കൗമാരം കരുതലോടെ

ഡോ. യാസ്മിൻ എം അബ്ബാസ് പട്ടാമ്പി

2023 മാർച്ച് 04, 1444 ശഅ്ബാൻ 11

കൗമാര പ്രായത്തിലെത്തിയ കുട്ടികളെ വളരെ കരുതലോടെ കൈകാര്യം ചെയ്യുവാൻ മാതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടിത്തം മാറുകയും എന്നാൽ മുതിർന്നവരുടെതായ ഉത്തരവാദിത്തങ്ങളിലേക്ക് എത്തിയിട്ടുമില്ലാത്ത, ആസ്വാദ്യകരമായ ഒരു കാലഘട്ടമാണ് കൗമാരം. ലൈംഗിക ഹോർമോണുകളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഈ പ്രായത്തിൽ നടക്കുന്നതുകൊണ്ട് ശാരീരിക, മാനസിക വളർച്ചകൾ ഈ പ്രായത്തിൽ കൂടുതൽ പ്രകടമാകുന്നു.

വിദ്യാഭ്യാസം, പ്രൊഫഷൻ, സൗഹൃദം, വിവാഹം, കുടുംബം തുടങ്ങിയ വിഷയങ്ങളിലെല്ലാം പുതിയ സങ്കൽപങ്ങൾ ഉണ്ടാവുകയും ജീവിക്കുന്ന ചുറ്റുപാടുകൾ ഇത്തരം വിഷയങ്ങളിലുള്ള കാഴ്ചപ്പാടുകളിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ഒരു കാലഘട്ടം കൂടിയാണിത്. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിലും മറ്റും മക്കൾ ഇടപെടുന്ന മേഖലകളെ കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരാകേണ്ടതുണ്ട്. അവർക്ക് ശരിയായ ദിശാബോധം നൽകാനും നന്മകളിലേക്ക് പ്രചോദനമേകാനും ഉതകുന്ന സാഹചര്യം രക്ഷിതാക്കൾ ഒരുക്കിക്കൊടുക്കേണ്ടതുണ്ട്.

എല്ലാം അറിയാനും അനുകരിക്കാനും വെമ്പൽകൊള്ളുന്നതും കാര്യങ്ങളിൽ പക്വമായ തീരുമാനങ്ങൾ സ്വന്തമായി എടുക്കാൻ കഴിയാത്തതുമായ ഒരു കാലഘട്ടം കൂടിയായതിനാൽ അവർക്ക് എല്ലാം തുറന്നു സംസാരിക്കാൻ മാത്രമുള്ള ഒരു അടുപ്പം മാതാപിതാക്കളുമായി ഉണ്ടായിരിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉമ്മമാർ ഇക്കാര്യത്തിൽ കൂടുതൽ മുൻകൈയെടുക്കേണ്ടതുണ്ട്. ലിബറലിസം, ജെന്റർ ന്യൂട്രാലിറ്റി തുടങ്ങിയ തെറ്റായ കാഴ്ചപ്പാടുകൾ ഇവരെ പെട്ടെന്നുതന്നെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. അവയുടെ അപകടങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ആവശ്യമായ പ്രഭാഷണങ്ങൾ അവരെ കേൾപ്പിക്കുന്നത് നല്ലതാണ്.

പെൺകുട്ടികൾ മുഖമക്കനകൾ മാറിലൂടെ താഴ്ത്തിയിടുന്നതും ആൺകുട്ടികൾ നെരിയാണിക്ക് താഴെയിറങ്ങാത്ത വസ്ത്രം ധരിക്കുന്നതുമെല്ലാം അപരിഷ്‌കൃതമായ രീതികളാണെന്ന തോന്നൽ നമ്മുടെ മക്കളുടെയുള്ളിൽ വളരാതെ നോക്കണം. അതിന്, ഇസ്‌ലാം അഭിമാനമാണ് എന്ന ബോധം അവരിൽ ഉണ്ടാകേണ്ടതുണ്ട്. വ്യക്തമായ ബോധ്യപ്പെടലുകളിൽനിന്ന് മാത്രമെ ശരിയായ തീരുമാനങ്ങൾ ഉണ്ടാവുകയുള്ളു. അതിനാണ് നാം പരിശ്രമിക്കേണ്ടത്. അമിതമായ നിയന്ത്രണങ്ങളോ നിർബന്ധങ്ങളോ കൊണ്ട് ഒരിക്കലും ഈ പ്രായക്കാരെ നമുക്ക് നേർവഴിക്ക് നടത്താനാവില്ല.

ഫാഷൻ വസ്ത്രങ്ങളോട് ഭ്രമം തോന്നിത്തുടങ്ങുന്ന ഈ പ്രായത്തിൽ കൃത്യമായി ഇടപെട്ട് ഇസ്‌ലാമിക വസ്ത്രധാരണരീതി അവരെ ശീലിപ്പിക്കണം. വസ്ത്രം ഇടുങ്ങിയതോ, നേർത്തതോ ആവരുത്. പുറത്തിറങ്ങുമ്പോൾ സുഗന്ധം പുരട്ടുന്നത് പെൺകുട്ടികൾക്ക് അനുവദനീയമല്ല എന്നും കാഴ്ചക്കാരെ പ്രലോഭിപ്പിക്കുംവിധം അണിഞ്ഞൊരുങ്ങി നടക്കുന്നവരെ വ്യഭിചാരികളുമായാണ് താരതമ്യപ്പെടുത്തിയിട്ടുള്ളത് എന്നും വസ്ത്രം ധരിച്ചിട്ടും നഗ്‌നത മറയാത്ത രീതിയിൽ നടക്കുന്ന സ്ത്രീകൾക്ക് സ്വർഗത്തിന്റെ സുഗന്ധം പോലും ലഭിക്കുകയില്ല എന്നുമുള്ള ഗൗരവമേറിയ മുന്നറിയിപ്പുകൾ ഇസ്‌ലാം നൽകിയിട്ടുണ്ടെന്ന കാര്യം അവരെ ബോധ്യപ്പെടുത്തണം.

സ്വഭാവ രൂപീകരണത്തിൽ വലരെയധികം സ്വാധീനം ചെലുത്തുന്ന ഒരു കാര്യമാണ് കൂട്ടുകെട്ട്. തെറ്റായ കൂട്ടുകെട്ടുകൾ വഴിയാണ് മിക്ക കൗമാരക്കാരും ലഹരി മാഫിയകളുടെ പിടിയിലകപ്പെട്ട് പോകുന്നത്. ‘എന്റെ ശരീരം; എന്റെ ഇഷ്ടം’ പോലെയുള്ള അവകാശവാദങ്ങൾ അതിരുകളില്ലാത്ത തിന്മകളിലേക്ക് നമ്മുടെ മക്കളെ നയിക്കും. ഇത്തരം ചിന്താഗതികളിൽ നമ്മുടെ മക്കൾ പെട്ടുപോകാതിരിക്കാൻ സ്‌കൂളുകളിലും സോഷ്യൽ മീഡിയകളിലും അവർ നല്ല കൂട്ടുകെട്ടിൽ മാത്രമാണെന്ന് നാം ഉറപ്പ് വരുത്തുകയും അവരുടെ ഏറ്റവും നല്ല സുഹൃത്തും വഴികാട്ടിയുമായി നമ്മൾ കൂടെയുണ്ടാവുകയും വേണം.