മക്കളുടെ ലഹരിയുപയോഗം: ഉമ്മമാരറിയാൻ

ഡോ.യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

2023 ജനുവരി 14, 1444 ജുമാദുൽ ഉഖ്റാ 20

പഠന വിഷയങ്ങളിലാവട്ടെ പാഠ്യേതര മേഖലകളിലാവട്ടെ, വളർന്നുവരുന്ന തലമുറക്ക് ഇടപെടേണ്ടിവരുന്ന തലങ്ങൾ മാതാപിതാക്കളുടെ തണലുകൾക്കുമപ്പുറമാണ്. വിദ്യ നുകരാനായി വീട് വിട്ടിറങ്ങുന്ന പൊന്നുമക്കളെ ലിംഗ, പ്രായ ഭേദമന്യെ കാത്തിരിക്കുന്ന ചതിക്കുഴികൾ സാധാരണക്കാരായ രക്ഷിതാക്കൾക്ക് തിരിച്ചറിയാൻ പോലും കഴിയാത്തതാണ്

മധുരം നുണഞ്ഞ് കളിച്ചു നടക്കേണ്ട നമ്മുടെ പിഞ്ചുമക്കൾക്ക് മുന്നിൽ ലഹരിയുടെ വഴികൾ മിഠായിയുടെ രൂപത്തിൽ പോലും പ്രത്യക്ഷപ്പെടുന്നു. ലഹരി മരുന്നുകളുടെ വളരെ ചെറിയ ഒരളവു മാത്രം മതി ഒരു വ്യക്തിയെ അതിന്റെ അടിമത്തത്തിലേക്ക് വഴിനടത്താൻ. അതുകൊണ്ട്തന്നെ തിരിച്ചറിയാൻ കഴിയാത്ത രൂപത്തിൽ സ്ഥിരമായി ചെറിയ അളവിൽ മാത്രം ലഹരി നൽകുകയും വഴിയെ ആ വ്യക്തിയെ അതിന് അടിമപ്പെടുത്തുകയും ചെയ്യുന്നത് വഴിയാണ് ലഹരി മാഫിയകൾ പുതിയ ഇരകളെ കണ്ടെത്തുന്നത്.

പിന്നീട് അത് നേടാനായി എന്തും ചെയ്യാൻ മടിക്കാത്ത ഒരു അവസ്ഥയിലേക്ക് കുട്ടികളെ കൊണ്ടെത്തിക്കുന്നു. ഫലമോ, ജീവിതം എന്തെന്ന് മനസ്സിലാകുന്ന പ്രായം എത്തുന്നതിനു മുമ്പേ അവർ നാശത്തിലേക്ക് കൂപ്പുകുത്തുന്നു. കാരണം ആരോഗ്യവും സംസ്‌കാരവും സമ്പത്തും അഭിമാനവുമെല്ലാം നശിപ്പിച്ചുകളയാൻ ശേഷിയുള്ളതാണ് ലഹരി.

ശാരീരികമായും മാനസികമായും പലവിധത്തിൽ ലഹരിപദാർഥങ്ങൾ മനുഷ്യനെ സ്വാധീനിക്കും. മസ്തിഷ്‌കത്തിന്റെ സാമാന്യ പ്രവർത്തനത്തെ ഇതു ബാധിക്കും. സാഡീവ്യൂഹത്തെ മന്ദീഭവിപ്പിച്ച് അതിന്റെ പ്രവർത്തനശേഷി കുറയ്ക്കാൻ ലഹരിപദാർഥങ്ങൾക്കു കഴിയും. അതിനാൽ ലഹരിപദാർഥങ്ങൾക്ക് മനുഷ്യന്റെ വ്യവഹാരത്തിൽ പ്രകടമായ മാറ്റങ്ങൾ ഉളവാക്കാൻ കഴിയും. ലഹരിപദാർഥങ്ങളുടെ അമിത ഉപയോഗത്താൽ വളരെ കടുത്തരീതിയിലുള്ള ശാരീരിക പ്രത്യാഘാതങ്ങളും ഉണ്ടാകാവുന്നതാണ്.

എന്താണ് ഒരു പോംവഴി? സമൂഹവുമായി ഇടപഴകാൻ അനുവദിക്കാതെ, വിദ്യ നേടാൻ പറഞ്ഞയക്കാതെ മക്കളെ വീട്ടിനുള്ളിൽ തളച്ചിടണോ? അത് പ്രായോഗികമോ പരിഹാരമോ അല്ല. ഈ വിഷയത്തിൽ സമൂഹത്തിന്റെ ഉത്തരവാദിത്തത്തോടെയുള്ള ഇടപെടൽ അനിവാര്യമാണ്.

എന്തും രുചിച്ചു നോക്കാൻ വെമ്പൽകൊള്ളുന്ന കൗമാര പ്രായക്കരോട് എന്തും ഏതും അരുത് എന്ന് പറയുന്നതിനനുസരിച്ച് അതിനോടുള്ള ഭ്രമം അവരിൽ അധികരിക്കുകയാണ് ചെയ്യുക. കുഞ്ഞുനാളിലേ ഇസ്‌ലാമിക ശിക്ഷണത്തിൽ വളർത്തുക എന്നതാണ് പ്രധാനം. നന്മയും തിന്മയും തിരിച്ചറിയാനും തിന്മയിൽനിന്നും വിട്ടുനിൽക്കാനുമുള്ള ഒരു ബോധം അവരിൽ ഉണ്ടാക്കിയെടുക്കുക. ലഹരി തന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന പോലെത്തന്നെ തന്റെ കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്ന അപകടകാരിയാണെന്ന് അവരിൽ തിരിച്ചറിവ് ഉണ്ടാക്കുക. അതിെലല്ലാമുപരി പാരത്രികലോകത്തെ ശിക്ഷയെക്കുറിച്ച് ബോധമുള്ളവരാക്കുക.

അപരിചിതർ നൽകുന്ന ഒരു മിഠായി പോലും വാങ്ങി കഴിക്കരുത് എന്നു പറഞ്ഞുകൊടുക്കേണ്ട അവസ്ഥയാണിന്നുള്ളത്. ഓരോരുത്തരെയും അവരുടെ പ്രായത്തിനും ബുദ്ധിക്കുമനുസരിച്ച് ലഹരിയുടെ അപകടങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുക.

മയക്കുമരുന്നിന് അടിമയാകുന്നവരിൽ അധികംപേർക്കും ഏതെങ്കിലും തരത്തിലുള്ള വ്യക്തിത്വവൈകല്യം ഉണ്ടായിരിക്കും. ഇത് വളരെ പെട്ടെന്ന് കണ്ടെത്താൻ ഉമ്മമാർക്ക് സാധിക്കും. മക്കളുടെ പെരുമാറ്റത്തിലെ ചെറിയ മാറ്റം പോലും തിരിച്ചറിയുന്നവരാണല്ലോ ഉമ്മമാർ. വൈകാരിക അസ്ഥിരത, എടുത്തുചാട്ടം, മുൻകോപം, മോഷണം, ധാരാളമായി കള്ളം പറയുക, ഭക്ഷണത്തോട് താൽപര്യമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയവ മക്കളിൽ കണ്ടുതുടങ്ങിയാൽ അതിനെ നിസ്സാരമാക്കി തള്ളിക്കളയരുത്.