന്നു. താൻ മാസങ്ങളോളം അനുഭവിച്ചറിഞ്ഞറിഞ്ഞ മാതാവിന്റെ ഹൃദയതാളം മാറോടു ചേർന്ന് കിടക്കുമ്പോൾ ആ കുഞ്ഞിന് കേൾക്കാം. തന്റെ ചൂടും ചൂരും പകർന്നു നൽകി കുഞ്ഞിനെ ചേർത്ത് പിടിക്കുമ്പോൾ ആ മാതാവ് അനുഭവിക്കുന്ന ആത്മനിർവൃതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

വെറുതെ കണ്ണടച്ച് കിടക്കുന്ന ആദ്യ ദിനങ്ങൾ മുതൽ തന്നെ കുഞ്ഞിന് തന്റെ മാതാവിന്റെ ശബ്ദം തിരിച്ചറിയാൻ കഴിയും. പിന്നീട്, കുഞ്ഞിക്കണ്ണ് തുറന്നു മങ്ങിയ കാഴ്ചയിൽ അവൻ/അവൾ ചുറ്റുപാടിനെ പതിയെ കണ്ട് മനസ്സിലാക്കും. ക്രമേണ വിളിപ്പുറത്ത് നോക്കിത്തുടങ്ങും, മോണകാട്ടി ചിരിക്കും. എത്രമേൽ മനോഹരമാണ് ആ കാഴ്ച!

പിന്നീട് കുഞ്ഞ് തന്റെ മാതാവിന്റെ സാമീപ്യം ആഗ്രഹിക്കുന്ന എത്രയെത്ര സന്ദർഭങ്ങൾ...അതുപോലെ തന്നെ അവന്റെ/അവളുടെ ചിരി കളികളും കുഞ്ഞിക്കാലിന്റെ ആദ്യ ചുവടുവയ്പുകളും കുസൃതികളുമെല്ലാം മാതാവിന്റെ മനസ്സിൽ നിറക്കുന്ന അനുഭൂതി വർണനാതീതമാണ്.

ഒരു മാതാവ് പ്രയാസത്തിനു മേൽ പ്രയാസം സഹിച്ചുകൊണ്ടാണ് ഒരു കുഞ്ഞിനെ ഗർഭം ചുമക്കുന്നതും പ്രസവിക്കുന്നതും:

‘‘മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാസനം നൽകിയിരിക്കുന്നു- ക്ഷീണത്തിനുമേൽ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗർഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിർത്തുന്നതാകട്ടെ രണ്ടുവർഷം കൊണ്ടുമാണ്-എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം’’ (ക്വുർആൻ 31:14)

കുഞ്ഞിനെ ശൈശവത്തിൽ പരിപാലിക്കുന്നതും ഒരുപാട് പ്രയാസം സഹിച്ചുകൊണ്ട് തന്നെയാണ്. ഇതുകൊണ്ടല്ലാമാണ് ഒരു മനുഷ്യൻ അവന്റെ മാതാവിനോടാണ് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് എന്ന് പ്രവാചകൻ ﷺ നമ്മെ പഠപ്പിച്ചിട്ടുള്ളത്.

കുട്ടികൾ അവരുടെ വ്യക്തിത്വ രൂപീകരണത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത് അവരുമായി അടുത്ത് ഇടപഴകുന്നവരിൽനിന്നാണ്. അതിൽ ഒന്നാം സ്ഥാനത്തുള്ളത് മാതാവു തന്നെയാണ്. മക്കൾക്ക് സ്വന്തം വീട്ടിൽനിന്നും ലഭിക്കുന്ന സന്ദർഭോചിതമായ പ്രോത്സാഹനങ്ങളും ശാസനകളും തിരുത്തലുകളുമെല്ലാം അവരുടെ ശരിയായ മാനസിക വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് തന്റെ ഉത്തരവാദിത്തം നിസ്സാരമല്ല എന്ന് മനസ്സിലാക്കി തന്റെ കുഞ്ഞിന് വേണ്ട സമയം മാറ്റിവച്ചുകൊണ്ടാവണം ഓരോ മാതാവും മുന്നോട്ടു പോകേണ്ടത്. മക്കൾക്ക് കൊടുക്കാനുള്ള ഏറ്റവും വലിയ സമ്പത്ത് തങ്ങളുടെ സ്‌നേഹ സമീപ്യമാണ് എന്ന് മാതാക്കൾ തിരിച്ചറിയണം.