അറുതിവരുത്തണം ഈ അനാചാരങ്ങൾക്ക്

സഹ്‌റ സുല്ലമിയ്യ

2023 ഡിസംബർ 09 , 1445 ജു.ഊലാ 25

ഒരു വിശ്വാസി രാവിലെ ഉറക്കിൽനിന്നും എഴുന്നേറ്റതുമുതൽ വൈകുന്നേരം ഉറങ്ങുന്നതുവരെ, ജനനംമുതൽ മരണംവരെ ശ്രദ്ധിക്കേണ്ടതായ എല്ലാ കാര്യങ്ങളും നബിﷺ വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ജീവിച്ചാൽ ഐഹിക ജീവിതം സംതൃപ്തിയുള്ളതും പരലോകത്ത് മഹത്തായ പ്രതിഫലം ലഭിക്കുന്നതുമായിരിക്കും.

എന്നാൽ മുസ്‌ലിം സമൂഹം ആചാരങ്ങളെ അവഗണിച്ചും അനാചാരങ്ങളെ വാരിപ്പുണർന്നും ജീവിതത്തെ ദുരിതമയവും സാമ്പത്തിക ബാധ്യതയേറിയതും പ്രയാസപൂർണവുമാക്കിത്തീർക്കുകയാണ്. ഒരു കുട്ടി ജനിക്കുന്നതുമുതൽ അനാചാരങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നു. കുട്ടി ജനിച്ചാൽ ഏഴാം ദിവസം മുടികളയാനും നല്ല പേരിടാനും, ആൺകുട്ടിയാണെങ്കിൽ ചേലാകർമം ചെയ്യാനും സാധിക്കുന്നവരോട് അക്വീക്വ അറുക്കാനും മതം കൽപിക്കുന്നു. ഇസ്‌ലാം അനുശാസിക്കുംപോലെ ചെയ്താൽ കാര്യങ്ങൾ വളരെ ലളിതമാണ്. എന്നാൽ പേരിടലിനെയും മുടികളയലിനെയും വമ്പിച്ച ആഘോഷമാക്കി മാറ്റുന്നു പലരും. ഭീമമായ തുക അതിനായി ചെലവഴിക്കുന്നു. അതുപോലെ അന്യമതസ്ഥരെ അനുകരിച്ച് 28ഉം 40ഉം 60ഉം ആഘോഷമാക്കി മാറ്റുന്നു. ആഭരണം ധരിപ്പിക്കൽ വലിയ ചടങ്ങായി മാറുന്നു. സ്വർണം ധരിക്കൽ ഹറാമായ ആൺകുട്ടിയാണെങ്കിലും അവനെയും സ്വർണം ധരിപ്പിക്കും, ‘ചെറിയ കുട്ടിയല്ലേ, അതിലെന്താണ് തെറ്റ്’ എന്നു പറഞ്ഞ് അതിനെ ന്യായീകരിക്കാനും ശ്രമിക്കും. ചെറിയ കുട്ടികളെ ഹറാം ചെയ്യിക്കുന്നവർക്കാണ് അതിന്റെ കുറ്റമെന്ന് അവർ മനസ്സിലാക്കുന്നില്ല.

കുട്ടികളുടെ ബെർത്ത് ഡേ ആഘോഷിക്കുന്നതും (വിശിഷ്യാ ഒരു വയസ്സ് തികയുമ്പോൾ) അന്ന് പ്രത്യേകമായി ഭക്ഷണം ഒരുക്കുന്നതും കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും മറ്റുള്ളവരെ അനുകരിച്ച് മുസ്‌ലിംകളും ചെയ്തുകൊണ്ടിരിക്കുന്നു. പുത്തനുടുപ്പും വിലപിടിപ്പുള്ള സമ്മാനങ്ങളുമായി വന്ന് അയൽക്കാരും കുടുംബക്കാരും ആഘോഷം കേമമാക്കുന്നു. ഇത് ഓരോ വർഷവും തുടരുന്നു.

വിവാഹത്തിലാകട്ടെ അനാചാരങ്ങളുടെയും തോന്ന്യാസങ്ങളുടെയും ഘോഷയാത്രയാണ്. ഇസ് ലാമിലെ വിവാഹം ലളിതമാണെങ്കിലും ഏറ്റവും ചെലവേറിയതും ധൂർത്ത് നിറഞ്ഞതുമാക്കി മാറ്റുന്നു സമുദായത്തിലെ പലരും. വിവാഹത്തിന്റെ മുന്നോടിയായി വധുവും വരനും തമ്മിൽ കാണണം. ഇഷ്ടപ്പെട്ടാൽ കല്യാണം കഴിച്ചാൽ മതി. ആ കാഴ്ചയെ പോലും ആഘോഷവും സാമ്പത്തിക ചെലവുള്ളതുമാക്കി മാറ്റുന്നു. വരനും കൂട്ടുകാരും കുടുംബക്കാരും പെണ്ണിനെ കാണുന്നു. ഇഷ്ടപ്പെട്ടാൽ വീണ്ടും വലിയ ചടങ്ങ്! ധാരാളം വാഹനങ്ങളിൽ കിലോ കണക്കിന് മിഠായികളും മധുരപലഹാരങ്ങളും കേക്കുമായി വരന്റെ വീട്ടുകാർ വരുന്നു. അന്യനായ ആണും പെണ്ണും കേക്ക് മുറിച്ച് പരസ്പരം വായിൽ വെച്ചുകൊടുക്കുന്നു, ആഭരണം അണിയിക്കുന്നു, ചേർന്നിരുന്നും നിന്നും ഫോട്ടോക്ക് പോസ് ചെയ്യുന്നു. അവസാനം ഇരുവർക്കും തമ്മിൽ ബന്ധപ്പെടാനുള്ള ലൈസൻസ് നൽകി മൊബൈലും കൈമാറി, വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച് മടങ്ങുന്നു.

പിന്നെ വിപുലമായ നിശ്ചയ പരിപാടി, ഒരു കല്യാണത്തിന്റെ ഗമയിൽതന്നെ നടത്തും. കല്യാണവിവരം സോഷ്യൽ മീഡിയകളിലൂടെ അറിയിച്ചുള്ള ‘സേവ് ദി ഡേറ്റ്.’ അവളും അവനും ചേർന്നു നിൽക്കുന്ന ഫോട്ടോകൾ പറത്തുന്നു. പിന്നെ നിക്കാഹ്. അന്നത്തെ കാര്യം പ്രത്യേകം പറയേണ്ടതില്ല. സ്റ്റേജിലെ പ്രദർശനം, പരസ്യ ചുംബനം, അന്യരുടെ കൈപിടിച്ച് ചേർന്നുനിന്ന് ഫോട്ടോയെടുക്കൽ... നന്നായി വസ്ത്രം ധരിക്കുന്നവർ പോലും അന്ന് വസ്ത്രത്തിന്റെ കാര്യത്തിൽ അശ്രദ്ധ കാണിക്കുന്നു.

ഗർഭം ധരിക്കുന്നതോടെ വീണ്ടും അനാചാരങ്ങൾ ആരംഭിക്കുന്നു. പണ്ട് പ്രസവത്തിന് കൂട്ടിക്കൊണ്ടുവരലും കാണാൻ പോക്കും പണം കൊടുക്കലും മറ്റുമൊക്കെയായിരുന്നു നാട്ടുനടപ്പ്. ഇന്നോ? ക്ഷണിച്ചു വരുത്തിയവരുടെ മുന്നിൽ വെച്ച് ഭാര്യയുടെ നിറവയറിൽ ഭർത്താവ് ചുംബനം നൽകുന്നു. അത് ക്യാമറയിൽ പകർത്തുന്നു... ഷെയർ ചെയ്യുന്നു! എല്ലാറ്റിനും മുന്നിൽ സ്ത്രീകളുണ്ട്. സഹോദരിമാരേ, നാം ഇതിനൊന്നും കൂട്ടുനിൽക്കരുത്. ഈ അനാചാരങ്ങൾക്കെതിരെ നാം ശക്തമായി പോരാടണം.