സ്ത്രീസ്വാത ന്ത്യവും സമത്വവും; ചില മിഥ്യാധാരണകൾ

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

2023 സെപ്തംബർ 23 , 1445 റ.അവ്വൽ 08

ഈയിടെ ധാരാളമായി കേട്ടുവരുന്ന പദങ്ങളാണ് ലിബറലിസം, ജെൻഡർ ന്യൂട്രാലിറ്റി തുടങ്ങിയവ. 18 വയസ്സു തികഞ്ഞ ഒരാൾക്ക്  തന്റെ ഇഷ്ടാനുസരണം ജീവിക്കാം എന്നതാണ് ലിബറൽ ചിന്താഗതിക്കാരുടെ വാദത്തിന്റെ ചുരുക്കം. ആൺ-പെൺ എന്ന ചിന്തതന്നെ ഇല്ലാതാക്കി ‘നപുംസക ലിംഗ’ ബോധത്തിലേക്കു നയിക്കുന്നത് പുരോഗമനമാണെന്ന് ചിലർ സിദ്ധാന്തിക്കുന്നു. ക്ലാസ്സിൽ ഇരുവിഭാഗങ്ങൾക്കും പ്രത്യേകം ഇരിപ്പിടങ്ങൾ പാടില്ല, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ വസ്ത്രമായിരിക്കണം തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന ജെൻഡർ ന്യൂട്രാലിറ്റി സംസ്‌കൃത സമൂഹത്തിനു ചേർന്നതല്ല.

ആൺ-പെൺ സ്വത്വബോധം നിലനിർത്തിക്കൊണ്ടുതന്നെ ആരോഗ്യകരമായ സൗഹാർദാന്തരീക്ഷം നിലനിർത്തുകയാണ് കാമ്പസുകളിൽ ആവശ്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഇരിപ്പിടം, പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, പ്രത്യേകം ഹോസ്റ്റലുകൾ തുടങ്ങിയ സംവിധാനങ്ങൾ മാറ്റപ്പെടേണ്ട പഴഞ്ചൻ ആശയങ്ങളല്ല. അത് ലിംഗപരമായ അനീതിയുമല്ല. എതിർലിംഗവുമായി അടുക്കുവാനുള്ള നൈസർഗികത്വര തീക്ഷ്ണമായേക്കാവുന്ന കൗമാരത്തിൽ അവരുടെ ‘കംഫർട്ടിനു’ വേണ്ടി അവരെ പാട്ടിനുവിടുക എന്നതല്ല വിവേകം. മുൻഗാമികൾ ചിന്തിച്ചു സംവിധാനിച്ച സന്തുലിത വിദ്യാലയാന്തരീക്ഷം അംഗീകരിക്കുകയാണ് വിവേകമതികൾ ചെയ്യേണ്ടത്.

പരസ്പര സമ്മതത്തോടെ രണ്ടു പുരുഷൻമാരോ രണ്ടു സ്ത്രീകളോ ഒരു ആണും പെണ്ണും കൂടിയോ ഒരുമിച്ച് ദമ്പതികളെ പോലെ താമസിക്കുന്നത് നിയമപരമായി അനുവദിക്കപ്പെട്ട ഒരു ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ കൗമാരക്കാരായ നമ്മുടെ മക്കളിൽ അവർ പോലും അറിയാതെ ലിബറൽ ചിന്തകൾ കടന്നുകൂടുന്നു എന്നത് ഗൗരവമേറിയ വിഷയമാണ്.

ഈ കാലഘട്ടത്തിലെ കൗ മാരക്കാരായ കുട്ടികളുമായി സംവദിക്കുമ്പോൾ അവരുടെ ജീവിത സങ്കൽപങ്ങൾ വളരെയധികം മാറിക്കഴിഞ്ഞിരിക്കുന്നതായി നമുക്ക് മനസ്സിലാക്കാം. വിവാഹം, കുടുംബം, വിദ്യാഭ്യാസം, ഉദ്യോഗം, വസ്ത്രധാരണരീതി തുടങ്ങിയവയിലൊക്കെ അവരുടെ കാഴ്ചപ്പാടുകൾ മാറിക്കൊണ്ടിരിക്കുകയാണ്.

പെൺകുട്ടികൾ വിദ്യാസമ്പന്നരാകേണ്ടത് അത്യാവശ്യം തന്നെയാണ്. ഒരു ജോലി നേടാനായാൽ അത് ആശ്വാസകരമാണ്. സ്വന്തം മക്കൾക്ക് അവരുടെ സ്‌കൂൾ പാഠങ്ങൾ പഠിപ്പിച്ചുകൊടുക്കാനും ഒരു മാതാവ് അത്യാവശ്യം വിദ്യാഭ്യാസമുള്ളവളാകേണ്ടതുണ്ട്. എന്നാൽ വിദ്യാഭ്യാസം, ജോലി തുടങ്ങിയവയൊക്കെ എല്ലാ കെട്ടുപാടുകളിൽനിന്നുമുള്ള മോചനത്തിനും ഏതു വഴിക്കും നീങ്ങാനുള്ള സ്വാതന്ത്ര്യത്തിനുമാണ് എന്ന ചിന്താഗതി പെൺകുട്ടികളിൽ വളർന്നുവരുന്നത് സൂക്ഷിക്കേണ്ടതുണ്ട്.

സ്ത്രീകൾ അനുഭവിക്കുന്ന ചില സമകാലീന  സാമൂഹിക പ്രശ്‌നങ്ങളും സ്ത്രീധനമെന്ന അനാചാരവും അതിന്റെ പേരിലുള്ള പീഡനങ്ങളും ഇത്തരം ചിന്താഗതികളിലേക്ക് പെൺകുട്ടികളെ  നയിക്കുന്നുവെങ്കിൽ അതിന്റെ ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. എന്നാൽ ഫെമിനിസം, ലിബറലിസം പോലുള്ള തലതിരിഞ്ഞ ചിന്തകളാണ് പുതുതലമുറയിലെ പെൺകുട്ടികളിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത് എന്നതിൽ സംശയമില്ല.

എല്ലാ കാര്യങ്ങളിലും തന്നിഷ്ടമനുസരിച്ച് തീരുമാനമെടുക്കുകയും യാതൊരുവിധ നിയന്ത്രണങ്ങളെയും ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യാൻ സാധിച്ചാൽ താൻ സ്വതന്ത്രയായി എന്ന് വിശ്വസിക്കുന്നവർ മൂഢസ്വർഗത്തിലാണ് ജീവിക്കുന്നത്. തനിച്ച ലിബറലിസ്റ്റുകളായി ജീവിക്കുന്നവരെ സമകാലീന സാമൂഹിക പ്രശ്‌നങ്ങൾ ഒന്നും ബാധിക്കുന്നില്ലേ? സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ  ഇത്തരക്കാർക്കിടയിൽ അരങ്ങേറുന്നില്ലേ?

സർവസ്വാതന്ത്ര്യം,  സ്ത്രീ-പുരുഷ സമത്വം തുടങ്ങിയവ സമകാലീന പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് എന്നത് ലിബറലിസ്റ്റുകളുടെ മിഥ്യാധാരണ  മാത്രമാണ്. കാരണം അവൾക്ക് ഇതെല്ലാം പ്രയാസം മാത്രമാണ് ഉണ്ടാക്കുക.

സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരായാണ് അല്ലാഹു പുരുഷന്മാരെ പടച്ചിരിക്കുന്നത്. ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച അല്ലാഹുവിനെക്കാൾ ആർക്കാണ് ഇരുകൂട്ടരുടെയും കഴിവുകളും കുറവുകളും ശക്തിയും ദുർബലതയും അറിയുക?

ശാരീരിക-മാനസിക തലങ്ങളിൽ സ്ത്രീ പുരുഷനെക്കാൾ ദുർബലയാണ് എന്നത് ശാസ്ത്രം അംഗീകരിച്ച സത്യമാണ്. അതുകൊണ്ട് തന്നെ ഒരു കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ  ഭാരിച്ച ഉത്തരവാദിത്തങ്ങൾ അവളുടെ മേൽ ഇസ്‌ലാം അടിച്ചേൽപിക്കുന്നില്ല. അവൾക്ക് മാത്രമായി അല്ലാഹു നിശ്ചയിച്ച കഴിവുകളും കടമകളുമാണ് ഗർഭധാരണം, പ്രസവം, മുലയൂട്ടൽ തുടങ്ങിയവ. സമത്വം പറഞ്ഞ് പങ്കുവയ്ക്കാൻ പറ്റിയ കാര്യങ്ങളല്ല ഇതൊന്നും.

ഒരു സ്ത്രീ തനിക്ക് എല്ലാ കാര്യത്തിലും സ്വയം പര്യാപ്തതയും അനിയന്ത്രിത സ്വാതന്ത്ര്യവും സമത്വവും വേണം എന്ന ഉറച്ച തീരുമാനത്തിൽ ജീവിക്കുന്നപക്ഷം മേൽപറഞ്ഞ തന്റെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റാൻ അവൾക്ക് സാധിക്കുമോ? സന്തോഷം നിറഞ്ഞ ദാമ്പത്യജീവിതം സാധ്യമാകുമോ?

ഒരു സത്യവിശ്വാസിനി തന്റെ ഭർത്താവിന്റെ കീഴിൽ തന്റെ മക്കളെയും കുടുംബത്തെയും പരിപാലിക്കുന്നതിന് മുൻതൂക്കം കൊടുത്ത് ജീവിക്കുമ്പോൾ അവളും കുടുംബവും അനുഭവിക്കുന്ന സന്തോഷവും അനുഭൂതിയും ലിബറലിസ്റ്റുകളുടെ ജീവിതത്തിൽ കാണാൻ കഴിയുമോ?

തന്റെ കുടുംബ ജീവിതത്തിനു കോട്ടം തട്ടാത്ത വിധത്തിൽ ഒരു സ്ത്രീക്ക് ജോലി ചെയ്യാനും അതുവഴി നേടുന്ന ധനം അനുവദനീയമായ മാർഗങ്ങളിൽ ചെലവഴിക്കാനുമുള്ള സ്വാതന്ത്ര്യം ഇസ്‌ലാം നൽകുന്നുണ്ട്.

ഇസ്‌ലാമിന്റെ പേരിൽ അഭിമാനിക്കുന്നവരും പരലോകവിശ്വാസമുള്ളവരുമാക്കി മക്കളെ വളർത്തിയെടുക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കിൽ മക്കൾ മാനുഷിക മൂല്യങ്ങളെ നിരാകരിക്കുന്ന ലിബറലിസത്തിന്റെയും നിരീശ്വരവാദത്തിന്റെയും പിന്നാലെ പോകുമെന്ന് ഭയപ്പെടേണ്ടിവരില്ല.