മാതാപിതാക്കൾ; തണൽമരങ്ങൾ

ആഷിഖ എ.വി, നടുവട്ടം

2023 മാർച്ച് 18, 1444 ശഅ്ബാൻ 25

ആധുനികതയുടെയും ആഡംബരത്തിന്റെയും ഫാഷന്റെയും പിന്നാലെ പായുന്ന പുതുതലമുറ മാതാപിതാക്കളെ തീരെ വിലവയ്ക്കാത്തവരായി മാറിക്കൊണ്ടിരിക്കുകയാണ്. മാതാവിന്റെയും പിതാവിന്റെയും മഹത്ത്വമറിയാതെ അപഥസഞ്ചാരത്തിലാണ് പല മക്കളും. അല്ലാഹുവിന്റെ അനുഗ്രഹത്താൽ സമ്പത്തും സ്ഥാനമാനങ്ങളും ഉയർന്ന ജോലിയും ഉണ്ടായിക്കഴിഞ്ഞാൽ പിന്നിട്ട പാതകളെ അവർ മറക്കുന്ന കാഴ്ചയാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. തന്നെ ഗർഭം ധരിച്ച് പാലൂട്ടി വളർത്തിയ സ്‌നേഹനിധിയായ മാതാവിനെയും പ്രയാസങ്ങൾ സഹിച്ചും തന്റെ ആവശ്യങ്ങൾ പൂർത്തീകരിച്ചുതന്ന വാത്സല്യവാനായ പിതാവിനെയും അവൻ അവഗണിക്കുകയാണ്. വൃദ്ധമാതാപിതാക്കൾ തന്റെ സ്റ്റാറ്റസിന് കോട്ടം തട്ടുന്ന വസ്തുക്കളായി മാറുകയാണ്. അതോടെ അവരെ വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുന്നു. അല്ലെങ്കിൽ വീടിനകത്ത് അവർക്കായി ഒരുതരം തടവറയൊരുക്കുന്നു. കാരണം തൊലി ചുക്കിച്ചുളിഞ്ഞ, കഷായം മണക്കുന്ന മാതാപിതാക്കളെ അതിഥികൾ കാണുന്നത് വലിയ കുറച്ചിലാണ്!

ജീവിതത്തിന്റെ സുഖാഡംബരങ്ങളിൽ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ; നാളെ തന്നെയും വാർധക്യം പിടികൂടുമെന്ന് ഈ മക്കൾ ചിന്തിക്കുന്നില്ല. ഇതെല്ലാം കണ്ടുകൊണ്ട് തന്റെ മക്കളും വളർന്നു വരുന്നുണ്ടെന്നും ഇതുപോലെ നാളെ അവർ തന്നെയും പാഴ്‌വസ്തുവായി കാണുവാൻ സാധ്യതയുണ്ടെന്നുമുള്ള കാര്യം അവൻ മറന്നുപോകുകയാണ്.

ഇവിടെയാണ് ഇസ്‌ലാമികാദർശത്തിന്റെ വ്യതിരിക്തത നമുക്ക് കാണാൻ സാധിക്കുന്നത്. ഇസ്‌ലാമിന് മാതാപിതാക്കളുടെ കാര്യത്തിൽ അതുല്യമായ നിലപാടാണുള്ളത്. സർവലോക രക്ഷിതാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന് കൽപിക്കുന്നതിനോടൊപ്പം മാതാപിതാക്കളോട് എങ്ങനെ അനുവർത്തിക്കണമെന്നും ക്വുർആനിലൂടെ അല്ലാഹു വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നത് കാണാം.

“തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ (മാതാപിതാക്കളിൽ) ഒരാളോ അവർ രണ്ടുപേരുംതന്നെയോ നിന്റെ അടുക്കൽവച്ച് വാർധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ‘ഛെ’ എന്ന് പറയുകയോ അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവർ ഇരുവർക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക’’ (ക്വുർആൻ 17: 23, 24).

മക്കളെ സംബന്ധിച്ചിടത്തോളം വൃദ്ധമാതാപിതാക്കൾ ഒരു പരീക്ഷണമാണ്. അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ പറഞ്ഞു: ‘അവൻ നിന്ദ്യനാവട്ടെ, വീണ്ടും അവൻ നിന്ദ്യനാവട്ടെ, വീണ്ടും അവൻ നിന്ദ്യനാവട്ടെ!’ ‘അല്ലാഹുവിന്റെ ദൂതരേ, ആരാണത്’ എന്ന് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: ‘വാർധക്യം ബാധിച്ച മാതാപിതാക്കളെയോ അവരിൽ ഒരാളെയോ ലഭിച്ചിട്ടും സ്വർഗത്തിൽ പ്രവേശിക്കാത്തവൻ’’ (മുസ്‌ലിം).

നബി(സ) പറഞ്ഞു: “മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി. മാതാപിതാക്കളുടെ കോപത്തിലാണ് അല്ലാഹുവിന്റെ കോപം’’ (തുർമുദി).

കുറ്റകരമല്ലാത്ത ഏതു കാര്യത്തിലും മാതാപിതാക്കളെ അനുസരിക്കുക എന്നത് സത്യവിശ്വാസികളുടെ കടമയാണ്. ഏകദൈവാദർശം മുറുകെ പിടിച്ച് ജീവിക്കുന്ന ഒരാൾക്കും തന്റെ മാതാപിതാക്കളെ അവഗണിക്കുവാനും അവരോട് ക്രൂരത കാട്ടുവാനും സാധ്യമല്ല.