സ്ത്രീകളും പ്രബോധനവും

ആഷിഖ.എ.വി, നടുവട്ടം

2023 ഏപ്രിൽ 01, 1444 റമദാൻ 10

മതപ്രബോധനം (ദഅ്‌വത്ത്) എന്നത് മഹത്തായ ഒരു പുണ്യകർമമാണ്. ‘ദഅ്‌വത്ത് ‘എന്ന പദത്തിന്റെ അർഥം ‘ക്ഷണിക്കൽ,’ ‘വിളിക്കൽ’ എന്നൊക്കെയാണ്. ഇതരമതസ്ഥർക്ക് മതത്തെ കുറിച്ച് പറഞ്ഞുകൊടുക്കാനും തെറ്റായ ദിശയിൽ സഞ്ചരിക്കുന്ന മുസ്‌ലിംകളെ നേർവഴിയിലേക്ക് നയിക്കാനുമുള്ള എല്ലാ പ്രവർത്തനങ്ങളും ദഅ്‌വത്തിൽ പെടും. നബി ﷺ ക്ക് ദിവ്യബോധനം ലഭിച്ചതിന്റെ തുടക്ക ഘട്ടത്തിൽ താങ്ങും തണലുമായി നിന്നത് പ്രിയ പത്‌നി ഖദീജ(റ)യാണ്. ഇസ്‌ലാമിനുവേണ്ടി ഒരുപാട് ത്യാഗം സഹിച്ച സ്ത്രീകൾ കഴിഞ്ഞുപോയിട്ടുണ്ട്. ധീര രക്തസാക്ഷി സുമയ്യ(റ) ഇസ്‌ലാമിക ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രമാണ്.

സ്ത്രീകൾക്കും ദഅ്‌വത്തിൽ അവരുടെതായ പങ്ക് വഹിക്കാനുണ്ട്. സ്ത്രീ അറിവ് പകർന്നു കൊടുക്കുന്ന വിളക്കായി മാറണം. സ്ത്രീകൾക്ക് ആദ്യമായി ചെയ്യാനുള്ളത് വീട്ടിലുള്ളവരുടെ ഇസ്‌ലാമിക ജീവിതം ഉറപ്പുവരുത്തുക എന്നതാണ്. മക്കൾക്കും വീട്ടിലുള്ളവർക്കും ഇസ്‌ലാമിക സംസ്‌കാരം പകർന്നു നൽകാൻ സാധിക്കുന്ന എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തണം. വീട്ടിനുള്ളിൽ ഉണ്ടായേക്കാവുന്ന എല്ലാ തിന്മകളെയും ഇല്ലാതാക്കുന്നതിൽ സ്ത്രീകളാണ് ശ്രദ്ധ ചെലുത്തേണ്ടത്. ഭർത്താവിന്റെയും കുട്ടികളുടെയും കൂടെയിരിക്കാനും മതപരമായ കാര്യങ്ങൾ സംസാരിക്കാനും അവൾ സമയം കണ്ടെത്തണം. ഭർത്താവിന്റെ ഇസ്‌ലാം സ്വീകരണം മഹ്‌റായി സ്വീകരിച്ച മഹതി ഉമ്മു സുലൈം ഭർത്താവായ അബൂ ത്വൽഹക്ക് ഇസ്‌ലാമിനെക്കുറിച്ച് പഠിപ്പിച്ചകൊടുത്തവരാണ്.

അയൽവാസികളുമായി നല്ല ബന്ധം നിലനിർത്താനും അവരെ നല്ല കാര്യങ്ങളിലേക്ക് അടുപ്പിക്കാനും ഏറ്റവും കൂടുതൽ കഴിയുക സ്ത്രീകൾക്കാണ്. ഒരു സ്ത്രീ നന്നായാൽ വീട് നന്നായി, വീട് നന്നായാൽ കുടുംബം നന്നായി, കുടുംബം നന്നായാൽ സമൂഹം നന്നായി. മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ചുകൊണ്ട് പ്രവർത്തിച്ചാൽ നമ്മിലും ഒരുപാട് നന്മകൾ വന്നുചേരും. ഓരോരുത്തരുടെയും കടമയാണ് താൻ മനസ്സിലാക്കിയ മതപരമായ കാര്യം താനുമായി ബന്ധപ്പെട്ടവർക്ക് അറിയിച്ചുകൊടുക്കുക എന്നത്. സ്ത്രീകൾ അതിൽനിന്ന് ഒഴിവല്ല. അതിനു സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. “അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സൽകർമം പ്രവർത്തിക്കുകയും തീർച്ചയായും ഞാൻ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാൾ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്‌’’ (ക്വുർആൻ 41:31).

നന്മ കൽപിക്കുക, തിന്മ വിരോധിക്കുക എന്നത് ഉത്തമ സമുദായത്തിന്റെ സ്വഭാവമാണെന്ന് ക്വുർആൻ പറയുന്നുണ്ട്. ആധുനിക വിവരസാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയകളും നന്മ പ്രസരിപ്പിക്കുന്ന മാർഗത്തിൽ ഉപയോഗിക്കുവാൻ സ്ത്രീകൾക്കും സാധിക്കും. നല്ല സന്ദേശങ്ങൾ സഹോദരിമാർക്ക് അയച്ചു കൊടുക്കുന്നതും അവരുമായി നല്ല ബന്ധം പുലർത്തുന്നതും പ്രബോധന പ്രവർത്തനം തന്നെയാണ്.

ഒരിക്കലും പ്രയാസമില്ലാത്ത, പ്രശ്‌നങ്ങളില്ലാത്ത ഒരു ദഅ്‌വ ജീവിതം പ്രതീക്ഷിക്കരുത്. ദഅ്‌വ രംഗത്തേക്ക് ഇറങ്ങുമ്പോൾ ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും തേടിയെത്തും. അവിടെ പതറാതെ മുന്നോട്ടു പോകാൻ സാധിക്കണം. നല്ല ക്ഷമയുള്ളവരാവാൻ ശ്രമിക്കണം. ക്ഷമാലുക്കളുടെ കൂടെയാണ് അല്ലാഹു എന്നത് തിരിച്ചറിഞ്ഞ് മുന്നോട്ടു പോകുക. ഇഹലോകത്ത് ആരുടെ മുന്നിൽ ചെറുതായാലും അല്ലാഹുവിന്റെ മുന്നിൽ വലുതാകണം. പരലോകത്ത് ഉന്നതിയിൽ എത്തണം. ത്യാഗം സഹിക്കാതെ സ്വർഗത്തിൽ പ്രവേശിക്കാം എന്ന് ഒരാളും വിചാരിക്കരുത്. നല്ല രീതിയിലുള്ള പ്രവർത്തനങ്ങളുമായി ജീവിതം മുന്നോട്ടു നയിക്കുവാൻ ശ്രമിക്കുക. ജീവിതംകൊണ്ട് മുസ്‌ലിം ആവുക. അല്ലാഹുവിന്റെ മതത്തിനു വേണ്ടി പണിയെടുത്ത് അതിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ മരണപ്പെടാൻ കഴിയണം.