കൗമാരം ശ്രദ്ധയോടെ

ആഷിഖ.എ.വി. നടുവട്ടം

2023 ഒക്ടോബർ 14 , 1445 റ.അവ്വൽ 29

മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ പരിവർത്തനഘട്ടമാണ് കൗമാരം. വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടമാണ് കൗമാരപ്രായം. ലോകാരോഗ്യസംഘടനയുടെ നിർവചനമനുസരിച്ച് കൗമാരം 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്.

ശാരീരിക വളർച്ചയ്‌ക്കൊപ്പം മാനസികവളർച്ചയും ലൈംഗികശേഷിയും ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരിക മണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നതിനാൽ ഈ കാലഘട്ടം മനഃശാസ്ത്രജ്ഞരുടെയും ശിശുഗവേഷകരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും ആരോഗ്യ വിദഗ്ദ്ധരുടെയും സവിശേഷ ശ്രദ്ധയാകർഷിക്കുന്നു.

കൗമാരകാലം ആരംഭിക്കുന്നത് ലൈംഗികവളർച്ചയും ശാരീരിക വളർച്ചയും ത്വരിതപ്പെടുന്നതോടെയാണ്. പെൺകുട്ടികളിൽ ഈസ്ട്രജൻ, ആൺകുട്ടികളിൽ ആൻഡ്രോജൻ (ടെസ്റ്റോസ്റ്റിറോൺ) എന്നീ ലൈംഗിക ഹോർമോണുകളുടെ പ്രവർത്തനം ഈ സമയത്ത് കാര്യക്ഷമമാകുന്നു.

പെൺകുട്ടികളിൽ ആർത്തവവും ആൺകുട്ടികളിൽ സ്വപ്നസ്ഖലനവും ആരംഭിക്കുന്ന പ്രായവും കൂടിയാണിത്. ഹോർമോണുകളുടെ വർധനവ്, വേഗത്തിലുള്ള ശാരീരിക വളർച്ച, പക്വതക്കുറവ്, ചുറ്റുപാടുകൾ ഏൽപിക്കുന്ന സംഘർഷങ്ങൾ, സംസ്‌കാരം, പാരമ്പര്യം എന്നിവയുടെ സ്വാധീനം; പോഷകാഹാരക്കുറവ്, മാധ്യമങ്ങളുടെ സ്വാധീനം, കൂട്ടുകെട്ട് എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ ശരീരത്തിന്റെയും മനസ്സിന്റെയും വളർച്ചാ-വികാസങ്ങളെ ബാധിക്കുന്നു. ലൈംഗികവളർച്ചയും എതിർലിംഗത്തോടുള്ള ആകർഷണവും ആർജിക്കുന്ന പ്രായമാണിത്.

‘കളർഫുൾ’ ആയ ജീവിതമാണ് ഇന്നത്തെ കൗമാരക്കാർ ആഗ്രഹിക്കുന്നത്. പല ചതിക്കുഴികളും അവരെ കാത്തിരിക്കുന്നുണ്ടെന്ന് അവർ അറിയാതെ പോകുന്നു. കൗമാരക്കാരുടെ പ്രതിസന്ധികളെക്കുറിച്ച് മാതാപിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിനും അറിവുണ്ടായിരിക്കണം.

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകം സ്‌കൂൾ അന്തരീക്ഷമാണ്. കുട്ടികളിലെ യഥാർഥ കഴിവുകളും താൽപര്യമുള്ള പഠനമേഖലയും തിരിച്ചറിയാതെ മാതാപിതാക്കൾ അവർക്കിഷ്ടമുള്ള കോഴ്‌സിനു ചേർക്കുന്നത് അവരുടെ ഭാവിയെത്തന്നെ നശിപ്പിക്കുന്ന പ്രവർത്തനമാണ്. അവരിലെ ആത്മവിശ്വാസത്തെ അത് തല്ലിക്കെടുത്തും.

മൂല്യബോധം ഏറ്റവും കൂടുതൽ പകർന്നു കൊടുക്കേണ്ട പ്രായമാണിത്. ജയപരാജയങ്ങളെ ഒരു പോലെ തൻമയത്വത്തോടെ നേരിടാൻ മാതാപിതാക്കളും അധ്യാപകരും അവരെ പരിശീലിപ്പിക്കണം. എന്തും പരീക്ഷിച്ചറിയാനുള്ള വ്യഗ്രത ഈ പ്രായത്തിലുണ്ടാകും. അതുകൊണ്ട് അമിതമായ സ്വാതന്ത്ര്യം നൽകി ഒഴിച്ചുവിട്ടുകൂടാ. എന്നാൽ പരിമിതികളോടെയുള്ള വ്യക്തിസ്വാതന്ത്ര്യം അനുവദിക്കൽ അനിവാര്യമാണ്. ഇവർ ദുഷിച്ച കൂട്ടുകെട്ടുകളിലേക്ക് പോകാനുള്ള സാധ്യത ഏറെയാണ്. വരുംവരായ്കകളെക്കുറിച്ചുള്ള ചിന്തയൊന്നും ഇവരിലുണ്ടാകില്ല. ആപത്തിൽ ചെന്നു ചാടിയാലേ തെറ്റ് ബോധ്യപ്പെടൂ. അതിനാൽ മക്കൾ ആരുമായിട്ടൊക്കെ ഇടപഴകുന്നുണ്ടെന്ന ക്യത്യമായ ഒരു ബോധം രക്ഷിതാക്കൾക്കുണ്ടായിരിക്കണം.

പുകയില, മദ്യം, മറ്റു മയക്കുമരുന്നുകൾ എന്നിവയെല്ലാം അഡിക്ഷൻ ഉണ്ടാക്കുന്നവയാണ്. ഇവ രുചിച്ചുനോക്കാനുള്ള വാസന കുട്ടികളിൽ വളർത്തുന്ന സാമൂഹ്യ സാഹചര്യമാണ് നിലവിലുള്ളത്. സിനിമയും സീരിയലുകളും പിന്നെ സാമൂഹ്യ മാധ്യമങ്ങൾ വഴി ലഭിക്കുന്ന പ്രേരണകളും കൂട്ടുകെട്ടും കൗമാരക്കാരെ ഇവ ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. പലപ്പോഴും ഒരു രസത്തിനു വേണ്ടിയോ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയോ തുടങ്ങുന്ന ഇത്തരം ശീലങ്ങൾ പിന്നീട് നിരന്തര ഉപയോഗത്തിലേക്ക് നയിക്കും; അങ്ങനെ ജീവിതത്തെതന്നെ ഇരുളടഞ്ഞതാക്കും.

തങ്ങളുടെ സ്വാതന്ത്ര്യത്തെ പൂർണമായും മാതാപിതാക്കൾ ഹനിക്കുന്നു എന്ന ചിന്ത മക്കളുടെ മനസ്സിൽ കടന്നുകൂടുന്നത് അപകടമാണ്. അരുത്, പാടില്ല എന്നൊക്കെ പരിധി നിശ്ചയിക്കുമ്പോൾ എന്തുകൊണ്ട് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം അവർക്കു ലഭിച്ചാൽ, വഴിവിട്ട സ്വാതന്ത്ര്യത്തിന്റെ അപകടം അവർക്ക് ബോധ്യമായാൽ അവർ അനുസരണയുള്ളവരായി മാറും.

അവരുമായി ഏറ്റവും നല്ല ബന്ധം ഉണ്ടാക്കിയെടുക്കാൻ മാതാപിതാക്കൾക്ക് കഴിയണം; വിശിഷ്യാ ഉമ്മമാർക്ക്. വീട്ടിൽനിന്ന് അവർക്ക് സ്‌നേഹവും പരിഗണനയും ലഭിക്കണം. അവരുടെ അഭിപ്രായങ്ങൾക്ക് വിലകൊടുക്കണം. അവർക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കണം. അവരുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കണം. അതിനു സാധ്യമല്ലെങ്കിൽ എന്തുകൊണ്ട് എന്ന് അവരെ ബോധ്യപ്പടുത്തണം. തെറ്റുകൾ സംഭവിച്ചാൽ തെറ്റു തിരുത്താനുള്ള അവസരം അവർക്ക് കൊടുക്കണം. പ്രതികാരം ചെയ്യുന്നപോലെ കടുത്ത ശിക്ഷ നൽകരുത്. പഠിക്കാൻ അമിതമായി നിർബന്ധിക്കരുത്.  മാർക്ക് കുറഞ്ഞാൽ കുറ്റപ്പെടുത്തരുത്; ആത്മവിശ്വാസം പകരുന്ന വാക്കുകളോടെ ചേർത്തു പിടിക്കുക. ഇങ്ങനെയൊക്കെ ചെയ്തുനോക്കൂ; അവർ നല്ല മക്കളായി മാറുന്നതു കാണാം.

കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം. മക്കളുമായി നർമസല്ലാപവുമാകാം. കുട്ടികൾ എന്തും പഠിക്കുന്നത് രക്ഷിതാക്കളിൽനിന്നാണ്. സ്‌നേഹം ഒളിച്ചുവെക്കാനുള്ളതല്ല; പ്രകടിപ്പിക്കാനുള്ളതാണ്. സ്‌നേഹം പ്രകടിപ്പിച്ചുതന്നെ മക്കളെ വളർത്തണം.

മൊബൈലും ഇന്റർനെറ്റും കൗമാരക്കാരുടെ മാന്ത്രികലോകമാണ്. എന്തു കാണിച്ചും സോഷ്യൽ മീഡിയയിൽ വൈറലാകാൻ കാത്തിരിക്കുന്നവരാണ് ഇവർ. അധാർമികതയുടെ അറ്റമില്ലാ ലോകമാണത് തുറന്നിടുന്നത്. അതുകൊണ്ട് നല്ല മാർഗത്തിൽ മാത്രം അവ ഉപയോഗിക്കാനും അതിനുവേണ്ടി ചെലവഴിക്കുന്ന സമയം ക്ലിപ്തമാക്കാനും അതിന് അഡിക്റ്റാകാതിരിക്കാനും മക്കളെ ഉപദേശിക്കുക. പരലോകബോധം അവരുടെയുള്ളിൽ ഊട്ടിയുറപ്പിക്കണം. എങ്കിലേ തിന്മകളിൽനിന്നും ബോധപൂർവം മാറിനിൽക്കാൻ അവർക്ക് കഴിയൂ.

ലുക്വ‌്മാൻ(അ) തന്റെ മകനെ ഉപദേശിക്കവെ പറഞ്ഞു: “എന്റെ കുഞ്ഞുമകനേ, തീർച്ചയായും അത് (കാര്യം) ഒരു കടുകുമണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെത്തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീർച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു’’ (ക്വർആൻ 31:16).

അക്രമവും തെറ്റും എത്രതന്നെ ചെറുതാണെങ്കിലും അല്ലാഹു പ്രതിഫലനാളിൽ തൂക്കിക്കണക്കാക്കുവാൻ അത് കൊണ്ടുവരുന്നതാണ്. നന്മയാണെങ്കിൽ അതിന് പ്രതിഫലവും തിന്മയാണെങ്കിൽ അതിന് ശിക്ഷയും ഉണ്ടായിരിക്കും എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. നാം നമ്മുടെ മക്കളെ ഇങ്ങനെ ഉപദേശിക്കാറുണ്ടോ?

അല്ലാഹുവിനെ മാത്രം ആരാധിക്കുക, മാതാപിതാക്കളെ അനുസരിക്കുക, നബിﷺയുടെ ചര്യ പിന്തുടർന്ന് ജീവിക്കുക...തുടങ്ങിയ ഇസ്‌ലാമിക പാഠങ്ങളെല്ലാം പഠിക്കാൻ അവർക്ക് സാഹചര്യം നാം ഒരുക്കിക്കൊടുത്തിട്ടുണ്ടോ? മദ്‌റസ പഠനത്തിന് നാം പ്രാധാന്യം നൽകുന്നുണ്ടോ? ഇല്ലെങ്കിൽ നാം ദുഃഖിക്കേണ്ടിവരും.